Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right2024 ന്റെ ജനാധിപത്യ...

2024 ന്റെ ജനാധിപത്യ പാഠങ്ങൾ

text_fields
bookmark_border
2024 ന്റെ ജനാധിപത്യ പാഠങ്ങൾ
cancel

പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇന്ത്യൻ ജനതയും തോറ്റത് എക്‌സിറ്റ് പോളുകളുമാണെന്ന്​ പറയാം. ജനാധിപത്യസംവിധാനങ്ങ​ളെ തരംപോലെ നോക്കുകുത്തിയാക്കി നിർത്തിയും ചട്ടുകമായി ഉപയോഗിച്ചും പത്തുവർഷം നീണ്ട ഏകാധിപത്യ ഭരണരീതി അവസാനിപ്പിക്കാൻ ലക്ഷണമൊത്തൊരു പ്രതിപക്ഷം രംഗത്തുണ്ടായില്ല. വോട്ടർമാർ അവരേക്കാൾ മുന്നിൽ ചിന്തിച്ചു, പ്രവർത്തിച്ചു എന്നുതന്നെ പറയണം. മോദി ഭരണത്തെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ ജനങ്ങൾക്ക് സാധിച്ചു. മോദി നയിക്കുന്ന മുന്നണിതന്നെ വീണ്ടും അധികാരത്തിൽ വന്നാലും അതൊരിക്കലും പഴയ മോദി സർക്കാറിന്‍റെ പുനരവതാരമായിക്കൂടാ എന്നാണ് ജനവിധി പ്രഖ്യാപിച്ചത്​. ഒന്നിലേറെ ഘടകങ്ങൾകൊണ്ട് മോദിഭരണം ഇന്ത്യയിലെ ജനതയെ മടുപ്പിച്ചിരുന്നു. 543 അംഗ ലോക്സഭയിൽ 240 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക്​ കേവല ഭൂരിപക്ഷത്തിനുതന്നെ ജനതാദൾ-യു, തെലുഗുദേശം പാർട്ടി എന്നീ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിനാൽ ഇന്നലെവരെ കണ്ടിരുന്ന മോദി കേന്ദ്രീകൃത മുദ്രാവാക്യങ്ങളും ഭരണരീതികളും മാറ്റിവെക്കാൻ ബി.ജെ.പി നിർബന്ധിതരായേക്കും. ഈ പൊതുതെരഞ്ഞെടുപ്പിന്‍റെ ഒന്നാം പാഠവും ഇതുതന്നെ.

ഇത്തവണത്തേത് പോലുള്ള വ്യക്ത്യധിഷ്ഠിത പ്രചാരണം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പ്രചാരണത്തിനിടയിൽ സ്വന്തം പേര് ഏറ്റവുമധികം തവണ ഉച്ചരിച്ചത് പ്രധാനമന്ത്രി ന​രേന്ദ്ര മോദി തന്നെയാവണം. ഭരണത്തിലുടനീളവും മുഴച്ചുനിന്ന താൻപ്രമാണിത്തത്തിന്റെ തുടർച്ചയായിരുന്നു ആ വായ്ത്താരികളും. പുതിയ പാർലമെൻറ് കെട്ടിട ഉദ്ഘാടനത്തിലും മതചടങ്ങായ രാമക്ഷേത്ര പ്രതിഷ്ഠാവേളയിലും യഥാക്രമം രാഷ്ട്രപതിക്കും പൂജാരികൾക്കും പകരം സകലതും തന്‍റെ കൈയിലൊതുക്കാനായിരുന്നു മോദിയുടെ തിടുക്കം. മോദി സ്തുതിയുടെ ആധിക്യവും വിമ​ർശകരുടെ തിരോധാനവുമൊക്കെ ഈ ഒറ്റയാൾ പ്രകടനത്തിന്‍റെ സ്വാഭാവിക ഫലങ്ങളായിരുന്നു. ഘടകകക്ഷികൾക്കുകൂടി നിർണായക ശക്തിയുള്ള മുന്നണി സംവിധാനവും കൊടിയ ഭൂരിപക്ഷത്തിന്‍റെ അഭാവവും ഏകാധിപത്യ, സ്വേച്ഛാധിപത്യ പ്രവണതകൾക്ക്​ ഒരു പരിധിവരെ തടയിടുമെന്നുതന്നെ കരുതാം.

വൈകാരിക വിഷയങ്ങൾ ഇളക്കിവിട്ട് വിജയം കൊയ്യുന്ന തന്ത്രം എപ്പോഴും വിലപ്പോവി​ല്ലെന്നതാണ് ഏറ്റവും മർമപ്രധാനമായ തെരഞ്ഞെടുപ്പ് പാഠം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഒരു ഘട്ടമെത്തിയപ്പോൾ മോദി -അമിത് ഷാ കൂട്ടുകെട്ട് അസാധാരണമാംവിധം അസ്വസ്ഥമായി. ലക്ഷ്യബോധമില്ലാതെ വർഗീയവികാരം ഇളക്കിവിടുന്ന പ്രമേയങ്ങളിൽ മാത്രം ഊന്നി വിഭാഗീയമായ വിദ്വേഷഭാഷണങ്ങൾ നിത്യമായി. ഇത് ഏറ്റവും കൂടുതൽ പ്രയോഗിച്ച ഉത്തർപ്രദേശിൽതന്നെ അതൊന്നും ജനങ്ങളിൽ ഏശിയിട്ടില്ല. അവിടെ ആകെയുള്ള 80 സീറ്റിൽ സമാജ്‍വാദി പാർട്ടിക്ക് മാത്രം 37 കിട്ടിയപ്പോൾ ബി.ജെ.പിക്ക് 33 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. മുസ്‍ലിം വിരോധം കത്തിച്ചുനിർത്താൻ ഏറ്റവും കൂടുതൽ ശ്രമിച്ചതും രാമക്ഷേത്ര നിർമാണം നടന്ന യു.പിയിൽ തന്നെയായിരുന്നു. ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമിച്ച മണ്ഡലമായ അയോധ്യതന്നെ ബി.ജെ.പിക്ക്​ നഷ്ടമായി എന്നതാണ്​ അതിന്‍റെ ബാക്കിപത്രം. ബാക്കിയുള്ള ചില മുഖ്യ അജണ്ടകൾ നടപ്പാക്കാൻ പാർലമെന്‍റിൽ 400 സീറ്റ് കിട്ടണമെന്നതിനാൽ അതിന് അഭ്യർഥിക്കുകയായിരുന്നു മോദിയും അമിത് ഷായും. നടപ്പാക്കിയതൊക്കെയും മുസ്​ലിം ന്യൂനപക്ഷത്തെ മൂലയി​ലൊതുക്കുന്ന പരിപാടികളായിരുന്നു. നടപ്പിലാക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞതും അതുതന്നെ. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തെ ഉന്നമിട്ട് നടത്തുന്ന പാർശ്വവത്​കരണ പ്രവർത്തനമല്ല രാജ്യഭരണമെന്ന്​ വോട്ടർമാർ ബി.ജെ.പിയെ പഠിപ്പിക്കുന്നതാണ്​ വോട്ടെടുപ്പിൽ കണ്ടത്​. ജനത്തിന്​ ഉയർത്തിക്കാണിക്കാനും പരിഹാരമാവശ്യപ്പെടാനും ഉണ്ടായിരുന്നത്​ അവരുടെ ദൈനംദിന ജീവിത പ്രാരബ്ധങ്ങളായിരുന്നു. അതിന്​ ബി.ജെ.പി മതിയാവില്ലെന്ന് അവർ മനസ്സിലാക്കിയതാണ്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

പ്രതിപക്ഷത്തിനുമുണ്ട്​ ഏറെ പഠിക്കാൻ. ഒന്നാമതായി ഫാഷിസ്റ്റ്​ ശക്തികൾക്കെതിരെ ഏകോപിക്കേണ്ട ആവശ്യകത അവർ വേണ്ടവിധം ഉൾക്കൊണ്ടില്ല. നിസ്സാര കാരണങ്ങളിൽ മൂപ്പിളമത്തർക്കവും പടലപ്പിണക്കവും കാരണം അവർ ഭിന്നിച്ചുപോയിരുന്നു. ഇതിനു വിപരീതമായ സമീപനം സ്വീകരിച്ച ഉത്തർപ്രദേശിൽ കോൺഗ്രസ്-സമാജ്‍വാദി പാർട്ടികളുടെ ധാരണ മികച്ച ഫലം നൽകുകയും ചെയ്തു. പശ്ചിമ ബംഗാളിൽ ഇൻഡ്യ സഖ്യത്തിലെ തൃണമൂൽ കോൺഗ്രസിന് ഇടതുപക്ഷ പാർട്ടികളുമായി സഖ്യത്തിലായിരുന്ന കോൺഗ്രസിനെ കണ്ടുകൂടായിരുന്നു. അതുകാരണം കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവായിരുന്ന അധീർ രഞ്ജൻ ചൗധരി അഞ്ച് തവണ ജയിച്ച ബഹ്റാംപൂർ മണ്ഡലത്തിൽ അദ്ദേഹത്തെ ടി.എം.സിയുടെ മുൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ തോൽപിച്ചു. ചൗധരിയുടെ തോൽവി പാർലമെന്‍റ്​ സീറ്റിൽ കുറവ് വരുത്തിയില്ലെങ്കിലും അന്തർലീനമായ അനൈക്യം മറ്റു സീറ്റുകൾ നഷ്ടപ്പെടുന്നതിലും കലാശിച്ചിരിക്കണം. മുപ്പത് ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള പശ്ചിമ ബംഗാളിന്‍റെ തെക്കുഭാഗത്തെ സീറ്റുകൾ ടി.എം.സി കരസ്ഥമാക്കിയെങ്കിലും വോട്ടുകൾ ഭിന്നിച്ച വടക്കൻമേഖലയിൽ അത് ബി.ജെ.പിക്ക് സഹായകമായി. ബഹുജൻ സമാജ് പാർട്ടിയുടെ പതനമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രതിഭാസം. ബി.ജെ.പിയുടെ ബി ടീം എന്ന അപഖ്യാതി ശരിയായാലും ഇല്ലെങ്കിലും ഒരുകാലത്ത് ദലിത് ഉണർവിന്‍റെ മൂർത്തരൂപമായിരുന്ന ആ പാർട്ടി ഇന്നെവിടെ നിൽക്കുന്നുവെന്നത് രാഷ്ട്രീയവിദ്യാർഥികൾക്ക് പഠനവിഷയമാകേണ്ടതാണ്. സീറ്റുകളൊന്നും നേടിയില്ലെന്ന് മാത്രമല്ല വോട്ടുവിഹിതത്തിലും പ്രാദേശിക പാർട്ടികളെക്കാൾ താഴെ 2.08 ശതമാനം മാത്രമാണ് ബി.എസ്.പി നേടിയത്. മൊത്തത്തിൽ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ വിഭജന-ധ്രുവീകരണ നീക്കങ്ങൾക്കെതിരെ മതേതരശക്തികൾ ഒന്നിച്ചുനിന്ന് പോരാടേണ്ട അനിവാര്യത തന്നെയാണ് തെരഞ്ഞെടുപ്പിന്‍റെ മുഖ്യപാഠം; അത് യാഥാർഥ്യമായാൽ ഫലപ്രാപ്തിയുണ്ടാകുമെന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 June 6
Next Story