കാവിയണിഞ്ഞ അഴിമതിപ്പരീക്ഷകൾ
text_fields‘ക്രമക്കേട് നടന്നൊരു പരീക്ഷയിൽ വിജയിച്ച് ഒരാൾ ഡോക്ടറായാൽ അത് സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതിനാൽ, ഇത്തരം പ്രവേശന പരീക്ഷകളിൽ 0.001 ശതമാനമാണ് പിഴവെങ്കിൽപോലും അത് തിരുത്താനുള്ള ജാഗ്രത സർക്കാറിനും പരീക്ഷാ ഏജൻസികൾക്കുമുണ്ട്’ -ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏതാനും രക്ഷിതാക്കൾ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെ ജസ്റ്റിസ് വിക്രംനാഥ് നടത്തിയ പരാമർശമാണിത്. പരീക്ഷ റദ്ദാക്കാൻ തൽക്കാലം കോടതി വിസമ്മതിച്ചുവെങ്കിലും പരീക്ഷ ഏജൻസിയായ എൻ.എ.ടിയുടെ ജാഗ്രതക്കുറവിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. ഈ കേസ് പരിഗണിക്കുമ്പോൾ ചോദ്യപേപ്പർ ചോർച്ച കേവലം ആരോപണം മാത്രമായിരുന്നു; ഏതാനും വിദ്യാർഥികളുടെ ഗ്രേസ് മാർക്കിനെച്ചൊല്ലിയുള്ള തർക്കവിഷയവും. എന്നാലിപ്പോഴത് രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നാണം കെടുത്തുന്നതും ഇക്കാലമത്രയും കേട്ടിട്ടില്ലാത്തതുമായ വലിയൊരു അഴിമതിയായി ദേശീയ പ്രവേശന പരീക്ഷകളും അവയുടെ നടത്തിപ്പും മാറിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനൊപ്പം, ആ സംവിധാനത്തെ മുഴുവനായും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കിയ മോദി ഭരണകൂടം പരീക്ഷാ അഴിമതിയിലൂടെ അരക്കോടിയോളം വരുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയുമാണ് പൊരിവെയിലിൽ നിർത്തിയിരിക്കുന്നത്. 23 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന്റെ മാത്രമല്ല, ഇതിനായി ആസൂത്രിതമായ പല നീക്കങ്ങളും ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്നുവെന്നുകൂടിയാണ് ഇതിനകം അറസ്റ്റിലായ വിദ്യാർഥികളുടെയും ഇടനിലക്കാരുടെയും കുറ്റസമ്മത മൊഴികളിൽനിന്ന് വ്യക്തമാകുന്നത്. ജൂൺ 18ന് നടന്ന കോളജ് അധ്യാപക യോഗ്യത പരീക്ഷയായ ‘നെറ്റ്’ ചോദ്യപേപ്പർ ഡാർക് നെറ്റ് വഴി ചോർന്നുവെന്ന് കണ്ടെത്തിയതിനെതുടർന്ന് കേന്ദ്രം തന്നെ ആ പരീക്ഷ കഴിഞ്ഞദിവസം റദ്ദാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ്, നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നടന്ന പ്രവേശന പരീക്ഷയും (എൻ.സി.ഇ.ടി) ഇതേ കാരണത്താൽ റദ്ദാക്കി. മൂന്ന് പരീക്ഷയുടെയും നടത്തിപ്പുകാർ എൻ.എ.ടി തന്നെ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പൊതുപ്രവേശന പരീക്ഷ നടത്താൻപോലും കഴിയാത്ത മോദി സർക്കാർ ഇക്കാര്യത്തിൽ കനത്ത പരാജയമാണെന്നറിയാൻ ഇതിൽപരം എന്തുവേണം?
രാജ്യം മുഴുക്കെ വിദ്യാർഥികളും യുവജനങ്ങളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ള ഇപ്പോഴത്തെ സംഭവവികാസങ്ങൾ യാദൃച്ഛികമല്ല. പത്ത് വർഷമായി വിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കാവിവത്കരണത്തിന്റെ തുടർച്ചയാണ്. മറ്റെല്ലാ മേഖലകളിലെന്നപോലെ, അമിതാധികാര പ്രയോഗത്തിലൂടെ വിദ്യാഭ്യാസ മേഖലയിലും ഫെഡറലിസം തകർത്ത് തങ്ങളുടെ അജണ്ടക്കനുസരിച്ച് കാര്യങ്ങൾ മാറ്റിയെടുക്കുക എന്നത് മോദി സർക്കാറിന്റെ ആദ്യഘട്ട പദ്ധതികളിലൊന്നായിരുന്നു. സി.ബി.എസ്.ഇയിലും എൻ.സി.ഇ.ആർ.ടിയിലും യു.ജി.സിയിലുമൊക്കെയുണ്ടായ സംഘ്പരിവാർ അനുകൂല സിലബസ് പരിഷ്കാരം മാത്രമല്ല, മൊത്തം സംവിധാനത്തെതന്നെ ഹിന്ദുത്വയുടെ ഉപകരണമാക്കി മാറ്റാനാണ് അവർ ശ്രമിച്ചത്. റദ്ദാക്കപ്പെട്ട നെറ്റ് പരീക്ഷയിലെ ചോദ്യങ്ങൾപോലും ഈ വഴിക്കുള്ളതായിരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയ ദിവസമേത്, തലയറുക്കപ്പെട്ടിട്ടും കുരുക്ഷേത്രയുദ്ധം കണ്ട യോദ്ധാവ് ആര്, രാമചരിത മാനസത്തിൽ ഹനുമാൻ ഏത് ഖണ്ഡത്തിലാണ് പ്രത്യക്ഷപ്പെടുന്നത് തുടങ്ങിയവയൊക്കെയാണ് അധ്യാപക യോഗ്യത പരീക്ഷക്കുള്ള ചോദ്യങ്ങൾ! ‘നീറ്റി’ന്റെ കാര്യം നോട്ടുനിരോധനം പോലെ മറ്റൊരു അബദ്ധംകൂടിയായിരുന്നു. മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിനായി സംസ്ഥാനങ്ങൾ നടത്തിവരുന്ന പരീക്ഷകൾ കുറ്റമറ്റതല്ലെന്ന് വിലയിരുത്തിയാണ് 2016ൽ കേന്ദ്രം ‘നീറ്റ്’ കൊണ്ടുവന്നത്. സമഗ്രവും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പ്രവേശന പരീക്ഷയായിരുന്നു കേന്ദ്രം ‘നീറ്റി’ലൂടെ വാഗ്ദാനം ചെയ്തത്. ആ പരീക്ഷയുടെ അവസ്ഥയാണിപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ചാൽ പരീക്ഷാത്തലേന്ന് ആർക്കും ചോദ്യപേപ്പർ നേരിട്ടെത്തിക്കാൻ ശേഷിയുള്ള വൻ റാക്കറ്റുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. പരീക്ഷാ നടത്തിപ്പുകാരുടെ കഴിവുകേട് മാത്രമല്ല ഇത്; മറിച്ച് ലക്ഷണമൊത്ത അഴിമതിതന്നെയാണ്. അഴിമതി തുറന്നുകാണിക്കപ്പെടുമ്പോൾ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. എന്നാൽ, പരീക്ഷാ നടത്തിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പും മന്ത്രിയും സ്വീകരിച്ചിട്ടുള്ളത്. പരീക്ഷ റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി വിഷയത്തിൽ സാങ്കേതിക വിദ്യയെ പഴിച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. പക്ഷേ, ഇതുകൊണ്ടൊന്നും ഈ അധ്യായം അവസാനിക്കുന്ന മട്ടില്ല. ‘നീറ്റ്-നെറ്റ്’ അഴിമതിയിൽ രാജ്യമെങ്ങും പുതിയൊരു വിദ്യാർഥി പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. കഴിഞ്ഞദിവസം, വിദ്യാഭ്യാസ മന്ത്രാലയമായ ശാസ്ത്രിഭവന് മുന്നിൽ വിവിധ വിദ്യാർഥി സംഘടനകൾ നടത്തിയ വിദ്യാർഥി സമരം ഇതിന്റെ സൂചനയാണ്; ആ സമരത്തെ നേരിട്ട ഭരണകൂട നടപടി മറ്റൊരു സൂചനയും. മറുവശത്ത്, പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. മൂന്നാം മോദി സർക്കാറിന്റെ ആദ്യ പാർലമെന്റ് സമ്മേളനം നീറ്റിലും നെറ്റിലും നീറിപ്പുകയുമെന്ന കാര്യം ഉറപ്പാണ്. ചുരുക്കത്തിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ചയെച്ചൊല്ലി വരും ദിവസങ്ങളിൽ വലിയതോതിലുള്ള സമരങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിക്കും. കേവലമായ വിദ്യാഭ്യാസ സമരമല്ല ഇത്; ഹിന്ദുത്വയുടെ അധിനിവേശത്തിൽനിന്ന് ജനാധിപത്യത്തെയും ഭരണഘടനയെയും വീണ്ടെടുക്കാനും നിലനിർത്താനുമുള്ള പോരാട്ടമാണ്. അതിനാൽ, ജനാധിപത്യവാദികൾക്ക് ഈ സമരങ്ങളോട് ഐക്യപ്പെടാനുള്ള രാഷ്ട്രീയ ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.