വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യതയും നീതിപീഠവും
text_fieldsഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇ.വി.എം) വിശ്വാസ്യത സംബന്ധിച്ച് അതിനിർണായകമായൊരു കേസിൽ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ, ഹരജിക്കാരുടെ വാദത്തെ സാധൂകരിക്കുംവിധം പുതിയൊരു സംഭവംകൂടി കോടതിയിലെത്തി. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ ബി.ജെ.പിക്ക് പോൾ ചെയ്തതിനെക്കാൾ ഒരു വോട്ട് കൂടുതൽ കിട്ടിയതായി വോട്ടുയന്ത്രത്തിൽ കാണിച്ച സംഭവം മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയുണ്ടായി. വോട്ടുയന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന മുഴുവൻ വിവിപാറ്റ് (വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കാസർകോട് റിപ്പോർട്ട് ചെയ്തതും വിവിപാറ്റുമായി ബന്ധപ്പെട്ട കുഴപ്പമായിരുന്നു. കാസർകോട് ഗവ. കോളജിൽ നടന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്. താമര ചിഹ്നത്തിൽ ഒരു വോട്ട് രേഖപ്പെടുത്തിയാൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണമാകുന്നുവെന്നും താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും വിവിപാറ്റിൽ ഒരു വോട്ട് ലഭിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. പട്ടികയിലെ ആദ്യ സ്ഥാനാർഥിയായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ആദ്യ സ്ലിപ് എണ്ണാനുള്ളതല്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ സംഗതിയാണ് തൊട്ടടുത്ത ദിവസം സുപ്രീംകോടതിയിലെത്തിയത്. ഇക്കാര്യത്തിൽ വിശദീകരണം ആരാഞ്ഞ കോടതിയോട് ആദ്യം വാർത്തതന്നെ നിഷേധിക്കുകയും പിന്നീട് സാങ്കേതിക പിഴവാണെന്ന ന്യായം ചമയ്ക്കുകയുമായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. ഏറെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഈ വാദപ്രതിവാദങ്ങൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ, പത്തനംതിട്ട മണ്ഡലത്തിലും സമാനമായ ‘പിഴവ്’ ആവർത്തിച്ചുവെന്നതാണ്. അവിടെ നടന്ന മോക് പോളിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് രേഖപ്പെടുത്തിയ വോട്ട് പോയത് ബി.ജെ.പിയുടെ അനിൽ ആന്റണിക്കാണ്. ഇത്തരത്തിൽ അഞ്ച് മെഷീനുകളിൽ തെറ്റായാണ് വോട്ട് രേഖപ്പെടുത്തിയത്.
ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ നടത്തിയ നിരീക്ഷണങ്ങളും സുപ്രധാനമാണ്. വോട്ടുയന്ത്രത്തിന്റെ സാങ്കേതികതയും പ്രവർത്തന രീതികളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ ഏകപക്ഷീയമായ വാദങ്ങളെ പൂർണമായും മുഖവിലക്കെടുക്കാൻ നീതിപീഠം തയാറായില്ല എന്നതാണ് ഇതിൽ പ്രധാനം. വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങളുയരുമ്പോൾ അതിനെ കേവല ഗൂഢാലോചന സിദ്ധാന്തമായി അവതരിപ്പിക്കാനാണ് ഇക്കാലമത്രയും തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിച്ചത്. എന്നാൽ, ഇ.വി.എം പ്രവർത്തനത്തിന്റെ സുതാര്യതയിൽ പൊതുജനങ്ങൾക്ക് ആശയങ്കയുണ്ടെന്നും അക്കാര്യം ദൂരീകരിക്കാനുള്ള ബാധ്യത കമീഷനുണ്ടെന്നും കോടതി ഓർമപ്പെടുത്തി. അതോടൊപ്പം, വോട്ടുയന്ത്രത്തിൽ അമിതമായ സംശയം വേണ്ടെന്നും കോടതി പറയുന്നു. തീർത്തും സന്തുലിതമായ നിരീക്ഷണമാണിതെന്ന് പറയാം. വിഷയത്തിന്റെ മർമത്തിൽ കേന്ദ്രീകരിച്ച് മുൻവിധികളില്ലാത്ത തുറന്ന ചർച്ചയിലേക്കും വാദപ്രതിവാദങ്ങളിലേക്കുമാണ് ഈ സമീപനം എത്തിക്കുക. ആ അർഥത്തിൽ പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ ശ്ലാഘനീയവും ചരിത്രപരവുമാണ്. വിഷയത്തെ ഗൂഢാലോചനയിൽ തളച്ചിടാതെ സ്വതന്ത്രമായ അന്വേഷണത്തിന് വഴിതുറക്കുന്നുണ്ട് ഈ സമീപനം. അതുകൊണ്ടുതന്നെ, ഈ വ്യവഹാരത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയുണ്ട്. കമീഷൻ ചൂണ്ടിക്കാണിച്ചതുപോലെ, ഹരജിക്കാർ ആവശ്യപ്പെടും പ്രകാരം മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തുക എന്നതും ബാലറ്റിലേക്ക് തിരിച്ചുപോവുക എന്നതും അപ്രായോഗികമാണ്. ഇക്കാര്യവും കോടതി ശരിവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഹരജിക്കാർ ആഗ്രഹിക്കുന്ന വിധിയൊന്നും ഇക്കാര്യത്തിൽ പ്രതീക്ഷിക്കാനാവില്ലെങ്കിലും നിലവിലെ വോട്ടുയന്ത്ര സംവിധാനം മെച്ചപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും കോടതി ഇടപെടലിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കാം.
പക്ഷേ, ഈ കോടതി ഇടപെടലിലും പരിഹരിക്കപ്പെടാനാവാതെ കിടക്കുന്ന മറ്റു ചില പ്രശ്നങ്ങളുണ്ട്. ഇ.വി.എമ്മിന്റെ നിർമാണ-വിതരണത്തിലെ ദുരൂഹതകൾ മുൻനിർത്തിയായിരുന്നു വോട്ടുയന്ത്രത്തെക്കുറിച്ചുള്ള ആശങ്ക നേരത്തേ ഉയർന്നിരുന്നത്; ഒപ്പം ഇ.വി.എമ്മിന്റെ പ്രയോഗവും ആശയക്കുഴപ്പമുണ്ടാക്കി. ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് തിരിച്ചറിയാൻ സമ്മതിദായകനുപോലും അവസരമില്ലെന്നതാണ്, സുതാര്യമാണെങ്കിൽപോലും ഇ.വി.എമ്മിന്റെ പരിമിതി. സർവം മെഷീനിൽ വിശ്വസിച്ച് വിരലമർത്താനേ വോട്ടർക്ക് സാധിക്കൂ. ഇതൊരു പരാതിയായി ഉയർന്നപ്പോഴാണ് വിവിപാറ്റ് സംവിധാനം ആവിഷ്കരിച്ചത്. എന്നാൽ, ആദ്യത്തേതിനെക്കാൾ ഏറ്റവും വലിയ തട്ടിപ്പാണിതെന്ന്, മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥനുൾപ്പെടെയുള്ളവർ സമർഥിക്കുകയുണ്ടായി. വിവിപാറ്റിന് വോട്ടുയന്ത്രത്തിലെ കൺട്രോൾ യൂനിറ്റുമായി ബന്ധമില്ലാത്തതിനാൽ, വിവിപാറ്റിൽ തെളിഞ്ഞ ചിഹ്നം തന്നെയാണോ യഥാർഥ വോട്ടായി കൺട്രോൾ യൂനിറ്റിൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നറിയാൻ ഇപ്പോഴും മാർഗമില്ല. മറ്റൊരർഥത്തിൽ, വിവിപാറ്റ് മുഴുവൻ എണ്ണിയാൽപോലും കാര്യങ്ങൾ സുതാര്യമാകില്ല; പരമാവധി ആകെ വോട്ടെണ്ണം ശരിയാണോ എന്ന് അറിയാം. അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ വിധി ഹരജിക്കാർക്ക് അനുകൂലമായാൽപോലും അത് വോട്ടുയന്ത്രത്തെക്കുറിച്ച സർവ ആശങ്കകളും അകറ്റുമെന്ന് പ്രതീക്ഷിക്കാനാവില്ല. ചോദ്യങ്ങളും ആശങ്കകളും അപ്പോഴും ബാക്കികിടക്കും. കോടതി ശരിവെച്ച ആ ആശങ്കകൾ പരിഹരിക്കാൻ കൂടുതൽ സുതാര്യവും ശാസ്ത്രീയവുമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് നമുക്കാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.