Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅധോലോക പിടിയിലമർന്ന...

അധോലോക പിടിയിലമർന്ന മലയാള സിനിമ?

text_fields
bookmark_border
അധോലോക പിടിയിലമർന്ന മലയാള സിനിമ?
cancel

മലയാള സിനിമ-സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പീഡനങ്ങളും ചൂഷണങ്ങളും വിവേചനവും സവിസ്തരം ചൂണ്ടിക്കാട്ടുകയും പ്രതിവിധി നിർദേശിക്കുകയും ചെയ്യുന്ന ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ടാണ് ഇപ്പോൾ സംസ്ഥാനത്തെ മുഖ്യ ചർച്ചാവിഷയം. 2017ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമരംഗത്തെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്ന് അതേവർഷം ജൂലൈയിൽ പ്രശ്നത്തിന്റെ നാനാവശങ്ങൾ പഠിച്ച് സമഗ്ര റിപ്പോർട്ടും ശിപാർശകളും സമർപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാർ കമീഷനെ ഏൽപിച്ച ദൗത്യം. 2019 ഡിസംബറിൽ കമീഷൻ അതിന്റെ അന്വേഷണ റിപ്പോർട്ട് പിണറായി സർക്കാറിന് സമർപ്പിച്ചുവെങ്കിലും നാലുവർഷക്കാലം അതിന്മേൽ അടയിരുന്നതല്ലാതെ ഒരു വിവരവും പുറത്തുവന്നില്ല. ഒരു നിർദേശവും നടപ്പാക്കിയതുമില്ല. ഒടുവിൽ സംസ്ഥാന വിവരാവകാശ കമീഷൻ വ്യക്തികളെ ബാധിക്കുന്ന കാര്യങ്ങളൊഴിച്ചുള്ള ഭാഗങ്ങൾ പുറത്തുവിടണമെന്ന് ഉത്തരവിടുകയായിരുന്നു. അപ്പോഴും തൽപരകക്ഷികൾ ഹൈകോടതിയെ സമീപിച്ച് ഉടക്കുവെക്കാൻ വിഫലശ്രമം നടത്തിയെങ്കിലും ജനവികാരം മാനിച്ച് ഹേമ കമീഷൻ റിപ്പോർട്ട് ഭാഗികമായി അനാവരണം ചെയ്യാൻ സർക്കാർ നിർബന്ധിതമായി. റിപ്പോർട്ടോ ശിപാർശകളോ പുറത്തുവിടില്ല, അതിന്മേൽ നടപടിയെടുക്കുന്നുമില്ല എന്നതാണ് സർക്കാർ നിലപാടെങ്കിൽ പിന്നെ എന്തിന് കമീഷനെ നിയോഗിച്ചെന്ന ചോദ്യമുണ്ട്. ഒരു സത്യം തുറന്നുപറയാതിരുന്നിട്ട് കാര്യമില്ല. സംസ്ഥാനത്തെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നതും ഏതാണ്ട് മൊത്തം ജനതയുടെ മുഖ്യ വിനോദോപാധിയുമായ സിനിമ-സീരിയൽ മേഖല അടക്കിവാഴുന്ന ക്രിമിനലുകളെന്നോ മാഫിയയെന്നോ വിളിക്കാവുന്ന സംഘത്തിന്റെ സമ്മർദത്തിന് മുന്നിൽ സർക്കാർ പതറുകയായിരുന്നു. ഒടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് കമീഷൻ റിപ്പോർട്ടിൽനിന്ന് ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്ത ഭാഗങ്ങൾ പുറത്തുവിടേണ്ടിവന്നതെന്ന് വ്യക്തം. ചില നിർമാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും കൈപ്പിടിയിലാണ് മലയാള സിനിമയെന്ന് കമീഷൻ കുറ്റപ്പെടുത്തുന്നുണ്ട്. അവരിലൊരാൾ മന്ത്രിസഭയിൽ പോലുമുണ്ടെന്നാണ് സംവിധായകൻ വിനയൻ ആരോപിക്കുന്നത്. ഇവരിൽ ഒരാളുടെ പേരിലും നടപടിയെടുക്കാൻ സർക്കാറിനാവില്ലെന്നുറപ്പ്. നടപടിയുടെ പ്രഥമഘട്ടം പൊലീസ് അന്വേഷണമാണ്. പേരുപറയാതെ ആരുടെ പേരിൽ എങ്ങനെ കേസെടുക്കും? കേസെടുത്താൽ തന്നെ അവർക്കെതിരെ ആര് സാക്ഷിപറയും, മൊഴി നൽകും? തൽക്കാലത്തേക്ക് വല്ല​വരെയും സാക്ഷിപ്പട്ടികയിൽ ചേർത്താൽ അവർ കോടതി മുമ്പാകെ മൊഴി മാറ്റിപ്പറയുകയില്ലെന്നതിന് എന്ത് ഗാരന്റി? ഇതാണ് സ്ഥിതിയെന്നിരിക്കെ, കമീഷൻ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പിന് കുറുപ്പിന്റെ ഉറപ്പിന്റെ ബലം പോലുമില്ലെന്ന് തീർച്ച.

അതേസമയം, അതിഗുരുതരമാണ് ഹേമ കമീഷന്റെ കണ്ടെത്തലുകളെന്നതിൽ സംശയമില്ല. നടിമാരുടെ നേർക്കുള്ള ലൈംഗിക ചൂഷണമാണ് ഏറ്റവും ഗുരുതരം. അഭിനയമോഹമുള്ള ജൂനിയർ നടിമാരെ റോൾ ഉറപ്പുനൽകി പ്രൊഡ്യൂസർമാർ, സംവിധായകർ, നടന്മാർ, പ്രൊഡക്ഷൻ കൺട്രോളർമാർ, കാമറമാൻ തുടങ്ങി എല്ലാവരും നിഷ്കരുണം കാസ്റ്റിങ് കൗച്ച് നടത്തുന്നുവെന്ന പരാതി തീർത്തും വാസ്തവികമാണെന്നാണ് കമീഷൻ ചൂണ്ടിക്കാട്ടുന്നത്. നഗ്നകളായി അഭിനയിക്കാൻ ശഠിക്കുന്നതടക്കം മറ്റുതരത്തിലുള്ള ചൂഷണവും മുറക്ക് തുടരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ വരെ ഈ ചൂഷണത്തിനിരകളാണ്. ഒരർഥത്തിൽ ഹീനമായ ബലാത്സംഗം തന്നെ. സിനിമക്ക് പുറത്താണെങ്കിൽ പോക്സോ കേസ് ചുമത്തപ്പെടേണ്ടവരാണ് സിനിമയിലെ ക്രിമിനലുകൾ. ഇരകൾ സ്വന്തം രക്ഷിതാക്കളോടുപോലും പീഡനകഥകൾ തുറന്നുപറയാത്തത് ചാൻസ് നഷ്ടപ്പെടുമെന്ന ഭീഷണി മൂലമാണ്. സ്വന്തം കുടുംബത്തിന്റെ ജീവഹാനി പോലും ഭയപ്പെടുന്നവരുണ്ട്. സിനിമ ലോകത്തെയാകെ ഗ്രസിച്ചുകഴിഞ്ഞ ലഹരിയുടെ സ്വാധീനം സ്ത്രീപീഡനങ്ങളെ ദ്വിഗുണീഭവിപ്പിക്കുന്നെന്നാണ് കമീഷന്റെ കണ്ടെത്തൽ. ലഹരിപാനീയങ്ങളും മയക്കുമരുന്നും ഉപയോഗിച്ച ശേഷം നിരവധി ലൈംഗിക പീഡനങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഭൂരിഭാഗം അഭിനേതാക്കളും മദ്യപിച്ചാണ് സെറ്റിലെത്തുന്നതെന്നും സ്ത്രീകൾ മൊഴിനൽകിയിട്ടുണ്ട്. ഇതൊന്നും പക്ഷേ, പുതിയ അറിവുകളല്ല. യുവനടന്മാരുടെ മയക്കുമരുന്ന് കൈമാറ്റവും ഉപഭോഗവും ഒരുഘട്ടത്തിൽ ഷൂട്ടിങ് മുടക്കുന്നേടത്തോളം എത്തി പ്രൊഡ്യൂസർമാർക്ക് ദ്രവ്യനഷ്ടം വരുത്തിവെക്കുന്നത് മലയാള സിനിമ രംഗത്ത് വൻ വെല്ലുവിളി ഉയർത്തിയിരുന്നതാണ്. അതൊക്കെ എവ്വിധമോ കെട്ടടങ്ങി. പക്ഷേ, ഡി.ജെ പാർട്ടികളും അനുബന്ധ ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും വർധിച്ചിട്ടേയുള്ളൂ. ഹേമ കമീഷന്റെ ശിപാർശകൾ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചാൽപോലും ഇതൊക്കെ എങ്ങനെ തടയാനാവും എന്നതാണ് ചോദ്യം. നന്നെ കവിഞ്ഞാൽ അവഗണനയെയും വേതനത്തിലെ സ്ത്രീ-പുരുഷ വിവേചനത്തെയും സൗകര്യക്കുറവിനെയും കുറിച്ച നിർദേശങ്ങൾ നടപ്പാക്കാൻ ഒരുപരിധിവരെ സർക്കാറിന് സാധിച്ചെന്നുവരാം. എന്നാൽ, ഹോളിവുഡിൽനിന്ന് തുടങ്ങി ബോളിവുഡിലെത്തി മോളിവുഡിലേക്ക് പകർന്ന അധോലോക സംസ്കാരത്തിന് തടയിടുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും സർക്കാറുകൾക്ക് സാധ്യമല്ലെന്നതാണ് വാസ്തവം. എങ്ങനെ സാധിക്കും? ലൈംഗിക അരാജകത്വവും അധാർമികതയുടെ അഴിഞ്ഞാട്ടവും സദാചാരത്തകർച്ചയും മുഖമുദ്രയായ പാശ്ചാത്യ സംസ്കാരത്തിന്റെ വക്താക്കളുടെയും പ്രചാരകരുടെയും കുഴലൂത്തുകാരുടെയും പിടിയിലാണ് ലോകവും രാജ്യവും സംസ്ഥാനവുമെന്ന് നിഷേധിച്ചിട്ട് കാര്യമില്ല. മനുഷ്യത്വത്തിന്റെയും സമാധാനാന്തരീക്ഷത്തിന്റെയും സ്ത്രീ സുരക്ഷയുടെയും ധാർമികതയുടെയും പക്ഷത്തുനിന്ന് സംസാരിക്കുന്നവരൊക്കെ ആറാം നൂറ്റാണ്ടിൽ ജീവിക്കേണ്ടവരും മതമൗലിക വാദികളുമാണെന്നാണ് നിരന്തരം ബോധവത്കരണം നടക്കുന്നത്. ഈ സ്ഥിതി തുടരുന്നേടത്തോളം സിനിമയിലെ സ്ത്രീക്ക് മാത്രമല്ല, മാനം മര്യാദയായി ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരാൾക്കും രക്ഷയൊന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialHema Committee Report
News Summary - Madhyamam Editorial 2024 Aug 21
Next Story