കാവിപ്പടയുടെ മോഹഭംഗം
text_fieldsപതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയും സംഘ്പരിവാറും രാജ്യത്ത് ഏറ്റവുമധികം ഉന്നമിട്ട സംസ്ഥാനമേതെന്ന് ചോദിച്ചാൽ സംശയലേശമന്യേ പറയാം, അത് നമ്മുടെ കേരളമാണ്. നാളിതുവരെ അവരുടെ ഒരു ലോക്സഭാംഗത്തെപ്പോലും ജയിപ്പിക്കാൻ കൂട്ടാക്കാത്ത മലയാളനാട്ടിലെ ജനങ്ങളെ വിഘടിപ്പിക്കാനും, പ്രോപഗണ്ടകൾ ചമക്കാനും വിദ്വേഷം പരത്താനും വിവിധ പാർട്ടികളിൽ നിന്ന് നേതാക്കളെ അടർത്താനുമെല്ലാം അവർ ആവത് പണിപ്പെട്ടു. ഏജൻസികളെയും ദല്ലാളുമാരെയും ഉപയോഗിച്ച് ഏറെ മുമ്പേ തുടങ്ങിയിരുന്നു ഈ കള്ളച്ചൂതിലെ കരുനീക്കങ്ങൾ. ആ ഗെയിം പ്ലാനുകൾ ഫലം കാണുമെന്ന ദിവാസ്വപ്നത്തിന്റെ ബലത്തിലാണ് ഇടത് - ഐക്യമുന്നണി പാർട്ടികളിലെ ഉന്നത നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് ഡൽഹിയിലും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രസ് ക്ലബുകളിലുമിരുന്ന് ബി.ജെ.പി നേതാക്കൾ വീരസ്യം മുഴക്കിയത്. പന്തൽവിരിച്ചും പാലമിട്ടും കാത്തിരുന്നിട്ടും ജനങ്ങൾ പലവുരു തിരസ്കരിച്ച, വക്കുപൊട്ടിയ പിഞ്ഞാണക്കഷണങ്ങൾ ചിലത് പെറുക്കിക്കൂട്ടാനായി എന്നല്ലാതെ കൊള്ളാമെന്നു പറയാവുന്ന ഒരു നേതാവും വഴിതെറ്റിപ്പോലും കാവിപ്പാളയത്തിൽ ചെന്നുകയറിയില്ല. ശോഭ മങ്ങിയ ചില താരങ്ങളെയല്ലാതെ ആരെയും സാംസ്കാരിക മേഖലയിൽ നിന്നും കൂട്ടിന് കിട്ടിയില്ല. മുൻകാലങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇടത് മുന്നണിയുടെയും ഐക്യ മുന്നണിയുടെയും ദാസ്യക്കാരായി നടന്ന് വൈസ് ചാൻസലർ പദങ്ങളും എം.എൽ.എ, എം.പി സ്ഥാനങ്ങളും സ്വന്തമാക്കി ആവോളം ആസ്വദിച്ച അതിജീവനകലയുടെ ആശാന്മാരിൽ ചിലർ അധികാരത്തിന്റെ മത്തുപിടിച്ച്, കൊതിമൂത്ത് ചേർന്നിട്ടുണ്ടെന്നതല്ലാതെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽനിന്ന് കൊള്ളാവുന്ന ഒരാൾ പോലും അവിടേക്ക് പോയിട്ടില്ല. പ്രതാപവും പദവികളും സ്വന്തമാക്കുന്നതിനായി സമൂഹത്തിൽ അവശേഷിച്ചിരുന്ന നല്ല പേരാണ് അവർ അതിനായി ബലികഴിച്ചത്.
പണവും പ്രലോഭനവും കേന്ദ്ര ഏജൻസി ദുർവിനിയോഗവുമടക്കമുള്ള പ്രയോഗങ്ങളെല്ലാം നടത്തിയിട്ടും ഉദ്ദേശിച്ചത് ഒരുനിലക്കും സാധ്യമാവാഞ്ഞതിന്റെ പരസ്യമായ ഇച്ഛാഭംഗ പ്രകടനമാണ് തെരഞ്ഞെടുപ്പിന്റെ തലേന്നാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഒരു സ്ഥാനാർഥിയും അവരുടെ ഇടനിലക്കാരനും നടത്തിയ ചില വെളിപ്പെടുത്തലുകൾ. ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കളിൽ ചിലർ സംഘ്പരിവാറിന്റെ ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്നും പാർട്ടി പ്രവേശത്തിന്റെ വക്കുവരെ എത്തിയിരുന്നുവെന്നുമായിരുന്നു അവരുടെ അവകാശ വാദം. കേരള സമൂഹം പലപ്പോഴും വിദൂഷക കഥാപാത്രങ്ങൾ കണക്കെ കാണുന്ന അവരുടെ വാക്കുകൾക്ക് സാധാരണ ഗതിയിൽ വാർത്താപ്രാധാന്യം പോലുമില്ലാത്തതാണ്. എന്നാൽ, പേരെടുത്തു പറയപ്പെട്ട നേതാക്കൾ പ്രബലരാണെന്നതിനാൽ ഇക്കാര്യം ചർച്ചയായി. പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ അപകടത്തെക്കുറിച്ച് കാര്യമായി ചർച്ച ചെയ്യാത്ത ചില ചാനലുകൾ ഈ വിഷയം മുഴുനീള ചർച്ചയാക്കിയതിനുപിന്നിലെ താൽപര്യമെന്തെന്നത് സുവ്യക്തമാണ്. പോളിങ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടർമാർക്കിടയിൽ കഴിയുന്നത്ര ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് അവർ അവസാന അടവ് പയറ്റിയത്.
കേന്ദ്രത്തിലെ അധികാര ബലത്തിൽ സകല അന്വേഷണ ഏജൻസികളെയും അഴിച്ചുവിട്ട് ഭീതിപരത്തി രാജ്യമൊട്ടുക്ക് സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കാനും പാർട്ടി വളർത്താനും കഴിഞ്ഞ പത്തുവർഷം ശ്രമിച്ചിട്ടും അഴിമതിക്കാരോ, അധികാരമോഹികളോ, കേസുകളെ ഭയക്കുന്നവരോ ആയ കുറെ നേതാക്കളെയാണ് ഓപറേഷൻ താമര വഴി ബി.ജെ.പിക്ക് സമ്പാദിക്കാനായത്. എത്ര കോടിയുടെ ആരോപണം നേരിടുന്നയാളാണെങ്കിലും ബി.ജെ.പിയിൽ ചേർന്നാലുടൻ അലക്കുയന്ത്രത്തിലിട്ട അഴുക്കുതുണി കണക്കെ വെളുപ്പിച്ചുകിട്ടുമെന്നതായിരുന്നു ഈ ഓപറേഷനിലെ ഏറ്റവും വലിയ പ്രലോഭനം. അത്തരക്കാരിൽ പലരും പഴയ ലാവണങ്ങളിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് കർണാടകയിൽനിന്നും മറ്റും വരുന്ന റിപ്പോർട്ടുകൾ. അത്രയേറെ കിണഞ്ഞുശ്രമിച്ചിട്ടും കളങ്കിതരായ നേതാക്കളെപ്പോലും കേരളത്തിൽനിന്ന് സമ്പാദിക്കാനായില്ലെന്നുവരികിൽ എത്രമാത്രം അവജ്ഞയോടെയാണ് രാഷ്ട്രീയ കേരളം ഈ സംഘത്തെ കാണുന്നതെന്ന് വ്യക്തം.
പേരുപറയപ്പെട്ട നേതാക്കളോ, മറ്റാരെങ്കിലുമോ മതേതര ജനാധിപത്യ പാർട്ടികൾ വിട്ട് വർഗീയ കൂടാരത്തിലേക്ക് ചേക്കേറിയാലും പാർട്ടി അണികളോ പൊതുസമൂഹമോ ഞെട്ടാനോ നെഞ്ചത്തടിച്ച് നിലവിളിക്കാനോ ഇനിമേൽ മെനക്കെടില്ല. ഒരു ദശകം കൊണ്ട് രാജ്യത്തെ മുച്ചൂടും മുടിച്ച, ജനദ്രോഹത്തിന്റെ മറുകര കാണിച്ചുകൊടുത്ത, മനുഷ്യരെ മതം പറഞ്ഞ് അടിച്ചുകൊന്ന ഒരു കൂട്ടത്തിനൊപ്പം മനസ്സുകൊണ്ടെങ്കിലും അനുഭാവം പുലർത്തുന്ന നേതാക്കളുണ്ടെങ്കിൽ അവർ എത്രയും വേഗം ഒഴിഞ്ഞുപോയി പാർട്ടിയെ മാലിന്യമുക്തമാക്കണമെന്നാണ് ഏവരും ആഗ്രഹിക്കുക. എല്ലാവിധ ഞെരിച്ചമർത്തലുകളെയും സധൈര്യം നേരിട്ട് വർഗീയ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന, ഇന്ത്യയെ വീണ്ടെടുക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങൾക്ക് അത്തരം നേതാക്കൾ തീരാബാധ്യത മാത്രമാണ്, അതേത് കൊലകൊമ്പനാണെങ്കിലും ശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.