തലമാറിയാൽ പോരാ, സംവിധാനങ്ങൾ മാറണം
text_fieldsഇത് ഭൂകമ്പമല്ല അഗ്നിപർവത സ്ഫോടനമാണ്. അന്യായങ്ങളെ കടപുഴക്കുന്ന ഭൂകമ്പമല്ല മലയാള സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്നത്; മറിച്ച്, മുമ്പേ തിളച്ചുകൊണ്ടിരിക്കുന്ന രോഷം അനുകൂല സാഹചര്യത്തിൽ പൊട്ടിയൊലിക്കുന്നതാണ്. നൈതികമായ ഉൾവിളിയല്ല ഇന്നലത്തെ രാജികൾക്ക് പ്രചോദനം; പകരം, സാഹചര്യങ്ങളുടെ സമ്മർദം സൃഷ്ടിച്ച നിവൃത്തിയില്ലായ്മയാണ്. അസോസിയേഷൻ ഓഫ് മൂവി ആർട്ടിസ്റ്റ്സ് എന്ന ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് ഒഴിഞ്ഞതും കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷപദവിയിൽനിന്ന് സംവിധായകൻ രഞ്ജിത് രാജിവെച്ചതും മറ്റു വഴികളില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ്. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവം ആഴത്തിലുള്ള അന്വേഷണത്തിനും തിരുത്തലിനും സർക്കാറിനെയും സിനിമാ സംഘടനകളെയും പ്രേരിപ്പിക്കേണ്ടതായിരുന്നു. സർക്കാറോ ‘അമ്മ’ എന്ന താരസംഘടനയോ അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഏതാനും വനിതകൾ മുൻകൈയെടുത്ത് ‘വിമൻ ഇൻ സിനിമ കലക്ടിവ്’ (ഡബ്ല്യു.സി.സി) എന്ന കൂട്ടായ്മ രൂപവത്കരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. അവരും ‘ഞാൻ ഇരയല്ല അതിജീവിതയാണ്’ എന്ന് ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞ നടിയും പുലർത്തിയ നിശ്ചയദാർഢ്യത്തിനുമുന്നിൽ സർക്കാറിന് വഴങ്ങേണ്ടിവന്നപ്പോഴാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ പഠന-അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുന്നത്. പക്ഷേ, കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടും നാലരവർഷം അതിന്മേൽ ഒരു നടപടിയുമുണ്ടായില്ല. ക്രിമിനൽ കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്ന് ഇപ്പോൾ വാദിക്കുന്ന സർക്കാർ അതിലെ മറ്റ് ശിപാർശകളെങ്കിലും ശ്രദ്ധിച്ചോ? സാംസ്കാരിക മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് താനത് വായിച്ചിട്ടേ ഇല്ലെന്നാണ്. സിനിമാരംഗത്തെ കൊള്ളരുതായ്മകളോളം നമ്മെ ഞെട്ടിക്കേണ്ടതാണ് അവയെപ്പറ്റി വിസ്തരിച്ച പഠന റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ പുലർത്തിയ നിസ്സംഗത.
സർക്കാറോ ‘അമ്മ’യോ താരപ്രമുഖരോ അല്ല ഡബ്ല്യു.സി.സിയും പൊതുസമൂഹവും ആക്ടിവിസ്റ്റുകളുമാണ് ഇന്ന് ഇത്രയെങ്കിലും ചലനം നടക്കാൻ കാരണം. തൊടുന്യായം പറഞ്ഞ് പൂട്ടിവെച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും സർക്കാർ അനങ്ങിയില്ല. റിപ്പോർട്ട് പുറത്തിറക്കണമെന്ന അപ്പീൽ വിൻസൺ പോൾ ചെയർമാനായ വിവരാവകാശ കമീഷനും തള്ളുകയായിരുന്നു. പിന്നീട് ചെയർമാനായ ഡോ. അബ്ദുൽ ഹകീം, വ്യക്തിസ്വകാര്യത പരിഗണിച്ച് കുറെ ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വിധിച്ചു. അതിനെതിരെ ചിലർ ഉയർത്തിയ തടസ്സവാദം ഹൈകോടതി തള്ളിയശേഷവും റിപ്പോർട്ട് വെളിപ്പെടുത്തുന്നത് തടസ്സപ്പെടുത്താൻ നീക്കങ്ങളുണ്ടായി. ഒടുവിൽ മറ്റൊരു പോംവഴിയും ഇല്ലാതായ അവസ്ഥയിൽ റിപ്പോർട്ട് പുറത്തുവിട്ടതോ, വിവരാവകാശ കമീഷൻ വെളിപ്പെടുത്താൻ നിർദേശിച്ച ചില ഭാഗങ്ങൾ ഒഴിവാക്കിയും. എന്നാലും പുറത്തുവന്ന ഭാഗങ്ങൾ തന്നെ ഗുരുതരമായ പുഴുക്കുത്തുകൾ തുറന്നുകാട്ടുന്നുണ്ട്. ഇതിന് പിന്നാലെ, രഞ്ജിത്തിനും സിദ്ദീഖിനുമെതിരെ ആരോപണങ്ങൾ ഉയർന്നു. അപ്പോൾ പോലും സാംസ്കാരിക മന്ത്രി കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നിയമസാങ്കേതികത ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇരകൾ പരാതി തന്നാലേ കേസെടുക്കാനാവൂ എന്ന സമീപനം സ്വീകരിച്ച സർക്കാർ നാലരവർഷം ഹേമ റിപ്പോർട്ടിൻമേൽ സാധ്യമായ മറ്റ് നടപടികൾ പോലുമെടുത്തില്ലെന്നത് ജനങ്ങൾ കാണുന്നുണ്ട്.
ഉത്തരവാദപ്പെട്ട അന്വേഷണ കമീഷൻ തെളിവും മൊഴികളും സഹിതം തയാറാക്കിയ റിപ്പോർട്ട് സിനിമാ ലോകത്തെ സ്ത്രീ പീഡനത്തിന്റെ നടുക്കുന്ന വിവരങ്ങൾ നൽകിയിട്ടും നിയമം സാങ്കേതിക തടസ്സമാകുന്നെന്ന് വാദിക്കുന്ന സർക്കാറിന് അപ്പോഴും അനീതി ഇല്ലാതാക്കാനുള്ള മാർഗങ്ങൾ തേടേണ്ട ബാധ്യതയില്ലേ? ഒരു ജുഡീഷ്യൽ കമ്മിറ്റിയുടെ റിപ്പോർട്ടിനെപ്പോലും അപ്രസക്തമാക്കുമാറ് അധമമാണ് നമ്മുടെ ഭരണ സംവിധാനങ്ങളെങ്കിൽ അത് മറയാക്കി അനങ്ങാതിരിക്കുകയാണോ ‘ഇടതു പുരോഗമന’ സർക്കാർ ചെയ്യേണ്ടത്? നിസ്സഹായരായ വനിതകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണത്തിന്റെ നേർചിത്രം കൈയിലുണ്ടായിട്ടും അനങ്ങാതിരുന്ന സംസ്ഥാന സർക്കാർ പരിഹാരത്തിന്റെയല്ല, പ്രശ്നത്തിന്റെ ഭാഗമാണ്. അധികാര സംവിധാനങ്ങൾ കുറേ ദുർബലരായ സ്ത്രീകളെ ഒതുക്കാൻ എല്ലാ സന്നാഹവും തീർക്കുമ്പോൾ സിനിമാരംഗത്തെ മാത്രമല്ല, ഭരണരംഗത്തെയും ‘സ്ത്രീപക്ഷ’ രക്ഷാകർത്താക്കൾ ഇരകൾക്കൊപ്പമല്ല നിന്നത് എന്ന് കേരളം തിരിച്ചറിയുന്നു. ഇനിയെങ്കിലും സർക്കാർ ചൂഷകരുടെ പക്ഷംവിട്ട് ചൂഷിതരുടെ ഭാഗത്ത് നിൽക്കണം; സക്രിയനടപടികൾ സ്വീകരിക്കണം. നിയമ നൂലാമാല പറഞ്ഞ് തർക്കിക്കാം; പക്ഷേ, ആഭ്യന്തര പരാതി (ഐ.സി) സംവിധാനം, ‘അമ്മ’ സാംസ്കാരിക വകുപ്പ് തുടങ്ങി അനേകം കേന്ദ്രങ്ങൾ സാധാരണ സിനിമാ പ്രവർത്തകർ തങ്ങളിൽ അർപ്പിച്ചിരുന്ന വിശ്വാസം കളഞ്ഞുകുളിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. തലപ്പത്തെ ഏതാനും ആളുകൾ മാറിയാൽ പരിഹരിക്കാവുന്നതല്ല പ്രശ്നം. ചൂഷകരെ സംരക്ഷിക്കുന്ന സംവിധാനങ്ങൾ തകർക്കണം; ചൂഷിതരെ സംരക്ഷിക്കുന്നവ നിലവിൽ വരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.