പൗരത്വ നിയമ ഭേദഗതിയുടെ ആത്യന്തിക ലക്ഷ്യം
text_fields2014 ഡിസംബർ 31നുമുമ്പ് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനംമൂലം ഇന്ത്യയിൽ അഭയംതേടിയ ഹിന്ദുക്കൾ, സിഖുകാർ, ക്രൈസ്തവർ, ജൈനർ, ബുദ്ധർ, പാഴ്സികൾ എന്നീ ആറു വിഭാഗക്കാർക്ക് പൗരത്വത്തിനുള്ള അർഹത അംഗീകരിച്ചുകൊണ്ട് 2019 ഡിസംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത സി.എ.എ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വിജ്ഞാപനം ചെയ്തതോടെ വൻ എതിർപ്പുകളുയർന്നത് ഒട്ടും അസ്വാഭാവികമല്ല. അഞ്ചു വർഷം മുമ്പ് മോദിസർക്കാർ ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് അത്യാസന്നമായ മുഹൂർത്തംതന്നെ തിരഞ്ഞെടുത്തത് എന്തിനാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഭേദഗതി നിയമമാകട്ടെ, ഭൂരിപക്ഷ സമുദായത്തിലെ സങ്കുചിത മനസ്സുകളെ ഉന്നംവെച്ചാണെന്നതും യാദൃച്ഛികമല്ല. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം വകുപ്പ് ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർക്കും അവരുടെ മക്കൾക്കും പുറമെ അഞ്ചുവർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്കും പൗരത്വാവകാശം ഉറപ്പുനൽകിയിട്ടുണ്ട്. ഈ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളും പാർലമെന്റ് ആവിഷ്കരിച്ചിട്ടുണ്ട്. നിയമത്തിൽ കാതലായ ഭേദഗതി വേണമെന്ന് നരേന്ദ്ര മോദി സർക്കാറിന് തോന്നാനുള്ള കാരണം 2019 ഡിസംബറിൽ ഇരു സഭകളിലും അവതരിപ്പിച്ച് പാസാക്കിയെടുത്ത ബില്ലിലെ വാചകംതന്നെ സംശയാതീതമായി വിളിച്ചോതുന്നുണ്ട്. അത് മറ്റൊന്നുമല്ല, ആചാര്യൻ മാധവ സദാശിവ ഗോൾവാൾക്കർ തന്റെ വിചാരധാരയിൽ ഒന്നാംനമ്പർ ശത്രുക്കളായി എണ്ണിയ മുസ്ലിംകളെ പൗരന്മാരായി അംഗീകരിച്ചുകൂടാ എന്ന ശാഠ്യംതന്നെ. അഫ്ഗാനിസ്താനിൽനിന്നോ പാകിസ്താനിൽനിന്നോ മുസ്ലിം അഭയാർഥികൾ ഇന്ത്യയിലെത്തിയ സംഭവങ്ങൾ തീർത്തും വിരളമാണ്. അതേസമയം, 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ സാഹചര്യങ്ങളിൽ ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കൻ പാകിസ്താനിൽനിന്ന് ഇന്ത്യയിൽ അഭയംതേടിയിട്ടുണ്ട്. യുദ്ധാനന്തരം കുറേപേർ സ്വദേശത്തേക്ക് തിരിച്ചുപോയി. അവശേഷിച്ചവർ സെക്കുലർ സർക്കാറിന്റെ സൗമനസ്യംകൊണ്ടുകൂടി പശ്ചിമ ബംഗാളിലും അസമിലും പാർപ്പുറപ്പിക്കുകയും ചെയ്തു. അവരിൽ 20 ലക്ഷത്തോളം അഭയാർഥികൾ താമസിക്കുന്ന അസമിൽനിന്ന് അവരെ പുറംതള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥി സംഘടനയായ അസുവും അസം ഗണപരിഷത്തും രക്തരൂഷിത പ്രക്ഷോഭങ്ങൾ നടത്തി. നെല്ലി കൂട്ടക്കൊലയിൽ എണ്ണായിരത്തോളം ന്യൂനപക്ഷ സമുദായക്കാർ കൊല്ലപ്പെട്ടത് മറക്കാനാവാത്ത ദുരന്തമാണ്. ഒടുവിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുണ്ടാക്കിയ കരാറിനെ തുടർന്നാണ് പ്രക്ഷോഭം അവസാനിച്ചത്. 2009ൽ ഭരണത്തിലേറിയ ഹിന്ദുത്വ സർക്കാർ അസമിലും ബംഗാളിലും സംസ്ഥാന ഭരണമുറപ്പിക്കാൻകൂടി ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി നിയമങ്ങൾ പടിപടിയായി കൊണ്ടുവരാനും നടപ്പാക്കാനും തീരുമാനിച്ചതും അതിനായി നിയമനടപടികൾ ആരംഭിച്ചതും.
മതനിരപേക്ഷ ജനാധിപത്യ ഭരണഘടനതന്നെ തിരുത്തിയെഴുതണമെന്ന് ശഠിക്കുന്ന മോദിസർക്കാറിന്റെ ആത്യന്തിക നടപടികളെ തീർത്തും സ്വാഭാവികമെന്ന് കരുതുന്നതാണ് ബുദ്ധി. ആസന്നമായ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ലഭിക്കണമെന്ന കാവിപ്പടയുടെ വാശി ഈ ലക്ഷ്യംവെച്ചുള്ളതാണെന്ന് വ്യക്തം. ഭരണഘടന ഭേദഗതി ചെയ്യാതെതന്നെ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാന പദവി തടഞ്ഞുവെക്കാനും സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ അധികാരങ്ങളെ ഓരോന്നോരോന്നായി കവർന്നെടുക്കാനും ഏക സിവിൽകോഡിലേക്ക് സംസ്ഥാനങ്ങളെ കൊണ്ടുപോകാനും വിദ്യാഭ്യാസ പദ്ധതിയെ ഹിന്ദുത്വധാരയിൽ മുക്കിയെടുക്കാനും ഇതിനകം കഴിഞ്ഞിരിക്കെ, ഭാവനയിലുള്ള രാമരാജ്യ നിർമിതിക്കുവേണ്ടി ഏതറ്റംവരെയും പോകാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സംഘ്പരിവാർ സർക്കാർ. ഇതൊക്കെ സൂര്യവെളിച്ചംപോലെ വ്യക്തമായിട്ടും ഇന്നലെവരെ സെക്കുലറിസത്തിനുവേണ്ടി കണ്ഠക്ഷോഭം നടത്തിയ മതേതര പാർട്ടി നേതാക്കൾ വരെ ഇന്ന് കാവിപാളയത്തിലേക്ക് ചേക്കേറാൻ മത്സരിക്കുന്നത് കാണുമ്പോൾ രാജ്യത്തിന്റെയും ഭരണഘടനയുടെയും ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക ഉയരുക സ്വാഭാവികം മാത്രമാണ്. മതന്യൂനപക്ഷങ്ങൾ ജനസംഖ്യയുടെ 43 ശതമാനം വരുന്ന കേരളത്തിൽ മതേതര പാർട്ടികൾ, പൊതുതെരഞ്ഞെടുപ്പ് തലക്കുമീതെ തൂങ്ങിനിൽക്കെ, മോദിപ്പടയെ തള്ളിപ്പറയുന്നത് മനസ്സിലാക്കാനാവും. എന്നാൽ, അവരുടെതന്നെ ദേശീയ നേതൃത്വങ്ങൾ പുലർത്തുന്ന ഒളിച്ചുകളിയും ചമ്മലും ചാഞ്ചാട്ടവും മൊത്തം ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ശുഭസൂചനകളല്ല നൽകുന്നതെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തേ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ നയിച്ചതും ശഹീൻബാഗുകൾ സൃഷ്ടിച്ചതും കലാശാല വിദ്യാർഥിസമൂഹങ്ങളും വനിത കൂട്ടായ്മകളും യുവജന സംഘടനകളുമായിരുന്നെന്ന സത്യം മറക്കരുത്. ആ പ്രക്ഷോഭക്കാരോടൊപ്പം നിന്നതായി തോന്നിപ്പിച്ച കേരളത്തിലെ ഇടതുമുന്നണി സർക്കാറിന്റെ പൊലീസ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 835 കേസുകളിൽ വെറും 63 എണ്ണമാണ് ഇതേവരെയായി പിൻവലിച്ചത് എന്ന സത്യം ശുഭസൂചനയല്ല നൽകുന്നത്. ആ കേസുകളിലൊക്കെ കോടതികൾ വിധി കൽപിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വംശീയതക്കെതിരായ ചെറുത്തുനിൽപിനെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. അതോടൊപ്പം അസമികളുടെ പുതിയ പ്രക്ഷോഭം പൗരത്വ നിയമ ഭേദഗതിയിലൂടെ 15 ലക്ഷം ഹിന്ദുക്കൾക്ക് പൗരത്വം നൽകാനുള്ള അജണ്ടക്കെതിരെയാണെന്നത് കൗതുകകരമാണ്. ബംഗാളി ഭാഷ സംസാരിക്കുന്ന ഹിന്ദു അഭയാർഥികൾ അസമിന്റെ തനത് വംശീയതക്ക് ഭീഷണിയായി അവർ കരുതുന്നതാണ് കാരണം. അഞ്ചു ലക്ഷം മുസ്ലിം അഭയാർഥികൾക്കെന്തു സംഭവിച്ചാലും അവർക്ക് പരാതിയില്ലതാനും. വംശീയത തീവ്രമാവുന്തോറും ആഭ്യന്തര വൈരുധ്യങ്ങൾ മൂർച്ഛിക്കും എന്നതാണ് ഗുണപാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.