ഇലക്ഷൻ കമീഷൻ ഭരണകൂട ഉപകരണമാകരുത്
text_fields18ാം ലോക്സഭ പൊതു തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമാകാൻ ദൃഢനിശ്ചയമെടുക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമീഷൻ തന്നെയാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളും ആശങ്കകളും ഉയരുന്ന പശ്ചാത്തലത്തിൽ കമീഷന്റെ പ്രവർത്തനങ്ങൾ അതാര്യവും ഭരണകൂട സൗകര്യാർഥവുമായി മാറുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന ധാരണയെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച വിമർശനങ്ങളെ മുഖവിലക്കെടുക്കാനും പ്രവർത്തനങ്ങൾ സുതാര്യവും സ്വതന്ത്രവുമാക്കാനും കമീഷൻ സന്നദ്ധമാകേണ്ടതുണ്ട്.
വരുന്ന പൊതു തെരഞ്ഞെടുപ്പ് 44 ദിവസം നീളുന്ന സങ്കീർണ പ്രക്രിയ ആക്കിയത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന ചോദ്യത്തിന് യുക്തമായ മറുപടി പറയാൻ കമീഷന് സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് സംവിധാനങ്ങളൊരുക്കുന്നതിലെ ബാലാരിഷ്ടതകളും പലായനങ്ങൾ സൃഷ്ടിച്ച സങ്കീർണതകളും സാമുദായിക കലാപങ്ങൾകൊണ്ട് സംഘർഷഭരിതവുമായ 1951-52 ൽ മാത്രമാണ് ഇത്തവണത്തെക്കാൾ കൂടുതൽ സമയമെടുത്ത് തെരഞ്ഞെടുപ്പ് നടന്നത്. സാങ്കേതികവിദ്യകളും അത്യാധുനിക സൗകര്യങ്ങളുമുള്ള ഇപ്പോഴും ആ കാലഘട്ടത്തിന് തത്തുല്യമായ സാമൂഹിക സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണോ ഇതിലൂടെ? മണിപ്പൂരിലെ ലോക്സഭ മണ്ഡലത്തിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതും ജമ്മു- കശ്മീരിലെ മണ്ഡലങ്ങളെ ഏഴ് ഘട്ടങ്ങളിലും ഉൾപ്പെടുത്തിയതും അവിടത്തെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിലും ജനങ്ങളുടെ വിശ്വാസ്യത നേടുന്നതിലും സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണോ?
ഫെഡറലിസത്തിന്റെ അന്തസ്സത്ത പരിഗണിച്ച് സംസ്ഥാനങ്ങളുടെയും ജനാധിപത്യ മര്യാദകൾക്കനുസൃതമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായങ്ങൾ പൊതുവിൽ കമീഷൻ ഗൗരവത്തിൽ പരിഗണിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ കേന്ദ്ര സർക്കാറുമായി മാത്രം നടത്തിയ ആശയവിനിമയത്തിന്റെ ഫലമായാണ് ഇത്രയും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയ തീരുമാനിക്കപ്പെട്ടത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് വോട്ടെടുപ്പിന്റെ ഘട്ടങ്ങൾ നിർണയിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനമുന്നയിക്കുന്നു. അതിനെ സാധൂകരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രകൾ പരിഗണിച്ച് അദ്ദേഹം മത്സരിക്കുന്ന വാരാണസി മണ്ഡലത്തെ അവസാന ഘട്ടത്തിൽ ഉൾപ്പെടുത്തിയെന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അനുസ്യൂതം പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും കേന്ദ്ര സർക്കാറിന്റെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതും തെരഞ്ഞെടുപ്പ് കമീഷൻ അറിഞ്ഞമട്ടില്ല. ഇലക്ഷൻ പ്രഖ്യാപനം കഴിഞ്ഞിട്ടും സർക്കാർ പദ്ധതികളെ പ്രകീർത്തിച്ചും അവക്ക് നന്ദിയായി വോട്ടുചെയ്യാൻ അഭ്യർഥിച്ചും വോട്ടർമാർക്ക് പ്രധാനമന്ത്രി കത്തയക്കുന്നു, വ്യോമസേന വിമാനം പ്രചാരണയാത്രക്ക് ദുരുപയോഗിക്കുന്നു, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഇറക്കുന്നു, പരസ്യങ്ങളിൽ സൈനിക യൂനിഫോമും ദേശീയ പതാകയും ഉപയോഗപ്പെടുത്തുന്നു... നഗ്നമായ ഇത്തരം ചട്ടലംഘനങ്ങൾക്കെതിരെ പരാതികളിൽ നടപടി സ്വീകരിക്കാൻ കമീഷൻ ഇതുവരെ തയാറായിട്ടില്ല. ഇവരുടെ മുൻകാല പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വിസമ്മതിക്കുകയായിരുന്നു. സർക്കാറിന്റെ ഹിതം നടപ്പാക്കുന്ന വേദിയായി കമീഷൻ മാറുന്നു എന്നത് ജനാധിപത്യത്തിന്റെ മരണമണിയാണ്. ഈ സാഹചര്യത്തെക്കൂടി മനസ്സിലാക്കിയാകണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതിച്ഛായക്ക് വലിയതോതിൽ ഇടിവു സംഭവിച്ചുവെന്ന് മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി കഴിഞ്ഞ ദിവസം പരിതപിച്ചത്.
തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിൽ 2023 മാർച്ചിലെ ഭരണഘടനാ ബെഞ്ച് വിധിയിൽ വിഭാവന ചെയ്യപ്പെട്ടിരുന്നത് എക്സിക്യൂട്ടിവിൽനിന്ന് സ്വതന്ത്രവും അകലം പാലിക്കുന്നതുമായ സംവിധാനമായി തെരഞ്ഞെടുപ്പ് കമീഷൻ മാറണമെന്നതായിരുന്നു. എന്നാൽ, പാർലമെന്റ് നിയമനിർമാണം നടത്തിയതോടെ ഭരിക്കുന്ന പാർട്ടിയുടെ നിയമനമായി അത് ചുരുക്കപ്പെട്ടു. കമീഷണർമാരുടെ നിയമനരീതിയുടെ പുതിയമാറ്റംതന്നെ സുതാര്യതക്കും സ്വതന്ത്രമായ ജനാധിപത്യസങ്കൽപത്തിനും എതിരാണ്. നിലവിലെ തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങളാകട്ടെ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത ദിനംപ്രതി തകർത്തുകൊണ്ടിരിക്കുന്നു. നഷ്ട പ്രതിച്ഛായ വീണ്ടെടുക്കാൻ അവർക്കായില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പ് ഭരണകൂടത്തിന് വീണ്ടും അധികാരത്തിലേറാനുള്ള ഉപകരണമായി ഇലക്ഷൻ കമീഷൻ മാറിയെന്ന ആക്ഷേപത്തെ ശക്തമാക്കിയേക്കും. ജനാധിപത്യത്തിന്റെ കാവൽക്കാർതന്നെ അതിന്റെ നിഗ്രഹത്തിന്റെ താക്കോൽസ്ഥാനങ്ങളലങ്കരിക്കുന്ന ദുരവസ്ഥ രൂപപ്പെടുന്നത് പൗരസ്വാതന്ത്ര്യത്തിന് ഒട്ടും ആശാവഹമല്ല. അതുകൊണ്ട് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും നീതിയുക്തവുമാകണമെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്രമാക്കേണ്ടതുണ്ട്. ദൗർഭാഗ്യമെന്തെന്നാൽ, സുപ്രീംകോടതിയുടെ വിചാരണ കാത്തുകിടക്കുന്ന ഈ വിഷയത്തിൽ തീർപ്പിലെത്തുമ്പോഴേക്കും രാജ്യത്തെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.