ബ്രിജ്ഭൂഷന്മാരും രേവണ്ണമാരും സംരക്ഷിക്കപ്പെടുമ്പോൾ
text_fieldsരാജ്യത്തെ ഒട്ടനവധി രാഷ്ട്രീയ നേതാക്കൾക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആരോപണങ്ങളെത്തുടർന്ന് പലരുടെയും സർക്കാറിലെയും പാർട്ടിയിലെയും സ്ഥാനങ്ങൾ തെറിച്ചു, മറ്റു ചിലരുടെ രാഷ്ട്രീയ ഭാവിതന്നെ അസ്തമിച്ചു. രാഷ്ട്രീയ ഇടപെടലുകളും ഉന്നത സ്വാധീനവും വഴി തേയ്ച്ചുമായ്ക്കൽ ശ്രമങ്ങൾക്കിടയിലും കേസുകളും നിയമനടപടികളും മുന്നോട്ടുപോകാറുണ്ട്, ചില കേസുകളിൽ ആരോപണ വിധേയർ നീതിപീഠത്തിൽനിന്ന് കുറ്റമുക്തി നേടി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിട്ടുമുണ്ട്. എന്നാൽ, സമീപകാലത്ത് രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയർന്നതിൽ വെച്ച് ഏറ്റവും ഗുരുതരമായ ലൈംഗിക പീഡന വിവാദമാണ് കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിലെ കക്ഷിയായ ജനതാദൾ സെക്കുലറിന്റെ നിലവിലെ എം.പിയും ഇപ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെയാണ് ആരോപണം.
രേവണ്ണ മത്സരിക്കുന്ന ഹാസൻ ലോക്സഭാ സീറ്റിലെ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് തൊട്ടുമുമ്പായാണ് ആയിരത്തിലേറെ വരുന്ന ലൈംഗിക വിഡിയോ ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് പുറത്തുവരുന്നതും വിഷയം ചൂടുപിടിക്കുന്നതും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ദൃശ്യങ്ങൾ അതിലുണ്ടായിരുന്നുവെന്നും പല വിഡിയോകളും മുൻ പ്രധാനമന്ത്രിയുടെ ചെറുമകൻ കൂടിയായ പ്രജ്വൽ രേവണ്ണ ചിത്രീകരിച്ചതാണെന്നും ആരോപണമുയർന്നു. ഇയാളുടെ ലൈംഗിക അതിക്രമം സംബന്ധിച്ച് മുൻ ഗാർഹികത്തൊഴിലാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി കേസുമായി മുന്നോട്ടുപോകുന്നു കർണാടക സർക്കാർ. യഥാർഥ ദൃശ്യങ്ങളല്ല, മോർഫ് ചെയ്തുണ്ടാക്കിയതാണെന്നും ഗൂഢാലോചനയാണെന്നും പ്രതിവാദങ്ങളുമുണ്ട്. 2023ൽ വാട്സ്ആപ് വഴി ചില അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ച വേളയിൽ ഹൈകോടതിയെ സമീപിച്ച് ഇതു സംബന്ധിച്ച് വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഗാഗ് ഓഡർ സമ്പാദിച്ച പ്രജ്വൽ രേവണ്ണ ഇതേക്കുറിച്ച് ഇപ്പോൾ പ്രതികരിച്ചിട്ടില്ലെന്ന് മാത്രമല്ല, മാധ്യമ വാർത്തകളെ മുഖവിലക്കെടുക്കാമെങ്കിൽ ഇയാൾ രാജ്യം വിട്ട് ജർമനിയിലേക്ക് കടന്നിരിക്കുന്നു. ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുന്നതിനിടെ രാജ്യം വിട്ടുപോയ നിത്യാനന്ദയെപ്പോലെ പീഡനക്കേസ് അന്വേഷണം വന്നപാടെ രായ് ക്കു രാമാനം വിദേശത്തേക്ക് മുങ്ങാൻ പ്രജ്വൽ രേവണ്ണക്ക് സൗകര്യമൊരുക്കിക്കൊടുത്തത് ആരാണാവോ?. നിലവിലെ ലോക്സഭാംഗമായ പ്രജ്വൽ രേവണ്ണക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം പോലെ നടുക്കമുളവാക്കുന്നതാണ് ഉത്തരവാദപ്പെട്ട അധികാരികളും നേതാക്കളും ഇതുസംബന്ധിച്ച് നടത്തിയ പ്രതികരണങ്ങൾ. പ്രജ്വലിന്റെ പിതാവും കർണാടക നിയമസഭാംഗവുമായ എച്ച്.ഡി. രേവണ്ണയോട് മാധ്യമ പ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പുതുതല്ല, നാലഞ്ച് വർഷം പഴക്കമുള്ളവയാണ് എന്നായിരുന്നു മറുപടി. ചില ബി.ജെ.പി നേതാക്കളാവട്ടെ ഇക്കാര്യം പണ്ടേ അറിയാമായിരുന്നുവെന്നും ഇയാളെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും ന്യായീകരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഹോളനരസിപ്പൂരിൽ മത്സരിച്ചു തോറ്റ ബി.ജെ.പി നേതാവ് ജി.ദേവരാജെ ഗൗഡ ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 ഡിസംബറിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്രക്കയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നുവെന്നുപോലും ചില മടിത്തട്ടു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവമറിഞ്ഞിട്ടും ഇന്റലിജൻസ് വിഭാഗത്തോട് അദ്ദേഹം ഇതിന്റെ നിജസ്ഥിതി തിരക്കിയില്ലെന്നാണോ അതോ അമിത് ഷായെപ്പോലൊരു നേതാവിന്റെ നിർദേശം തള്ളി ഇയാളെ എൻ.ഡി.എ സ്ഥാനാർഥിയാക്കിയെന്നാണോ പൊതുജനം അനുമാനിക്കേണ്ടത്? പ്രചാരണയോഗ വേദികളിലെല്ലാം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ കടുത്ത വിദ്വേഷവും കല്ലുവെച്ച നുണകളും പടച്ചുവിടുന്ന പ്രധാനമന്ത്രി ബി.ജെ.പി നേതാക്കളുടെ നിറഞ്ഞ കൈയടികൾക്കിടെ മൈസൂരുവിൽ വന്ന് പ്രസംഗിച്ചത് പ്രജ്വൽ രേവണ്ണക്ക് നൽകുന്ന ഓരോ വോട്ടും മോദിയെ ശക്തിപ്പെടുത്തുമെന്നാണ്.
വിവാദം കത്തിപ്പടർന്നിട്ടും മോദിയോ അമിത് ഷായോ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ല. എൻ.ഡി.എയിലെ നേതാവിനെതിരെയായതുകൊണ്ട് മാധ്യമങ്ങൾക്കും വലിയ ആവേശമില്ല. തൃണമൂൽ പ്രാദേശിക നേതാവിനെതിരെ ആരോപണമുയർന്ന ബംഗാളിലെ സന്ദേശ്ഖലിയിലേക്ക് പറന്നിറങ്ങിയ ദേശീയ വനിതാ കമീഷനോ ബി.ജെ.പിയുടെ വനിതാ നേതാക്കളോ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇതിനെതിരെ പ്രതികരിക്കാൻ അവർക്കൊട്ട് ധാർമികാവകാശവുമില്ല എന്നത് മറ്റൊരു കാര്യം. ഒളിമ്പിക്സിലുൾപ്പെടെ അന്താരാഷ്ട്ര മത്സര വേദികളിൽ പൊരുതി രാജ്യത്തിന്റെ യശസ്സുയർത്തിയ വനിതാ ഗുസ്തി താരങ്ങൾ, അവർക്കുനേരെ നിരന്തരം ലൈംഗിക അതിക്രമങ്ങൾ നടത്തിയ ഗുസ്തി ഫെഡറേഷൻ മേധാവി കൂടിയായിരുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ വാക്കുകൾ കൊണ്ടുപോലും ശാസിക്കാതെ ചേർത്തുപിടിച്ചു നടക്കുന്ന മോദി-അമിത് ഷാ-സ്മൃതി ഇറാനി സംഘത്തിനും ബ്രിജ്ഭൂഷന്റെ മസിലുകളെയും വ്യായാമ ശീലത്തെയും പൊലിപ്പിച്ച് വാർത്തകൾ നൽകുന്ന ചാനലുകൾക്കും പ്രജ്വലിനെതിരെ എങ്ങനെ വാ തുറക്കാനാവും? ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കൊടുംകുറ്റവാളികളെ ജയിലിൽനിന്ന് മോചിപ്പിച്ച് പൂമാലയിട്ട് സ്വീകരിച്ചാനയിച്ചവർക്ക് ഒരുപക്ഷേ, ബ്രിജ്ഭൂഷനും പ്രജ്വലും ചെയ്തത് കുറ്റകൃത്യമാണെന്ന് തോന്നുന്നുണ്ടാവില്ല.
സ്ത്രീശക്തിയെക്കുറിച്ച് വീമ്പിളക്കുന്ന, ബേഠി ബച്ചാവോ എന്ന് മുദ്രാവാക്യം മുഴക്കുന്ന പ്രധാനമന്ത്രിയുടെയും കൂട്ടാളികളുടെയും വാക്കുകളുടെയും ഗാരന്റികളുടെയും ‘ആത്മാർഥത’ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാവും മുമ്പേ ജനങ്ങൾക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞ് നിയമപരമായും ജനാധിപത്യപരമായും പ്രതികരിക്കാത്തപക്ഷം രാജ്യത്തെ സ്ത്രീ സുരക്ഷ കൂടുതൽ അപകടാവസ്ഥയിലേക്കാണ് ആണ്ടുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.