വ്യാജവൈദ്യത്തിന്റെ മണ്ടക്ക് കോടതിയുടെ കിഴുക്ക്
text_fieldsനിയമങ്ങളെ വെല്ലുവിളിച്ചും ജനങ്ങളെ വിഡ്ഢിവേഷം കെട്ടിച്ചും നടന്ന വിവാദ താന്ത്രികരും ആൾദൈവങ്ങളും സിദ്ധവേഷക്കാരും ഏതാണ്ടെല്ലാ കാലത്തും ഇന്ത്യയിലുണ്ടായിട്ടുണ്ട്. അധികാര കോട്ടകളുടെ ഇടനാഴികളിൽ കവടിനിരത്തിയും ചരടുവലിച്ചുമെല്ലാം അവർ നിറഞ്ഞാടി. ധീരേന്ദ്ര ബ്രഹ്മചാരി മുതൽ ചന്ദ്രസ്വാമി വരെയുള്ള വേഷങ്ങൾ പല നിർണായക സന്ദർഭങ്ങളിലും രാജ്യത്തിന്റെ ഭരണചക്രം തിരിപ്പുകാരെന്ന മട്ടിൽപോലും പെരുമാറി. ഓരോ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അതീവ സ്വാധീനമുള്ള ആൾദൈവ സാമ്രാജ്യങ്ങളും വളർന്നുകൊണ്ടിരിക്കുന്നു. കൊലപാതകം, ലൈംഗിക അതിക്രമങ്ങൾ, ഭൂമി കൈയേറ്റം തുടങ്ങിയ ഗുരുതര കുറ്റാരോപണങ്ങൾ നേരിടുമ്പോഴും കുറ്റാന്വേഷണ ഉദ്യോഗസ്ഥരും മന്ത്രിമാരും നിയമജ്ഞരുമെല്ലാം താണുവണങ്ങി നിൽക്കുന്നതുകൊണ്ടുതന്നെ ശിക്ഷാനടപടികളിൽനിന്ന് അതിവിശിഷ്ടമായ ഒരു പ്രതിരോധ ശക്തിയും ആസ്വദിക്കുന്നുണ്ട് അവരിൽ പലരും. വള്ളിക്കാവിലെ ആശ്രമത്തിൽ നടന്ന ദുരൂഹമരണം അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥ ആൾദൈവത്തെ കണ്ട് വണങ്ങി അനുഗ്രഹം വാങ്ങിയതും, ആശ്രമമെന്ന പേരിൽ പരിസ്ഥിതി ചട്ടങ്ങളെല്ലാം തകിടം മറിച്ച് കൂറ്റൻ സൗധ സമുച്ചയം പണിതുയർത്തിയെന്ന ആരോപണം നേരിടുന്ന ജഗ്ഗി വാസുദേവ് മരം-മണ്ണ് സംരക്ഷണ കാമ്പയിൻ നടത്തുന്നതുമെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. നിരവധി ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ട ആശാറാം ബാപ്പു പരാതിക്കാരുടെ നിശ്ചയദാർഢ്യവും നീതിപീഠത്തിന്റെ ആർജവവും കൊണ്ട് ജയിലിലായെങ്കിലും കേസ് അട്ടിമറിക്കാനും സാക്ഷികളെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ മുറതെറ്റാതെ തുടരുന്നു. അനുയായികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടെങ്കിലും ഗുരുമീത് റാം റഹീം സിങ്ങിന് ആഗ്രഹിക്കുന്ന സമയത്തെല്ലാം പരോൾ ലഭിക്കുന്നു, പരോളിലിറങ്ങി ഇയാൾ നടത്തുന്ന സത്സംഗ് പരിപാടികളിൽ പങ്കുചേർന്ന് മന്ത്രിമാരുൾപ്പെടെ ബി.ജെ.പി ഉന്നതർ സായൂജ്യം നേടുന്നു. ഇവരെയെല്ലാം വെല്ലുന്ന രീതിയിൽ ആൾദൈവ വ്യവസായം നടത്തി സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ സ്വന്തമാക്കിയ ബാബാ രാംദേവ് എന്നറിയപ്പെടുന്ന രാംകൃഷ്ണ യാദവ് കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠത്താൽ ശാസിക്കപ്പെട്ടത് ഇന്ത്യൻ സാമൂഹിക മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടാൻ കാരണങ്ങളേറെയുണ്ട്.
ടി.വി ചാനലുകളിലൂടെ യോഗ പഠിപ്പിച്ചും അല്ലറചില്ലറ മരുന്നുവിറ്റും അധികാര കേന്ദ്രങ്ങളുടെ തണലുപറ്റി നടന്ന രാംദേവ് വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് യോഗാഭ്യാസ ശിബിരവുമായി വന്നിരുന്നു, റോഡരികിലെ പോസ്റ്റിൽ നിന്ന് മോഷ്ടിച്ചാണ് അതിലേക്കാവശ്യമായ വൈദ്യുതി സംഘടിപ്പിച്ചത്. സംഗതി പുറത്തറിഞ്ഞപ്പോൾ പിഴയടച്ച് തടിയൂരി. ഏതാനും മാസം കഴിഞ്ഞ് അണ്ണാ ഹസാരെയെ മുന്നിൽനിർത്തി ഡൽഹി രാംലീലാ മൈതാനത്ത് നടന്ന പ്രക്ഷോഭത്തിന്റെ നിലയവിദ്വാനായി അവതരിച്ച ഇയാൾ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടങ്ങളുടെ ബ്രാൻഡ് അംബാസഡറായി. പതിനായിരക്കണക്കായ അനുയായികളെ ഇറക്കി ബി.ജെ.പിക്കുവേണ്ടി വോട്ടുപിടിച്ച ബാബയെ അധികാരത്തിലേറിയ മോദി സർക്കാർ ഇസെഡ് കാറ്റഗറി സുരക്ഷയും കണ്ണെത്താദൂരം ഭൂമിയുമുൾപ്പെടെ പ്രത്യുപകാരങ്ങൾകൊണ്ട് മൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി പോലും വാങ്ങാതെ ഉൽപന്നങ്ങളിറക്കി രാംദേവിന്റെ പതഞ്ജലി കമ്പനി കോടികളുടെ വിറ്റുവരവുണ്ടാക്കി.
മോദി സർക്കാറിനുമുന്നിൽ സമ്പൂർണമായി കീഴടങ്ങിയ മടിത്തട്ടു മാധ്യമങ്ങൾ വഴി ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നിരന്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞുപോന്ന രാംദേവിന് കോവിഡ് മഹാമാരി കൊയ്ത്തുകാലമായി. മറുമരുന്നും പ്രതിരോധ വാക്സിനും കണ്ടുപിടിക്കാൻ ലോകമൊട്ടുക്കുമുള്ള വൈദ്യശാസ്ത്ര സമൂഹം കിണഞ്ഞുശ്രമിക്കുന്നതിനിടെ സമ്പൂർണ കോവിഡ് മുക്തി നൽകുമെന്ന് അവകാശപ്പെടുന്ന മരുന്നവതരിപ്പിച്ചു പതഞ്ജലി. ഫലസിദ്ധിയെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാതെ, വസ്തുതാന്വേഷണങ്ങൾ നടത്താതെ, കോടികളുടെ പരസ്യം പറ്റി വ്യാജമരുന്നിന് സർവ പിന്തുണയുമേകി രാജ്യത്തെ മാധ്യമങ്ങൾ.
മഹാരാഷ്ട്ര സർക്കാർ ഈ മരുന്ന് നിരോധിക്കുകയും മദ്രാസ് ഹൈകോടതി പിഴ ചുമത്തുകയും ചെയ്തിട്ടും കേന്ദ്രസർക്കാറിലെ ഉന്നതരായ നിതിൻ ഗഡ്കരിയുടെയും ഡോ. ഹർഷ വർധന്റെയും അകമ്പടിയോടെ ചടങ്ങുകൾ നടത്തിയാണ് രാംദേവ് മരുന്ന് വിൽപന പൊടിപൊടിച്ചത്. രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് കടുത്ത ക്ഷീണവും ക്ഷതവുമേൽപിച്ച് നാളുകൾ കഴിഞ്ഞാണെങ്കിലും വ്യാജം പറഞ്ഞ് നടത്തുന്ന മരുന്ന് കച്ചവടത്തിന് താക്കീതു നൽകാൻ സുപ്രീംകോടതി മുന്നോട്ടുവന്നുവെന്നത് ആശ്വാസകരമാണ്. വാർത്തസമ്മേളനങ്ങളിലും ടി.വി ചർച്ചകളിലും നടത്തുന്നതുപോലുള്ള രാംദേവിന്റ തൊടുന്യായങ്ങൾ ചെവിക്കൊള്ളാൻ ജസ്റ്റിസ് ഹിമ കോഹ്ലി അധ്യക്ഷയായ ബെഞ്ച് കൂട്ടാക്കിയില്ല. വരുംദിനങ്ങളിൽ കേസിന്റെ പോക്ക് ഏതുവഴിയാകുമെന്ന് പറയാനാവില്ലെങ്കിലും നാളിതുവരെ സുപ്രീംകോടതി സ്വീകരിച്ച നിലപാട് ധീരമാണ്, മാതൃകാപരമാണ്. ആത്മാർഥമല്ലെന്ന് കോടതി വിശേഷിപ്പിച്ച ഒരു മാപ്പപേക്ഷ നടത്താൻ നിൽക്കക്കള്ളിയില്ലാതെ രാംദേവ് സന്നദ്ധത അറിയിച്ചിരുന്നു. ജനങ്ങളെ മുച്ചൂടും വഞ്ചിച്ച ഈ കപടവ്യാപാരത്തിലെ കൂട്ടുപ്രതികളായ മാധ്യമങ്ങളും കേന്ദ്രസർക്കാർ ഉന്നതരും അതുപോലൊരു വഴിപാട് മാപ്പുപറച്ചിലിനെങ്കിലും തയാറാകുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.