സഭ കലക്കുന്ന അധ്യക്ഷൻ
text_fieldsരണ്ട് ടീമുകൾ തമ്മിലെ മത്സരത്തിൽ നിയമങ്ങളും കായിക മര്യാദകളും പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ചുമതലപ്പെട്ട റഫറി ഒരു ടീമിനുവേണ്ടി ഇറങ്ങിക്കളിക്കുകയെന്നത് എത്ര മര്യാദകേടാണ്. അതിനുമപ്പുറം അദ്ദേഹം ഇഷ്ട ടീം അംഗങ്ങളെ ഫൗൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ഇഷ്ടമില്ലാത്ത ടീമിലെ അംഗങ്ങളെ ഇടംകാല് വെച്ച് വീഴ്ത്താൻ നേരിട്ടിറങ്ങുക കൂടി ചെയ്താലോ? ഏറ്റവും മോശക്കാർ എന്ന് കരുതപ്പെടുന്ന റഫറിമാർ പോലും കളിക്കളങ്ങളിൽ ചെയ്യാനറയ്ക്കുന്ന ഇത്തരം ചെയ്തികൾ ജനപ്രതിനിധി സഭകളിൽ അരങ്ങേറിയാൽ അന്നാടിന്റെ ഗതിയെന്താവും? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പാർലമെന്റിന്റെ ഉപരിസഭയിൽ, അധ്യക്ഷന്റെ സമ്മതത്തോടെ നടക്കുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അതിലേറെ ദൗർഭാഗ്യകരമാണ്.
പക്ഷപാതത്തോടെയും പ്രതികാരബുദ്ധിയോടെയും പ്രവർത്തിച്ച് രാജ്യത്തിന്റെ അന്തസ്സിന് ക്ഷതം വരുത്തുന്നെന്ന് കുറ്റപ്പെടുത്തി ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭ അധ്യക്ഷനിൽ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ അംഗങ്ങൾ. അവിശ്വാസ പ്രമേയങ്ങൾ രാജ്യത്ത് പുതുമയേതുമില്ലാത്ത സംഗതിയാണെങ്കിലും രാജ്യസഭാ അധ്യക്ഷനെതിരെ ഇത്തരമൊന്ന് സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിൽ ഇതാദ്യമാണ്. 2022 ആഗസ്റ്റിൽ ഈ പദവിയിൽ എത്തിയത് മുതൽ ജഗ്ദീപ് ധൻകർ സ്വീകരിച്ചുപോരുന്ന നിലപാടുകൾ അതീവ പക്ഷപാതപരമാണെന്ന് അദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് അറുപതോളം പാർലമെന്റ് അംഗങ്ങൾ ഒപ്പുവെച്ച് സമർപ്പിച്ച നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ എം.പിമാർ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം നിരന്തരം തടസ്സപ്പെടുത്തുന്ന ധൻകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകക്ഷിയുടെ സഭാ നേതാവ് ജെ.പി. നഡ്ഡയും നടത്തിയ വ്യാജ പ്രസ്താവനകളുടെ നിജസ്ഥിതി അറിയിക്കാൻ പ്രതിപക്ഷ നേതാവ് സമയം ചോദിച്ചിട്ട് അതുപോലും അനുവദിച്ചില്ല.
സംഘ്പരിവാർ കണ്ണടയിലൂടെയല്ലാതെ ഇന്ത്യൻ രാഷ്ട്രീയം വീക്ഷിക്കുന്ന ആരുംതന്നെ നിഷേധിക്കാനിടയില്ലാത്തതാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ. അടിസ്ഥാന വിഷയങ്ങളിൽപോലും അഭിപ്രായ ഐക്യം ഇല്ലാഞ്ഞിട്ടും ഇൻഡ്യ മുന്നണിയിലെ വിവിധ കക്ഷിപ്രതിനിധികൾ അവിശ്വാസ നോട്ടീസിൽ ഒപ്പു വെക്കാൻ സന്നദ്ധമായതിനും കാരണം മറ്റൊന്നല്ല. 14 ദിവസം മുൻകൂർ നോട്ടീസ് നൽകിയില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് പ്രമേയം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. പാർലമെൻററി നടപടിക്രമങ്ങളിൽ അവഗാഹമുള്ള വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ സമ്മേളനത്തിൽ സാധ്യമല്ലെങ്കിൽ വരുംസമ്മേളനത്തിൽ ഇതു ചർച്ചക്കെടുക്കാവുന്നതേയുള്ളൂ. അവിശ്വാസ പ്രമേയ നടപടികൾ മുന്നോട്ടുപോയാൽതന്നെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നതിനാൽ അതു വിജയിക്കാൻ സാധ്യതയേതുമില്ല. എന്നിരിക്കിലും പ്രതീകാത്മകമായി ഈ പ്രതിഷേധം രാജ്യത്തെ അറിയിക്കുക എന്നതാണ് നടപടിയുമായി മുന്നോട്ടുപോകുന്നതിനു പിന്നിലെ പ്രതിപക്ഷതന്ത്രം.
സംഘ്പരിവാറിന്റെ പരിലാളനയുള്ള ഉപരാഷ്ട്രപതിപദ മോഹികൾ ഒരുപാടുണ്ടായിട്ടും അവരെയെല്ലാം കടത്തിവെട്ടിയാണ് രാജ്യത്തിന്റെ 14ാം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻ.ഡി.എ സ്ഥാനാർഥിയായി ധൻകർ എത്തുന്നത്. തൊണ്ണൂറുകളുടെ മധ്യത്തിൽ രാജസ്ഥാൻ നിയമസഭയിൽ ആർ.എസ്.എസിന്റെ ജനാധിപത്യവിരുദ്ധതയെ നിശിതമായി വിമർശിച്ച് സംസാരിച്ചിരുന്ന കോൺഗ്രസ് സാമാജികനായിരുന്ന അദ്ദേഹം പിന്നീട് രാമജന്മഭൂമി പ്രസ്ഥാന നേതാക്കൾക്കും ഭീകരവാദക്കേസുകളിൽപ്പെട്ട സംഘ്പരിവാറുകാർക്കും നിയമോപദേശം നൽകി കാവിപ്പാളയത്തിലേക്ക് ചേക്കേറിയ ആളാണ്. ഈ സമ്മോഹന പദവി സമ്മാനിച്ച, ഇതിനും മുകളിലെത്താൻ സഹായിച്ചേക്കാവുന്ന സംഘടനയോട് കൂറ് കാണിക്കാനുള്ള തിടുക്കത്തിൽ അദ്ദേഹം ചവിട്ടിമെതിക്കുന്നത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ്. മുൻഗാമിയും കറകളഞ്ഞ സ്വയംസേവകനുമായിരുന്ന എം. വെങ്കയ്യ നായിഡുപോലും ഇതു പോലെ ആർ.എസ്.എസിനെ പുകഴ്ത്താനും മോദി സർക്കാറിന്റെ മഹത്ത്വം വാഴ്ത്തിപ്പാടാനും കിട്ടുന്ന വേദികൾ ദുരുപയോഗം ചെയ്തിട്ടുണ്ടാവില്ല.
2014ന് ശേഷമാണ് ഇന്ത്യ ജനാധിപത്യ രാജ്യമായത് എന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും മോദി ഭക്തർക്ക് അവകാശമുണ്ട്, അതിൽ തരിമ്പ് സത്യമില്ലെങ്കിൽപോലും. പക്ഷേ, ബഹുമാനപ്പെട്ട ഉപരാഷ്ട്ര പതിക്ക് അതു ഭൂഷണമല്ല. സമയംപോലെ അദ്ദേഹം പാർലമെന്റ് ലൈബ്രറിയിൽ ചെന്ന് തന്റെ മുൻഗാമികൾ നടത്തിയ ഇടപെടലുകളുടെ രേഖകൾ ഒന്നു മറിച്ചു നോക്കണം. അല്ലെങ്കിൽ ഡോ.കെ.ആർ. നാരായണനും ഡോ. ഹാമിദ് അൻസാരിയും സഭ നിയന്ത്രിച്ചതിന്റെ വിഡിയോ ഫുട്ടേജുകൾ ഒന്നു കണ്ടുനോക്കണം.
ഭരണകക്ഷിക്ക് ലോക്സഭയിൽ കൊടിയഭൂരിപക്ഷം ഉണ്ടായിരുന്ന കാലഘട്ടങ്ങളിൽപോലും ഏകാധിപത്യ സ്വഭാവത്തിൽ ബില്ലുകളും നിയമങ്ങളും പാസാക്കിയെടുക്കൽ എളുപ്പമാവാതിരുന്നത് രാജ്യസഭയിലെ പ്രതിപക്ഷ അംഗങ്ങൾ പുലർത്തിയ ജാഗ്രത മൂലമാണ്. ഓരോ ബില്ലും അതിലെ വ്യവസ്ഥകളും ഇഴകീറി ചർച്ച ചെയ്യപ്പെട്ടു. രാജ്യത്തെ ഏതാണ്ടെല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദം പാർലമെന്റിൽ മുഴങ്ങി. സഭയുടെയും പദവിയുടെയും അന്തസ്സുയർത്തിപ്പിടിച്ച് കാലാകാലങ്ങളിൽ രാജ്യസഭാ അധ്യക്ഷന്മാർ സ്വീകരിച്ച പക്വതയാർന്ന നിലപാടുകളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ആ പ്രക്രിയക്ക് കരുത്തേകിപ്പോന്നത്. പാർലമെന്റ് കെട്ടിടത്തിന്റെ വലുപ്പമല്ല ജനാധിപത്യത്തിന്റെ ഗരിമ നിർണയിക്കുന്നതെന്ന് ഉപരാഷ്ട്രപതി ഇനിയെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.