സ്തുതിപാഠകർക്ക് ഇനാം യു.പി സർക്കാർ വക
text_fieldsസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും പ്രചാരണം നൽകാനുമുള്ള പൊതുജനസമ്പർക്ക പ്രവർത്തനങ്ങൾ ഏതു ഭരണകൂടത്തിന്റെ വിജയത്തിനും, നടപടികളുടെയും ഭരണത്തിന്റെയും തുടർച്ചക്കും അനിവാര്യമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ സംസ്ഥാനങ്ങൾക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗവും യൂനിയൻ സർക്കാറിന് കീഴിൽ ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയും (ഡി.എ.വി.പി) പ്രവർത്തിക്കുന്നുണ്ട്. സർക്കാർ അനുകൂല പ്രചാരണം നടത്താനും എതിർപ്രചാരണങ്ങൾ ചെറുക്കാനുമായി അധികസമയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഈ വിഭാഗങ്ങളുടെ പേരിൽ ശതകോടികളാണ് പൊതുഖജനാവിൽനിന്ന് സർക്കാറുകൾ ചെലവിടുന്നത്. നെടുങ്കൻ പരസ്യങ്ങൾക്ക് പുറമെ ഭീഷണിയിലും പ്രലോഭനങ്ങളിലും കുരുക്കി മുഖ്യധാരാ ദൃശ്യ-ശ്രാവ്യ-അച്ചടി-ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്തകൾ പ്ലാന്റ് ചെയ്ത് പ്രചരിപ്പിക്കുന്ന പ്രവണതയും സമീപവർഷങ്ങളിൽ ശക്തമാണ്. 2014ൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ രാജ്യത്ത് അധികാരമേറിയതിൽ പിന്നെയാണ് ഗോദി മീഡിയ (മടിത്തട്ട് മാധ്യമങ്ങൾ) എന്ന പ്രയോഗം പ്രചാരത്തിലായതും മാധ്യമവാർത്തകളുടെ വിശ്വാസ്യത ഇത്രമാത്രം സംശയനിഴലിലായതും.
സർക്കാർ നിലപാടിനൊപ്പം നിന്ന് വാഴ്ത്തുപാടാത്ത മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരായ അടിച്ചമർത്തൽ യൂനിയൻ സർക്കാറും വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും തരംപോലെ നടത്തുന്നുണ്ട്. തദ്ഫലമായി ലോക മാധ്യമ ഇൻഡക്സിൽ ഓരോ വർഷവും ഇന്ത്യയുടെ സ്ഥാനം താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പരസ്യങ്ങൾക്കുമായി വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളെയും ജനം ആശ്രയിച്ചുതുടങ്ങിയതോടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും കനത്ത നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാവുന്നുണ്ട്. സർക്കാർ നിർദേശാനുസരണം സമൂഹമാധ്യമ കമ്പനികൾ പോസ്റ്റുകളും അക്കൗണ്ടുകളും ഒഴിവാക്കുന്ന സംഭവങ്ങളും ഏറിവരുന്നു. അതിനിടയിലാണ് മാധ്യമ പ്രവർത്തനം അതി അപകടാവസ്ഥയിലുള്ള ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കഴിഞ്ഞ ദിവസം പുത്തനാമൊരു ഡിജിറ്റൽ മീഡിയ നയത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
പുതിയ നയപ്രകാരം അധിക്ഷേപകരമോ അശ്ലീലമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. അതേസമയം, സർക്കാറിന്റെ പ്രവർത്തനങ്ങളെയും പദ്ധതികളെയും പുകഴ്ത്തി വിഡിയോകളും പോസ്റ്റുകളും തയാറാക്കുന്നവർക്കാവട്ടെ, കൈ നിറച്ച് കാശും കിട്ടും. ഒരു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽ ആളുകൾ ഫോളോ ചെയ്യുന്ന യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളവരെയാണ് സർക്കാറിന്റെ സ്തുതിപാഠകരായി നിയോഗിക്കുക. അവർ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ കാണുന്നവരുടെയും പ്രതികരിക്കുന്നവരുടെയും എണ്ണം കണക്കാക്കി പ്രതിമാസം എട്ടുലക്ഷം രൂപ വരെ നൽകാനാണ് തീരുമാനം. ഹാഥറസിൽ ബലാത്സംഗക്കൊലക്ക് ഇരയായ ദലിത് യുവതിയുടെ കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ദേശസുരക്ഷ നിയമം ചുമത്തി ജയിലിലടച്ച യോഗി സർക്കാർ ഈ നയംകൊണ്ട് ലക്ഷ്യമിടുന്നത് എന്തെന്നറിയാൻ കവടി നിരത്തി നോക്കേണ്ട കാര്യമൊന്നുമില്ല. അനധികൃത മണൽ ഖനനം റിപ്പോർട്ട് ചെയ്തതിന് കാൺപുരിലെ ശുഭം മണി ത്രിപാഠി എന്ന യുവ മാധ്യമ പ്രവർത്തകനും പ്രതാപ്ഗഢിലെ മദ്യമാഫിയക്കെതിരെ വാർത്തകൾ പുറത്തുവിട്ട എ.ബി.പി ന്യൂസ് റിപ്പോർട്ടർ സുലഭ് ശ്രീവാസ്തവയും കൊല്ലപ്പെട്ടതും 12ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്ത അജിത് ഓജ, ദിഗ്വിജയ് സിങ്, മനോജ് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതേ മുഖ്യമന്ത്രി വാണരളും കാലത്തുതന്നെയാണ്.
ഒരുവശത്ത് വാട്സ്ആപ് വഴി വ്യാജകഥകൾ പടച്ചുവിട്ടിട്ടും സർക്കാർ അനുകൂല വർഗീയശക്തികളുടെ ആഖ്യാനങ്ങൾ തള്ളി ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ യു.പിയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ വഹിച്ച പങ്ക് നിസ്തർക്കമാണ്. പൊള്ളുമെന്ന് പേടിച്ച് വമ്പൻ മാധ്യമങ്ങൾ തൊടാൻ മടിച്ച അഴിമതിയും ജനവിരുദ്ധതയും കേരളത്തെക്കുറിച്ച് ഉത്തരേന്ത്യയിൽ സംഘ്പരിവാർ പ്രചരിപ്പിച്ചുപോരുന്ന നുണകളുമെല്ലാം യൂട്യൂബ് വിഡിയോകളിലൂടെ പൊളിച്ചടുക്കി അവർ. ന്യൂനപക്ഷങ്ങൾക്കെതിരെ നിയമവിരുദ്ധമായി നടത്തുന്ന ബുൾഡോസർ പ്രയോഗങ്ങളുടെ ക്രൂരതയും യൂട്യൂബും ഇൻസ്റ്റഗ്രാമും വഴി രാജ്യം മുഴുക്കെ വ്യക്തമാക്കപ്പെട്ടു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) ഒരു ട്രില്യൺ കടത്തുമെന്ന വാഗ്ദാനവുമായി അധികാരമേറിയ യോഗിയുടെ കീഴിൽ ഉത്തർപ്രദേശ് നേരിടുന്ന തകർച്ചകളും തൊഴിലില്ലായ്മയും അവസരനിഷേധങ്ങളുമെല്ലാം നോയ്ഡ ചാനലുകൾ ഒളിപ്പിച്ചുവെച്ചാലും ജനകീയ മാധ്യമപ്രവർത്തകർ നിർഭയം, നിർദയം പുറത്തുപറയുമെന്നുറപ്പ്. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി അതിനെല്ലാം തടയിടാനും പറ്റുമെങ്കിൽ പണം നൽകി വായടപ്പിക്കാനുമാണ് സർക്കാർ മുതിരുക. യു.പി സർക്കാർ ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഡിജിറ്റൽ മിഡിയ നയത്തെക്കുറിച്ച് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി അവകാശവാദമുയർത്തിയത്. അതു ശരിതന്നെയാണ്. കൊള്ളരുതായ്മകൾ മറച്ചുവെക്കാനും ഇഷ്ടമില്ലാത്തവരെ ഒതുക്കാനും മറ്റു സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും വൈകാതെ ഈ മാതൃക പിൻപറ്റാൻ സാധ്യതയുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ അസാധ്യമാക്കുന്ന ഈ നീക്കം അതിനുമുമ്പേ എല്ലാ അർഥത്തിലും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.