മുഹമ്മദ് സുബൈർ എന്ന ഭീഷണി
text_fieldsതന്റെ കഥാപാത്രമായ കോമൺ മാൻ ഉൾപ്പെടെയുള്ളവർ നോക്കിനിൽക്കെ തെരുവിൽനിന്ന് ഒരാളെ (മാധ്യമ പ്രവർത്തകനാവാം) പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന കാർട്ടൂൺ വരച്ച് വിഖ്യാത ഇന്ത്യൻ കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മൺ നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘‘തീർച്ചയായും നിങ്ങൾ കിംവദന്തികൾ പ്രചരിപ്പിച്ചിട്ടില്ല. വസ്തുതകൾ പ്രചരിപ്പിച്ചു എന്നതാണ് നിങ്ങൾക്കെതിരായ കുറ്റം’’! 1962 ഡിസംബർ 26ന് പ്രസിദ്ധീകരിച്ച ആ കാർട്ടൂൺ 62 വർഷങ്ങൾക്ക് ഇപ്പുറമുള്ള ഇന്ത്യയെ മനസ്സിൽ നിരൂപിച്ച് കോറിയിട്ടതാകാമെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാനാവില്ല. സംശയമുള്ളവർ രാജ്യത്തെ എണ്ണം പറഞ്ഞ വസ്തുതപരിശോധകരിലൊരാളും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭരണകൂട രീതി ഒന്നു പരിശോധിച്ചു നോക്കട്ടെ.
വാർത്തകളായും വാട്സ്ആപ് വിജ്ഞാനങ്ങളായും കേന്ദ്രമന്ത്രിമാരടക്കമുള്ള നേതാക്കളുടെ മഹദ്വചനങ്ങളായും പാറി നടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തെ തീപിടിപ്പിക്കാൻ പോന്ന വിദ്വേഷകരമായ കിംവദന്തികളും പെരുംനുണകളും അർധസത്യങ്ങളും പൊളിച്ചടുക്കി നേരു വിളിച്ചുപറയാൻ നെഞ്ചുറപ്പ് കാണിച്ച, അതുവഴി നാടിനെ കാലുഷ്യത്തിൽനിന്നും കലാപങ്ങളിൽനിന്നും സംരക്ഷിച്ചുനിർത്തുന്നതിൽ പങ്കുവഹിച്ച സുബൈറിന് ലണ്ടനിലെ ഇൻഡക്സ് ഓഫ് സെൻസർ ഷിപ്പിന്റെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്; തമിഴ്നാട് സർക്കാറിന്റെ ‘കോൈട്ട അമീർ സാമുദായിക സൗഹാർദ പുരസ്കാര’വും കിട്ടിയിട്ടുണ്ട്. സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന സേവനം പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചാലും അധികമാവില്ല; ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിനുമേൽ ഇപ്പോൾ ചുമത്തപ്പെട്ടിരിക്കുന്നത് 2023 ലെ ഭാരതീയ ന്യായസംഹിതയുടെ (ബി.എൻ.എസ്) 152ാം വകുപ്പാണ്- ‘‘ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തി’’ എന്ന ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കേസ്.
കേസിനാസ്പദമായ സംഭവം കേൾക്കുമ്പോഴാണ് ആർ.കെ. ലക്ഷ്മൺ വരച്ച കാർട്ടൂണിന്റെ അതിശയകരമായ പ്രവചനാത്മകത വ്യക്തമാവുക: രാജ്യത്തെ കുപ്രസിദ്ധ വിദ്വേഷഭാഷികളിലൊരാളായ ഗാസിയാബാദിലെ യതി നർസിംഗാനന്ദിന്റെ ഓൺലൈനിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില പ്രസംഗങ്ങളിലേക്ക് (വിദ്വേഷകാരിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) സമൂഹമാധ്യമത്തിലൂടെ പൊലീസ് അധികാരികളുടെ ശ്രദ്ധക്ഷണിച്ചു. മുഹമ്മദ് നബിയെ നിന്ദിക്കുന്നതും, മുസ്ലിംകൾക്കെതിരെ ഭീഷണി മുഴക്കുന്നതും വനിത രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുന്നതുമായിരുന്നു ആ പ്രസംഗങ്ങൾ. ‘‘പൊലീസ് ഒരു നടപടിയും എടുക്കാറില്ലാത്തതുകൊണ്ട് അയാളിപ്പോഴും വിദ്വേഷം പറച്ചിൽ തുടരുന്നു’’ എന്ന അടിക്കുറിപ്പോടെ യു.പി പൊലീസിനെയും ഗാസിയാബാദ് പൊലീസിനെയും ഗാസിയാബാദ് ഡി.സി.പിയെയും ടാഗ് ചെയ്ത് സെപ്റ്റംബർ 29 ന് സുബൈർ ട്വീറ്റ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടാവണം ബോധപൂർവം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒക്ടോബർ മൂന്നിന് യതി നർസിംഗാനന്ദിനെതിരെ യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. സാമുദായിക സൗഹാർദത്തിന് വിഘാതം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തരുതെന്ന വ്യവസ്ഥയോടെ മുമ്പത്തെ ഒരു വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യത്തിലിറങ്ങി നടക്കവേയാണ് നർസിംഗാനന്ദ് വീണ്ടും വൈരം പുലമ്പിയത് എന്നിരിക്കെ ജാമ്യം റദ്ദാക്കാനോ വിദ്വേഷ ഭാഷികൾക്കെതിരെ മതംനോക്കാതെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി നിർദേശം പാലിക്കാനോ പൊലീസ് തയാറാകണമായിരുന്നു. എന്നാൽ, തെറ്റു ചൂണ്ടിക്കാണിച്ച സുബൈറിന്റെ വായടപ്പിക്കാനാണ് ഉത്തർപ്രദേശ് പൊലീസിന് ഔത്സുക്യം. നർസിംഗാനന്ദിന്റെ പ്രസംഗം സമൂഹമാധ്യമത്തിൽ പങ്കുവെക്കുക വഴി ക്ഷേത്രം ആക്രമിക്കാൻ മുസ്ലിംകളെ പ്രേരിപ്പിച്ചെന്ന് അയാളുടെ ഒരു അനുയായി നൽകിയ പരാതിയിൽ ജാമ്യം കിട്ടാവുന്നതും അല്ലാത്തതുമായ വകുപ്പുകൾ വെച്ച് സുബൈറിനെതിരെ കേസെടുത്ത പൊലീസ് പിന്നീട് ബി.എൻ.എസ് 152 കൂടി എഫ്.ഐ.ആറിൽ ചേർത്തതായി നവംബർ 26 ന് അലഹബാദ് ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെ ഏതെങ്കിലും റൈറ്റർമാർ തന്നിഷ്ട പ്രകാരം എഴുതിച്ചേർത്തതല്ല ഈ വകുപ്പ്. ഭരണകൂടത്തിന്റെ വ്യക്തമായ താൽപര്യങ്ങളും നിർദേശങ്ങളുമനുസരിച്ചാണ് ഇതെല്ലാം. മുഹമ്മദ് സുബൈർ എന്ന വ്യക്തിയെ കുരുക്കിയിടുന്നതിലൊതുങ്ങുന്നില്ല ഇൗ നടപടിയുടെ ഉന്നം. വിദ്വേഷ പ്രസംഗങ്ങളുടെയും വ്യാജവാർത്തകളുടെയും ആഖ്യാനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തുക, അതിനെ ചോദ്യം ചെയ്യാൻ ഇനിയൊരാളും മുന്നോട്ടുവരാൻ ധൈര്യപ്പെടാത്തവിധം പാഠം പഠിപ്പിച്ചൊതുക്കുക എന്നിങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങൾ അതിനു പിന്നിലുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും അറിയാനുള്ള അവകാശത്തെയും അവ്വിധം ശ്വാസം മുട്ടിച്ചൊടുക്കാമെന്ന് വ്യാമോഹിക്കുന്നു ഭരണകൂടം.
സുബൈർ ഒരു ഭീഷണി തന്നെയാണ് -മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യക്കല്ല, ജനങ്ങളെ തമ്മിലടിപ്പിച്ച്, വർഗീയ മുതലെടുപ്പ് നടത്തി നുണയുടെ ചുടുകട്ടകളും നിരപരാധികളുടെ ചോരയുംകൊണ്ട് സ്വേച്ഛാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കാൻ വ്യാമോഹിക്കുന്നവർക്ക്. അവരുടെ ഗൂഢതന്ത്രങ്ങളെയും പ്രോപഗണ്ടകളെയും അത്രകണ്ട് വെല്ലുവിളിക്കുന്നുണ്ട് ആ മനുഷ്യൻ. അതുകൊണ്ടുതന്നെ സുബൈറിനൊപ്പം നിരുപാധികം നിലയുറപ്പിക്കൽ ഇന്ത്യ ഇന്ത്യയായി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക കർത്തവ്യമാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.