Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘കോളനി’...

‘കോളനി’ പടിക്കുപുറത്ത്, സവർണബോധമോ?

text_fields
bookmark_border
‘കോളനി’ പടിക്കുപുറത്ത്, സവർണബോധമോ?
cancel


കേരളത്തിൽനിന്നുള്ള ഏക സി.പി.എം പ്രതിനിധിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ പട്ടികജാതി, വർഗ വികസന മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞ ദിവസം പടിയിറങ്ങിയത് ശ്രദ്ധേയമായ ഒരു ഉത്തരവ് ഒപ്പിട്ടുകൊണ്ടാണ്. സംസ്ഥാനത്ത് ആദിവാസി, പട്ടികജാതി-വർഗ വിഭാഗങ്ങളുടെ താമസകേന്ദ്രങ്ങളെ കോളനി, ഊര്, സങ്കേതം എന്നിങ്ങനെ വിളിക്കുന്നത് അവസാനിപ്പിക്കാനും പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയതോ പ്രാദേശികമായി അനുയോജ്യമെന്ന് കരുതുന്നതോ ആയ പേരുകൾ നൽകാനും ആവശ്യപ്പെടുന്നതാണ് ആ ഉത്തരവ്. കോളനി എന്ന അഭിസംബോധന അടിമത്തത്തെ സൂചിപ്പിക്കുന്നുവെന്നും താമസക്കാരിൽ അപകർഷബോധം സൃഷ്ടിക്കാൻ അത്​ ഇടവരുത്തുന്നുണ്ടെന്നും തുറന്നുപറഞ്ഞ അദ്ദേഹം മേലാളരുണ്ടാക്കിയ ഒരു സാംസ്കാരികപ്രശ്നം ഇത്തരം പേരുകളിൽ ഉള്ളടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക അന്തസ്സ് ഉയർത്താനും സാമൂഹികബോധത്തെ കൂടുതൽ ജനാധിപത്യവത്കരിക്കാനുമുള്ള സംസ്ഥാന സർക്കാറിന്‍റെ സുചിന്തിത കാഴ്ചപ്പാടാണ് ഈ തീരുമാനത്തിന്‍റെ പ്രചോദനമായി ഇടതുപക്ഷം വിശദീകരിക്കുന്നത്.

പുരാതന റോമിൽ ജനങ്ങൾ പുതുതായി താമസമുറപ്പിക്കുന്ന കേന്ദ്രങ്ങളെ വിളിക്കാനുപയോഗിച്ച കോളനി എന്ന പദം ആധുനികതയുടെ ആദ്യകാലം മുതൽ യൂറോപ്യൻ അധിനിവിഷ്ട പ്രദേശങ്ങളുടെ വിളിപ്പേരുകളായി. പിന്നീടത് കോളനിവത്കരണമെന്ന വളരെ ആശയവൈപുല്യമുള്ള രാഷ്ട്രീയവും വൈജ്ഞാനികവുമായ സംജ്ഞയായും പരിണമിച്ചു. ഇന്ന് അധിനിവേശവിരുദ്ധ അന്വേഷണത്തിലെ ഏറ്റവും പ്രധാന പഠനമേഖലയാണ് അപകോളനിവത്കരണമെന്നത്. കോളനി എന്ന വാക്കിന്‍റെ ഉത്ഭവവും പരിണാമവും അർഥവിപര്യയവും പരിശോധിച്ചാൽ മതിയാകും വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലും ഒരു ബോധനിർമിതി കൂടി സംഭവിക്കുന്നുണ്ട് എന്ന് ബോധ്യമാകാൻ. അതുകൊണ്ട് ഭാഷ ഒരു സാംസ്കാരിക ഉൽപന്നം മാത്രമല്ല, ആധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഒരുപോലെ ഊർജമാകുന്ന രാഷ്ട്രീയ ഉൽപന്നം കൂടിയാണ്. ഈ തിരിച്ചറിവിൽ കോളനി എന്ന വാക്കിനെ പടിക്കു പുറത്താക്കാൻ തീരുമാനിച്ചത് ശരിയാകുമ്പോൾ അതിലേക്ക് ചേർത്തുപറയാൻ പാടില്ലാത്തതായിരുന്നു ഊര് എന്ന വാക്ക്. സർക്കാറിന്‍റെ ഉദ്ദേശ്യശുദ്ധി കളങ്കരഹിതമാണെങ്കിലും, ഒരു ജനത അവരുടെ പാർപ്പുസ്ഥലങ്ങളെ ജൈവികമായി വിളിച്ചിരുന്ന പദം അപകർഷതയുടെ, ഒഴിവാക്കപ്പെടേണ്ട പദാവലികളിലേക്ക് കണ്ണിചേർക്കപ്പെടുന്നതിലൂടെ ‘പൊതുബോധം നിർമിക്കുന്ന വ്യവഹാര ഭാഷാ പ്രയോഗങ്ങൾ പലതും വ്യക്തികൾക്കും കീഴാള, മർദിത സമൂഹങ്ങൾക്കും മേലുള്ള അക്രമമായി മാറുന്നു’ എന്ന പരികൽപന യാഥാർഥ്യമായി പുലരുകയാണ്. സ്വാഭാവികമായി അത്​ ഉപയോഗിക്കുന്ന സമൂഹങ്ങളിലെ പുതുതലമുറകളെ അപകർഷതയുടെ പടുകുഴിയിലാഴ്ത്താൻ അത് ഇടവരുത്തുകയും ചെയ്യും. സവർണബോധത്തെ ഊരിക്കളയാതെ നടത്തുന്ന വാചകക്കസർത്തുകൾ ഒരു നവോത്ഥാനവും സൃഷ്ടിക്കുകയില്ല.

സാമൂഹിക ഉച്ചനീചത്വങ്ങളെ പ്രകടമാക്കുന്നതും ജാതിബന്ധങ്ങളിലെ സവർണതയെ ആഘോഷമാക്കുന്നതുമായ ശൈലികൾകൊണ്ടും പ്രയോഗങ്ങൾകൊണ്ടും സമ്പന്നമാണ് മലയാളം. നാം ഉപയോഗിക്കുന്ന തെറിപ്പദങ്ങളാകട്ടെ, തമാശകളാകട്ടെ, കീഴാള - സ്ത്രീവിരുദ്ധവും. ചരിത്രപരമായും സാംസ്കാരികമായും ഉരുവപ്പെട്ട പദങ്ങളും പ്രയോഗങ്ങളും നിരന്തരം പുനഃപരിശോധിക്കുകയും വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന സമൂഹത്തിനു മാത്രമാണ് സമത്വം സൃഷ്ടിക്കാനും വ്യത്യസ്ത ജനതകളെ തുല്യതയിലേക്ക് ഉയർത്താനുമുള്ള നവീകരണ ഉപകരണമായി ഭാഷയെ പരിവർത്തിപ്പിക്കാനാകുക. മറ്റൊരർഥത്തിൽ, പൊതുബോധത്തെ നിർണയിക്കുകയും നയിക്കുകയും സജീവമാക്കുകയും ചെയ്യുന്ന ഭാഷയുടെ സാമൂഹികവും ജാതീയവുമായ പരിണാമങ്ങളെ കുറിച്ച സംവാദങ്ങളായും അവ എങ്ങനെ ജനാധിപത്യപരമാക്കാമെന്ന അന്വേഷണങ്ങളായും മന്ത്രിയുടെ ഉത്തരവും നിലപാടും വികസിക്കേണ്ടതുണ്ട്. ഭാഷയിൽ അടങ്ങിയിരിക്കുന്ന ഹിംസാത്മക പ്രയോഗങ്ങൾ സമുദായങ്ങളുടെ മാനസിക ഘടനകളിൽ പിളർപ്പുകൾക്ക് നിമിത്തമാകുന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാനും അവ പൊളിച്ചെഴുതുന്നതിന് കരുത്തു നൽകാനും സാധ്യമാക്കുമെങ്കിൽ ജനാധിപത്യ കേരളത്തിന് നവോന്മേഷം നൽകാൻ പ്രാപ്തിയുണ്ട് ഈ ഉത്തരവിന്.

1920ൽ ദി​വാ​ൻ സ​ർ ടി. ​വി​ജ​യ​രാ​ഘ​വാ​ചാ​ര്യ​യു​ടെ കാ​ലത്ത് ചാ​ല​ക്കു​ടി​യി​ൽ സ്ഥാപിതമായ ‘പു​ല​യ​കോ​ള​നി’യിൽ നിന്നാരംഭിക്കുന്നു കേരളത്തിലെ പട്ടിക ജാതി-വർഗ സമൂഹങ്ങളുടെ ‘കോളനിവത്കൃത’ ജീവിത ചരിത്രം. ഇന്നത് 12000ത്തിലധികം വരുന്ന സങ്കേതങ്ങളും കോളനികളുമായി ‘വളർന്നിരിക്കുന്നു’. കോളനി എന്ന പദത്തെ നിരോധിച്ചതുകൊണ്ടോ പുനർനാമകരണം ചെയ്തതുകൊണ്ടോ മാത്രം സാമൂഹിക അന്തസ്സ് ഉയർത്തപ്പെടുകയില്ലെന്ന് എല്ലാവർക്കുമറിയാം. മനുഷ്യരുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രയോഗങ്ങളും പദങ്ങളും ഒഴിവാക്കപ്പെടുകയും ഔദ്യോഗിക ഉപയോഗങ്ങളിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് ഏറെ ശ്ലാഘനീയം തന്നെയാണ്. എന്നാൽ അന്തസ്സിന്‍റെ അടിപ്പടവ് നിൽക്കുന്നത് ഭൂമിയുടെ ഉടമസ്ഥതയിലും അഭിമാനത്തോടെ സുഹൃത്തുക്കളെ ക്ഷണിക്കാൻ കഴിയുന്ന വീടുണ്ടാകുന്നതിലുമാണ്. ഭൂപരിഷ്കരണത്തിനും 1970ൽ തുടങ്ങിയ പട്ടയമേളകൾക്കും വിവിധങ്ങളായ വീടു പദ്ധതികൾക്കും ശേഷം അവരെന്തുകൊണ്ടാണ് ഭൂരഹിതരായി വെയിലത്തും മഴയത്തും നിൽക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന് രാഷ്ട്രീയമായ ശരിയുത്തരം കാണാനാകണം. അല്ലെങ്കിൽ അമ്പത് വർഷത്തിനുശേഷം പുതുതായി നിർദേശിക്കപ്പെട്ട വാക്കുകൾ മറ്റൊരുത്തരവിലൂടെ റദ്ദാക്കേണ്ടിവരും. അമ്പത്കൊല്ലം മുമ്പുവരെ കോളനി എന്നത് അന്തസ്സിന്‍റെ പദമായിരുന്നുവെന്നത് മറക്കാതിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 June 21
Next Story