ഹനിയ്യയുടെ രക്തസാക്ഷിത്വം വൃഥാവിലാവില്ല
text_fieldsലോക മനുഷ്യ മനഃസാക്ഷിയെ വിറങ്ങലിപ്പിച്ചുകൊണ്ട് പത്തുമാസമായി തുടരുന്ന ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിന് ഏതുവിധേനയും ഒരിടക്കാല വിരാമമെങ്കിലും സാധിതമാക്കാൻ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഖത്തറും ഈജിപ്തും തുടരുന്ന തീവ്രശ്രമങ്ങളെ തീർത്തും പ്രതികൂലമായി ബാധിക്കുന്നതാണ് ബുധനാഴ്ച പുലർച്ച ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിലെ താമസസ്ഥലത്ത് വ്യോമാക്രമണത്തിലൂടെ വധിച്ച സയണിസ്റ്റ് ഭീകരകൃത്യം. ജന്മനാടിന്റെ വിമോചനത്തിനായി പോരാടുന്ന ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ധീരനും തന്ത്രജ്ഞനും വിവേകശാലിയുമായ നേതാവ് എത്രയോ നേരത്തേ ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതാണ്. ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായകൻ ശൈഖ് അഹ്മദ് യാസീൻ (2004), അദ്ദേഹത്തിന്റെ പിൻഗാമി അബ്ദുൽ അസീസ് റൻതീസി (2004), ഹമാസ് നേതാവ് മഹ്മൂദ് മബ്ഹൂഹ് (2010), ഹമാസ് സായുധസേനാ മേധാവി അഹ്മദ് ജബരി (2012) തുടങ്ങി ഒട്ടേറെ നേതാക്കളെ ചതിയിൽ കൊന്ന സയണിസ്റ്റ് രാജ്യം, തന്നെ വെറുതെവിടുമെന്ന കണക്കുകൂട്ടൽ ഒരിക്കലും ഹനിയ്യക്കുണ്ടായിരുന്നില്ല, ഇക്കാര്യം മുമ്പ് പലതവണ അദ്ദേഹംതന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ഗസ്സയിൽനിന്ന് പുറത്താക്കപ്പെട്ട ഹനിയ്യ ദീർഘകാലമായി ഖത്തർ തലസ്ഥാനമായ ദോഹയിലാണ് കഴിഞ്ഞുവന്നത്. അതാവട്ടെ, ഇസ്രായേലിന്റെ രക്ഷിതാവായ അമേരിക്ക അറിഞ്ഞുകൊണ്ടായിരുന്നുതാനും. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് അതിശക്തമായ സൈനിക നടപടിയിലൂടെ ഹമാസിന്റെ ഉന്മൂലനത്തിനും ഗസ്സയുടെ മനുഷ്യമുക്തിക്കുംവേണ്ടി ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഒരുമ്പെട്ടിറങ്ങിയപ്പോൾ സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഇസ്രായേലിനെ പിന്തുണച്ച അമേരിക്ക, സയണിസ്റ്റ് ഹിറ്റ്ലിസ്റ്റിനെക്കുറിച്ച് അറിയാതെയല്ല യുദ്ധവിരാമ ചർച്ചകളിൽ പങ്കെടുത്തുകൊണ്ടിരുന്നത്. ഒരുവശത്ത് ഇസ്രായേലിന്റെ രക്ഷാകർതൃത്വം നിലനിർത്തിക്കൊണ്ടുതന്നെ മറുവശത്ത് സാമ്പത്തിക താൽപര്യങ്ങൾക്കുവേണ്ടി അറബ് എണ്ണരാജ്യങ്ങളെ അലോസരപ്പെടുത്താതിരിക്കുക എന്ന നയത്തിന്റെ ഭാഗമാണ് ഖത്തർ മുൻകൈയെടുത്ത യുദ്ധവിരാമ ചർച്ചകളിൽ അമേരിക്ക ഭാഗഭാക്കാവുന്നത്. യുദ്ധവിരാമത്തിനായുള്ള യു.എൻ രക്ഷാസമിതി പ്രമേയങ്ങളെ മുഴുവൻ വീറ്റോ ചെയ്യവേതന്നെ സോപാധിക യുദ്ധവിരാമത്തിനായുള്ള യു.എസ് ജനറൽ അസംബ്ലി പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതും തികഞ്ഞ ഇരട്ടത്താപ്പായിരുന്നു. ഇപ്പോഴാകട്ടെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിലാണ്. പ്രസിഡന്റ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലെ വാക്ശരങ്ങൾപോലും ആരാണ് ഏറ്റവും ആത്മാർഥമായും ഫലപ്രദമായും നെതന്യാഹുവിന്റെ ഇസ്രായേലിനെ പിന്തുണക്കുന്നത് എന്ന കാര്യത്തിലാണുതാനും. വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ച് നേരെചൊവ്വേ സംസാരിക്കാൻപോലും അശക്തനായ ബൈഡനെ സ്വന്തം പാർട്ടിതന്നെ കൈയൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന് മത്സരരംഗത്തുനിന്ന് പിന്മാറേണ്ടിവന്നുവെങ്കിലും അദ്ദേഹത്തിന്റെ നോമിനിയായ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് പുതിയ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി. ഗസ്സയിൽ യുദ്ധം നിർത്തി സമാധാനം സ്ഥാപിക്കണമെന്നൊക്കെ കമല പുറമേക്ക് പറയുന്നുണ്ടെങ്കിലും യു.എസ് കോൺഗ്രസിനെ അഭിമുഖീകരിക്കെ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഹമാസിനെ നിശ്ശേഷം നശിപ്പിക്കുമെന്ന തന്റെ ദൃഢപ്രതിജ്ഞ ആവർത്തിച്ചപ്പോൾ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കരോടൊപ്പം കൈയടിക്കുകയായിരുന്നുവെന്നോർക്കണം.
ഈ പശ്ചാത്തലത്തിൽ ഗസ്സ യുദ്ധവിരാമ ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത വിദൂരമാണെന്ന വിലയിരുത്തലിലാണ് നിരീക്ഷകർ. ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഹമാസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ലെന്നിരിക്കെ കൂട്ടനേതൃത്വമാണ് ഹമാസിനെ ഫലത്തിൽ നയിച്ചുവന്നത് എന്നതുകൊണ്ട് ഹനിയ്യക്ക് പിൻഗാമികളുണ്ട്; ഉണ്ടാവും. 40,000 നിരപരാധികളെ ഇതിനകം ബലികൊടുക്കേണ്ടിവന്ന ദുഃഖസത്യം അംഗീകരിച്ചുകൊണ്ടുതന്നെ ഗസ്സ നെതന്യാഹുവിന് തീറെഴുതിക്കൊടുക്കാതെയുള്ള ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹമാസ് അനുകൂലമായി പ്രതികരിച്ചു എന്നുവരും. നിരപരാധരുടെ കൂട്ട നരഹത്യ എപ്പോൾ നിർത്തുന്നുവോ ആ നിമിഷം തന്റെ പ്രധാനമന്ത്രിപദവി നഷ്ടപ്പെടുമെന്ന് മാത്രമല്ല, താൻ കഠിന വിചാരണക്ക് വിധേയനാവേണ്ടിയും വരും എന്നു ഭയക്കുന്ന നെതന്യാഹു സ്വമേധയാ ഭീകരതാണ്ഡവം അവസാനിപ്പിക്കാൻ സാധ്യതയില്ല. ബ്രിട്ടനും അമേരിക്കയും ആസ്ട്രേലിയയുമടക്കമുള്ള രാജ്യങ്ങൾ മനുഷ്യക്കുരുതി നിർത്താൻ ഇസ്രായേലിനോടാവശ്യപ്പെടുന്നു, യൂറോപ്യൻ യൂനിയൻ ഇസ്രായേലിനെതിരെ ശബ്ദിക്കുന്നു, ലോകജനത പൊതുവേതന്നെ നഷ്ടം മാത്രം വിതക്കുന്ന ഗസ്സ ആക്രമണത്തിനെതിരെ പ്രതിഷേധിക്കുന്നു. എന്നിട്ടും നെതന്യാഹുവും അയാളേക്കാൾ തീവ്രരായ കൂട്ടാളികളും രക്തച്ചൊരിച്ചിൽ നിർത്തിവെക്കാൻ തയാറല്ലെങ്കിൽ അതിന് ഒരേയൊരു കാരണം അമേരിക്കയുടെ പിന്തുണയാണ്. പക്ഷേ, പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാൻ തങ്ങൾ ക്ഷണിച്ചുവരുത്തിയ ഹമാസ് നയതന്ത്രജ്ഞനെ ചതിയിൽ കൊന്ന സയണിസ്റ്റുകളോട് ഇറാൻ പ്രതികാരം ചെയ്യാതിരിക്കുമോ എന്ന ചോദ്യം പ്രസക്തമായി ഉയരുന്നുണ്ട്. ലബനാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും നേരത്തേതന്നെ ഇറാനോടൊപ്പമാണുതാനും. സൈനിക ശക്തിയിൽ ഇസ്രായേലിന്റെ അടുത്തൊന്നുമെത്തില്ലെങ്കിലും ഇസ്രായേലികൾക്ക് സമാധാനപൂർവം അന്തിയുറങ്ങാനാവാത്ത അന്തരീക്ഷം കൂടുതൽ കലുഷമാക്കാൻ ഈ കൂട്ടുകെട്ടിന് കഴിയും. അതാവട്ടെ, നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സ്വന്തം ജനതയുടെ പ്രക്ഷോഭത്തെ പൂർവാധികം രൂക്ഷതരമാക്കുമെന്നതും നിഷേധിക്കാനാവില്ല. അന്തിമമായി ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വൃഥാവിലാവില്ലെന്ന് ഹമാസ് തെളിയിക്കുമെന്ന് കരുതാനാണ് ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.