മതം നോക്കാതെ നടപടി എന്നു തുടങ്ങും?
text_fieldsഅടിയന്തരാവസ്ഥക്കാലത്ത് ഒരു കവിസമ്മേളനത്തിൽ ആലപിച്ച കവിതയുടെ പേരിൽ പ്രമുഖ കവി റാഹത് ഇൻഡോരിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചു.
‘ഇന്നലെ കവിസമ്മേളനത്തിൽ സർക്കാർ കള്ളന്മാരാണെന്ന് പാടിയോ നിങ്ങൾ?
ഉവ്വ്, പക്ഷേ അത് ഇന്ത്യയിലെയാണോ പാകിസ്താനിലെയാണോ അമേരിക്കയിലെയാണോ ബ്രിട്ടനിലെയാണോ എന്ന് പറഞ്ഞില്ലെന്ന് കവി.
പൊലീസധികാരി പ്രതിവചിച്ചു: ആഹാ, ഞങ്ങളെല്ലാം മണ്ടന്മാരാണെന്ന് കരുതിയോ, ഏതു സർക്കാറാണ് കള്ളന്മാരെന്ന് ഞങ്ങൾക്കറിയാം!
പ്രഖ്യാപിത അടിയന്തരാവസ്ഥയിലെ ഈ സംഭവം ഇപ്പോൾ ഓർമയിലെത്തിച്ചത് മറ്റൊരു പൊലീസ് നടപടിയാണ്. ഗുജറാത്തിലെ ജുനഗഡിൽ പ്രഭാഷണത്തിടെ ഫലസ്തീനിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിച്ച് അതിനെല്ലാം അന്ത്യം വരാനിരിക്കുന്നുവെന്ന് കവിത ചൊല്ലിയ മതപ്രഭാഷകനെ വിദ്വേഷ പ്രസംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് മുഫ്തി സൽമാൻ അസ്ഹരി എന്ന പ്രഭാഷകനെ മുംബൈയിലെ ഘാട്കോപ്പറിലെത്തി അറസ്റ്റ് ചെയ്തത്. ജനുവരി 31ന് നടത്തിയ പ്രഭാഷണത്തിന്റെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നടപടി ആവശ്യപ്പെട്ടത് വിദ്വേഷ പ്രസംഗങ്ങൾക്കും വ്യാജവാർത്തകൾക്കും കുപ്രസിദ്ധനായ സുദർശൻ ടി.വി മേധാവി സുരേഷ് ചവാങ്കേയടക്കമുള്ള വലതുപക്ഷ നിലയവിദ്വാന്മാരാണ്. വാട്സ്ആപ് വഴി പ്രചരിക്കുന്ന പ്രസംഗത്തിന്റെ ചെറുശകലം കേട്ടുനോക്കിയാൽ റാഹത് ഇൻഡോരിയുടേതുപോലെ സരസമൊന്നുമല്ല ഇദ്ദേഹം ചൊല്ലിയ കവിത. അതിലെ ഒരു വരി ‘ആജ് കുത്തോം കാ വഖ്ത് ഹേ, കൽ ഹമാരാ ദൗറ് ആയേഗാ’ (ഇന്ന് നായ്ക്കളുടെ കാലമാണ്, നാളെ നമ്മുടെ ഊഴം വരും) എന്നാണ്. താൻ പറഞ്ഞത് ഫലസ്തീനിലെയും യമനിലെയുമൊക്കെ കാര്യമാണെന്ന് മുഫ്തി സൽമാൻ വിശദീകരിക്കുന്നുണ്ടെങ്കിലും പൊലീസ് അതൊന്നും മുഖവിലക്കെടുത്തിട്ടില്ല. അറസ്റ്റ് വിവരമറിഞ്ഞ് സ്റ്റേഷൻ വളപ്പിൽ അനുയായികൾ തടിച്ചുകൂടിയെങ്കിലും പൊലീസ് നൽകിയ മൈക്കിലൂടെ അസ്ഹരി അഭ്യർഥിച്ചതിൻ പ്രകാരം അവർ പിരിഞ്ഞുപോയി. പ്രഭാഷണ പരിപാടി സംഘടിപ്പിച്ചവരെയും പിടികൂടിയ പൊലീസ് വിപുലമായ അന്വേഷണം തുടരുകയാണ്.
വിദ്വേഷ പ്രസംഗം രാജ്യത്ത് എവിടെ നടന്നാലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരമോന്നത നീതിപീഠം ആവർത്തിച്ചാവർത്തിച്ച് നൽകിയിരിക്കുന്ന നിർദേശം. ആരാധനാലയ സംരക്ഷണ നിയമത്തിന് കടകവിരുദ്ധമായി ഗ്യാൻവാപി മസ്ജിദിന്റെ താഴ്ത്തട്ടിൽ പൂജ ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് വാരാണസി ജില്ലാ കോടതി വിധിച്ചയുടനെ അത് നടപ്പിൽവരുത്താൻ ശുഷ്കാന്തി കാണിച്ചതുപോലെ സുപ്രീംകോടതി നിർദേശം പാലിക്കാൻ ഉണർന്ന് പ്രവർത്തിച്ചതാണ് അധികൃതരെങ്കിൽ വളരെ നല്ല കാര്യം. പക്ഷേ, പ്രഭാഷകരുടെ മതം നോക്കാതെ നടപടിയെടുക്കണമെന്ന നിർദേശം അവർ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. നിയമനിർമാണ സഭകളിലെ പ്രതിനിധികളടക്കമുള്ള ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളും സന്യാസ വേഷധാരികളും കടുത്ത വർഗീയ-വിദ്വേഷ പരാമർശങ്ങളാണ് പാർലമെൻറിലും സഭകളിലും പൊതുവേദികളിലുമെല്ലാം തൊടുത്തുവിടുന്നത്. സ്വകാര്യ ചടങ്ങുകളിലും ക്യാമ്പുകളിലും നടത്തിയ വിഷലിപ്ത പ്രസംഗങ്ങളുടെ വിഡിയോകളും എമ്പാടും പുറത്തുവരുന്നുണ്ട്. ഇവിടെ പകർത്തിയെഴുതാൻ പോലും അറപ്പ് തോന്നുന്ന പരാമർശങ്ങൾ നടത്തുന്ന ഈ പ്രാസംഗികർക്ക് ഹിന്ദുത്വ വർഗീയ സംഘടനകളുമായുള്ള ബന്ധം അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾക്കുമേൽ പ്രതിരോധ കവചമായി പ്രവർത്തിക്കുന്നുവെന്നത് അത്യന്തം അപകടകരമാണ്. ഇത്തരം വിദ്വേഷ ഭാഷണങ്ങളുടെ അനന്തരഫലമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ. യാത്രക്കാരുടെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട റെയിൽവേ സുരക്ഷാ സേനാംഗം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വേഷവും പേരും നോക്കി യാത്രക്കാരെ കൂട്ടക്കുരുതി ചെയ്തതുപോലും അതിന്റെ ഭാഗമായിവേണം കാണാൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർലമെൻറിൽ സമ്മേളനമധ്യേ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഒരു പാർലമെന്റ് അംഗത്തിനുനേരെ അതീവ നിന്ദ്യമായ ഭാഷയിൽ വിദ്വേഷപ്പെയ്ത്ത് നടത്തിയ ബി.ജെ.പി നേതാവിന് പ്രതീകാത്മകമായ അറസ്റ്റ് പോലും അനുഭവിക്കേണ്ടി വന്നില്ല. മാസങ്ങൾക്ക് ശേഷമാണ് ഇയാൾ സഭാസമിതി മുമ്പാകെ നാമമാത്ര ഖേദമെങ്കിലും പ്രകടിപ്പിച്ചത്.
വിലക്കയറ്റവും തൊഴിലില്ലായ്മയും സ്ത്രീകൾക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കുമെതിരായ അതിക്രമങ്ങളുമുൾപ്പെടെ നൂറുനൂറ് നീറുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതെറ്റിച്ച് ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ചും സമാധാന ജീവിതം കലുഷിതമാക്കിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഫാഷിസത്തിന്റെ ടൂൾ കിറ്റിലെ സുപ്രധാന ഉപകരണങ്ങളിലൊന്നാണ് വിദ്വേഷ പ്രസംഗങ്ങൾ. അവക്കെതിരെ കർശനമായ പ്രയോഗങ്ങൾ നടത്തിയ പരമോന്നത നീതിപീഠം ഉത്തരവുകൾ പക്ഷപാതരഹിതമായി പ്രയോഗവത്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുന്നോട്ടുവരാതെ ഇതിന് അറുതിവരുത്താനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.