ബജറ്റ് എന്ന ആചാരം
text_fields2019 ഫെബ്രുവരി ഒന്നിന്, ഒന്നാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളാൽ സമ്പന്നമായിരുന്നു. കർഷകരെയും മധ്യവർഗത്തെയും അസംഘടിത മേഖലയെയും സ്ത്രീകളെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ ഒരുപോലെ സന്തോഷിപ്പിക്കാനാണ് അന്നത്തെ ധനകാര്യമന്ത്രി പീയൂഷ് ഗോയൽ ശ്രമിച്ചത്. തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനിൽക്കെ, വോട്ട് ഓൺ അക്കൗണ്ടിന്റെ മാത്രം വിഷയമായിരുന്ന ഒരുകാര്യം ഇടക്കാല ബജറ്റെന്ന പേരിൽ ഏറക്കുറെ സമ്പൂർണ ബജറ്റായിത്തന്നെ പീയൂഷ് അവതരിപ്പിച്ചു. അഞ്ചു ലക്ഷംവരെ ആദായനികുതി ഇളവ്, അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ, 60 കഴിഞ്ഞ അസംഘടിത തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളിൽ 99 ശതമാനവും ഇന്നോളം നടപ്പായില്ലെന്നത് വേറെ കാര്യം. പക്ഷേ, ആ തന്ത്രം ഭരണത്തുടർച്ചക്ക് കാരണമായി. അതേ തന്ത്രം തന്നെയാണ് രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റിലും പ്രതീക്ഷിച്ചത്. പ്രത്യക്ഷ-പരോക്ഷ നികുതിയിളവ്, ഇന്ധന വിലയിൽ ഗണ്യമായ കുറവ് തുടങ്ങിയ വാഗ്ദാനങ്ങൾക്കു പുറമെ, കോടികളുടെ പുതിയ ക്ഷേമപദ്ധതികളും പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. പക്ഷേ, ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള അത്തരം പോപ്പുലിസ്റ്റിക് ഗിമ്മിക്കുകളൊന്നും കാണാനില്ല. പകരം, മോദികാലം സുവർണകാലമെന്ന വിളംബരവും അതിന്റെ അനുബന്ധമായി സമീപകാലത്ത് കേന്ദ്രസർക്കാർ ആവർത്തിക്കാറുള്ള അവകാശവാദങ്ങളുടെ പെരുമ്പറയും മാത്രമാണ് 58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിൽ മുഴങ്ങിക്കേട്ടത്.
കാര്യമായ പ്രഖ്യാപനങ്ങളൊന്നും എടുത്തുകാണിക്കാനില്ല: പ്രത്യക്ഷ-പരോക്ഷ നികുതിയിൽ മാറ്റമില്ല; ഇറക്കുമതി തീരുവയും പുനഃക്രമീകരിച്ചില്ല. പുതുതായുള്ള സവിശേഷ പദ്ധതികളും ബജറ്റ് പ്രസംഗത്തിലൊരിടത്തും പരാമർശിക്കപ്പെട്ട് കണ്ടതുമില്ല. പ്രധാനമന്ത്രി ആവാസ് യോജനപോലുള്ള നിലവിലുള്ള ചില പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന തീർത്തും അവ്യക്തമായ ചില പ്രസ്താവനകളിലൊതുങ്ങുന്നു ധനകാര്യ ആസൂത്രണം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനങ്ങൾ. അതേസമയം, രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്ക് ഒരു കുറവുമില്ലതാനും. ബജറ്റ് പ്രഭാഷണത്തിന്റെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് പാർലമെന്റിൽ ധനകാര്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗമായി ബജറ്റവതരണം എന്നു വിലയിരുത്തിയാലും തെറ്റാവില്ല. ബജറ്റ് അവതരണമല്ല, നയപ്രഖ്യാപനമാണ് നിർമല സീതാരാമൻ പാർലമെന്റിൽ നിർവഹിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതും ഇക്കാരണത്താലാണ്. ആ രാഷ്ട്രീയ പ്രസംഗത്തിന്റെ ഉള്ളടക്കവും പുതിയതല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്; അടുത്തകാലത്തായി ഭരണകൂട വക്താക്കൾ നിരന്തരമായി ആവർത്തിക്കുന്ന മോദിസ്തുതിക്കപ്പുറം മറ്റൊന്നും അതിലില്ല. കഴിഞ്ഞദിവസം, ബജറ്റ് സമ്മേളനത്തിന്റെ ആമുഖമായി രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിൽ നടത്തിയ പ്രസംഗം മറ്റൊരു രീതിയിൽ നിർമലയും ഏറ്റുപാടുകയായിരുന്നു. രണ്ടുപേരും ഊന്നിയത് മോദിയുടെ പത്തുവർഷത്തെ ഭരണനേട്ടമാണ്. ഈ ‘നേട്ട’ങ്ങൾ എടുത്തുപറയാൻ ഇരുവരും ഉദ്ധരിച്ചതാകട്ടെ, സാമ്പത്തികാവലോകന റിപ്പോർട്ടും. മോദികാലം രാജ്യത്തെ സാമ്പത്തികമായി അത്യുന്നതങ്ങളിലെത്തിച്ചുവെന്നാണ് പ്രസ്തുത റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. അടുത്ത വർഷത്തോടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിലെത്തുമെന്നും 2030ഓടെ ഏഴു ലക്ഷം കോടി ഡോളർ സാമ്പത്തിക നേട്ടം കൊയ്യുമെന്നുമൊക്കെയാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. 2047 ഓടെ വൻശക്തി സമ്പന്ന രാഷ്ട്രമായി ഇന്ത്യ മാറുമെന്നും ഇതെല്ലാം പത്തുവർഷത്തെ മോദി ഭരണത്തിന്റെ മേന്മകൊണ്ടാണെന്നുമൊക്കെയാണ് അവകാശവാദം.
യാഥാർഥ്യങ്ങളുടെ നാലയലത്തുപോലുമെത്താത്ത ഈ വാചാടോപങ്ങൾ ഇല്ലാക്കണക്കുകളുടെ പിൻബലത്തിൽ അവതരിപ്പിക്കുകയായിരുന്നു നിർമല സീതാരാമൻ. ഉദാഹരണത്തിന്, പത്ത് വർഷത്തിനിടെ, 25 കോടി ജനങ്ങൾ ദാരിദ്ര്യമുക്തി നേടിയെന്നാണ് ഒരു അവകാശവാദം. ആഴ്ചകൾക്ക് മുമ്പ് നിതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ടിലുമുണ്ട് ഇക്കാര്യം. ദാരിദ്ര്യമുക്തിയുടെ മാനദണ്ഡത്തിൽ കൃത്രിമം കാണിക്കുകയും കോവിഡ് കാല കണക്കുകൾ ഒഴിവാക്കുകയും ചെയ്താണ് 25 കോടി എന്ന സംഖ്യയിലേക്ക് എത്തിച്ചിരിക്കുന്നത്. മാത്രവുമല്ല, മൻമോഹൻ സിങ്ങിന്റെ കാലത്തെ ദാരിദ്ര്യമുക്തിയേക്കാൾ മൂന്ന് കോടിയെങ്കിലും കുറവുമാണിത്. ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ കാര്യവും ഇതുതന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും രാജ്യം അഭിമുഖീകരിക്കുമ്പോഴാണ് ഈ അവകാശവാ
ദം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നിർദേശവും ബജറ്റിലില്ല; തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനുള്ള വഴികൾ അവ്യക്തം; ഏഴ് ട്രില്യൻ ഇക്കോണമിയിലെത്താനുള്ള വഴിയും ബജറ്റിൽ കാണാനില്ല. വലിയ കർഷക സ്നേഹം തുളുമ്പിയ ബജറ്റ് പ്രസംഗത്തിൽ കർഷക സമ്മാൻ നിധിയുടെ തുക വർധിപ്പിച്ചില്ലെന്നു മാത്രമല്ല; കാർഷികോൽപന്നങ്ങളുടെ താങ്ങുവില കൂട്ടാനും തയാറായില്ല.
ഈ ബജറ്റിൽ വ്യക്തതയുള്ള ഒരേയൊരു കാര്യം മോദി സർക്കാറിന്റെ രാഷ്ട്രീയ നയങ്ങൾക്ക് മാത്രമാണ്. പ്രഭാഷണത്തിന്റെ ആമുഖത്തിൽതന്നെ ജൂലൈയിൽ ബജറ്റ് അവതരിപ്പിക്കുന്നതും തങ്ങൾ തന്നെയായിരിക്കുമെന്ന മന്ത്രിയുടെ ആത്മവിശ്വാസം അതാണ് പ്രകടമാക്കുന്നത്. വികസന മന്ത്രങ്ങളല്ല; ഹിന്ദുത്വയുടെ രാമരാഷ്ട്രീയ മന്ത്രങ്ങളായിരിക്കും തെരഞ്ഞെടുപ്പ് ഗോദയിൽ എൻ.ഡി.എ അവതരിപ്പിക്കുക എന്ന വ്യക്തമായ സന്ദേശം ബജറ്റ് പ്രസംഗം നൽകുന്നുണ്ട്. അപകടകരമായ ആ രാഷ്ട്രീയത്തിന്റെ ചില ചേരുവകൾ ബജറ്റ് പ്രഖ്യാപനത്തിലും കാണാം. മുത്തലാഖ് ബില്ലിനെക്കുറിച്ചുള്ള പരാമർശവും ജനസംഖ്യ നിയന്ത്രണത്തിനായി പ്രത്യേക കമ്മിറ്റി രൂപംനൽകാനുള്ള തീരുമാനവുമൊക്കെ ഒട്ടും നിഷ്കളങ്കമായി കാണാനാവില്ല. അതിനെല്ലാമപ്പുറം, ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട സർവ കീഴ്വഴക്കങ്ങളും അതിവിദഗ്ധമായി ഈ ഭരണകൂടം ലംഘിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇക്കുറി അവതരിപ്പിക്കപ്പെട്ടില്ല. മുൻ ബജറ്റ് പ്രഖ്യാപനങ്ങൾ എങ്ങനെയെല്ലാമാണ് നടപ്പാക്കിയതെന്നും രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെന്തെന്നും വ്യക്തമാക്കുന്നതാണ് 1960 മുതലുള്ള ഓരോ സർവേ റിപ്പോർട്ടും. 63 വർഷത്തിനിപ്പുറം, സാങ്കേതിക ന്യായങ്ങൾ നിരത്തി സാമ്പത്തിക സർവേ റിപ്പോർട്ടിനു പകരം അവലോകന റിപ്പോർട്ട് എന്നപേരിൽ ഒരു വാറോല അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. നേരത്തേ, റെയിൽവേ ബജറ്റ് ഒഴിവാക്കിയതിന്റെ തുടർച്ചയായി ഈ കടുംവെട്ടിനെ കാണാവുന്നതാണ്. ചുരുക്കത്തിൽ, രാജ്യത്തിന്റെ സാമ്പത്തികാസൂത്രണത്തിന്റെ ആണിക്കല്ലായ വാർഷിക ബജറ്റിനെ കേവലം ആചാരമാക്കി മാറ്റി കോർപറേറ്റ് സേവക്ക് പുതിയ പാതയൊരുക്കാനുള്ള നീക്കം കൂടിയായി ഇടക്കാല ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.