Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുലിപ്പുറത്ത് മദാമ്മയുടെ സവാരി
cancel

‘‘മുസ്‍ലിം വർഗീയചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് ഡൽഹിയിലെത്തുമായിരു​ന്നോ​? പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രകളുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്രവർഗീയ ഘടകങ്ങൾ ഉണ്ടായിരുന്നു’’ -സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവൻ പാർട്ടി വയനാട് ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ ആക്രോശിച്ച വാക്കുകളാണിത്. തുടർന്ന് മാർക്സിസ്റ്റ് നേതാവ് താനുദ്ദേശിച്ചത് തീവ്ര വർഗീയകക്ഷികളെയാണെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യക്തമാക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയുമാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ തീവ്രവർഗീയകക്ഷികൾ. ഇതു വിജയരാഘവന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാർട്ടിയുടെ സുചിന്തിത തീരുമാനമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടെ വ്യക്തമാവുകയും ചെയ്തു. അ​ല്ലെങ്കിലും സി.പി.എം സംസ്ഥാനത്തുടനീളം പ്രാദേശിക ഘടകങ്ങൾ മുതൽ മേലോട്ട് നടത്തിയതും നടത്തുന്നതുമായ പരിപാടികളിൽ നിരന്തരമായി ആവർത്തിക്കുന്ന സമവാക്യംതന്നെയാണിത്. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഇതുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇടതുപാർട്ടിക്ക് പറയാനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ പാർട്ടി എട്ടുനിലയിൽ പൊട്ടിയെങ്കിലും പശു ചത്തിട്ടും മോരിന് പുളി ബാക്കി എന്നു പറഞ്ഞപോലെ മുസ്‍ലിം ന്യൂനപക്ഷത്തെ ശരവ്യമാക്കിയുള്ള അർഥശൂന്യമായ കടന്നാക്രമണം തുടരാൻതന്നെയാണ് തീരുമാനമെന്ന് തീർച്ചപ്പെട്ടിരിക്കുന്നു. തങ്ങളൊരിക്കലും കേട്ടിട്ടില്ലാത്ത സംഘടനയുടെ നേരെ എന്തിനീ നിഴൽയുദ്ധമെന്ന് പാർട്ടി ഘടകങ്ങളിലെ പ്രവർത്തകർക്കുപോലും മനസ്സിലാവുന്നില്ലെങ്കിലും മേലേത്തട്ടിലെ ഏമാന്മാരുടെ ജൽപനം അണ്ണാക്ക് തൊടാതെ വിഴുങ്ങുകയല്ലാതെ അവരെന്ത് ചെയ്യാൻ.

പശ്ചാത്തലം വ്യക്തമാണ്. സംസ്ഥാന ഭരണത്തിന്റെ രണ്ടാമൂഴം അവസാനത്തോടടുക്കുമ്പോൾ തികഞ്ഞ പരാജയമാണെന്ന ജനങ്ങളുടെ തിരിച്ചറിവിൽ അങ്ങേയറ്റം അസ്വസ്ഥരാണ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഭരിക്കുന്ന ആഭ്യന്തര വകുപ്പു മുതൽ പാർട്ടി സഖാക്കൾ നിയന്ത്രിക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, തൊഴിൽ, ധനകാര്യ മേഖലകളിലുടനീളം നാഥനില്ലായ്മയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുകയാണ്. സ്വജനപക്ഷപാതവും വഴിവിട്ട നിയമനങ്ങളും അഴിമതിയും സംബന്ധിച്ച പരാതികൾ കുമിഞ്ഞുകൂടുമ്പോഴും നോക്കുകുത്തിയായി വിജിലൻസുണ്ട്. തീവ്ര ഹിന്ദുത്വ കേന്ദ്രസർക്കാറിനോട് കൂറുപുലർത്തുന്ന പൊലീസ് മേധാവികളുടെ ഉപജാപങ്ങൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന മുഖ്യമന്ത്രി ചിലത് ഭയപ്പെടുന്നതായ പ്രതിപക്ഷാരോപണത്തിൽ ശരിയുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കേണ്ടിവരുന്നു. ജനം മാറിച്ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണ് തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലെ വമ്പൻ തോൽവിയിൽ പ്രകടമായത്. ഈ പ്രവണത തുടർന്നാൽ ഒന്നരക്കൊല്ലത്തിനു ശേഷം നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു പച്ചത്തുരുത്തും ഇടതുപക്ഷത്തിന് നഷ്ടപ്പെടുമെന്ന ഭീതി സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നു. ഒപ്പം ഇൻഡ്യ മുന്നണിയോട് രാജ്യത്തൊട്ടാകെയുള്ള മുസ്‍ലിം ന്യൂനപക്ഷം ഇതിനകം പ്രകടമാക്കിക്കഴിഞ്ഞ ആഭിമുഖ്യം കേരളത്തിൽ യു.ഡി.എഫിനാണ് ഗുണം ചെയ്യുന്നതെന്ന തിരിച്ചറിവും മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തെ വെകിളിപിടിപ്പിക്കുന്നു. കോൺഗ്രസും മുസ്‍ലിം ലീഗും തീവ്ര മുസ്‍ലിം വർഗീയസംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കി, അതിന്റെ ബലത്തിലാണ് വയനാട് മണ്ഡലത്തിൽനിന്ന് രാഹുൽ ഗാന്ധിയും തുടർന്ന് പ്രിയങ്ക ഗാന്ധിയും വൻഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയത് എന്ന പൊയ് വെടിക്ക് പിന്നിലെ ചേതോവികാരം ഇതാണെന്ന് വ്യക്തമാണ്. നീതിബോധത്തിന്റെയോ തെളിവുകളുടെയോ അംശലേശമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കം വിജയരാഘവനെ ന്യായീകരിക്കാൻ ധൃഷ്ടരാവുന്നതിന്റെ പിന്നിലെ അങ്കലാപ്പ് മനസ്സിലാക്കാൻ കഴിയാത്തതല്ല. അതേസമയം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുവോട്ട് പിടിച്ചുനിർത്താൻ മുസ്‍ലിം ന്യൂനപക്ഷത്തിന്റെ നേരെയുള്ള കുറ്റാരോപണം പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലുമുണ്ട് സി.പി.എം നേതൃത്വത്തിന്റെ പുതിയ പുറപ്പാടിന്റെ പിന്നിൽ. പക്ഷേ, പുലിപ്പുറത്ത് സവാരി ചെയ്ത മദാമ്മയുടെ ഗതിയാവും പാർട്ടിയെ കാത്തിരിക്കുന്നതെന്ന് ഓർമിപ്പിക്കാതെ വയ്യ. പുറപ്പെടുമ്പോൾ പുഞ്ചിരി മദാമ്മയുടെ മുഖത്തും തിരിച്ചുവരുമ്പോൾ പുഞ്ചിരി പുലിമുഖത്തുമായിരുന്നെന്നതാണ് കഥാസാരം. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സൻ തില്ല​ങ്കേരിയുടെ ജനജാഗ്രത സമ്മേളനത്തിലെ പ്രസംഗം അതിലേക്ക് ശക്തമായി വിരൽചൂണ്ടുന്നതാണ്. ‘വയനാട്ടിലേത് വർഗീയതയുടെ വിജയമാണെന്ന എ. വിജയരാഘവന്റെ നിരീക്ഷണം കമ്യൂണിസ്റ്റുകാർ അത്യപൂർവമായി സത്യവും പറയുമെന്നതിന്റെ ഉദാഹരണമാണ്. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള പാർട്ടിയാണ് സി.പി.എം എന്ന് മനസ്സിലാക്കി ഇത്തരം സത്യങ്ങൾ എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും ഉറക്കെ വിളിച്ചുപറയണം. ഏറ്റവും കൂടുതൽ വർഗീയതയുള്ള പാർട്ടിയാണ് മുസ്‍ലിം ലീഗ്.’ സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വ മനോഭാവത്തോട് മത്സരിക്കാൻ കമ്യൂണിസ്റ്റുകാർ ഭഗീരഥയത്നം നടത്തിയാലും തോറ്റുപോവുകയേ ചെയ്യൂ എന്ന പ്രാഥമിക പാഠം ഉൾക്കൊണ്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര പ്രതിച്ഛായ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് രക്ഷാമാർഗമെന്ന് മനസ്സിലാക്കുന്നവർ ഇടതുമുന്നണിയിൽതന്നെയുണ്ട്. പിണറായിയുടെ കണ്ണുരുട്ടൽ ഭയന്ന് അവർ തൽക്കാലം മൗനം വിദ്വാന് ഭൂഷണമായി കരുതുന്നുവെന്നേയുള്ളൂ. സി.പി.ഐയോ ഐ.എൻ.എല്ലോ എൻ.സി.പിയോ ഒന്നും ഈ ഭ്രാന്തമായ കാമ്പയിനിൽ വല്യേട്ടനെ തുണക്കുന്നില്ലെന്ന സത്യം കാണാതെ പോവരുത്. അല്ലെങ്കിലും തമിഴ്നാട്ടിൽനിന്നും രാജസ്ഥാനിൽനിന്നുമായി മൂന്ന് എം.പിമാരെ ലോക്സഭയിലെത്തിക്കാൻ സി.പി.എമ്മിനെ തുണച്ചത് കോൺഗ്രസിന്റെയും ജമാഅത്തെ ഇസ്‍ലാമിയടക്കമുള്ള മുസ്‍ലിം ന്യൂനപക്ഷ സംഘടനകളുടെയും പരസ്യമായ കൂട്ടുകെട്ടാണെന്ന പരമസത്യം തിരിഞ്ഞുകുത്തുമ്പോൾ വയനാട്ടിലെ കോൺഗ്രസ് വിജയം മാത്രം ‘തീവ്ര മുസ്‍ലിം വർഗീയ സംഘടനകളുടെ’ വോട്ടുകൊണ്ടാണെന്ന ആരോപണം ആരെ വിഡ്ഢികളാക്കാൻ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 Dec 25
Next Story