Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വതന്ത്ര...

സ്വതന്ത്ര തെരഞ്ഞെടുപ്പുകളുടെ കാലം കഴിഞ്ഞുവോ?

text_fields
bookmark_border
സ്വതന്ത്ര തെരഞ്ഞെടുപ്പുകളുടെ കാലം കഴിഞ്ഞുവോ?
cancel

പ്രതീക്ഷിച്ചപോലെ ലോകത്തിലെ വൻ ശക്തികളിലൊന്നായ റഷ്യയുടെ പ്രസിഡന്റായി വ്ലാദിമിർ പുടിൻ അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. യു.എസ്.എസ്.ആറിന്റെ സർവാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന് സമശീർഷനാവുകയാണ് ഇതോടെ പുടിനും. സോവിയറ്റ് യൂനിയന്റെ പതനത്തെ തുടർന്ന് റഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റ ബോറിസ് യെൽറ്റ്സിനായിരുന്നു 1999ൽ തന്റെ പ്രധാനമന്ത്രിയായി പുടിനെ അവരോധിച്ചിരുന്നത്. 2000ത്തിൽ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കാലാവധി നാലുവർഷമായതിനാൽ രണ്ടാമൂഴത്തിന് ശേഷം പുടിൻ സ്ഥാനമൊഴിയേണ്ടിവന്നുവെങ്കിലും അദ്ദേഹം പ്രധാനമന്ത്രി പദവിയിലേക്ക് മാറി പകരം തന്റെ ആജ്ഞാനുവർത്തിയായ മെദ്‍വദേവിനെ പ്രസിഡന്റ്പദവിയിലിരുത്തി. 2012ൽ പക്ഷേ, പുടിൻതന്നെ പ്രസിഡന്റായി. കാലാവധി ആറുവർഷമായി വർധിപ്പിക്കുന്ന ഭേദഗതിയും കൊണ്ടുവന്നു. അപ്രകാരം 2018ൽ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കാലാവധി വീണ്ടും പൂർത്തിയാക്കിയതിനാലാണ് 2024ൽ ഒരിക്കൽകൂടി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അത് തീർത്തും ഏകപക്ഷീയമാണെന്ന് ലോകത്തിനറിയാവുന്നതുകൊണ്ട് അഞ്ചാംവട്ടം റഷ്യയുടെ സർവാധിപതിയായി പുടിൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഒരത്ഭുതവുമില്ല. പ്രതിപക്ഷത്തെ തന്റെ കരുത്തനായ പ്രതിയോഗി അലക്സി നവാൽനി തടവിലായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. പ്രതിപക്ഷത്തെ മറ്റൊരു പ്രതിയോഗി ബോറിസ് നെമസ്തോവും അപ്രത്യക്ഷനായി. അവശേഷിച്ച പ്രതിപക്ഷ നേതാക്കളെല്ലാം അഴികൾക്കുപിന്നിലായിരിക്കെ ഭരണയന്ത്രം പൂർണമായി പിടിയിലൊതുക്കി പുടിൻ നടത്തിയ തെരഞ്ഞെടുപ്പ് സ്വതന്ത്രമോ നിഷ്പക്ഷമോ ആയിരുന്നില്ല. പുടിന് 87.83 ശതമാനം വോട്ട് ലഭിച്ചപ്പോൾ മത്സരരംഗത്തുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവ് നികോളായ് വാരിതോനോവിന് വെറും നാലുശതമാനമാണ് ലഭിച്ചത്. പാശ്ചാത്യ ശക്തികൾ ഒന്നുംതന്നെ പുടിന്റെ തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നുവെന്ന് അംഗീകരിക്കുന്നില്ല. പക്ഷേ, വിജയത്തിൽ ആഹ്ലാദഭരിതനായ വ്ലാദിമിർ പുടിൻ തന്റെ യുക്രെയ്ൻ ആക്രമണത്തെ റഷ്യൻ ജനത പിന്തുണക്കുന്നതിന്റെ തെളിവായും ഇതിനെ അവതരിപ്പിക്കുന്നു.

2022 ഫെബ്രുവരി 24ന് യുക്രെയ്നെതിരെ റഷ്യൻ സൈന്യം ആരംഭിച്ച യുദ്ധം രണ്ട് വർഷം പിന്നിട്ടിട്ടും അനന്തമായി തുടരുകയാണ്. യുദ്ധംമൂലം റഷ്യക്കും യുക്രെയ്നുമുണ്ടായ കനത്ത ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും ഒരുഭാഗത്ത്, മറുവശത്ത് യൂറോപ്പും ലോകത്തിലെ മറ്റു രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളും അപരിഹാര്യമായി തുടരുകയാണ്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയും നാറ്റോ വികസിപ്പിക്കാനും യുക്രെയ്നെ ആയുധങ്ങളും പണവും നൽകി സഹായിക്കാനും ഇതൊരവസരമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഫെബ്രുവരി 24 വരെയുള്ള കണക്കനുസരിച്ച് യുക്രെയ്ന്റെ ഭാഗത്ത് 13,287 സിവിലിയന്മാർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 19,494 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പട്ടാളക്കാരുടെ സംഖ്യ 70,000വും പരിക്കേറ്റവരുടേത് 1,20,000വും വരുമെന്ന് ഏജൻസികൾ വെളിപ്പെടുത്തുന്നു. 1,13,200 ഭടന്മാരുടെ ജീവഹാനിയും 2,14,000 പേരുടെ പരിക്കുമായി പുടിന്റെ റഷ്യയും ഒ​ട്ടും മോശമാക്കിയിട്ടില്ല. അനന്തമായി നീളുന്ന ഈ ദുരന്തത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയായി തന്റെ ‘വിജയം’ എടുത്തുകാട്ടുന്ന പുടിന്റെ മനോനില ഒരു സാഡിസ്റ്റിന്റേതാണെന്നേ പറയാനാവൂ. യുക്രെയ്നെ നാറ്റോ സൈനികസഖ്യത്തിൽ ഉൾപ്പെടുത്താനുള്ള യു.എസ് പ്രഭൃതികളുടെ നീക്കമാണ് പുടിന്റെ യുക്രെയ്ൻ ആക്രമണത്തിനുള്ള പ്രകോപനമെങ്കിൽ അദ്ദേഹം ആശങ്കിച്ചതുതന്നെ സംഭവിക്കാൻ പോവുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതും.

2024ൽ 64 രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബംഗ്ലാദേശ്, പാകിസ്താൻ, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ അപചയമാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടാതെവയ്യ. ബംഗ്ലാദേശിൽ പ്രതിപക്ഷത്തെ അടിച്ചമർത്തിയും നേതാക്കളെ ജയിലിലടച്ചും ഹസീന വാജിദ് തട്ടിക്കൂട്ടിയ ഇലക്ഷൻ വെറും പ്രഹസനമായിരുന്നെന്ന് അന്താരാഷ്ട്ര നിരീക്ഷകരൊക്കെ എടുത്തുകാട്ടുന്നു. പാകിസ്താനിൽ ജനപിന്തുണ തെളിയിച്ച മുൻ പ്രധാനമന്ത്രി ഇംറാൻഖാനെ ജയിലിലടച്ചു. അദ്ദേഹത്തിന്റെ പാർട്ടിയുടെ ചിഹ്നംപോലും മരവിപ്പിച്ചും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അനുയായികൾക്ക് അനുമതി നൽകാതെയും നടത്തിയ തെരഞ്ഞെടുപ്പും സ്വതന്ത്രമോ നിഷ്പക്ഷമോ ആയിരുന്നില്ല. ഇനി നടക്കാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയിലെ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പാണ്. ഭരണയന്ത്രം പൂർണമായും ഉപയോഗിച്ച്, അഴിമതിക്ക് നിയമപ്രാബല്യം നൽകി നരേന്ദ്ര മോദിയും ഹിന്ദുത്വ ബ്രിഗേഡും നടത്തുന്ന തെരഞ്ഞെടുപ്പ് എത്രത്തോളം സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് കണ്ടറിയണം. പരമോന്നത കോടതിയുടെ ശക്തമായ ഇടപെടലിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെങ്കിലും സുശക്തവും ഭദ്രവുമായ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മൂന്ന് രാജ്യങ്ങളിലെയും ദുരനുഭവങ്ങൾ ആവർത്തിക്കുകയില്ലെന്ന് ഉറപ്പിക്കാനാവുമോ എന്നതാണ് ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 March 20
Next Story