Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജോയിമാരുടെ...

ജോയിമാരുടെ അവസാനിക്കാത്ത രക്തസാക്ഷിത്വങ്ങൾ

text_fields
bookmark_border
ജോയിമാരുടെ അവസാനിക്കാത്ത രക്തസാക്ഷിത്വങ്ങൾ
cancel


തലസ്ഥാന നഗരമധ്യത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനിറങ്ങി ജീവൻ നഷ്ടപ്പെട്ട മാലിന്യ നിർമാർജനത്തൊഴിലാളി ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നു; വീട് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. ഇതോടെ, വിഷയം അവസാനിച്ചോ? ജോയിയെപ്പോലെ മറ്റൊരു ജീവൻ സംസ്ഥാനത്തെ മലക്കുഴികളിലും മാലിന്യപ്പുഴകളിലും ശ്വാസം മുട്ടി ഒടുങ്ങാതിരിക്കാൻ എന്തുറപ്പും മുൻകരുതലുമാണ് അധികാരികൾ മുന്നോട്ടുവെച്ചിട്ടുള്ളത്? അതെല്ലാം ഇനി അടുത്ത ദുരന്തം നടക്കുമ്പോൾ ചർച്ച ചെയ്യാമെന്നാണോ?

ഏകദേശം ഒമ്പതുവർഷം മുമ്പ് 2015 നവംബറിലാണ് കോഴിക്കോട് ആൾനൂഴി (Manhole) യിൽ മാലിന്യം നീക്കാനിറങ്ങി ശ്വാസം മുട്ടി മുങ്ങിത്താഴ്ന്ന ആ​ന്ധ്ര സ്വദേശികളായ ഭാസ്കര, നരസിംഹ എന്നീ ശുചീകരണത്തൊഴിലാളികളും അവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ​ഡ്രൈവർ പി. നൗഷാദും രക്തസാക്ഷികളായത്. ഇപ്പോൾ നടന്നതിന് സമാനമായ ഏറെ ചർച്ചകൾ അന്നുമുണ്ടായി. സ്വയം വിമർശനങ്ങൾ, കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾ, മാലിന്യ നിർമാർജനത്തൊഴിലാളികൾക്ക് ജീവൻ രക്ഷാ വാഗ്ദാനങ്ങൾ, നൂതന യ​​​ന്ത്രസാമഗ്രികൾ ഉപയോഗിക്കാനുള്ള നിർദേശം, നഷ്ടപരിഹാരം... അങ്ങനെ പലതും. എന്നാൽ, അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരള പട്ടണങ്ങളിലെ ഓരോ ഓടയും കൂടുതൽ കൂടുതൽ മാലിന്യവാഹിനികളായി തുടർന്നു, കുന്നുകൂടിയ മാലിന്യങ്ങൾ വന്നുനിറഞ്ഞ തോടുകളിലും കനാലുകളിലും ഒരു യന്ത്രസാമഗ്രിയും സുരക്ഷാ സൗകര്യങ്ങളുമില്ലാതെ പാവം കരാർ തൊഴിലാളികൾ മുങ്ങിയിറങ്ങി തടസ്സങ്ങൾ നീക്കി നമ്മെ ചീഞ്ഞുനാറ്റങ്ങളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും രക്ഷിച്ചു. അധികാരികളുടെ സമീപനത്തിലോ, സമൂഹ മനസ്സിലോ, തൊഴിലാളികളുടെ സാഹചര്യങ്ങളിലോ എന്തെങ്കിലും മാറ്റമുണ്ടായോ എന്നു ചോദിച്ചാൽ നിരാശയാണ് ഉത്തരം. സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാനിറങ്ങി ദുരന്തത്തിൽപെട്ടവരെക്കുറിച്ചുള്ള വാർത്തകൾ പ്രാദേശിക പേജുകളിലൊതുങ്ങിയതിനാൽ ചർച്ച പോലുമായില്ല.

നമ്മുടെ സംസ്ഥാനത്തെ മാലിന്യവാഹികളായ​ തോടുകളും കനാലുകളും മാലിന്യക്കുളങ്ങളുമെല്ലാം ഇറങ്ങി വൃത്തിയാക്കുന്നത് ജോയിയെ പോലുള്ള മനുഷ്യരാണ്. അവരാരും ജീവനു തന്നെ ഭീഷണിയായ, തുച്ഛമായ വേതനം ലഭിക്കുന്ന ഈ ജോലി ചെയ്യാൻ ഇഷ്ടപ്പെട്ട് ഇറങ്ങുന്നവരല്ല, ജീവിക്കാൻ മറ്റു മാർഗങ്ങളേതുമില്ലാത്തതിനാൽ ഗതികേടുകൊണ്ട് ആ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതാണ്. ഇതുപോലുള്ള ദുരന്തങ്ങളിൽ മരിക്കുമ്പോഴല്ലാതെ അവരെങ്ങനെ ജീവിക്കുന്നു എന്നു പോലും നമ്മളാരും ചിന്തിക്കു​ന്നേയില്ല. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ‘ഹരിത കേരളം’ പദ്ധതിക്കുവേണ്ടി 50 രൂപ യൂസർഫീ നൽകുന്നതിനെച്ചൊല്ലി വലിയ പൊല്ലാപ്പും വാഗ്വാദവും നടത്തുന്ന ആരും തന്നെ, അവരുടെ ജീവൻ പ്രശ്നങ്ങളും ചെയ്യുന്ന ജോലിയുടെ അപകടാവസ്ഥയും മാനിക്കുന്നതു പോലുമില്ല.

ഒരാഴ്ച മുമ്പ് കൊച്ചിയിൽ നിർമിതബുദ്ധി വിവിധ മേഖലകളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് വമ്പൻ കോ​ൺക്ലേവ് സംഘടിപ്പിക്കപ്പെട്ടിരുന്നു. മന്ത്രി പ്രമുഖരും ​വ്യവസായ-ഐ.ടി മേഖലകളിലെ ഉന്നതരും അണിനിരന്ന കോൺ​ക്ലേവ് വേദിയിൽ നിർമിതബുദ്ധി സാ​ങ്കേതികവിദ്യ ഉൽപാദന-സർവിസ് മേഖലകളിലും ഉപയോഗിക്കുന്നത് സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളുമുണ്ടായി. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവകലാശാല സ്ഥാപിച്ചതും കേരളമാണ്. സാ​ങ്കേതികവിദ്യ ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച് മുന്നോട്ടുപോവുന്നതിന്റെ സുപ്രധാനമായ രണ്ട് ഉദാഹരണങ്ങളാണിവ. ഇങ്ങനെ അതിനൂതനമായ പാതയിലൂടെ മുന്നേറുമ്പോഴും മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ മാത്രം പഴഞ്ചൻ രീതി തുടരണമെന്നത് ആരുടെ ശാഠ്യമാണ്?. ‘ആൾനൂഴികൾ വൃത്തിയാക്കുന്നതിന് ‘ബണ്ടിക്കൂട്ട്’ റോബോട്ട് തയാറാക്കി അവശ വിഭാഗത്തോടുള്ള അനുകമ്പ വ്യക്തമാക്കി’’ എന്നത് ഒന്നാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷിക മേനി പറച്ചിലായിരുന്നു. പിന്നെയെന്താണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവശസമൂഹങ്ങളിൽ നിന്നുള്ള തൊഴിലാളികളെ മാലിന്യക്കുഴികളിലേക്കും മരണത്തിലേക്കും തള്ളിവിടുന്നു? വ്യവസായ-സാംസ്കാരിക പ്രമുഖർ വന്ന് കൈയടിക്കുന്ന ​ഐ.ടി മേളകളിൽ പ്രദർശന വസ്തുവാക്കി വെക്കാനുള്ളതാണോ ഈ സംവിധാനങ്ങൾ? യന്ത്രസംവിധാനങ്ങ​േളക്കാൾ വിലകുറഞ്ഞതാണ് ശുചീകരണത്തൊഴിലാളിയുടെ ജീവൻ എന്ന ജാതി-മുതലാളിത്ത ചിന്ത കൈവിടാതെ ഇതിനൊരു മാറ്റം പ്രതീക്ഷിക്കാനാവില്ല.

ഈ വിഷയത്തിൽ സർക്കാറിനെ മാത്രം പഴിപറഞ്ഞ് ഒഴിഞ്ഞുനിൽക്കാൻ ഒരു മലയാളിക്കുമാവില്ല. ഉത്തരവാദിത്ത പൂർണമായ മാലിന്യ സംസ്കരണം എന്ന അടിസ്ഥാന നാഗരികമൂല്യത്തിന്റെ കാര്യത്തിൽ കേരളീയ സമൂഹം ഏറെ പിന്നിലാണ്. പൊതുസ്ഥലത്ത് തുപ്പിയാലും മാലിന്യമിട്ടാലും പിഴ നൽകേണ്ടിവരുന്ന രാജ്യങ്ങളിൽ ചെല്ലുമ്പോൾ നിയമം പാലിച്ച് നടക്കുന്ന നമുക്ക് സ്വന്തം നാട്ടിലെ റോഡും തോടും കനാലും പൊതുകുളങ്ങളുമെല്ലാം മാലിന്യം നിക്ഷേപിക്കാനുള്ള ഇടങ്ങൾ മാത്രമാണ്. സമീപകാലത്ത് കേരളത്തിൽ വീണ്ടും തലപൊക്കുന്ന ജലജന്യ രോഗങ്ങളിലും പകർച്ച വ്യാധികളിലും ഈ മാലിന്യ നിക്ഷേപങ്ങൾക്ക് വലിയ പങ്കുണ്ട്. സ്വന്തം മാലിന്യം മറ്റുള്ളവരുടെ ഉത്തരവാദിത്തം എന്നതാണ് നമ്മുടെ പൊതുസമീപനം. അതു മാറേണ്ടതുണ്ട്. നിരോധിത പ്ലാസ്റ്റിക് കാരിബാ​ഗുകളും ഉൽപന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത് സ്വാഗതാർഹമാണ്. പക്ഷേ, അതിലൊതുങ്ങരുത്. ജൈവ, അജൈവ മാലിന്യ സംസ്കരണത്തിലും ഉറവിട മാലിന്യ സംസ്കരണത്തിലും തികഞ്ഞ ശ്രദ്ധയും ബോധവത്കരണവും കൂടിയേ തീരൂ. ഇനിയുമൊരു ശുചീകരണത്തൊഴിലാളി ജോലി ചെയ്യുന്നതിനിടെ മരിച്ചാൽ അതിനെ കൊലപാതകമെന്നേ വിളിക്കാനാവൂ. ആ പാപകർമത്തിന്റെ കൂട്ടുത്തരവാദിത്തത്തിൽ നിന്ന് ഒരു മലയാളിക്കുപോലും മാറിനിൽക്കാനുമാവില്ല എന്നോർമിപ്പിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 July 19
Next Story