ആരോഗ്യമോഡലിലെ പ്രസവസാഹസങ്ങൾ
text_fieldsആരോഗ്യമേഖലയിൽ ലോകത്തിനുതന്നെ മാതൃകയായ പല നേട്ടങ്ങളും കൈവരിച്ച നാടാണ് കേരളം. ആയുർദൈർഘ്യം മുതൽ മാതൃ-ശിശു മരണനിരക്ക് വരെയുള്ള ആരോഗ്യസംബന്ധിയായ ഏത് മാനദണ്ഡങ്ങൾ പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളമെന്നത് തർക്കമില്ലാത്ത കാര്യമാണ്. 19ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ തിരുവിതാംകൂർ കേന്ദ്രീകരിച്ചു തുടങ്ങിയ ആരോഗ്യവിപ്ലവം, ഐക്യകേരളം യാഥാർഥ്യമായശേഷം കൂടുതൽ വ്യവസ്ഥാപിതവും ജനകീയവുമാക്കിയതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായതും വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കുന്നതുമായ ആരോഗ്യ-ചികിത്സാരംഗം കേരളത്തിൽ സാധ്യമായത്. ആ അർഥത്തിൽ, പ്രബുദ്ധമെന്നവകാശപ്പെടാൻ കഴിയുന്ന മണ്ണിനെയും ജനതയെയുമൊരുക്കിയ കേരള നവോത്ഥാനത്തിന്റെ സ്വാഭാവിക തുടർച്ചയായും ആരോഗ്യ മോഡലിനെ കാണാം. എന്നാൽ, ഈ ‘പ്രബുദ്ധത’ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും കേരളത്തിൽ തുടർക്കഥയാണ്.
വ്യാജവൈദ്യത്തിനും മന്ത്രവാദ ചികിത്സകൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും തലവെച്ചുകൊടുക്കുന്ന മലയാളിയുടെ കഥ ഇന്നൊരു വാർത്തയേയല്ല; ആവർത്തിച്ചുകൊണ്ടിരിക്കുന്ന സാധാരണ സംഭവങ്ങൾ മാത്രമാണവ. അക്കൂട്ടത്തിൽ അടുത്തകാലത്തായി കടന്നുവന്ന പുതിയൊരു ശീലമാണ് വീട്ടിലെ പ്രസവം. പ്രകൃതിചികിത്സ, അക്യുപങ്ചർ തുടങ്ങിയ ബദൽ ചികിത്സാമുറകളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രസവസാഹസങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ ചെറുതല്ല. 2022 ആഗസ്റ്റിൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് വീട്ടിലെ പ്രസവത്തെതുടർന്ന് കുഞ്ഞ് മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്ത് ഗാർഹിക പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ടിരിക്കുന്നു. വ്യാജ അക്യുപങ്ചർ ചികിത്സകന്റെ ഉപദേശം കേട്ടാണ് ഇവർ വീട്ടിൽതന്നെ പ്രസവിക്കാൻ തീരുമാനിച്ചതത്രെ. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്.
കേരളത്തിൽ ഗാർഹിക പ്രസവനിരക്ക് വർധിക്കുന്നതായി ആരോഗ്യവകുപ്പുതന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രതിവർഷം 700 വരെ ഗാർഹിക പ്രസവങ്ങൾ ഇവിടെ നടക്കുന്നുവെന്നാണ് കണക്ക്. സംസ്ഥാനത്ത് ചില ആദിവാസി ഊരുകൾ ഒഴിച്ചുനിർത്തിയാൽ അരമണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന സർക്കാർ-സ്വകാര്യ ചികിത്സാലയങ്ങൾ ലഭ്യമായിട്ടും അടുത്തകാലത്തായി ആളുകൾ വീടകങ്ങൾതന്നെ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നതിന്റെ പിന്നിൽ ഇവിടത്തെ ബദൽ ചികിത്സാ ലോബികളാണെന്ന് പറയേണ്ടിവരും. ആധുനിക വൈദ്യത്തെ കണ്ണടച്ച് എതിർക്കുന്ന ഇക്കൂട്ടർ സ്വന്തം നിലയിൽ ഒരുക്കുന്ന പ്രസവമുറികൾ മരണക്കുരുക്കായി മാറുന്നുണ്ട്.
ഏതാനും വർഷം മുമ്പ്, ‘വാട്ടർ ബർത്ത്’ എന്ന പേരിൽ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തിയ ‘ഗാർഹിക പ്രസവ’ കേന്ദ്രങ്ങളിൽ മൂന്നു മാസത്തിനിടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും മരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയ ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. യുട്യൂബ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നും മറ്റുമാണത്രെ ഇവിടത്തെ ചികിത്സകർ പ്രസവമെടുക്കാൻ പഠിച്ചത്. സമാനമായ രീതിയിൽ വ്യാജ അക്യുപങ്ചർ ചികിത്സകരുമിപ്പോൾ കേരളത്തിന്റെ പലയിടത്തായി ഇത്തരം പ്രസവകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഇവിടെ വ്യാജ അക്യുപങ്ചർ എന്ന പ്രയോഗം അടിവരയിടുക. കാരണം, ലോകാരോഗ്യ സംഘടന അംഗീകരിച്ചതും ചൈനയിൽ ഏറെ പ്രചാരത്തിലുള്ളതുമായ അക്യുപങ്ചർ ചികിത്സാരീതിയുമായി യാതൊരു ബന്ധവുമില്ലാത്ത, ‘ചികിത്സ’ എന്നുപോലും വിശേഷിപ്പിക്കാനാവാത്ത തീർത്തും നിഷേധാത്മകമായൊരു മുറിവൈദ്യമാണിവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ആ കുടുംബം ഈ വ്യാജപ്രചാരകരുടെ വലയിൽവീണുവെന്നതാണ് യാഥാർഥ്യം.
അക്യുപങ്ചറിന്റെ പേരിൽ കേരളത്തിൽ വ്യാജ ചികിത്സകർ സജീവമാകാൻ തുടങ്ങിയിട്ട് പത്ത് വർഷമെങ്കിലുമായിട്ടുണ്ട്. ആധുനിക വൈദ്യത്തിന്റെ ചികിത്സാരീതികളോടുള്ള വിരോധം മുഖമുദ്രയാക്കിയ ഇക്കൂട്ടർ, ലോകാംഗീകൃതമായിട്ടുള്ള അക്യുപങ്ചറിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കുപോലും വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. വാസ്തവത്തിൽ, അക്യുപങ്ചർ ഒരു അംഗീകൃത മുഖ്യചികിത്സാ രീതിയായി ഇനിയും നമ്മുടെ ഭരണകൂടം അംഗീകരിച്ചിട്ടില്ല. ഇതിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് ഒരു ബിൽ പാർലമെന്റിന്റെ പരിഗണനയിലുണ്ട്. അതേസമയം, ഒരു അനുബന്ധ ചികിത്സാരീതി (സപ്ലിമെന്ററി മെഡിസിൻ) എന്ന രീതിയിൽ പരിമിതമായി പ്രവർത്തിക്കാൻ രാജ്യത്ത് അനുമതിയുണ്ട്.
ഇതുസംബന്ധിച്ച് 20 വർഷം മുമ്പ് കേന്ദ്രസർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അംഗീകൃത മെഡിക്കൽ ബിരുദമുള്ള അക്യുപങ്ചർ ബിരുദാനന്തര ഡിപ്ലോമക്കാർക്ക് ചികിത്സനടത്താമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. അഥവാ, രാജ്യത്ത് ആർക്കെങ്കിലും അക്യുപങ്ചർ ചികിത്സ നടത്തണമെങ്കിൽ അവർക്ക് എം.ബി.ബി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ മെഡിക്കൽ ബിരുദങ്ങളിൽ ഏതെങ്കിലുമൊന്ന് നേടിയിരിക്കണം. അത്തരത്തിൽ ചികിത്സ നടത്തുന്ന ചെറിയൊരു സംഘം ഡോക്ടർമാർ ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, മേൽസൂചിപ്പിച്ച വ്യാജന്മാർക്ക് ഇതൊന്നും ബാധകമല്ല. പലപ്പോഴും ശാസ്ത്രത്തിൽ അടിസ്ഥാനവിദ്യാഭ്യാസം പോലും ആർജിച്ചിട്ടില്ലാത്തവരാണ് ഇവിടെ അക്യുപങ്ചർ പ്രചാരകരും ചികിത്സകരുമായി വിരാജിക്കുന്നത്. പ്രമേഹ, അപസ്മാര രോഗികൾക്ക് ഇവർ നൽകിയ ചികിത്സ വലിയ അപകടത്തിലും മരണത്തിലുമെല്ലാം കലാശിച്ചത് നേരത്തേ വലിയ വാർത്തയായിരുന്നു.
എന്നാൽ, അതെല്ലാം വാർത്തയിലൊതുങ്ങിയെന്നതാണ് ഖേദകരം. അക്യുപങ്ചറിൽ മരുന്ന് സമ്പ്രദായമില്ലാത്തതിനാൽ നിലവിലെ നിയമവ്യവഹാരങ്ങളിൽ ഇത് ‘ചികിത്സ’ എന്ന നിർവചനത്തിൽ വരില്ല എന്നതിനാലാണ് ഇത്തരം വിഷയങ്ങളിൽ നിയമനടപടികളെല്ലാം കടലാസിലൊതുങ്ങുന്നത്. അതുകൊണ്ടുതന്നെ, നിയമക്കുരുക്കിൽനിന്നും വ്യാജന്മാർ എളുപ്പത്തിൽ രക്ഷപ്പെടുന്നു. ഇപ്പോൾ തിരുവനന്തപുരത്തെ സംഭവത്തിലും ഇതുതന്നെ സംഭവിക്കാനാണ് സാധ്യത. അതിനാൽ, ആരോഗ്യ മോഡലിനെ തകർക്കുന്ന ഈ പ്രസവസാഹസത്തിനും വ്യാജ ചികിത്സക്കും തടയിടാൻ കേവല നടപടികൾമാത്രം മതിയാകില്ല. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമെല്ലാം സാധ്യമാക്കിയതുപോലെ കണിശമായ നിയമനിർമാണംതന്നെ ഇക്കാര്യത്തിൽ അനിവാര്യമാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ അടിയന്തരശ്രദ്ധ ഇക്കാര്യത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.