സമൂഹ മാധ്യമ സ്വാതന്ത്ര്യം:കൂട്ടായ പ്രതിരോധം വേണം
text_fieldsനരേന്ദ്ര മോദി ഫാഷിസ്റ്റാണോ എന്ന് ചോദ്യം. മറുപടി: ‘‘ചില വിദഗ്ധർ ഫാഷിസ്റ്റ് നയങ്ങൾ എന്നു വിശേഷിപ്പിക്കുന്നവ അദ്ദേഹം നടപ്പാക്കുന്നതായി ആരോപണമുണ്ട്. ഈ ആരോപണങ്ങൾക്കാധാരമായി പല ഘടകങ്ങളുമുണ്ട്. ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അത് അടിച്ചമർത്തുന്നത്, മതന്യൂനപക്ഷങ്ങൾക്കെതിരെ അത് ഹിംസ പ്രയോഗിക്കുന്നത് തുടങ്ങിയവ ആ ഘടകങ്ങളിൽ പെടുന്നു.’’ ഗൂഗ്ളിന്റെ നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ജെമിനൈയോട് ഒരു ഉപയോക്താവ് ചോദിച്ച ചോദ്യവും അതിന് ജെമിനൈ നൽകിയ മറുപടിയുമാണ് ഇത്. ഇത് സമൂഹമാധ്യമങ്ങളിൽ വന്നതോടെ കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ‘എക്സി’ൽ (ട്വിറ്റർ) ഭീഷണിപ്പോസ്റ്റിടുന്നു: ‘‘ഇത് ഐ.ടി നിയമത്തിലെ മധ്യവർത്തി ചട്ടങ്ങളുടെ ലംഘനമാണ്. ക്രിമിനൽ നിയമത്തിലെ ചട്ടങ്ങളുടെ ലംഘനവും.’’ നടപടി എടുക്കുമെന്ന മട്ടിൽ ഈ പോസ്റ്റ് മന്ത്രാലയത്തിനും ജെമിനൈയുടെ ഉടമകളായ ഗൂഗ്ളിനും ടാഗ് ചെയ്യുന്നു. ഗൂഗ്ളിന് നോട്ടീസയക്കാൻ മന്ത്രാലയം ഒരുങ്ങുന്നതായി വാർത്തവരുന്നു. അപ്പോഴേക്കും ജെമിനൈ ‘വിവാദ’ മറുപടി നീക്കംചെയ്യുന്നു. ഫാഷിസ്റ്റോ ഭരണകൂടം എന്ന ചോദ്യത്തിന് ജെമിനൈ നൽകിയതിനെക്കാൾ കൃത്യമായ മറുപടിയല്ലേ പിന്നീട് മന്ത്രാലയത്തിന്റെ നടപടി നൽകിയത്? സമൂഹമാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള ഉപകരണമായാണ് യൂനിയൻ സർക്കാർ ഐ.ടി നിയമത്തെ ഉപയോഗിക്കുന്നത്. സർക്കാറിനോട് വിയോജിക്കുന്നതോ പ്രതിഷേധിക്കുന്നതോ ആയ പോസ്റ്റുകൾ നീക്കംചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെടും; കമ്പനികൾ ആ കൽപന പൊതുവെ അനുസരിക്കും. ഇങ്ങനെ സർക്കാർ വിരുദ്ധ പോസ്റ്റുകൾ നിരോധിച്ചതിന്റെ ഒരു ഉദാഹരണമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട കർഷകരുടെ പോസ്റ്റുകൾ നീക്കംചെയ്യാൻ ‘എക്സി’നോട് ആവശ്യപ്പെട്ടതും കമ്പനി വഴങ്ങിയതും.
‘നിർമിതബുദ്ധി ചാറ്റ് ബോട്ടു’കൾ നൽകുന്ന മറുപടികൾ ശരിയാണെന്ന് അവയുടെ ഉടമകളായ കമ്പനികൾതന്നെ അവകാശപ്പെടാറില്ല. അവയെല്ലാം പരീക്ഷണഘട്ടത്തിലാണ് എന്ന് അവർ പ്രഖ്യാപിച്ചതാണ്. എന്നുവെച്ച് വ്യാജം പ്രചരിപ്പിക്കാമോ എന്ന ചോദ്യം പ്രസക്തമാണുതാനും. മന്ത്രി രാജീവ് ചന്ദ്രശേഖർ അത് ഉന്നയിച്ചിട്ടുമുണ്ട്. പക്ഷേ, ഇവിടെ ജെമിനൈ നൽകിയ മറുപടിയിൽ തെറ്റില്ല എന്നതാണ് വസ്തുത. മോദി ഫാഷിസ്റ്റാണ് എന്നല്ല അതിന്റെ മറുപടി. മറിച്ച്, അങ്ങനെ ‘വിശേഷിപ്പിക്കപ്പെടുന്ന’ നയങ്ങൾ അദ്ദേഹം നടപ്പാക്കുന്നതായി വിദഗ്ധർ ‘ആരോപിക്കുന്നു’ എന്നാണ്. അങ്ങനെ ആരോപണമുണ്ട് എന്നത് വസ്തുതാവിരുദ്ധമല്ലല്ലോ. എന്നിട്ടും അത് നീക്കംചെയ്യിച്ച സർക്കാർ, തനി വംശീയവും വിദ്വേഷപരവുമായ അനേകം വ്യാജ പോസ്റ്റുകൾ ഹിന്ദുത്വപക്ഷക്കാരുടേതായി പ്രചരിച്ചപ്പോഴും അനങ്ങിയിരുന്നില്ല. അത്തരം വിദ്വേഷ പോസ്റ്റുകൾ ഇറക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളെ പ്രധാനമന്ത്രി ‘ഫോളോ’ ചെയ്യുന്ന ഉദാഹരണങ്ങൾതന്നെ ധാരാളമുണ്ടായി. ചാറ്റ് ബോട്ടുകൾ വ്യാജം പരത്തുന്നു എന്നും വിവേചനം പുലർത്തുന്നു എന്നുമൊക്കെയുള്ള പരാതി ന്യായമാണെന്നതിൽ തർക്കമില്ല. എന്നാൽ, അത് തടയുന്ന ഭാവത്തിൽ വിയോജിപ്പുകളെ അടിച്ചമർത്തുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ സർക്കാർ പരസ്യങ്ങളെന്ന നിലക്ക് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന ഔദ്യോഗിക പ്രചാരണങ്ങളിൽ എത്ര ശതമാനം വസ്തുതയുണ്ട് എന്നത് പരിശോധിക്കാവുന്നതാണ്. വ്യാജം സർക്കാറിന് അനുകൂലമെങ്കിൽ ആകാമെന്നും വ്യാജമല്ലെങ്കിൽപോലും സർക്കാറിന് എതിരായത് പാടില്ലെന്നുമുള്ള നിലപാട് സ്വീകാര്യമല്ല. ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ രംഗത്തുവരേണ്ടതുണ്ട്. ഐ.ടി മന്ത്രാലയത്തിന്റെ ജോലി സമൂഹമാധ്യമങ്ങളെ സെൻസർ ചെയ്യലായിക്കഴിഞ്ഞിട്ടുണ്ട്. അതിന് പാകത്തിൽ നിയമങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു.
ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വേദികളായും ആ നിലക്ക് ജനാധിപത്യത്തിന്റെ നവചാലകശക്തികളായും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, അടുത്ത കാലത്തായി അവ സർക്കാറുകളുടെ തീട്ടൂരങ്ങൾ ചോദ്യംചെയ്യുകപോലും ചെയ്യാതെ അനുസരിച്ച് സ്വന്തം മൂല്യം നഷ്ടപ്പെടുത്തുന്നുണ്ട്. ഇൻറർനെറ്റ് വിലക്കുകൾ മുതൽ അന്യായ കേസുകൾ വരെയായി സമൂഹമാധ്യമ ചർച്ചയും സംവാദവും ജനങ്ങൾക്ക് അപ്രാപ്യമാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കുമ്പോൾ നിയമത്തിന്റെ മാർഗമുപയോഗിച്ച് നിയന്ത്രണങ്ങളെ ചോദ്യംചെയ്യേണ്ട ബാധ്യത സമൂഹമാധ്യമ കമ്പനികൾക്കുണ്ട്. ആ നിലക്ക്, കർണാടകയിൽ കുറെ ട്വീറ്റുകൾ വിലക്കിയ സർക്കാർ നടപടിക്കെതിരെ ‘എക്സ്’ കമ്പനി കർണാടക ഹൈകോടതിയെ സമീപിച്ചത് സ്വാഗതാർഹമാണ്. വിലക്ക് പുനഃപരിശോധിച്ച റിവ്യൂ കമ്മിറ്റിയുടെ തീരുമാനം പുറത്തുവിടാനാകില്ലെന്ന സർക്കാർ നിലപാട് നിർഭാഗ്യവശാൽ കോടതി ശരിവെച്ചിരുന്നു; അതിനെതിരെയാണ് അപ്പീൽ. ഒട്ടും സുതാര്യതയില്ലാത്ത ‘സീൽഡ് കവർ’ തീർപ്പുകളെ, വേണ്ടിവന്നാൽ സുപ്രീംകോടതി വരെ ചോദ്യംചെയ്യാൻ കമ്പനി തയാറാകണം. 50 ലക്ഷം രൂപയുടെ പിഴ ഒഴിവായിക്കിട്ടുക മാത്രമാകരുത് അതിന്റെ ലക്ഷ്യം. അനുരാധ ഭാസിൻ കേസിൽ സുപ്രീംകോടതി വിധി ഉറപ്പുവരുത്തിയ സുതാര്യത മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയാണ്. അതിൽ വെള്ളം ചേർക്കാൻ സർക്കാറോ ഹൈകോടതികളോ തയാറായിക്കൂടാ. ഇപ്പോൾ ജെമിനൈ അനുഭവംകൂടി രാജ്യത്തിനു മുമ്പാകെ ഭീഷണി ഉയർത്തിയിരിക്കെ സമൂഹമാധ്യമ സ്വാതന്ത്ര്യം കുറെക്കൂടി സംഘടിതമായ പിന്തുണ ആവശ്യപ്പെടുന്നുണ്ട്. സമൂഹമാധ്യമ കമ്പനികളും പൊതുസമൂഹവും ജനാധിപത്യ കക്ഷികളും ഒരുമിച്ചു നടത്തേണ്ട ചെറുത്തുനിൽപാണ് അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.