കേരളം രാജ്യത്തിന് ദിശനിർണയിക്കട്ടെ
text_fieldsപതിനെട്ടാം ലോക്സഭയിൽ സംസ്ഥാനത്തിന്റെ 20 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം നാളെ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുകയാണ്. പരസ്യ പ്രചാരണങ്ങൾ കൊട്ടിയാടിതീർന്നിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളും നേതാക്കളും പറയാനാഗ്രഹിച്ചതൊക്കെ ചെവിക്കല്ല് പൊട്ടുമാറുച്ചത്തിൽ പറഞ്ഞുകഴിഞ്ഞു. ജനം ഓർക്കാനാഗ്രഹിക്കാത്തതൊക്കെ സമർഥമായി മറച്ചുവെക്കാനും അവർ തത്രപ്പെട്ടു. അങ്ങനെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലക്കാത്ത വിവാദങ്ങളും കൊണ്ട് തെരഞ്ഞെടുപ്പ് രംഗം സംഭവബഹുലമായി. എല്ലാ കെട്ടുകാഴ്ചകൾക്കും ശേഷം ഭരണകൂടം മറച്ചുവെക്കാനാഗ്രഹിച്ചത് ഓർത്തെടുത്തും അവരുടെ വാഗ്ദാനവെടികളിൽ മനമിടറാതെയും വോട്ടർമാർ ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു, വരുന്ന അഞ്ച് വർഷം ആര്, എങ്ങനെ രാജ്യം ഭരിക്കണമെന്ന്.
രാജ്യത്തിനും പൗരന്മാർക്കും അത്യസാധാരണ പ്രാധാന്യമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. മൗലികമായ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനസ്സിലുറപ്പിച്ചാവണം വോട്ടർമാർ നാളെ പോളിങ് ബൂത്തിൽ കയറേണ്ടത്. ശുഭകരമായ ഭാവിയിലേക്കോ, അതോ അവിശ്വാസത്തിന്റെയും വെറുപ്പിന്റെയും അഗാധ ഗർത്തങ്ങളിലേക്കോ ഇന്ത്യ നീങ്ങേണ്ടത്? അടുത്ത തലമുറക്ക് നുണകളിൽ പടുത്ത ഏകാധിപത്യത്തിന്റെ ഇരുളറകൾ നിറഞ്ഞ നാടിനെയാണോ ഇന്ത്യക്കാർ കൈമാറാൻ പോകുന്നത്? അതോ, സഹവർത്തിത്വത്തിന്റെയും നീതിയുടെയും കാതലിൽ പണിതുയർത്തിയ തുറസ്സായ ദേശത്തേയോ? വെറുപ്പിന്റെ അത്യാപത്കരമായ വ്യാപനത്തിന് നേതൃത്വം വഹിക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി അധികാരപീഠങ്ങളിൽ ഇരുപ്പുറപ്പിച്ചവർ തന്നെയാണെന്നത് രാജ്യം എത്തിച്ചേർന്ന ദുരന്തത്തിന്റെ ആഴം വിളിച്ചോതുന്നു. വംശീയ കലാപത്തിനിരയായ മണിപ്പൂരിനെ മറക്കുകയും മുസ്ലിംകളെക്കുറിച്ച് ഹിന്ദുത്വ പാഠപുസ്തകങ്ങളിലെ കെട്ടുകഥകൾ ആവർത്തിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്നത് വിദ്വേഷ പക്ഷത്തെയാണെന്ന് പറയാതെ വയ്യ. ലോകത്തിന് ഇന്ത്യ പകർന്നുനൽകിയ ബഹുസ്വരതയുടെ സങ്കീർത്തനങ്ങളെ നിസ്തേജമാക്കി പരദ്വേഷത്തിന്റെ ആക്രോശങ്ങൾ മാത്രം ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കാൻ ഈ തെരഞ്ഞെടുപ്പിലും രാജ്യത്തിനായില്ലെങ്കിൽ പിന്നെ വിധിയെ പഴിക്കാൻപോലും നമുക്ക് അവകാശമില്ലാതാകും.
സാമ്പത്തികാസമത്വം പരകോടിയിലാണ്. മൂന്ന് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ് രാജ്യത്തിന്റെ നാൽപത് ശതമാനം വിഭവങ്ങളും. യുവാക്കളെകൊണ്ട് അനുഗൃഹീതമായ രാജ്യം വികല സാമ്പത്തിക നയങ്ങൾകൊണ്ട് ഭീതിജനകമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നു. ക്ഷേമപദ്ധതികളിലും നിയമനിർമാണങ്ങളിലും ഭരണകൂടത്തിന്റെ സാമൂഹികവിവേചനങ്ങളും അപരവത്കരണവും സ്വാഭാവികമായിത്തീർന്നിരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ നിഷ്ക്രിയമോ ഭരണകൂട ഉപകരണങ്ങളോ ആയി പരിവർത്തിപ്പിക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തിലെ ജയിലറകൾ ഭരണകൂട വിമർശകരെ അടച്ചുപൂട്ടാനുള്ള ഇടമാണിപ്പോൾ. തെരഞ്ഞെടുക്കപ്പെട്ടവരും സ്ഥാനാർഥികളുമെല്ലാം വിലക്കെടുക്കപ്പെടുന്ന കെട്ടുകാഴ്ചകളാണ് വർത്തമാനകാല ജനാധിപത്യം. വോട്ട് വിനിയോഗംപോലും അസംബന്ധവും അർഥശൂന്യവുമായി മാറുന്നത് ജനാധികാരത്തിന്റെ മരണമണിയാണ്. പൗരരുടെ ചുമതല വോട്ട് കുത്താനുള്ള കേവലാധികാരമായി ചുരുങ്ങിക്കഴിഞ്ഞ, അതിനുപോലും അട്ടിമറി ഭീഷണി നേരിടുന്ന സങ്കീർണ സാഹചര്യത്തിൽ ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ വോട്ടവകാശത്തെ ചുമതലബോധത്തോടെ ഉപയോഗിക്കുകയാണ് പൗരധർമം.
രാജ്യം നിർണായക ദശാസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സമ്മതിദാനാവകാശ വിനിയോഗം പൗരരുടെ നിർബന്ധ കർത്തവ്യമാണ്. അതിൽനിന്ന് ഒളിച്ചോടുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നത് അക്ഷന്തവ്യമായ കുറ്റകൃത്യമാണ്. നിശ്ചയമായും ഈ വോട്ടെടുപ്പ് കൃത്യമായ നിലപാടു പ്രഖ്യാപനം കൂടിയാണ്. വൈവിധ്യങ്ങളുടെ, സമഭാവനയുടെ ഇന്ത്യയെ പുൽകാൻ കേരളത്തിന് കഴിയട്ടെ. വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തിന്റെ പ്രാതിനിധ്യമില്ലെന്ന് ഉറപ്പിക്കുന്നതിനെക്കാൾ വലിയ ജനാധിപത്യ വിജയമില്ല. അതിനേക്കാൾ വലിയ ആത്മാഭിമാനം പൗരരെന്ന നിലക്ക് മലയാളികൾക്ക് ലഭിക്കാനുമില്ല. അത് പകരുന്ന രാഷ്ട്രീയോർജം രാജ്യത്തിന് നവോന്മേഷം നൽകുമെന്ന് തീർച്ച.
രാജ്യത്തെ, അതിന്റെ സാംസ്കാരിക വൈവിധ്യത്തെ, സാമൂഹിക-സാമുദായിക ഐക്യത്തെ മുച്ചൂടും നശിപ്പിക്കുന്നതിനൊപ്പം കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങളെ ശത്രുദേശങ്ങളായിക്കണ്ട് വളഞ്ഞിട്ടാക്രമിക്കുന്ന, ശ്വാസം മുട്ടിച്ച് ഞെരുക്കുന്ന ഭരണശൈലിക്കും തുടക്കമിട്ടിരിക്കുന്നു വിദ്വേഷത്തിന്റെ വ്യാപാരികൾ. പകനിറച്ച വ്യാജങ്ങളുടെ വിഴുപ്പുകളെ നിരന്തരം നിരാകരിച്ചതിനുള്ള പകപോക്കലായിരുന്നു അത്. റീലുകളിലെ നുണയല്ല, റിയൽ കേരളമെന്ന് തെളിയിക്കാൻ ഇതിനെക്കാൾ അസുലഭമായ മറ്റൊരവസരമില്ല. വിദ്വേഷത്തിന്റെ ശക്തികളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുതെന്ന് മാത്രമല്ല, കള്ളങ്ങൾ പടച്ചുവിട്ട് മുൻകാലങ്ങളിൽ സ്വരുക്കൂട്ടിയ വോട്ടു ശതമാനവും കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. വ്യാജങ്ങളുടെ സൂനാമിക്കിടയിലും കടലെടുക്കാനാകാത്ത മാനവികതയുടെ തുരുത്താണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ, അതിലൂടെ രാജ്യത്തിന് ശരിയായ ദിശ കാണിക്കാനുതകുന്നതാകണം ഈ പൊതുതെരഞ്ഞെടുപ്പ്. ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി മത, സാമുദായിക, കക്ഷി രാഷ്ട്രീയ സമ്മർദങ്ങളെ മാറ്റിനിർത്തി, രാജ്യനിവാസികളുടെ ജീവിതാഭിലാഷങ്ങളുടെ പക്ഷം ചേർന്നുനിൽക്കുന്നതാകട്ടെ ഈ ജനവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.