അപ്രസക്തം, വിനാശകരം ഈ കച്ചത്തിവ് പ്രേമം
text_fieldsആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മൂർധന്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ സാമാന്യമായി രംഗം നിരീക്ഷിക്കുന്നവർക്കെല്ലാം പ്രത്യക്ഷത്തിൽ കാണാവുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാമതും തൽസ്ഥാനത്ത് അവരോധിക്കാനുള്ള സർവതന്ത്ര മന്ത്രങ്ങളും ഗംഭീരമായി മുന്നേറുന്നു എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ എൻ.ഡി.എക്ക് 400ൽ കുറയാത്ത സീറ്റുകൾ ലഭിക്കും. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് അധികാരത്തിൽ. പോയ വർഷാന്ത്യത്തിൽ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലൊക്കെയും കോൺഗ്രസിനെ തോൽപിച്ച് കാവിക്കൊടി പറപ്പിക്കാൻ ഹിന്ദുത്വ പാർട്ടിക്കായി. പുറമെ വൻകിട കോർപറേറ്റുകളുടെ വഴിവിട്ട സംഭാവനകളിലൂടെ അനേകായിരം കോടി രൂപ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്ന കണക്കും പുറത്തുവന്നു. ഗോദി മീഡിയ മുമ്പത്തേക്കാൾ ആവേശത്തോടെ മോദിസ്തുതി മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മറുവശത്ത് സർക്കാറിനെയും ഭരണപക്ഷത്തെയും എതിർക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കൂച്ചുവിലങ്ങിടാൻ ഇ.ഡിയെയും ഇൻകം ടാക്സ് ടീമിനെയും കയറൂരിവിട്ട് രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുൾപ്പെടെ ബി.ജെ.പിക്ക് ഭീഷണി ഉയർത്തുന്നവരെ ഒന്നൊന്നായി ഇരുമ്പഴികൾക്ക് പിന്നിലടക്കാനുള്ള നടപടികളും തിടുക്കത്തിൽ തുടരുന്നു. വേട്ടക്കാരുടെ മുന്നിൽ ഭയന്നുവിറച്ചു കഴിയുന്ന പ്രതിപക്ഷത്തെ പല പ്രമുഖരും ഇതിനകം താമരത്തണലിൽ അഭയം തേടിക്കഴിഞ്ഞു. ഇനിയും പലരും ഊഴം കാത്തുനിൽക്കുന്നതായാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിപ്പട്ടികയിൽ സ്ഥലം പിടിച്ചവരടക്കമുണ്ട് ഈ മറുകണ്ടം ചാട്ടക്കാരിൽ. ഈയൊരു സാഹചര്യത്തിൽ ആരെയാണ് മോദി ഭയക്കുന്നത്, എന്തിനാണ് ബി.ജെ.പി നേതൃത്വം അസ്വസ്ഥരാവുന്നത്? പക്ഷേ, ബേജാറിനും ആശങ്കക്കും വഴിയൊരുക്കുന്ന എന്തോ ചിലത് അവർ മണക്കുന്നുണ്ട് എന്ന് ധരിക്കാവുന്ന വിധത്തിലാണ് സ്ഥിതിവിശേഷം.
ഏറ്റവും പുതുതായി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പുറത്തെടുത്ത ഒരു പ്രചാരണായുധം അപ്രകാരം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. തെക്കേ അറ്റത്തെ നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുമായുള്ള ബന്ധം എല്ലാ കാലത്തും ഊഷ്മളമാവണമെന്ന നിർബന്ധബുദ്ധി ന്യായമായ കാരണങ്ങളാൽ മുൻ സർക്കാറുകൾ പ്രകടിപ്പിച്ചുവന്നിട്ടുള്ളതാണ്. ഇപ്പോഴാകട്ടെ ചൈന ഇന്ത്യയുടെ അയൽരാജ്യങ്ങളെ സ്വന്തം സ്വാധീനവലയത്തിൽ കൊണ്ടുവരാൻ ആസൂത്രിത ശ്രമം ഒട്ടൊക്കെ ഫലപ്രദമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദേശീയ താൽപര്യങ്ങൾക്കും സുരക്ഷക്കും അത് ഭീഷണിയാണെന്ന് പറയേണ്ടതില്ല. ഗൗരവപ്പെട്ട ഈ വശം പാടെ വിസ്മരിച്ചുകൊണ്ടാവുമോ പ്രധാനമന്ത്രി മോദി കച്ചത്തിവ് മുൻ കോൺഗ്രസ് ഭരണാധികാരികൾ ശ്രീലങ്കക്ക് എറിഞ്ഞുകൊടുത്തു എന്ന് ആവർത്തിച്ചാരോപിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ പ്രധാനമന്ത്രിയെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്? ബ്രിട്ടീഷ് ഭരണകാലത്ത് ഈ ദ്വീപിൻ കഷണത്തെ കുറിച്ച് സിലോണുമായി ധാരണയിലെത്തിയിരുന്നു എന്ന് രേഖകൾ തെളിയിക്കുന്നുണ്ട്. മൊത്തം 285 ഏക്കർ മാത്രമുള്ള ആൾപാർപ്പില്ലാത്ത ഒരു ദ്വീപിൻ കഷണമാണ് തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് 23 കി.മീറ്ററും ലങ്കയിലെ നെടുന്തിവിൽനിന്ന് 19 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന കച്ചത്തിവ്. രണ്ടു രാജ്യങ്ങളിൽനിന്നുമുള്ള മത്സ്യത്തൊഴിലാളികൾ വല്ലപ്പോഴും ദ്വീപിൽ കയറിപ്പറ്റാറുണ്ട് എന്നതൊഴിച്ചാൽ മറ്റു തന്ത്രപ്രാധാന്യമൊന്നും അതിനില്ല. എങ്കിലും ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കങ്ങൾ തുടർന്നിരുന്നു. ഒടുവിൽ 1921ൽ ദ്വീപ് സിലോണിന് കൈമാറാൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികൾ ധാരണയിലേർപ്പെടുകയുണ്ടായി. തമിഴ്നാട്ടുകാരെ സംബന്ധിച്ചിടത്തോളം പക്ഷേ, അതൊരു വൈകാരിക പ്രശ്നമായിരുന്നുവെങ്കിലും ശ്രീലങ്കയായി പുനർനാമകരണം ചെയ്യപ്പെട്ട സിലോൺ ഇന്ത്യക്കഹിതകരമായ രാഷ്ട്രാന്തരീയ ഉടമ്പടികളിലോ ശാക്തിക സ്വാധീനവലയത്തിലോ ആവുന്നത് ദേശീയ താൽപര്യങ്ങൾക്ക് ഗുണകരമാവില്ല എന്ന തിരിച്ചറിവിൽ കച്ചത്തിവ് ശ്രീലങ്കയുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കുകയായിരുന്നു 1974ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി. ഇത് ഇന്ത്യയുടെതന്നെ താൽപര്യങ്ങൾക്കനുഗുണമായതുകൊണ്ടുതന്നെ ഇന്ത്യ-ശ്രീലങ്ക സമുദ്ര സഞ്ചാരപഥത്തിൽ വരുന്ന കച്ചത്തിവിനെ കുറിച്ച് പിന്നീട് യു.പി.എ സർക്കാറോ തുടർന്ന് ഭരണമേറ്റെടുത്ത എൻ.ഡി.എ സർക്കാറോ അവകാശവാദവും ഉന്നയിച്ചിരുന്നില്ല. എന്നല്ല, 2022ൽ വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചത്, ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തിയിൽ ലങ്കയുടെ ഭാഗത്താണ് കച്ചത്തിവ് സ്ഥിതി ചെയ്യുന്നത് എന്നാണ്. മോദി അധികാരത്തിൽ വന്ന് അധികം കഴിയുന്നതിന് മുമ്പ് മദ്രാസ് ഹൈകോടതിയിൽ വിദേശകാര്യ മന്ത്രാലയം ബോധിപ്പിച്ച രേഖയിൽ പരിഹരിച്ചുകഴിഞ്ഞ പ്രശ്നമാണത് എന്ന് വ്യക്തമാക്കിയിട്ടുണ്ടുതാനും. മോദിക്കും മന്ത്രി ജയ്ശങ്കറിനും മറുപടി പറയവേ കോൺഗ്രസ് നേതാക്കൾ ചോദിച്ചതുപോലെ കച്ചത്തിവ് തിരിച്ചുപിടിക്കാൻ മോദി സർക്കാർ പത്തു വർഷക്കാലം എന്തു ചെയ്തു എന്നതും പ്രസക്തമാണ്. വോട്ട് കിട്ടാൻ എന്തും പറയാം, എന്തും ചെയ്യാം എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽപോലും രാഷ്ട്രാന്തരീയ ബന്ധങ്ങളെ തീർത്തും പ്രതികൂലമായി ബാധിക്കുന്ന പരാമർശങ്ങൾ ഏറ്റവും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിക്കൂടാത്തതാണ്, അതിൽനിന്ന് മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്നവർ തലക്കു മീതെ നിലയുറപ്പിച്ചിരിക്കുമ്പോൾ വിശേഷിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.