ഇസ്രായേൽ ശത്രുമണ്ഡലം വികസിപ്പിക്കുമ്പോൾ
text_fieldsഇസ്രായേലിന്റെ ഗസ്സ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം അമേരിക്കയുടെ മുൻകൈയിൽ നടന്നുകൊണ്ടിരിക്കെ, ശനിയാഴ്ച ഇസ്രായേൽ അധീനതയിലുള്ള ഗോലാൻ കുന്നുകളിൽ നടന്ന റോക്കറ്റ് ആക്രമണം പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക വർധിപ്പിച്ചിരിക്കുന്നു. ഗോലാനിലെ ദുറൂസ് മുസ്ലിംകൾ താമസിക്കുന്ന മജ്ദുശ്ശംസ് പട്ടണത്തിലെ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ആക്രമണത്തിൽ പന്ത്രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ലബനാനിലെ ഹിസ്ബുല്ലയാണ് ആക്രമണത്തിനുപിന്നിലെന്ന് ആരോപിച്ച ഇസ്രായേൽ ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും തിരിച്ചടി തുടങ്ങുകയും ചെയ്തു. എന്നാൽ, സംഭവത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുല്ല, ഇസ്രായേലിന്റെ പ്രതിരോധകവചമായ അയേൺ ഡോമിന്റെ റോക്കറ്റ് വേധ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് കുറ്റപ്പെടുത്തി. ദൃക്സാക്ഷികളെ ഉദ്ധരിച്ച് ‘അൽഅറബി’ ചാനൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. മേഖലയിലെ സംഘർഷം വ്യാപിപ്പിക്കാനായി ഇസ്രായേൽ കരുതിക്കൂട്ടി ചെയ്ത ഹീനകൃത്യമാണ് ശനിയാഴ്ചയിലെ റോക്കറ്റ് ആക്രമണമെന്ന് സിറിയയും കുറ്റപ്പെടുത്തി. ഇസ്രായേലിനകത്ത് താമസിക്കുന്നവർ എന്ന നിലക്ക് രാജ്യത്തെ ധനമന്ത്രി ലിക്കുഡ് പാർട്ടി അണികളുടെ കൂടെ മജ്ദുശ്ശംസിൽ അനുശോചനമറിയിക്കാനെത്തിയെങ്കിലും പ്രദേശവാസികൾ അവരെ പ്രവേശിക്കാൻ അനുവദിച്ചില്ല. സംഭവത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റരുതെന്ന് ദുറൂസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തിരിച്ചടി ഭീഷണിയുമായി ഇറങ്ങിയ സയണിസ്റ്റ് ഭരണകൂടം അത് അംഗീകരിച്ചിട്ടില്ല എന്നു മാത്രമല്ല, ഈ പേരിൽ ഗസ്സ വെടിനിർത്തൽ റദ്ദുചെയ്യാനും കൂടുതൽ ആക്രമണമുഖം തുറക്കാനുമുള്ള പരിപാടിയുമായി മുന്നോട്ടുപോകുകയാണ്.
1967ലെ ആറുനാൾ യുദ്ധത്തിൽ സിറിയയുടെ അധീനതയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശമാണ് ഗോലാൻ കുന്നുകൾ. ജോർഡൻ, ലബനാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, 500 ചതുരശ്ര മൈൽ വരുന്ന ഈ ഭൂഭാഗം 1981ൽ ഇസ്രായേൽ ഔദ്യോഗികമായി സ്വന്തം രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ഈ ഏകപക്ഷീയ തീരുമാനം പക്ഷേ, അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. ഗോലാൻകുന്നുകൾ അധിനിവിഷ്ട ഭരണപ്രദേശമായാണ് യു.എൻ രക്ഷാസമിതി പരിഗണിക്കുന്നത്. സിറിയ, ഇറാൻ എന്നീ ഭീഷണികളെ നേരിടുന്നതിൽ മർമപ്രധാന ഇടമായാണ് ഗോലാൻകുന്നുകളെ തെൽ അവീവ് കാണുന്നത്. 1967ൽ കുന്നുകൾ പിടിച്ചെടുത്ത ശേഷം വിവിധ ഘട്ടങ്ങളിലായി 30 സെറ്റിൽമെന്റുകൾ സ്ഥാപിച്ച ഇസ്രായേൽ കാൽ ലക്ഷത്തോളം ജൂതരെ അവിടെ കുടിയിരുത്തി. ഇരുപതിനായിത്തോളം വരുന്ന ഇവർക്ക് 1967നു ശേഷം ഇസ്രായേൽ പൗരത്വം ഓഫർ ചെയ്തെങ്കിലും അവർ സ്വീകരിച്ചില്ല. അവർക്ക് താമസം തുടരാനായി ഇസ്രായേൽ റെസിഡൻസി കാർഡുകൾ നൽകി. പിന്നീട്, കോളനി നിർമിച്ച് ജൂതരെ പ്രദേശത്ത് കുടിയിരുത്തി ജനസംഖ്യ നില തന്നെ തെറ്റിച്ചുകളയുകയായിരുന്നു. 2027 പൂർത്തിയാകുന്നതോടെ കോളനികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ഇസ്രായേൽ പരിപാടി. ഇതിനെതിരെ യു.എൻ മനുഷ്യാവകാശ സമിതി ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറിയ, ലബനാൻ എന്നിവിടങ്ങളിലായി താമസിച്ചുവരുന്ന ദുറൂസുകൾ എന്ന പ്രത്യേക അറബിവിഭാഗത്തിനായിരുന്നു ഗോലാനിൽ ഭൂരിപക്ഷം. ന്യൂനപക്ഷമായിത്തീർന്ന ഈ അറബ് ജനത നിരന്തരമായ വിവേചനത്തിന് വിധേയരായിത്തീർന്നത് പിൽക്കാല ചരിത്രം.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തെ തുടർന്ന് ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ലബനാനും ഇസ്രായേലും തമ്മിൽ പലപ്പോഴായി വിവിധ തരത്തിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമുണ്ടായിട്ടുണ്ട്. ഗസ്സയുടെ മേലുള്ള ഇസ്രായേൽ ആക്രമണം നിർത്തുന്നതുവരെ അവർക്കെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുല്ല നയിക്കുന്ന ലബനാന്റെ നിലപാട്. യുദ്ധാന്തരീക്ഷം നിലനിൽക്കുന്നതിനാൽ ലബനാൻ-ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷം പേർ കുടിയൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ കണക്ക്. മേഖലയിലെ സുരക്ഷിതത്വം കണക്കിലെടുത്ത് നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനികനടപടിക്ക് മുതിരുമെന്നാണ് ഇസ്രായേൽ ഭീഷണി. ഹിസ്ബുല്ലയും ലബനാനുമായി ഒരു മുഴുയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേൽ വിദേശമന്ത്രി ഇസ്രായേൽ കാറ്റ്സ് ഞായറാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച ദക്ഷിണ ലബനാനിൽ അവർ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇത് ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കയെയടക്കം വെട്ടിലാക്കിയിരിക്കുന്നു. പ്രതികാരമെന്ന നിലക്ക് ബൈറൂത്തിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള നീക്കം കാര്യങ്ങൾ കൈവിട്ടുപോകാനിടയാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജ്വരത്തിലേക്ക് നീങ്ങുമ്പോൾ പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം അമേരിക്കക്ക് ഏറെ പ്രധാനമാണ്. ഗസ്സ യുദ്ധം തന്നെ തീർക്കാനാവാതെ ഇസ്രായേൽ, പിന്നെയും പിന്നെയും പോർമുഖങ്ങൾ തുറക്കുന്നത് കൈവിട്ട കളിയാണെന്ന് അമേരിക്കയും യൂറോപ്പുമൊക്കെ മനസ്സിലാക്കുന്നുണ്ട്. ലബനാനുപുറമെ, ഹിസ്ബുല്ലക്ക് എല്ലാ പിന്തുണയുമായി ഇറാനുമുണ്ട്. ഏറ്റവുമൊടുവിൽ തുർക്കിയും രംഗത്തുവന്നതോടെ സംഘർഷാവസ്ഥ പ്രവചനാതീത നിലയിലേക്കെത്തുകയാണ്. ഫലസ്തീനികൾക്കെതിരായ ക്രൂരതകൾ ഇനിയും തുടർന്നാൽ തങ്ങൾ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നിലപാട് വ്യക്തമാക്കി. മുമ്പ് ലിബിയയിലും അർമീനിയൻ പ്രതിസന്ധിനാളുകളിൽ നാഗാർണോ കാരബാക്കിലും ഇടപെട്ടതുപോലെ എന്നുകൂടി ഉർദുഗാൻ പറഞ്ഞിട്ടുണ്ട്. രണ്ടിടങ്ങളിലും കൂലിപ്പടയെ ഇറക്കി തുർക്കി ഓപറേഷന് മുതിർന്നിരുന്നു. ആക്രമണം തുടരുകയും കൂടുതൽ പ്രകോപനങ്ങൾ പ്രത്യക്ഷവും പരോക്ഷവുമായി സംഘടിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേൽ ഏതറ്റം വരെ പോകുമെന്നത് അന്താരാഷ്ട്ര സമൂഹവും സംവിധാനങ്ങളും എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.