എത്രമാത്രം സ്വതന്ത്രമാവും പൊതുതെരഞ്ഞെടുപ്പ്?
text_fieldsസ്വതന്ത്ര ജനാധിപത്യ സ്ഥാപനമായി നിലനിൽക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെ ഒരു വിവാദ നിയമത്തിന്റെ മറവിൽ കേന്ദ്രസർക്കാറിന്റെ സമ്പൂർണനിയന്ത്രണത്തിലാക്കിയ ശേഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. ധനാധിപത്യഹുങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന അതീവ ദൗർഭാഗ്യകരമായ സ്ഥിതിവിശേഷത്തിനെതിരെ പൗരസമൂഹത്തിലെ ഒരു ചെറുകൂട്ടം ചങ്കൂറ്റത്തോടെ ചോദ്യമുയർത്തുകയും സുപ്രീംകോടതി പദവിക്കൊത്തുയരുകയും ചെയ്ത വേളയിലാണ് തെരഞ്ഞെടുപ്പ് വന്നെത്തുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരുമെന്ന അവകാശവാദത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, കമ്പനി നിയമം, ആദായ നികുതി നിയമം 1961, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം തുടങ്ങിയ സുപ്രധാനനിയമങ്ങളെല്ലാം മുച്ചൂടും ഭേദഗതി ചെയ്ത് നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച തെരഞ്ഞെടുപ്പ് ബോണ്ട് എന്ന സമ്പൂർണ ദുരൂഹ പദ്ധതിയിലെ സംഭാവന വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെട്ടു. തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുന്ന സുപ്രധാന വിധിപറഞ്ഞ ഫെബ്രുവരി 15ന് നാളിതുവരെ വിറ്റ ബോണ്ടുകളുടെ കണക്കും സംഭാവന നൽകിയവരുടെയും വാങ്ങിയവരുടെയും വിവരങ്ങളും ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിർദേശിച്ചിരുന്നു പരമോന്നത കോടതി. വിധിക്ക് ശേഷവും ബോണ്ടിനെ ന്യായീകരിച്ച ബി.ജെ.പി സർക്കാർ കണക്കുവിവരങ്ങൾ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവരാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും സുപ്രീംകോടതി പിടിച്ച പിടിയാലെ നിന്നതിനാൽ വിലപ്പോയില്ല. സംഭാവന നൽകിയ വിശാലമനസ്സുകളുടെ പേരുകളിലൂടെയും തുകയുടെ വലുപ്പത്തിലൂടെയും ഒന്നു കണ്ണോടിക്കുമ്പോൾ ബി.ജെ.പിയും എസ്.ബി.ഐയും ഇക്കാര്യത്തിൽ എന്തിനാണിത്ര വെപ്രാളപ്പെട്ടത് എന്ന് വ്യക്തമാവും.
2019 ഏപ്രിൽ ഒന്നിനും 2024 ഫെബ്രുവരി 15നും ഇടയിൽ വിറ്റവയിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയപാർട്ടികൾ പണമാക്കിയിട്ടുണ്ട്. ഭരണപാർട്ടിയായ ബി.ജെ.പി തന്നെയാണ് മുഖ്യഗുണഭോക്താക്കൾ. തൃണമൂൽ കോൺഗ്രസും കോൺഗ്രസും ഡി.എം.കെയും ബിജു ജനതാദളും ബി.ആർ.എസും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന സുപ്രധാന പാർട്ടികൾക്കും പങ്ക് കിട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിക്കെതിരെ തുടക്കം മുതലേ നിലപാടെടുത്ത സി.പി.എമ്മും സി.പി.ഐയും ഒരു രൂപപോലും ഇവ്വിധത്തിൽ കൈപ്പറ്റിയില്ല. പണം വാങ്ങിയവരുടേതിലല്ല, ദാതാക്കളുടെ പട്ടികയിലാണ് രസം മുഴുവൻ. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് ആണ് ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ സ്ഥാപനം. 1,368 കോടി രൂപയുടെ ബോണ്ടുകളിലാണ് അവർ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകിയിരിക്കുന്നത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (966 കോടി), ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് (410 കോടി), ഹാൽദിയ എനർജി ലിമിറ്റഡ് (377 കോടി), വേദാന്ത ലിമിറ്റഡ് (376 കോടി) എന്നീ കമ്പനികളാണ് ബോണ്ട് പട്ടികയിലെ മറ്റു മുമ്പന്മാർ. വഴിവിട്ട പ്രവർത്തനങ്ങളും അവിഹിത ഇടപാടുകളും മുഖമുദ്രയാക്കിയ ഒട്ടനവധി കമ്പനികൾ ഇന്ത്യൻ ജനാധിപത്യപ്രക്രിയയെ ‘സുതാര്യ’മാക്കാനുള്ള ഈ ഉദ്യമത്തിൽ കാര്യമായ പങ്കുവഹിച്ചതു കാണാം. ഇ.ഡിയോ ആദായനികുതി വകുപ്പോ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സാന്റിയാഗോ മാർട്ടിന്റേതുൾപ്പെടെ പല സ്ഥാപനങ്ങളും സംഭാവന നൽകിയത്. സർക്കാർ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടത്തിയ ദാദാപ്പിരിവ് എന്നല്ലേ ഇതിനെ വിളിക്കാനാവൂ? അഴിമതി ആരോപണം നേരിട്ട പ്രതിപക്ഷ കക്ഷിനേതാക്കൾ പാർട്ടി മാറുന്നതോടെ സംശുദ്ധരായി വാഴ്ത്തപ്പെടുന്നതുപോലെ പണം പാർട്ടി ഖജനാവിലെത്തുന്നതോടെ കളങ്കിതവ്യവസായികൾക്ക് പ്രതിരോധശേഷി കൈവന്നു.
പട്ടിക ഒറ്റനോട്ടം നോക്കിയാൽ കേന്ദ്ര സർക്കാറിന്റെ ഉറ്റചങ്ങാതിമാരായി അറിയപ്പെടുന്ന രണ്ട് വ്യവസായ ഗ്രൂപ്പുകൾ ഇതിൽ പങ്കുകാരല്ല എന്ന് തോന്നിപ്പോകും. എന്നാൽ, സംഭാവന നൽകിയ പല കമ്പനികളും ഇപ്പറഞ്ഞ രണ്ട് ധനിക വണിക്കുകളുടെ ആശ്രിത സ്ഥാപനങ്ങളാണ്. കമ്പനി നിയമത്തിൽ കരുതിക്കൂട്ടി വരുത്തിയ ഭേദഗതിയുടെ മറപറ്റി ഒരുപറ്റം ഷെൽ കമ്പനികളും സംഭാവന ഒഴുക്കിയിട്ടുണ്ട്. ആരാണ് അവർക്കു വേണ്ടി പണം നൽകിയതെന്ന് ചുഴിഞ്ഞുനോക്കുമ്പോൾ ഈ ചങ്ങാത്ത മുതലാളിത്തത്തിന്റെ കേമത്തം വ്യക്തമാവും.
ജനാധിപത്യത്തിന്റെയും നേരുംനെറിയുമുള്ള ഭരണനിർവഹണത്തിന്റെയും സംരംഭകത്വത്തിന്റെയുമെല്ലാം തത്ത്വങ്ങളെ തെരഞ്ഞെടുപ്പ് ബോണ്ട് എന്ന ഗൂഢപദ്ധതി മുഖേന അട്ടിമറിച്ചിരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. സംഭാവന വാങ്ങിയവരുടെ പേരുവിവരങ്ങൾ കൂടി വെളിപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ നിർദേശം പ്രാവർത്തികമായാൽ ഇക്കാര്യം പകൽപോലെ വെളിച്ചത്തുവരും. ബോണ്ടിലെ അവിഹിതം ചർച്ച ചെയ്യാതിരിക്കാൻ കൂടിയാണ് പൊടുന്നനെ സി.എ.എ കുത്തിയിളക്കിയതെന്നും ഉറപ്പ്.
കണക്കറ്റ കളങ്കിത ധനം പമ്പ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സ്വതന്ത്രമെന്നും നീതിയുക്തമെന്നും വിളിക്കാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ബോണ്ട് വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവും ഒരു കോണിൽ നിന്ന് പടച്ചുവിടുന്നുണ്ട് സർക്കാർ അനുകൂലികൾ. നിർത്തലാക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നതിലുപരി തെരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയപാർട്ടികൾ സമ്പാദിച്ച ധനം പിടിച്ചെടുത്ത് പൊതുഖജനാവിലേക്ക് മുതൽക്കൂട്ടിയാലേ ഈ പ്രക്രിയ അൽപമെങ്കിലും ശുദ്ധീകരിക്കപ്പെട്ടു എന്ന് ആശ്വസിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.