വീണ്ടെടുക്കണം നീറ്റിന്റെ വിശ്വാസ്യത
text_fieldsരാജ്യത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ദേശീയ യോഗ്യതാ- പ്രവേശന പരീക്ഷയിൽ (നീറ്റ്) ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ ഫലം റദ്ദാക്കാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു. ഇവർക്ക് ജൂൺ 23ന് വീണ്ടും പരീക്ഷ നടത്തും. തയാറാകാത്തവർക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്കോർ നൽകും. പരീക്ഷയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളെ തുടർന്നാണീ നടപടി. ‘നീറ്റ്’ നടത്തിപ്പിനെക്കുറിച്ച് ഉയർന്ന സംശയങ്ങളും വിവാദങ്ങളും പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ ചൂണ്ടിക്കാട്ടിയത്. ഇടപെടലുകൾക്ക് അതീതമല്ല പരീക്ഷയെന്നും, വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി അനിവാര്യമാണെന്നും അഭിപ്രായപ്പെട്ട സുപ്രീംകോടതി ഏജൻസിയോട് വിശദീകരണവും തേടിയിരുന്നു.
രാജ്യത്തെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ് സി തുടങ്ങിയ കോഴ്സുകളിലെ പ്രവേശനത്തിൽ തിരിമറിയും മാർക്ക് തിരുത്തലും വ്യാപകമായൊരു പശ്ചാത്തലത്തിലാണ് ആദ്യം സി.ബി.എസ്.ഇയുടെ കീഴിലും 2019 മുതൽ എൻ.ടി.എയുടെ കീഴിലും അഖിലേന്ത്യാതല പ്രവേശന പരീക്ഷ ഏർപ്പെടുത്തിയത്. എന്നാൽ, ഈ പരീക്ഷയുടെ നടത്തിപ്പ് തുടക്കം മുതൽ സംശയനിഴലിലാണ്. അനുബന്ധമായി ചോദ്യചോർച്ച, ആൾമാറാട്ടം, നഗര ഗ്രാമീണ അസന്തുലിതത്വം തുടങ്ങിയ പ്രശ്നങ്ങളും. എന്നാൽ, പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് ഇത്രയേറെ സംശയങ്ങൾ ഉയർന്നതും ഇതുസംബന്ധിച്ച് കോടതികളിൽ നിരവധി ഹരജികളെത്തുന്നതും ഇതാദ്യമാണ്. ഈ വർഷം നീറ്റ് പരീക്ഷ നടന്ന മേയ് അഞ്ചുമുതൽ തന്നെ വിവാദങ്ങളും ഉയർന്നിരുന്നു. 23.33 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഫലം വന്നതോടെ വിവാദം രൂക്ഷമാവുകയും വിദ്യാർഥികളും സ്ഥാപനങ്ങളും കോടതികളെ സമീപിക്കുകയുമായിരുന്നു.
ഹരിയാനയിലെ ഒരേ സെന്ററിൽ അടുത്തടുത്തിരുന്ന് പരീക്ഷയെഴുതിയ ആറു വിദ്യാർഥികൾ ഉൾപ്പെടെ 67 പേർക്ക് ഇത്തവണ മുഴുവൻ മാർക്കും ലഭിച്ചു. ഒരു ചോദ്യത്തിന് നാലുമാർക്ക്, തെറ്റിയാൽ ഒരു മാർക്ക് നഷ്ടം എന്നിങ്ങനെ നടത്തുന്ന മൂല്യനിർണയത്തിൽ ഒരിക്കലും സാധ്യതയില്ലാത്ത 718, 719 എന്നീ മാർക്ക് ലഭിച്ച വിചിത്രസംഭവവുമുണ്ടായി. ഗ്രേസ് മാർക്ക് നൽകിയതു മൂലമാണിതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഏതാനും സെന്ററുകളിൽ പരീക്ഷ തുടങ്ങാൻ വൈകിയതാണ് ഉദാരമായ ഗ്രേസ് മാർക്ക് ദാനത്തിന് കാരണമായി പറഞ്ഞത്.
കൂടുതൽ യോഗ്യരായവരെ കണ്ടെത്താനായി നടത്തുന്ന ‘നീറ്റ്’ പോലൊരു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നത് കടുത്ത അനീതിയാണ്. ഒരു മാർക്ക് ഗ്രേസ് ആയി നൽകിയാൽപ്പോലും റാങ്കിൽ വരുന്ന വ്യത്യാസം പതിനായിരക്കണക്കിനാണ്. തന്നെയുമല്ല, ഇതിൽ സ്വജന പക്ഷപാതവും സ്വാധീനവുമൊക്കെ സ്വാഭാവികമായും വന്നുചേരും. പരീക്ഷ എഴുതാൻ കഴിയാത്തവരുണ്ടെങ്കിൽ അവർക്ക് പുനഃപരീക്ഷ എന്ന തീരുമാനത്തിലേക്ക് വരാൻ വൈകേണ്ടതുമില്ലായിരുന്നു. കോവിഡ് കാലത്ത് അങ്ങനെ നടന്നിട്ടുമുണ്ട്.
നിലവിൽ നടക്കുന്ന പരീക്ഷ അശാസ്ത്രീയമാണെന്നും അത് സമൂഹത്തിലെ ഉന്നത കുലജാതർക്കും നഗരങ്ങളിലെ സമ്പന്നർക്കും മറ്റും ഗുണകരമാവുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നതെന്നുമുള്ള ആക്ഷേപം ശക്തമാണ്. ഒന്നിലധികം തവണ പരീക്ഷ പരിശീലനം നേടി എഴുതുന്നവരാണ് അധികവും മുന്നിലെത്തുന്നത്. അത്തരം സൗകര്യങ്ങൾ ഗ്രാമീണ മേഖലകളിലും ദരിദ്ര-പിന്നാക്ക വിഭാഗങ്ങളിലുമുള്ളവർക്ക് എത്തിപ്പിടിക്കാവുന്നതിലും എത്രയോ അകലെയാണ്. ഇത്തരം അഭിപ്രായങ്ങൾ മുമ്പും ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവ ശക്തിപ്പെട്ടിരിക്കുന്നു. തമിഴ്നാട് സർക്കാർ വർഷങ്ങളായി നീറ്റിനെതിരായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. അവിടത്തെ വിദ്യാർഥികളെ നീറ്റിൽനിന്ന് ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിയമസഭ ബില്ല് പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്നത് എന്നതിലുപരി സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷാ മേഖലയിലേക്കുള്ള പ്രവേശന പരീക്ഷ എന്ന പ്രാധാന്യവും ‘നീറ്റി’നുണ്ട്. അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കപ്പെടാതെ പോകുന്നത് ഒട്ടും ആശാസ്യമല്ല. അതുവഴി തകർന്നടിയുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വിശ്വാസവും അന്തഃസത്തയും കൂടിയാണ്. യോഗ്യരല്ലാത്തവർ ആരോഗ്യശൃംഖലയുടെ ഭാഗമാകുന്നത് സമൂഹത്തെയാകെ ആശങ്കപ്പെടുത്തുന്നതുമാണ്. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യമുയർത്തിയ വിദ്യാർഥികളോട് അത് ചെയ്യാത്തതിന് കാരണമായി സുപ്രീംകോടതി പറഞ്ഞത്, കടുത്ത നടപടി തുടർ പ്രക്രിയകളെ ബാധിക്കും എന്നാണ്. എന്നാൽ, ഗ്രേസ് മാർക്ക് റദ്ദാക്കാൻ തയാറാവുകയും ചെയ്തു. എവിടെയോ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതിക്കും ബോധ്യമായി എന്നുവേണം ഇതിൽനിന്ന് അനുമാനിക്കാൻ. അതിനാൽ പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താനും ഇപ്പോഴത്തെ സമ്പ്രദായത്തിലെ പോരായ്മകൾ തിരുത്താനുമാവശ്യമായ യുക്തിസഹമായ അടിയന്തര നിർദേശങ്ങളും പരമോന്നത കോടതിയിൽനിന്ന് ഉണ്ടാവേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.