Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്ലാസ്റ്റിക്കിൽനിന്ന്...

പ്ലാസ്റ്റിക്കിൽനിന്ന് ഭൂമിയെ എങ്ങനെ രക്ഷിക്കും?

text_fields
bookmark_border
പ്ലാസ്റ്റിക്കിൽനിന്ന് ഭൂമിയെ എങ്ങനെ രക്ഷിക്കും?
cancel

നിത്യജീവിതത്തിലെ അനിവാര്യവസ്തുവാണിന്ന് പ്ലാസ്റ്റിക്. പ്രഭാതത്തിലെ ദന്തശുദ്ധി മുതൽ ശയനമുറിയിൽ ഉപയോഗിക്കുന്ന പുതപ്പുവരെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സിന്തറ്റിക്/പ്ലാസ്റ്റിക് വസ്തുക്കളെക്കൊണ്ട് നിർമിച്ച ഉൽപന്നങ്ങളായി ജനം അനുഭവിക്കുന്നു. ഒരു കാലത്ത് വ്യാപകമായിരുന്ന പ്രകൃതിദത്ത വസ്തുക്കൾക്ക് പകരം ഇന്ന് കൃത്രിമ/പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇടംപിടിച്ചിരിക്കുന്നു. തുണിസഞ്ചികൾ, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ കടലാസ് പാക്കറ്റുകൾ, പരുത്തി മെത്തകൾ, ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലോഹങ്ങൾ, മരുന്നുകുപ്പികൾ തുടങ്ങി നിത്യജീവിതത്തിലെ ഏതിടവും പ്ലാസ്റ്റിക് കൈയടക്കിക്കഴിഞ്ഞു. എളുപ്പവും ചെലവുകുറവും കാരണം പഴയശീലങ്ങളും നിർബന്ധങ്ങളും മാറ്റിവെച്ച് ജനം പ്ലാസ്റ്റിക്കിനെ പുൽകി.

എന്നാൽ, പരിസ്ഥിതിജാഗ്രതയുള്ള ശാസ്ത്ര-സാങ്കേതിക ലോകം പ്ലാസ്റ്റിക്കിനെ വില്ലനായാണ് കാണുന്നത്. ഉപയോഗശേഷം പുനഃചംക്രമണം ചെയ്യാൻ പറ്റുന്ന ഒരു ചെറിയശതമാനം ഒഴിച്ചാൽ ബാക്കി പ്ലാസ്റ്റിക്കിനെ ഭൂമിക്ക് ആഗിരണം ചെയ്യാൻ കഴിയില്ല. പകരം കത്തിച്ച് കളഞ്ഞാൽ വിഷവാതകങ്ങൾ അന്തരീക്ഷത്തെ മലിനീകരിക്കും. ആഗോളതലത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും ക്രമേണ ഇല്ലാതാക്കാനും അന്താരാഷ്ട്രതലത്തിൽതന്നെ സംഘടിത ശ്രമങ്ങൾ ആരംഭിച്ചത് അങ്ങനെയാണ്. ആഗോളതാപന വിഷയത്തിൽ യു.എൻ ആഭിമുഖ്യത്തിലുള്ള കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) എന്ന വാർഷിക വേദിക്കു തുല്യമായി പ്ലാസ്റ്റിക്കിന്‍റെ കാര്യത്തിൽ യു.എൻതന്നെ മുൻകൈയെടുത്ത് രൂപവത്കരിച്ച അന്തർസർക്കാർ കൂടിയാലോചന സമിതി (ഐ.എൻ.സി)യുടെ അഞ്ചാമത്തെ യോഗം നവംബർ 25 മുതൽ ഡിസംബർ ഒന്നുവരെ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്നു. നീണ്ടചർച്ചകൾക്കൊടുവിലും, സമാപനം ഒന്നിലധികം തവണ നീട്ടിവെച്ചു കാത്തിരുന്നിട്ടും പ്ലാസ്റ്റിക് ജന്യ പരിസരദൂഷണം അവസാനിപ്പിക്കാൻ ഒരു ‘ആഗോള പ്ലാസ്റ്റിക് ഉടമ്പടി’യെക്കുറിച്ച സമവായത്തിലെത്താൻ 170 രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിന് സാധിച്ചില്ല.

2022ൽ തുടങ്ങിയ ഈ അന്തർദേശീയ ഉദ്യമങ്ങളിൽ അഞ്ചുതവണ രാഷ്ട്രങ്ങൾ ഒത്തുകൂടി. 2024 അവസാനത്തിനു മുമ്പായി ഒരു ഉടമ്പടി ഒപ്പിടണമെന്നായിരുന്നു തീരുമാനം. പല രാജ്യങ്ങളും പ്ലാസ്റ്റിക് പുനഃചംക്രമണത്തിനും ചിലയിനം നിരോധിക്കുന്നതിനും അനുകൂലമാണെങ്കിലും എല്ലാ വിഷയങ്ങളിലും ധാരണ ഉണ്ടാക്കാനാവുന്നില്ല. ഉദാഹരണമായി ഇന്ത്യ 22 ഇനം ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ 2022 മുതൽ നിരോധിച്ചതാണ്. എന്നാൽ, പ്ലാസ്റ്റിക് സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഇന്ത്യക്ക് സമ്മതമല്ല. വിപണിയുടെ വലുപ്പമനുസരിച്ച് ഭീമമായ അളവിൽ പോളിമർ ഉൽപന്നങ്ങൾ ഇറക്കുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. സർക്കാർ സ്ഥാപനങ്ങൾതന്നെയാണ് ഉൽപാദനത്തിൽ മുൻപന്തിയിൽ; ഒപ്പം റിലയൻസ് പോലുള്ള വൻകിട കുത്തകകളും. റിലയന്‍സ് കമ്പനിയുടെ എൽ.ഡി.പി.ഇ ഉൽപാദനം വർഷത്തിൽ 1.1 ദശലക്ഷം ടൺ എന്നാണു രണ്ടുവർഷം മുമ്പുവരെയുള്ള കണക്ക്.

രണ്ടായിരത്തിൽ ഇറക്കിയ യു.എൻ.ഇ.പി യുടെ വസ്തുതാരേഖയിൽ 1970ൽ നിന്ന് 1990ൽ എത്തുമ്പോൾ പ്ലാസ്റ്റിക് മലിനീകരണം മൂന്നിരട്ടിയായി. രണ്ടായിരത്തിനു മുമ്പുള്ള ഒരു ദശകത്തിൽ മാത്രം അതിനും മുമ്പുള്ള 40 വർഷത്തേക്കാൾ മലിനീകരണം ഉണ്ടായി. ഇതു വെറും ഉദാഹരണങ്ങൾ. ഇതോടൊപ്പം നിരോധനങ്ങൾ ഉണ്ടായിട്ടും പ്ലാസ്റ്റിക് ഉൽപാദനവും ഉപഭോഗവും കൂടുകയാണ്. ആഗോളതലത്തിൽ ഏഴ് ബില്യൺ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളിൽ 10 ശതമാനത്തിനു താഴെ മാത്രമേ പുനഃചംക്രമണം ചെയ്യപ്പെടുന്നുള്ളൂ. ഉപയോഗം കുറക്കുന്നതിലും അത്രതന്നെ ഉൽപാദനത്തിലും കർശനനിയന്ത്രണങ്ങൾ വരുത്തിയാലേ മലിനീകരണത്തിൽനിന്ന് അൽപമെങ്കിലും മോചനം ലഭിക്കൂ. ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങളുടെ 85 ശതമാനവും അവസാനം ജലാശയങ്ങളിലും വയലുകളിലുമെല്ലാമായി അടിഞ്ഞുകൂടുകയാണ്. ഇതിനു പുറമെ, പ്ലാസ്റ്റിക്കിന്‍റെ മൗലിക ഉറവിടം അടിയിൽനിന്ന് വരുന്ന ഫോസിൽ ഇന്ധനമാണ്. അതാണെങ്കിൽ ആഗോള തലത്തിൽ ഗണ്യമായി കുറക്കാനും പകരം ബദൽ ഊർജസ്രോതസ്സുകൾ കണ്ടെത്താനും രാഷ്ട്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ബുസാനിൽ സമ്മേളിച്ചതിൽ നൂറോളം രാജ്യങ്ങൾ നിയന്ത്രണങ്ങൾ വരുത്താൻ കൂട്ടായി തീരുമാനിക്കുന്നതിന് അനുകൂലമാണെങ്കിലും ഇന്ത്യയും ചൈനയുമുൾപ്പെടെ രാജ്യങ്ങൾ ഭൂരിപക്ഷമനുസരിച്ച് തീരുമാനങ്ങളെടുക്കുന്നതിനെ എതിർക്കുന്നു. ഉൽപാദന സ്വാതന്ത്ര്യം, സമ്പദ് വ്യവസ്ഥ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം താൽപര്യങ്ങളുള്ളവയാണ് ഭീമൻ ഉൽപാദക, ഉപഭോക്തൃ രാജ്യങ്ങൾ. മാത്രമല്ല, ഈ വേദിയും ‘കോപ്’ പോലെതന്നെ തീരുമാനങ്ങളുടെ അവസാനത്തെ അക്ഷരത്തിലും എല്ലാ അംഗങ്ങളും യോജിക്കണമെന്നു നിഷ്കർഷിക്കുന്നവയാണ്. അസർബൈജാനിലെ ബാകുവിൽ നവംബർ മധ്യത്തിൽ നടന്ന കോപ് 29ന്‍റെ അനുഭവവും അതുതന്നെയായിരുന്നു. അതിനാൽ പെട്ടെന്ന് ഒരു ആഗോള പരിഹാര സമവാക്യത്തിനുള്ള സാധ്യത വിദൂരമാണ്. എന്നാൽ, ജനത്തിനും ചില മുൻകൈകളാവാം. ജീവിത ശൈലീ പരിഷ്കരണങ്ങളിലൂടെ ഉപഭോഗവും അതുവഴി പ്ലാസ്റ്റിക് ഉൽപാദനവും കുറക്കാം. ഭക്ഷണപ്പൊതികൾക്ക് ബദൽ വസ്തു ഉപയോഗിക്കുന്നതു മുതൽ, ഷേവിങ് ഉപകരണങ്ങളിൽ ഒറ്റത്തവണ ഉപയോഗം നടക്കുന്ന സ്റ്റിക്കുകൾക്കു പകരം ബ്ലേഡ് മാത്രം മാറ്റുന്നതു വരെയുള്ള മേഖലകളിൽ ബഹുരാഷ്ട്ര ഉൽപാദകരും, അതനുസരിച്ച് ഉപഭോക്താക്കളും പരിവർത്തനത്തിനു തയാറാവണം. ഭൂമിയെ രക്ഷിക്കുന്ന കാര്യം മറ്റുള്ളവരുടെ തലയിലിട്ടാൽ മുട്ടുശാന്തി പരിഹാരമായേക്കും. വരാനിരിക്കുന്ന സ്വന്തം സന്തതികൾക്കെങ്കിലും ഇത്തിരി മെച്ചപ്പെട്ട ഭൂമിയും വായുവും ഉറപ്പുവരുത്താൻ ആർക്കാണ് താൽപര്യമില്ലാതിരിക്കുക!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 Dec 12
Next Story