Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅയൽദേശത്തെ...

അയൽദേശത്തെ അസ്വാസ്ഥ്യവും ന്യൂഡൽഹിയും

text_fields
bookmark_border
അയൽദേശത്തെ അസ്വാസ്ഥ്യവും ന്യൂഡൽഹിയും
cancel

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സുപ്രധാന സംഭവങ്ങളുടെ ഇടമായി മാറിയിരിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ നാലാമൂഴം നേടി അധികാരത്തിലേറിയ, എതിർശബ്ദങ്ങളെ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിട്ടിരുന്ന ശൈഖ് ഹസീന വാജിദ് ജനകീയപ്രക്ഷോഭം കൂടുതൽ രൂക്ഷമായതോടെ അധികാരമൊഴിഞ്ഞു നാടുവിട്ടിരിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമങ്ങൾ തുടരുന്ന പ്രസിഡന്‍റ് മുഹമ്മദ് ശഹാബുദ്ദിൻ ചൊവ്വാഴ്ച പാർലമെന്‍റ് പിരിച്ചുവിട്ടു; കഴിയും വേഗം തെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാറിന് അധികാരം കൈമാറുമെന്ന് ഉറപ്പും നൽകി. നൊബേൽ ജേതാവും മൈക്രോഫിനാൻസ് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവുമായ മുഹമ്മദ് യൂനുസിനെ താൽക്കാലിക പ്രധാനമന്ത്രി സ്ഥാനത്ത് പ്രസിഡൻറ് അവരോധിക്കുകയും ചെയ്തു. മൂന്ന് സേനാ വിഭാഗങ്ങളുടെയും തലവന്മാർ, സിവിൽ സമൂഹ പ്രതിനിധികൾ, വിദ്യാർഥി പ്രസ്ഥാന നേതാക്കൾ എന്നിവരുമായി കൂടിയാലോചന നടത്തിയശേഷമാണ് പാർലമെന്‍റ് പിരിച്ചുവിടുന്നതുൾപ്പെടെ തീരുമാനങ്ങൾ പ്രസിഡന്‍റ് കൈക്കൊണ്ടത്.

1971ൽ രാഷ്ട്രം നിലവിൽവന്നത് മുതൽ പല ഘട്ടങ്ങളിലായി സൈനിക അട്ടിമറിക്കും സൈനികത്തലവന്മാരുടെ സിവിൽ ഭരണത്തിനും വിധേയമായ ബംഗ്ലാദേശിൽ ഇത്തവണ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് ഭരണമാറ്റം നടക്കുന്നത്. അതിൽ മുന്നൂറു പേർ കൊല്ലപ്പെട്ടു. ഒരു പട്ടാള അട്ടിമറിയുടെ പശ്ചാത്തലം ഇതിലില്ല. ഹസീനയുടെ അവാമി ലീഗ് ഭരണകാലത്തെ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി) നേതാവായ ഖാലിദ സിയ ഇതിനിടയിൽ ജയിൽ മോചിതയായി. പ്രതിഷേധങ്ങൾക്കിടയിൽ ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് അഞ്ചുവരെ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളിൽ കുറെ പേരും വിട്ടയക്കപ്പെട്ടവരിൽ പെടും. ജയിലിലും അല്ലാതെയും പുറത്തില്ലാത്ത മുൻ പ്രതിപക്ഷ നേതാക്കളുടെ കുടുംബങ്ങൾ ഇന്‍റലിജൻസ് കാര്യാലയത്തിന് മുന്നിൽ ബന്ധുക്കളുടെ വിവരങ്ങൾ അറിയാൻ തടിച്ചുകൂടിയിരുന്നു. അതിനിടയിൽ സ്വതന്ത്രരാക്കപ്പെട്ട മുൻ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അഅ്സമിന്‍റെ പുത്രനും മുൻ കരസേനാ ബ്രിഗേഡിയർ ജനറലുമായ അബ്ദുല്ലാഹിൽ അമൻ അഅ്സ‌മിയും ഹസീന വാജിദ് ഭരണത്തിൽ തൂക്കിലേറ്റപ്പെട്ട ജമാഅത്ത് നേതാവ് മീർ ഖാസിം അലിയുടെ മകനായ മീർ അഹ്മദ് ബിൻ ഖാസിമും അങ്ങനെ ജയിൽമോചിതരായവരാണ്.

ഇന്ത്യയുമായി ചരിത്രപരമായ ബന്ധം പുലർത്തുന്ന ബംഗ്ലാദേശിന്റെ കാര്യത്തിൽ ന്യൂഡൽഹിക്ക് പ്രത്യേക താൽപര്യമുണ്ടാവുക സ്വാഭാവികം. മാത്രമല്ല പുറത്താക്കപ്പെട്ട ഹസീന ഭരണകൂടവുമായി സവിശേഷ ബന്ധവുമുണ്ടായിരുന്നു ഇന്ത്യക്ക്. നാടുകടന്ന ഉടനെ താൽക്കാലിക അഭയം തേടി ബംഗ്ലാദേശ് വ്യോമസേനാ വിമാനത്തിൽ ഹസീന വന്നിറങ്ങിയതുതന്നെ ഉത്തർപ്രദേശിലെ വ്യോമസേനാ കേന്ദ്രം കൂടിയായ ഹിൻഡൻ വിമാനത്താവളത്തിലാണ്. അവിടന്ന് ബ്രിട്ടനിലേക്ക് പോകുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും അഭയം നൽകാൻ അവർ തയാറായിട്ടില്ല. ജനകീയ പ്രക്ഷോഭത്തെത്തുടർന്നു രാജ്യം വിട്ട ഭരണാധികാരികൾക്ക് ബ്രിട്ടന് പുറത്തുനിന്ന് അതിന് അപേക്ഷിക്കാനുള്ള അർഹതയാണ് പറയപ്പെടുന്ന തടസ്സം. അതിന് ആദ്യം ഇറങ്ങുന്ന സുരക്ഷിത രാജ്യത്തോടാണത്രെ അപേക്ഷിക്കേണ്ടത്. അപ്പോൾ പന്ത് ഇന്ത്യയുടെ കളത്തിലേക്ക് വരുന്നുണ്ടെങ്കിലും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞത് അൽപ സമയവും സ്ഥലവുമാണ് മുൻ പ്രധാനമന്ത്രിക്ക് അനുവദിച്ചതെന്നാണ്. അതിനാൽ യു.എ.ഇയോ സൗദി അറേബ്യയോ ആവാം ഹസീനയുടെ ലക്ഷ്യസ്ഥാനമെന്ന അനുമാനത്തിലാണ് നിരീക്ഷകർ.

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുകയും ഏകാധിപത്യ ശൈലിയിലൂടെ ജനരോഷം വിളിച്ചുവരുത്തുകയും ചെയ്ത ഹസീനയോട് ഇന്ത്യ പുലർത്തിയ അനുഭാവം രാഷ്ട്രീയ ചായ്‌വോടെ തുടർന്നാൽ അത് ധാക്കയിൽ വരുന്ന ഭരണകൂടത്തിന്റെ നിലപാടുകളിലും പ്രതിഫലിക്കും-ഒട്ടനവധി മേഖലകളിൽ ഇന്ത്യയോടുള്ള ആശ്രിതത്വം നിലനിൽക്കെ തന്നെ. സർവകക്ഷി യോഗം വിളിച്ച് വിഷയം കൈകാര്യം ചെയ്ത അതേ വിവേകപൂർവമായ രീതിയിൽ ഇന്ത്യൻ ഭരണകൂടം ഭദ്രമായ ഉഭയകക്ഷി ബന്ധങ്ങൾ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കാം. ചൈന ഒരു സാമ്പത്തിക ശക്തിയായി ബംഗ്ലാദേശിനെ തുണക്കാൻ രംഗത്തിറങ്ങുന്ന സാഹചര്യമുണ്ട്. പശ്ചിമ ബംഗാൾ, ത്രിപുര, അസം, മേഘാലയ, മിസോറം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന നാലായിരത്തിൽപരം കിലോമീറ്റർ വരുന്ന അതിർത്തി പങ്കിടുന്നുണ്ട് ഇരുരാജ്യങ്ങളും. അതിൽ പകുതിയും ബംഗാളിലാണ്. 9000 വിദ്യാർഥികളുൾപ്പെടെ 19000 ഇന്ത്യക്കാർ ബംഗ്ലാദേശിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രി പാർലമെന്‍റിനെ അറിയിച്ചത്. അതിനാൽ നയതന്ത്രം അക്ഷരാർഥത്തിൽ ഏറ്റവും മികച്ച രീതിയിൽ കാഴ്ചവെക്കേണ്ട സന്ദർഭമാണിത്. ഈ വിഷയത്തിൽ പ്രതിപക്ഷം ഭരണകൂടത്തിന് ഉള്ളുതുറന്ന പിന്തുണ അറിയിച്ചിട്ടുമുണ്ട്.

ജനകീയ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ പലതരം അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിനും പൊലീസിനുമൊപ്പം പ്രക്ഷോഭക്കാരെ അവാമി ലീഗിന്‍റെ പ്രവർത്തകർ നേരിടാനൊരുങ്ങിയത് പലയിടത്തും രാഷ്ട്രീയസംഘട്ടനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇരുപതോളം അവാമി ലീഗ് നേതാക്കളും കൊല്ലപ്പെട്ടതായാണ് കണക്ക്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത വർഗീയ ശക്തികൾ മുതലെടുക്കുന്ന ബംഗ്ലാദേശിലെ പതിവ് ഇത്തവണയും അങ്ങിങ്ങായി കണ്ടിരുന്നു. അതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാൻ സമരസംഘാടകരായ വിദ്യാർഥി നേതാക്കളും വിവിധ മത രാഷ്ട്രീയസംഘടനകളും രംഗത്തിറങ്ങുകയുണ്ടായി. മുൻ ഭരണത്തിന്‍റെ എതിരാളികളായ ബി.എൻ.പി, ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള രാഷ്ട്രീയശക്തികൾ സ്വന്തം അണികളെ ഹൈന്ദവക്ഷേത്രങ്ങൾക്ക് കാവൽ നിർത്തി സംരക്ഷിച്ച സംഭവങ്ങളുമുണ്ട്. ജനങ്ങൾക്കിടയിൽ ഭൂരിപക്ഷ-ന്യൂനപക്ഷ തരം തിരിവ് പാടില്ലെന്നും ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും തകർക്കുന്നവർ ബഹുജന പ്രതിഷേധങ്ങളെ വികലമാക്കാൻ ശ്രമിക്കുന്നവരാണെന്നും അവർ ജനങ്ങളെ ഓർമിപ്പിച്ചു. അതേസമയം ബംഗ്ലാ പ്രക്ഷോഭത്തെ സാമുദായികമായ വർണത്തിൽ ചിത്രീകരിക്കാനുള്ള ശ്രമം മതവിരുദ്ധ ശക്തികളും ഇന്ത്യയിലെ തീവ്രവലതുപക്ഷ മാധ്യമങ്ങളും പാർട്ടികളും കൊണ്ടുപിടിച്ചുനടത്തുന്നുമുണ്ട്. ഭരണകൂടത്തിന്‍റെ ഏകാധിപത്യ പ്രവണതകൾക്കെതിരായി നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളെ യഥാതഥമായി കാണുന്നതാണ് ബുദ്ധി. അതിന് മതസമുദായവർണം നൽകുന്നതും അതിൽനിന്ന് സ്പർധയുടെ കനലുകൾ പടർത്താൻ ശ്രമിക്കുന്നതും ആർക്കും ഗുണം വരുത്തില്ലെന്ന് സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന വിവേകമതികൾ തിരിച്ചറിയാതിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshMadhyamam Editorial
News Summary - Madhyamam Editorial 2024 Aug 8
Next Story