Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതിരുത്തും പ്രയോഗവും

തിരുത്തും പ്രയോഗവും

text_fields
bookmark_border
തിരുത്തും പ്രയോഗവും
cancel

ടിയന്തര പ്രാധാന്യമുള്ളതും അതിനിർണായകവുമായ വിഷയങ്ങളിൽ മന്ത്രിമാർക്ക് നിയമസഭയിൽ പ്രത്യേകം പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്താനാണ് സഭാ നടപടി​ക്രമങ്ങളിലെ 300ാം ചട്ടം. സ്പീക്കറുടെ അനുമതിയോടെ ഈ ചട്ടപ്രകാരം മന്ത്രിമാർ സംസാരിക്കുമ്പോൾ ‘പോയന്റ് ഓഫ് ഓർഡർ’ ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങൾക്ക് തടസ്സവാദമുന്നയിക്കാനാവില്ല. പൊതുവിൽ, ഇത്തരം സന്ദർഭങ്ങളിൽ ബജറ്റ് പ്രസംഗത്തിലെന്നപോലെ, സഭാനടപടികളോട് പൂർണമായും സഹകരിച്ച്​ ചോദ്യങ്ങളുന്നയിക്കാതെയും മറ്റും പ്രസ്താവന പൂർണമായും ശ്രവിക്കുകയും പിന്നീട് ലഭിക്കുന്ന അവസരങ്ങളിൽ പ്രതികരിക്കുകയുമാണ് കീഴ്വഴക്കം. അപൂർവമായി മാത്രമേ, നമ്മുടെ മന്ത്രിമാർ ഈ ചട്ടം ഉപയോഗിക്കാറുമുള്ളൂ​; രണ്ടാം കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനും നിപ ബാധയുണ്ടായപ്പോൾ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിക്കാനുമൊക്കെയായി നിലവിലെ സർക്കാർ ഈ ചട്ടം പ്രയോഗിച്ചത് നാലോ അഞ്ചോ തവണ മാത്രം. എന്നാൽ, വ്യാഴാഴ്ച സമാപിച്ച പതിനഞ്ചാം കേരള നിയമസഭയുടെ 11ാം സമ്മേളന കാലയളവിൽ മാ​ത്രം രണ്ടു തവണ ചട്ടം 300 പ്രകാരം മന്ത്രിമാർ സഭയിൽ പ്രസംഗിച്ചു. സഭാ സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്നാൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സാമൂഹിക ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാരുടെ ഡി.എ എന്നിവയിലെ കുടിശ്ശിക സംബന്ധിച്ചും മുഖ്യമ​ന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗമാണ് അതിലൊന്ന്. തൊട്ടടുത്തദിവസം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി മലപ്പുറം, കാസർകോട് ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിച്ചുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനമായിരുന്നു മറ്റൊന്ന്. കേരളത്തിന്റെ സഭാ ചരിത്രത്തിൽതന്നെ അത്യപൂർവമായ ഈ നടപടി എന്തുകൊണ്ടും വിശകലനമർഹിക്കുന്നുണ്ട്.

കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്റെ രാഷ്ട്രീയവും ഭരണപരവുമായ ചില തിരുത്തുകളാണ് ഈ രണ്ട് പ്രസ്താവനകളിലും പൊതുവായി കാണാവുന്ന ഘടകം. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വൻ തിരിച്ചടിക്കുശേഷം, പ്രധാന ഭരണകക്ഷിയായ സി.പി.എമ്മും ഇടതുമുന്നണിയും വിവിധ തലങ്ങളിൽ നടത്തിയ വിലയിരുത്തലുകളുടെയും പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾ​പ്പെടെയുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകളുടെയും തുടർച്ചയായും ഈ പ്രസംഗങ്ങളെ വിലയിരുത്താം. ബിനോയ് വിശ്വം, എം.എ. ബേബി തുടങ്ങിയ ഇടതുനേതാക്കൾ ഭരണപരാജയത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളും ഇതിന് പ്രേരകമായിട്ടുണ്ടെന്ന് കരുതാം. കൊട്ടിഗ്ഘോഷിക്കപ്പെട്ട് നടപ്പാക്കിയ പല പദ്ധതികളും പൂർണാർഥത്തിൽ യാഥാർഥ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനമാണ് ഇവരൊക്കെ ഉയർത്തിക്കാട്ടിയത്. വിവിധ സാമൂഹിക സുരക്ഷ പെൻഷനുകൾ വർധിപ്പിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്ത ഒന്നാം പിണറായി സർക്കാറിന് ജനം രണ്ടാമൂഴം നൽകിയപ്പോൾ സ്ഥിതിയാകെ മാറി; ഇപ്പോൾ അഞ്ചും ആറും മാസം കുടിശ്ശികയിലാണ് ക്ഷേമ പെൻഷനുകൾ. സംസ്ഥാന സർക്കാർ ജീവനക്കാർക്കുമുണ്ട് ആറ് ഗഡു ഡി.എ/ ഡി.ആർ കുടിശ്ശിക. വിലക്കയറ്റം രൂക്ഷമായപ്പോൾ, പൊതുവിപണിയിൽ ഇടപെടാനായില്ലെന്ന് മാത്രമല്ല, സപ്ലൈകോയെ കൂടുതൽ ​പ്രതിസന്ധിയിലാക്കുംവിധം പ്രവർത്തിച്ച് കാര്യങ്ങൾ സങ്കീർണമാക്കുകയും ചെയ്തു. ഇതിനുപുറമെ, വിവിധ നിർമാണ കരാറുകാർക്കും നൽകാനുണ്ട് കോടികൾ. ഇതെല്ലാം കൂടിയായപ്പോൾ ഭരണവിരുദ്ധ വികാരം കടുത്തു, തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളിൽ നയവും സമീപനവും മാറേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ കാരണങ്ങളിൽതന്നെ തിരുത്തു വരുത്തുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചത്. ക്ഷേമപെൻഷൻ അടക്കം എല്ലാ കുടിശ്ശികകളും അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ തീർത്ത് നൽകുമെന്നാണ് അരമണിക്കൂറിലധികം നീണ്ട പ്രസംഗത്തിന്റെ പൊരുൾ. മന്ത്രി ശിവൻകുട്ടിയുടെ പ്രസംഗവും ഇതി​ന്റെ തുടർച്ചയാണ്. കഴിഞ്ഞ 20 വർഷത്തിലേറെയായി, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിയമസഭയിലും പുറത്തും ചർച്ചയാണ്. ഇക്കാലയളവിലെല്ലാം അതിന്റെ പേരിൽ വലിയ സമരങ്ങൾക്ക് സംസ്ഥാനം സാക്ഷ്യംവഹിച്ചു. ഈ സമരങ്ങളോ​​ടെല്ലാം നിഷേധാത്മക നിലപാട് സ്വീകരിച്ചവരാണ് ഇവിടത്തെ സർക്കാറുകൾ. ഇക്കുറിയും അതാവർത്തിച്ചു; മലബാറിൽ സീറ്റ് പ്രതിസന്ധിയില്ലെന്നാണ് പത്താം ക്ലാസ് ഫലം വന്നപ്പോൾ മന്ത്രിതന്നെയും പറഞ്ഞത്. സമരങ്ങളെ രാഷ്ട്രീയപ്രേരിത​​മെന്ന് വിശേഷിപ്പിച്ച് തള്ളുകയും ചെയ്തു. എന്നാൽ, സ്വന്തം വിദ്യാർഥി സംഘടനകളെയടക്കം സമരത്തിന്​ നിർബന്ധിതരാക്കും വിധം ജനകീയരോഷം ഉയർന്നപ്പോൾ മന്ത്രിക്കും സർക്കാറിനും വികലമായ സമീപനം തിരുത്തുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല.

ഈ തിരുത്തുകൾ സ്വാഗതാർഹമാണ്. അതേസമയം, തിരുത്ത്​ എങ്ങനെ പ്രയോഗത്തിൽവരുത്തു​ം എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു. 60 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ നിരക്കിൽ അഞ്ച് ഗഡുവാണ് ക്ഷേമപെൻഷൻ ഇനത്തിൽ മാത്രം നൽകാനുള്ളത്; 4200 കോടി രൂപ ഇതിനായി എവിടെനിന്ന് കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. മറ്റു കുടിശ്ശികകൾക്കുള്ള പണം എങ്ങനെ സ്വരൂപിക്കുമെന്നതിനും കൃത്യമായ ഉത്തരമില്ല. മൊത്തം കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ഏൽപിച്ചുവെന്ന ഒഴുക്കൻ മറുപടിയിലൊതുങ്ങുന്നു സർവ വിശദീകരണങ്ങളും. അതേസമയം, തൊട്ടടുത്ത ദിവസം വിവിധ വകുപ്പുകളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് ചെലവ് ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. അഥവാ, ആസൂത്രണം ചെയ്തതും നടപ്പാക്കിത്തുടങ്ങിയതുമായ പദ്ധതികൾ വെട്ടിയൊതുക്കുകയാണ് നികുതിയിതര വരുമാനം വർധിപ്പിക്കാനുള്ള മാർഗമായി സർക്കാർ കാണുന്നത്. ഇതുകൊണ്ട് എന്തുകാര്യം? സമാനമാണ് പ്ലസ് വൺ ബാച്ച് വർധിപ്പിക്കാനുള്ള തീരുമാനവും. മലബാറിൽ അനുവദിച്ചിട്ടുള്ള 138 ബാച്ചുകളിൽ ഒരെണ്ണം മാത്രമാണ് സയൻസിനുള്ളത്! മാത്രവുമല്ല, ഇപ്പോഴും കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സീറ്റില്ലാ പ്രശ്നം തുടരുകയും ചെയ്യുന്നു. അപ്പോൾ, എന്തൊക്കെയോ ചെയ്തുവെന്ന് കാണിക്കാനും നിലനിൽക്കുന്ന പ്രതിഷേധങ്ങളെ താൽക്കാലികമായി ശമിപ്പിക്കാനുമുള്ള തന്ത്രമായിരുന്നോ ഈ പ്രഖ്യാപനങ്ങളെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഈ തൊലിപ്പുറ ചികിത്സക്കുശേഷവും അതിജീവനത്തിനായുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് ഭരണപക്ഷം ഓർത്താൽ നന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam editorial
News Summary - Madhyamam editorial 2024 July 13
Next Story