അമ്മ ജനാധിപത്യം അത്യാസന്ന നിലയിൽ
text_fields‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ കരുത്തുറ്റ പ്രവർത്തനത്തിന് സ്വതന്ത്രമാധ്യമങ്ങൾ മർമപ്രധാനമാണ്. സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരുന്ന മാധ്യമങ്ങളുടെ പങ്ക് ജനാധിപത്യസമൂഹത്തിൽ നിർണായകമാണ്. അധികാരകേന്ദ്രങ്ങളുടെ മുഖം നോക്കി നേരു വിളിച്ചുപറയാനും ജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ പൗരരെ പ്രാപ്തരാക്കുംവിധം പരുത്ത വസ്തുതകൾ അവരെ അറിയിക്കാനുമുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് പൗരജനങ്ങളെ ഒറ്റവാർപ്പിൽ ചിന്തിക്കാൻ നിർബന്ധിക്കും. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളിൽ ഏകപക്ഷീയമായ കാഴ്ചപ്പാട് ജനാധിപത്യത്തെ അതീവഗുരുതരമായ അപകടത്തിൽ ചാടിക്കും’ -നേരിന്റെയും നീതിയുടെയും പക്ഷത്ത് പതിറ്റാണ്ടുകാലം നിലയുറപ്പിച്ച മീഡിയവൺ മലയാള വാർത്ത ചാനലിനുമേൽ ബി.ജെ.പി ഭരണകൂടം അടിച്ചേൽപിച്ച വിലക്ക് റദ്ദാക്കി 2023 ഏപ്രിൽ അഞ്ചിന് പുറപ്പെടുവിച്ച വിധിന്യായത്തിൽ സുപ്രീംകോടതി നൽകിയ മുന്നറിയിപ്പാണിത്. ജനാധിപത്യത്തിന്‍റെയും പൗരാവകാശത്തിന്‍റെയും പ്രതിരോധശേഷി വർധിപ്പിച്ച വിധി പൗരസഞ്ചയത്തിന് സന്തോഷം പകർന്നു. ജനാധിപത്യധ്വംസനത്തിനെതിരായ പരമോന്നത നീതിപീഠത്തിന്‍റെ എക്കാലത്തേക്കുമുള്ള വിധിനിർദേശം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സുയർത്തി. ഇതൊന്നും പക്ഷേ, അവകാശധ്വംസനത്തിനു മുതിർന്ന കേന്ദ്ര ഭരണകൂടം അഭിലഷണീയമായല്ല കണ്ടത് എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഒരുവർഷത്തെ ബി.ജെ.പി സർക്കാറിന്‍റെ മാധ്യമ ഇടപെടലുകൾ. മീഡിയവൺ ചാനലിന്‍റെ ലൈസൻസ് പുതുക്കാൻ കാരണമൊന്നും ബോധിപ്പിക്കാതെ കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രകടിപ്പിച്ച വിസമ്മതത്തെ നിരാകരിച്ച സുപ്രീംകോടതി ജനാധിപത്യരാഷ്ട്രത്തിന്‍റെ ആധാരശിലകളായ സ്വാതന്ത്ര്യവും സ്വാഭാവികനീതിയും നിക്ഷിപ്തതാൽപര്യങ്ങളുടെ തൊടുന്യായങ്ങൾ പറഞ്ഞത് നിഷേധിക്കാനാവില്ലെന്ന് ശക്തമായ ഭാഷയിലാണ് ഭരണകൂടത്തെ ഓർമിപ്പിച്ചത്. ഭരണകൂടത്തിനും ഭരണാധികാരികൾക്കും അഹിതകരമായി തോന്നുന്ന എന്തും രാജ്യസുരക്ഷക്ക് ഹാനികരമാണെന്ന് വരുത്തിത്തീർത്ത് നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള മോദി സർക്കാറിന്‍റെ നീക്കത്തെ മേൽവിധിയിൽ സുപ്രീംകോടതി കണക്കിന് കശക്കിയിരുന്നു. ഭരണഘടനദത്തമായ അവകാശങ്ങളെ ഹനിക്കുന്ന ഭരണകൂടത്തിന്‍റെ സമഗ്രാധിപത്യ പ്രവണതകൾക്കെതിരായ ശക്തമായ താക്കീതായിരുന്നു കഴിഞ്ഞവർഷത്തെ ചരിത്രവിധി. എന്നാൽ, ജനാധിപത്യരാഷ്ട്രത്തിന്‍റെ അന്തസ്സുയർത്തിപ്പിടിക്കാൻ സുപ്രീംകോടതി നൽകിയ നിർദേശങ്ങളെ അവഗണിക്കുന്ന നീക്കങ്ങളാണ് കേന്ദ്രം തുടർന്നുവരുന്നത്.
ജനാധിപത്യത്തിന്‍റെയും നീതിയുടെയും സാമാന്യമാനകങ്ങളെ തിരസ്കരിക്കുന്നതിന്‍റെ അടയാളമായി വേണം ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്’സിന്‍റെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഒറ്റ വർഷത്തിനകം ഇന്ത്യ 150ൽ നിന്ന് 161 ലേക്ക് മൂക്കുകുത്തിയതിനെ കാണാൻ. ഏറ്റവുമൊടുവിൽ സമൂഹമാധ്യമങ്ങളെയും സർക്കാർ വരുതിയിലാക്കാനുദ്ദേശിച്ച് കേന്ദ്രം നിർദേശിച്ച ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം സ്റ്റേ ചെയ്ത് സുപ്രീംകോടതി വീണ്ടുമൊരിക്കൽകൂടി ജനാധിപത്യ വിരുദ്ധ നീക്കത്തിന് തടയിട്ടിരിക്കുന്നു. മാധ്യമപ്രവർത്തനത്തിന് സ്വാഭാവികനീതി നിഷേധിക്കാനുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഭരണകൂടം തല്ലിപ്പടക്കുന്ന സന്ദർഭത്തിൽതന്നെ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമല്ലാത്ത വിധത്തിൽ മാധ്യമസ്ഥാപനങ്ങളെയും പ്രവർത്തകരെയും അധാർമികവത്കരിക്കുന്നതിനും ചിത്രവധം നടത്തുന്നതിനും ഭരണതലത്തിലും പാർട്ടിതലത്തിലുമൊക്കെ കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടാവുന്നു. കഴിഞ്ഞ വർഷം ജൂൺ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് വാഷിങ്ടണിൽ വിളിച്ചുചേർത്ത സംയുക്തവാർത്ത സമ്മേളനത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലയെക്കുറിച്ച് ചോദ്യമുന്നയിച്ച ‘വാൾസ്ട്രീറ്റ് ജേണൽ’ ലേഖിക സബ്രീന സിദ്ദീഖിയെ ബി.ജെ.പി സർക്കാറിന്റെയും പാർട്ടിയുടെയും നേതൃതലത്തിലുള്ളവർ ഭീകരമായ സൈബർലിഞ്ചിങ്ങിനു വിധേയമാക്കി. ചോദ്യത്തിന് മറുപടിയായി ഇന്ത്യയിൽ മത,ജാതി,വംശ,ദേശ, പ്രായ വിവേചനങ്ങളൊന്നുമില്ലെന്നും ജനാധിപത്യം ഇന്ത്യയുടെ ഡി.എൻ.എയിലുണ്ടെന്നും അത് തങ്ങളുടെ സിരകളിലോടുന്ന വീര്യമാണെന്നുമൊക്കെ മോദി വിശദമാക്കിയിരുന്നു. എന്നാൽ ഇതിനെ അപ്പടി റദ്ദാക്കിക്കളയുന്ന വിധത്തിലായി സിദ്ദീഖിക്കെതിരെ നടന്ന വംശീയാധിക്ഷേപവും ആക്രമണവും. അതിരുവിട്ടപ്പോൾ പ്രചാരണത്തെ അപലപിച്ചും ജനാധിപത്യ തത്ത്വങ്ങൾക്ക് നിരക്കാത്തതും അസ്വീകാര്യവുമെന്ന് അധിക്ഷേപിച്ചും വൈറ്റ് ഹൗസ് പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു.
സ്വതന്ത്ര ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിന്‍റെ ഇരുണ്ടയുഗമെന്നു വിശേഷിപ്പിക്കപ്പെട്ടത് ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലമായിരുന്നു. എന്നാൽ, അന്നത്തേതിലും മോശമായ സാഹചര്യമാണ് മോദി ഭരണത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്നത്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വിലക്കെടുത്തും അതിനാവാത്തവർക്ക് വിലക്ക് ഏർപ്പെടുത്തിയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നിരന്തരം വേട്ടയാടിയും അടിയന്തരാവസ്ഥാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് സർക്കാർ. സർക്കാറിന്‍റെ വാഴ്ത്തുപാട്ടുകാർക്കു മാത്രമേ നിലനിന്നു പോകാനാവൂ എന്നതാണ് അവസ്ഥ. അതിനാൽ മുട്ടിലിഴഞ്ഞവരെയും തോൽപിക്കുന്നുണ്ട് മോദിയുടെ മെഗാഫോണുകളായി മാറിയ പുതിയ മാധ്യമങ്ങൾ. സാമാന്യേന നിഷ്പക്ഷത പുലർത്തിയ മാധ്യമങ്ങളൊന്നൊന്നായി മോദിയുടെ സ്വന്തം കോർപറേറ്റുകൾ വിലക്കെടുത്തു സർക്കാർ വിലാസത്തിലേക്ക് മാറ്റി. വഴങ്ങാതിരുന്നവരെ ഇ.ഡി, ഐ.ടി മർദനോപാധികളുപയോഗിച്ചും ദേശവിരുദ്ധർ, അർബൻ നക്സലുകൾ, ഫേക് മീഡിയ, ലൂട്ടിയൻസ് ഡൽഹി മീഡിയ തുടങ്ങിയ ചാപ്പകൾ അടിച്ചേൽപിച്ചും തടവിലേക്കു തെളിച്ചു. അങ്ങനെ എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിച്ചു എതിരില്ലാ സമഗ്രാധിപത്യം സൃഷ്ടിച്ചെടുക്കാനായി ഒരു രാജ്യം, ഒരു മീഡിയ എന്ന നിലയിലേക്ക് രംഗം പരുവപ്പെടുത്തുകയാണ് മോദി സർക്കാർ. രാജ്യം മുഴുക്കെ സർക്കാർ വിലാസം വാർത്തകൾ മാത്രം മതിയെന്ന ഈ ശാഠ്യം തന്നെയല്ലേ അടിയന്തരാവസ്ഥ? ജനാധിപത്യത്തിന്‍റെ അമ്മയെന്നാണ് നരേന്ദ്ര മോദി ഇന്ത്യയെ വിശേഷിപ്പിക്കാറ്. എന്നാൽ, ജനാധിപത്യം ഇന്ത്യയിൽ രോഗാതുരമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ‘ഫിനാൻഷ്യൽ ടൈംസ്’ പരിഹസിച്ചതും ഈ ദുരവസ്ഥ ചൂണ്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.