യുദ്ധം വ്യാപിപ്പിക്കുന്ന യാങ്കി-സയണിസ്റ്റ് സഖ്യം
text_fieldsഫലസ്തീനിലെ ഗസ്സയിൽ നിഷ്ഠുരയുദ്ധം മൂന്ന് മാസം പൂർത്തിയാകവെ, സംഘർഷം കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേലും അവർക്കു ചൂട്ടുപിടിക്കുന്ന അമേരിക്കയും കങ്കാണിപ്പടയും. ലബനാനിലും ഇറാഖിലും സിറിയയിലും അമേരിക്കയും ഇസ്രായേലും മാറിമാറി പ്രത്യേകം ഉന്നമിട്ടു നടത്തുന്ന ആക്രമണങ്ങളും കൂട്ടക്കൊലകളും അതിന്‍റെ തെളിവാണ്. പുതുവർഷപ്പിറ്റേന്ന് ബെയ്റൂത്തിന്റെ തെക്കൻപ്രാന്തത്തിലുള്ള ദഹിയേബിലെ ഹമാസ് ഓഫിസ് ആക്രമിച്ച് ഹമാസ് സായുധവിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡിന്‍റെ സ്ഥാപക കമാൻഡർ സാലിഹ് അറൂരിയുൾപ്പെടെ ഏഴു പേരെ വധിച്ചതിന്‍റെ പുകയടങ്ങിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ഇസ്രായേൽ നിരവധി പേരെ കൊലചെയ്തു. ഹമാസ് നേതാക്കളുടെ വധത്തിനു പ്രതികാരം ചെയ്യാതടങ്ങില്ലെന്ന ഹിസ്ബുല്ല ചീഫിന്‍റെ മുന്നറിയിപ്പിനു പിറകെയായിരുന്നു ഇസ്രായേലിന്‍റെ ആക്രമണം. ഇതിനിടക്ക് ഇറാനിലെ കെർമാനിൽ അമേരിക്ക വധിച്ച ഇറാൻ സൈനിക നേതാവ് ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്‍റെ ഖബറിടത്തിനരികെയുണ്ടായ ഇരട്ട സ്ഫോടനത്തിൽ ആറു കുഞ്ഞുങ്ങളടക്കം 84 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം രണ്ടുനാൾ കഴിഞ്ഞ് ആഗോള ഭീകരസംഘടനയായ ഐസിസ് ഏറ്റെടുത്തു എന്നാണ് റിപ്പോർട്ട്. എന്നാൽ, അമേരിക്കൻ-ഇസ്രായേൽ കൂട്ടുകെട്ടാണ് 1979നു ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്കു പിന്നിൽ എന്ന് ഇറാനും ഹിസ്ബുല്ലയും വിശ്വസിക്കുന്നു. ആക്രമണം നടത്തിയവരെയും പിന്നിൽനിന്നു സഹായിച്ചവരെയും കണ്ടെത്താൻ അന്താരാഷ്ട്ര വഴികൾ തേടുമെന്ന് തെഹ്റാൻ പ്രസ്താവിച്ചിട്ടുണ്ട്.
ബെയ്റൂത്തിൽ ഹമാസ് നേതാക്കളെ വധിച്ചത് ആരെന്നറിയില്ലെന്നു കൈകഴുകുമ്പോഴും അതിനെ ന്യായീകരിക്കുന്നുണ്ട് ഇസ്രായേൽ. 2006ലെ 34 നാൾ യുദ്ധശേഷം നടത്തുന്ന ആദ്യ കനത്ത ആക്രമണമാണ് ഹമാസ് നേതാക്കൾക്കെതിരെ ബെയ്റൂത്തിനകത്തു കടന്ന് അവർ നടത്തിയത്. 2006ലെ യുദ്ധം നിർത്തിയത് ദക്ഷിണ ലബനാനിൽനിന്ന് ഹിസ്ബുല്ല സേനയെ പിൻവലിക്കുമെന്നും ഇസ്രായേൽ അനൗദ്യോഗിക അതിരായ ‘ബ്ലൂ ലൈനി’നു പിറകിലേക്കു പോകുമെന്നുമുള്ള യു.എൻ മാധ്യസ്ഥ്യം അംഗീകരിച്ചായിരുന്നു. 1701 ാം നമ്പർ യു.എൻ പ്രമേയത്തിന്‍റെ ലംഘനമായി ഇസ്രായേൽ അതിക്രമങ്ങളെ അമേരിക്കതന്നെ കാണുന്നുണ്ട്. അതുകൊണ്ടാകാം പ്രസിഡന്‍റ് ബൈഡന്‍റെ മുഖ്യ ഉപദേഷ്ടാവ് ആമോസ് ഹോഷ്റ്റിനെ അമേരിക്ക ഇസ്രായേലിലേക്ക് അയച്ചത്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പിറകെയുണ്ട്. ഇസ്രായേലിന്‍റെ ആക്രമണങ്ങൾക്കു പിറകിൽ ആയുധവും അർഥവുമായി സജീവമായി നിൽക്കുമ്പോഴും അമേരിക്കയുടെ താളത്തിനപ്പുറം ഇസ്രായേൽ തുള്ളുന്നുണ്ടോ എന്ന ആശങ്ക ആഭ്യന്തരമായ കടുത്ത എതിർപ്പിനെ നേരിടുന്ന യു.എസ് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നു.
ഗസ്സ യുദ്ധത്തിൽ ദുർബലമെങ്കിലും പ്രത്യാക്രമണങ്ങളിലൂടെ ശല്യം സൃഷ്ടിക്കുന്ന ബാഹ്യശക്തികളായാണ് ഇറാനെയും ഹിസ്ബുല്ലയെയും തെൽഅവീവും വാഷിങ്ടണും കാണുന്നത്. അവരുടെ പിന്തുണയിൽ യമനിലെ ഹൂതികൾ കടൽമാർഗേണയുള്ള ഒറ്റപ്പെട്ടതെങ്കിലും കനത്ത ആക്രമണങ്ങൾക്കു മുതിരുന്നുണ്ട്. അതുകൊണ്ട് ഫലസ്തീൻ യുദ്ധത്തിൽ ഹമാസിനു പിന്തുണ നൽകുന്നവരെക്കൂടി കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യമാണ് യു.എസ്-ഇസ്രായേൽ യുദ്ധമുന്നണിക്കുള്ളത്. ഫലസ്തീനിലെ പോരാളി വിഭാഗങ്ങളെയും തെഹ്റാന്റെ ഹിസ്ബുല്ല, ഹൂതിയടക്കമുള്ള ‘ചെറുത്തുനിൽപ് അച്ചുതണ്ടി’നെയും ബന്ധിപ്പിക്കുന്ന കണ്ണി എന്നനിലക്കാണ് സാലിഹ് അറൂരി ഇസ്രായേലിന്‍റെയും അമേരിക്കയുടെയും കണ്ണിലെ കരടാകുന്നത്. ഹമാസ് നേതൃത്വത്തെ ഇരുവിഭാഗവും ലക്ഷ്യമിടുന്നുണ്ട്. അതിനുപറ്റിയ ഇടം ലബനാൻ ആണെന്നും ഇരുപക്ഷവും കരുതുന്നു. വ്യാഴാഴ്ചതന്നെ ബഗ്ദാദിൽ വ്യോമാക്രമണം നടത്തിയ അമേരിക്കൻ സേന ഇറാനുമായി ബന്ധമുള്ള ഒരു സീനിയർ ഇറാഖി മിലീഷ്യ തലവനെ വധിച്ചിരുന്നു. ഇത്തരത്തിൽ ഇറാനെ ഉന്നമിട്ട് നീങ്ങുന്നതുകൊണ്ടാണ് കെർമാൻ ആക്രമണത്തിനു പിന്നിൽ തെഹ്റാൻ ഇസ്രായേൽ, യു.എസ് പങ്ക് മണത്തെടുക്കുന്നത്.
ഇസ്രായേലിനകത്ത് പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ യുദ്ധഭ്രാന്തിനെതിരായ വികാരം കൂടുതൽ ശക്തിപ്പെടുന്നതിനിടെയാണ് തീക്കളി വ്യാപിപ്പിക്കാനുള്ള സയണിസ്റ്റ് ഗവൺമെന്‍റിന്‍റെ ശ്രമം. രണ്ടാമതൊരു വെടിനിർത്തലിനും അതുവഴി അവശേഷിക്കുന്ന ബന്ദികളുടെ മോചനത്തിനും സാധ്യത കാത്തിരുന്നവരെ യുദ്ധം വ്യാപിപ്പിച്ച് ശിക്ഷിക്കുകയാണ് നെതന്യാഹുവും യുദ്ധവെറി സംഘവും എന്ന ആക്ഷേപം ഇസ്രായേലിൽ വ്യാപകമാണ്. ലബനാനിൽ മുൻപിൻ ചിന്തയില്ലാതെ നടത്തുന്ന ആക്രമണങ്ങൾ മറ്റൊരു യുദ്ധമുഖം തുറക്കുകയാവും ചെയ്യുക. ബെയ്റൂത്തും തെഹ്റാനും ഇസ്രായേൽ ആക്രമണങ്ങളോട് പ്രതികരിച്ചതു നോക്കുമ്പോൾ അതിനുള്ള സാധ്യത തള്ളാനുമാവില്ല. ഇങ്ങനെ ഒരേസമയം പല യുദ്ധമുഖങ്ങൾ തുറക്കാനുള്ള കെൽപ് ഇസ്രായേലിനുണ്ടോ? കരയാക്രമണത്തിൽ ഹമാസിന്‍റെ ചെറുത്തുനിൽപിനു മുന്നിൽ വിജയിക്കാനാവാതെ പിന്തിരിയേണ്ടിവരുന്ന സേനയെ മുമ്പൊരിക്കൽ തോൽപിച്ചുവിട്ട ഹിസ്ബുല്ലയുമായുള്ള പോർമുഖത്ത് കൊണ്ടുപോയി കെട്ടുന്നത് ബുദ്ധിപൂർവകമല്ലെന്ന് അമേരിക്കൻ വിദഗ്ധർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, വംശീയവൈരം മൂത്ത യുദ്ധവെറിയന്മാർ അതിനൊന്നും ചെവികൊടുക്കാനൊരുക്കമില്ല. ഫലസ്തീനികളെ പുറന്തള്ളി ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആധിപത്യമുറപ്പിച്ച് അധിനിവേശം പിന്നെയും നീട്ടാൻ കൊതിപൂണ്ട് ഇറങ്ങിത്തിരിച്ച അവരുടെ ഭ്രാന്തിന് ചികിത്സിക്കാനാവുന്നില്ലെങ്കിൽ ലോകം കൂടുതൽ ഭീകരാനുഭവങ്ങളിലൂടെ കടന്നുപോകാതെ തരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.