സുപ്രീംകോടതിയുടെ ഇത്തിരി വെട്ടം
text_fieldsഗുജറാത്ത് മുസ്ലിം വംശഹത്യയിലെ കുറ്റകൃത്യങ്ങളിൽ പ്രമാദമായ ബിൽക്കീസ് ബാനു കേസിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട 11 കുറ്റവാളികൾക്ക് ശിക്ഷയിളവ് നൽകിയ ഗുജറാത്ത് സർക്കാറിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി തീരുമാനം നീതിന്യായ വ്യവസ്ഥ നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ്. നീതിയുടെ സകല മാനദണ്ഡങ്ങളും ന്യായത്തിന്റെ എല്ലാ താൽപര്യങ്ങളും തുല്യതയുടെ സർവ തത്ത്വങ്ങളും കാറ്റിൽപറത്തി വിരാജിക്കുന്നവരുടെ നെറികേടുകൾക്കിടയിൽ നീതിയുടെ ഇത്തിരി വെട്ടം ബാക്കിയുണ്ടെന്ന ആശ്വാസമാണ് ജസ്റ്റിസ് ബി.വി. നാഗരത്നയും ഉജ്ജ്വൽ ഭുയാനുമടങ്ങിയ ബെഞ്ച് വിധിയിലൂടെ പകർന്നുനൽകിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന വംശീയാതിക്രമങ്ങളിൽ ആക്രമികൾ ബലാൽസംഗത്തിനിരയാക്കി മൃത്യുവിന് എറിഞ്ഞുകൊടുത്തവരിൽനിന്ന് അതിജീവനത്തിലേക്ക് എഴുന്നേറ്റുവന്ന ബിൽക്കീസ് ബാനു എന്ന ഇന്ത്യൻ സ്ത്രീത്വത്തിന്റെ ധീരമുഖമായ പടയാളിയാണ് ഈ നിയമയുദ്ധത്തിൽ നീതിക്കായി പൊരുതിയത്. അവർക്കു താങ്ങായി അഭിഭാഷകരും മനുഷ്യാവകാശ-രാഷ്ട്രീയപ്രവർത്തകരുമെല്ലാം അണിചേർന്നപ്പോൾ ഇന്ത്യൻ നീതിന്യായചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായി ആ കേസ് മാറി. കുറ്റക്കാരെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിനോ ഗുജറാത്ത് കോടതിക്കോ അധികാരമില്ലെന്നും കേസ് വിചാരണ ചെയ്തു വിധിപറഞ്ഞ മഹാരാഷ്ട്രക്കാണ് അതിനുള്ള അധികാരമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല, കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ വിവരങ്ങൾ ഹാജരാക്കിയാണ് കുറ്റക്കാർക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചതെന്നും വിധിയിൽ എടുത്തുപറഞ്ഞിരിക്കുന്നു.
വംശഹത്യ നാളുകളിൽ 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന, അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിന്റെ കണ്മുന്നിൽ വെച്ചാണ് വർഗീയ കാപാലികർ മൂന്നു വയസ്സായ മകളെ തല കല്ലിലിട്ടടിച്ച് അറുകൊല ചെയ്തത്. കുടുംബാംഗങ്ങളായ ഏഴു പേരുൾപ്പെടെ 14 പേരാണ് അവിടെ കൊന്നുതള്ളപ്പെട്ടത്. ഇരകളുടെ അപേക്ഷ മാനിച്ച് സംഭവം നടന്ന ഗുജറാത്തിലെ കോടതിയിൽനിന്ന് കേസ് മഹാരാഷ്ട്രയിലേക്കു മാറി. 2008ൽ വിചാരണ കോടതി 11 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. വിധി ബോംബെ ഹൈകോടതി 2017ൽ ശരിവെച്ചു. രണ്ടു വർഷത്തിനു ശേഷം ബിൽക്കീസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും വീടും സർക്കാർ ജോലിയും നൽകാനും പരമോന്നത കോടതി ഗുജറാത്ത് സർക്കാറിനോട് ഉത്തരവിട്ടു. 15 വർഷത്തിനുശേഷം കുറ്റവാളികളിൽ ഒരാൾ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ച് ശിക്ഷയിളവ് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നുപറഞ്ഞു അത് തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച് കേസ് പരിശോധിക്കേണ്ടത് ഗുജറാത്ത് ഹൈകോടതി തന്നെയാണെന്ന് അന്നത്തെ വ്യവസ്ഥകളനുസരിച്ച് വസ്തുതകൾ തെറ്റിദ്ധരിപ്പിച്ച് സുപ്രീംകോടതിയുടെ വിധി സമ്പാദിച്ചു. സുപ്രീംകോടതി നൽകിയ വിധിയനുസരിച്ച് ഗുജറാത്ത് ഹൈകോടതി അത് കൈകാര്യംചെയ്യാൻ ബാധ്യസ്ഥമായിരുന്നെങ്കിലും ആ വിധി പ്രതികൾ തെറ്റിദ്ധരിപ്പിച്ച് നൽകിയ വസ്തുതകളുടെ അടിസ്ഥാനത്തിലായതിനാൽ അസാധുവാണെന്നും കൂടി സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്.
കേസിന്റെ നാലു പ്രധാന ശീർഷകങ്ങൾ സുപ്രീംകോടതി എടുത്തുപറയുന്നുണ്ട്. ഒന്ന്, ഭരണഘടനയുടെ ഖണ്ഡിക 32 അനുസരിച്ച് ഈ കേസ് കോടതിക്ക് പരിഗണിക്കാവുന്നതാണ്. രണ്ട്, കേസിൽ പൊതു താൽപര്യ ഹരജിക്കാർക്ക് അവകാശമില്ല എന്ന വാദം, ഇരതന്നെ ഹരജി നൽകിയതിനാൽ, കോടതി തള്ളി. മൂന്നാമതായി, ഗുജറാത്ത് സർക്കാറിന് ശിക്ഷയിളവ് അപേക്ഷ പരിഗണിക്കാൻ അധികാരമില്ല എന്നും കണ്ടെത്തി. ശിക്ഷയിളവ് നൽകിയത് നിയമാനുസൃതമാണോ എന്നതായിരുന്നു നാലാമത്തെ വിഷയം. വാസ്തവത്തിൽ ഈ വിഷയം മാത്രം മതിയായിരുന്നു ശിക്ഷയിളവ് റദ്ദാക്കാൻ എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എങ്കിലും പൂർണതക്കുവേണ്ടി മറ്റു ഘടകങ്ങൾ കൂടി പരിഗണിക്കുകയാണെന്നും കോടതി വിശദീകരിച്ചു. ശിക്ഷ മനഃസംസ്കരണത്തിനുകൂടി ഉതകേണ്ടതാണെന്നും ശിക്ഷിതർക്ക് പശ്ചാത്താപം ഉണ്ടാകുന്നപക്ഷം ഏതു ക്രിമിനൽ പുള്ളിയും സംസ്കൃതനാകാമെന്നും അതിനവസരം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവും കുറ്റവാളികളുടെ പെരുമാറ്റത്തിലോ നടപടികളിലോ ദൃശ്യമായിരുന്നില്ല; ശിക്ഷയിൽ ഇരകൾക്ക് നൽകണമെന്നു പറഞ്ഞ് വിധിച്ച പിഴത്തുകപോലും അവർ അടച്ചിരുന്നില്ല.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കവെയാണ് കുറ്റവാളികൾക്ക് വിടുതൽ നൽകിയ ഗുജറാത്ത് ഹൈകോടതി വിധി വന്നതെന്ന വൈപരീത്യമുണ്ട്. അതിനേക്കാൾ അപഹാസ്യമായിരുന്നു ഗുജറാത്തിലെ ബി.ജെ.പി സർക്കാർ പൂർണമനസ്സോടെ കുറ്റവാളികൾക്ക് അനുകൂലമായ നിലപാടെടുത്ത് രാജ്യത്തെ ഞെട്ടിച്ചത്. ഇരകളോട് ദാക്ഷിണ്യമില്ല എന്ന കോടതിയുടെ നിരീക്ഷണത്തെ അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു കുറ്റവാളികൾ പുറത്തുവന്നപ്പോൾ അവരെ മാലയിട്ട് സ്വീകരിച്ച സംഘ്പരിവാർ നേതാക്കളുടെ വിചിത്ര നടപടി. ഇന്ത്യൻ ജുഡീഷ്യറി ഇരകൾക്കൊപ്പവും നീതിക്കുവേണ്ടിയും നിലകൊള്ളുമെന്ന സമാശ്വാസത്തിന്റെ ഉദാഹരണം നൽകിയിരിക്കുന്നു സുപ്രീംകോടതി ഈ വിധിയിലൂടെ. അതിലേറെ ആവേശകരമാണ് നിശ്ചയദാർഢ്യത്തിന്റെയും സ്ത്രീശക്തിയുടെയും ഉദാത്ത മാതൃകയായി ബിൽക്കീസ് ബാനുവിന്റെ ഉയിർത്തെഴുന്നേൽപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.