ജനത്തിനു മുഖ്യം ജീവൽപ്രശ്നങ്ങൾ
text_fieldsവരുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണപരിപാടികളിൽ വംശീയ, വിഭാഗീയ പ്രശ്നങ്ങൾ ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽതന്നെ ബി.ജെ.പി തുനിഞ്ഞിറങ്ങിയിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ തിങ്കളാഴ്ച പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് പരാതിപ്പെടുകയുണ്ടായി. രാമനും രാമക്ഷേത്രവും മുതൽ മുസ്ലിംലീഗിന്റെ കോൺഗ്രസ് പിന്തുണയും ലവ് ജിഹാദുംവരെ ഉയർത്തിക്കൊണ്ടുവന്ന് മുസ്ലിംവിരുദ്ധ വംശീയപ്രചാരണം അഴിച്ചുവിട്ട് ഹിന്ദു വോട്ടുബാങ്ക് ഭദ്രമാക്കി രക്ഷപ്പെടാമെന്നാണ് രണ്ട് ഊഴം ഭരിച്ചശേഷം മൂന്നാം വട്ടം ഭരണം പിടിക്കാൻ നോക്കുന്ന ഭരണകക്ഷിയുടെ ഉള്ളിലിരിപ്പ്. അവർക്ക് ഇതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ, സെലിബ്രിറ്റി പ്രചാരകനായ പ്രധാനമന്ത്രിയും. പ്രതിപക്ഷത്ത് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് നീങ്ങുന്ന നരേന്ദ്ര മോദി, അദ്ദേഹത്തിന്റെയും ഇതര പ്രതിപക്ഷനേതാക്കളുടെയും ഏതു പ്രസ്താവനക്കും വംശീയവ്യാഖ്യാനം നൽകി അണികളെ മാത്രമല്ല, ഹിന്ദുവിഭാഗത്തെ കൂടി ഇളക്കിവിട്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രണ്ട് മുഴുവൻ ടേമും കേന്ദ്രത്തിൽ ഭരണം നടത്തിയിട്ടും ഭരണഘടന പൊളിച്ചെഴുതിയും പാർലമെന്റ് സമുച്ചയമടക്കം നവീകരിച്ചും നാടുമുഴുക്കെ ഉദ്ഘാടന മഹാമഹങ്ങളും സഹസ്രകോടി വികസനപദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ഓടിനടന്നിട്ടും മോദിക്കും ഹിന്ദുത്വബ്രിഗേഡിനും തെരഞ്ഞെടുപ്പിനുള്ള ആത്മവിശ്വാസം നിറഞ്ഞ അളവിൽ ഇനിയും സ്വന്തമാക്കാനായിട്ടില്ല എന്നതാണ്, നിലവാരം താണ വംശീയ അജണ്ടയിൽതന്നെ തെരഞ്ഞെടുപ്പ് ചർച്ചയെ കുരുക്കിയിടാനുള്ള അവരുടെ തത്രപ്പാട് വെളിപ്പെടുത്തുന്നത്. അേച്ഛ ദിൻ, സബ്കാ വികാസ്’എന്നിവയെല്ലാം കഴിഞ്ഞ പത്തുവർഷമായി നാഴികക്ക് നാൽപതു വട്ടം ഉരുക്കഴിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്ക് ഒരുപക്ഷേ, സംഭവലോകത്തെ വസ്തുസ്ഥിതിയറിയുന്നതുകൊണ്ടുള്ള അസ്വസ്ഥതയാണോ ഇത് എന്നും പറയാനാവില്ല.
ഇലക്ടറൽ ബോണ്ടിന്റെ ഉള്ളുകള്ളികൾ പുറത്തുവന്നതോടെ സർക്കാറിന്റെ അഴിമതിയുടെ ബീഭത്സമുഖം ജനത്തിനു മുന്നിൽ വെളിവായതും ഇ.ഡി, ഐ.ടി, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് എതിരാളികളെ വെടക്കാക്കി തനിക്കാക്കുന്നതും കോർപറേറ്റ് ചങ്ങാത്തം മൂത്തതിന്റെ ഫലം ‘മോദാനിമിക്സി’ന്റെ രൂപത്തിൽ രാജ്യം തിരിച്ചറിഞ്ഞതുമൊക്കെ ബി.ജെ.പിയെയും കേന്ദ്രഭരണ നേതൃത്വത്തെയും നന്നായി അസ്വസ്ഥപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം വംശീയ അജണ്ടകളിൽ ചുറ്റിക്കെട്ടിയിടാനുള്ള സംഘ്പരിവാർ ശ്രമത്തെ കക്ഷിരാഷ്ട്രീയത്തിനതീതരായ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരുമൊക്കെ പൊളിച്ചടുക്കുകയും രണ്ട് ഊഴം തികച്ച മോദിഭരണത്തിന്റെ കെട്ട കാഴ്ചകൾ പൊതുജനസമക്ഷം കൊണ്ടുവരുകയും ചെയ്തതിൽപിന്നെ പ്രചാരണക്കളത്തിൽ നിൽക്കക്കള്ളിക്കുള്ള ഉപായങ്ങൾ തേടുകയാണവർ. അതിന്റെ ഫലം കൂടിയാണ് പ്രധാനമന്ത്രിതന്നെ മുൻകൈയെടുത്ത് തയാറാക്കിയ പുതിയ വിഭാഗീയ തിരക്കഥ. മുഖ്യമന്ത്രിമാരെയടക്കം ജയിലിലടച്ചും ഭരണബലത്തിൽ എതിരാളികളെ രാഷ്ട്രീയമായും സാമ്പത്തികമായും തകർത്തും മാധ്യമങ്ങളെ വിലക്കിയും വിലക്കെടുത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച് മൂന്നാമൂഴത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടന്നാൽ ഫലം ശുഭകരമല്ല എന്നു തിരിച്ചറിഞ്ഞ മട്ടുണ്ട്.
പ്രധാനമന്ത്രിയും സംഘ്പരിവാർ നേതാക്കളും അവരുടെ മടിത്തട്ട് മാധ്യമങ്ങളും സൈബർപടയുമൊക്കെ രാകിമിനുക്കുന്ന ഹിന്ദുത്വ അജണ്ടയിൽ വോട്ടർമാർ കാര്യമായ താൽപര്യമെടുക്കുന്നില്ലെന്നാണ് സ്വതന്ത്ര ഏജൻസികൾ പുറത്തുകൊണ്ടുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വംശീയ അജണ്ടയെ ജനത്തിന്റെ പേരിൽ കെട്ടിയേൽപിച്ച് പ്രധാനമന്ത്രിയും സംഘ്പരിവാർ നേതാക്കളും മുന്നോട്ടുപോകുന്നുണ്ടെങ്കിലും ജനത്തിന് മുഖ്യം ജീവൽപ്രശ്നങ്ങൾ തന്നെയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ അത് പരിഹരിക്കപ്പെടുമോ എന്നതാണ് അവരുടെ ആകാംക്ഷയെന്നും ജനകീയതലത്തിൽ നടക്കുന്ന സർവേകളുടെ ഫലങ്ങൾ വെളിപ്പെടുത്തുന്നു. ‘ദ ഹിന്ദു’ദിനപത്രം രാജ്യത്തെ പ്രമുഖ സർക്കാറിതര സാമ്പത്തിക, സാമൂഹിക ഗവേഷണ സ്ഥാപനമായ സി.എസ്.ഡി.എസുമായി സഹകരിച്ച് നടത്തിയ ‘ദ ഹിന്ദു-സി.എസ്.ഡി.എസ്-ലോക്നീതി പ്രീപോൾ സർവേ’യിൽ വെളിപ്പെട്ട വസ്തുതകൾ ഉദാഹരണം. കക്ഷിരാഷ്ട്രീയക്കാർ ഏതു വിഷയത്തിൽ താൽപര്യമെടുത്താലും വോട്ടർമാരിൽ ഏറിയകൂറും മുഖ്യവിഷയങ്ങളായി കാണുന്നത് അവർ നേരിടുന്ന ജീവൽപ്രശ്നങ്ങൾ തന്നെ-രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വാഗ്ദാനംചെയ്ത ‘നല്ല നാളുകൾ’(അച്ഛേ ദിൻ) സ്വപ്നം ഇനിയും സാക്ഷാത്കൃതമായില്ല എന്ന് വോട്ടർമാർ പറയുന്നത് വരവും ചെലവും കൂട്ടിമുട്ടിക്കാനാകാത്ത അവരുടെ ദുരവസ്ഥ എടുത്തുകാട്ടിയാണ്. സർവേയിൽ പ്രതികരിച്ച 60 ശതമാനം പേർ രാജ്യത്തെവിടെയും തൊഴിൽ നേടുക ദുഷ്കരമായിരിക്കുന്നു എന്നു പറയുന്നു. 71 ശതമാനം പേരും വീട്ടിലെ നിത്യച്ചെലവിന്റെ ഭാരത്താൽ മുതുകൊടിയുന്നതായി ആവലാതിപ്പെടുന്നു. ദരിദ്രരുടെയും നാട്ടിൻപുറങ്ങളിലെ പാർശ്വവത്കൃതരുടെയും പ്രശ്നമാണ് അതിദയനീയം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുസ്ലിം, ദലിത് വിഭാഗങ്ങളിലേക്കെത്തുമ്പോൾ ഈ സൂചികയിൽതന്നെ വിവേചനവും കൂടി കടന്നുവരുന്നു. യാചകർക്കുള്ള ദാനം പോലെ സർക്കാർ നൽകുന്ന ‘ജീവകാരുണ്യ യോജന’കളല്ല, അന്തസ്സാർന്ന സാമ്പത്തികസുരക്ഷിതത്വമാണ് എല്ലാ വിഭാഗവും ആഗ്രഹിക്കുന്നത്. സ്വന്തം രാജ്യത്ത് നികുതിപ്പണം അടച്ച് ജീവിക്കുന്ന പൗരന്മാർ ഭരണകൂടത്തിൽനിന്ന് പകരം തേടുന്നത് വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക വിവേചനം തുടങ്ങിയ ജീവൽപ്രശ്നങ്ങളിൽനിന്നുള്ള മോചനമാണ്. വംശീയ, വിഭാഗീയ മസാലക്കൂട്ടുകൾ കൊണ്ട് അന്ധഭക്തരിൽ അലകളിളക്കി കലക്കത്തിൽ നിന്ന് മീൻപിടിക്കാനുള്ള വിദ്യയുമായി രാജ്യം ഭരിക്കുന്ന കക്ഷിതന്നെ മുന്നിട്ടിറങ്ങുമ്പോഴും ബോധമുള്ള വോട്ടർമാരുടെ നോട്ടം അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ആര് എന്നാണ്. ഈ മത്സരത്തിൽ ജനമോ അന്ധക്തരോ; ആരു ജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു വരുംതെരഞ്ഞെടുപ്പു ഫലം; മാത്രമല്ല, രാഷ്ട്രത്തിന്റെ ഭാവിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.