ആരു കേൾക്കും ഗസ്സയുടെ രോദനം!
text_fieldsഗസ്സയിലെ യുദ്ധത്തേക്കാളുപരി മാനുഷിക ദുരന്തമാണ് ഇന്നു ലോകത്തിന്റെ ചർച്ചാവിഷയം. ഇത്രയേറെ ആൾനാശവും വസ്തുനാശവും പട്ടിണിയും ഉൾപ്പെട്ട ഒരു മനുഷ്യ (നിർമിത) ദുരന്തം ചരിത്രത്തിൽ അടുത്തൊന്നും സംഭവിച്ചിട്ടുണ്ടാവില്ല. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനുപിന്നാലെ ഏതാണ്ട് ആറുമാസമായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 32,000 ഫലസ്തീനികൾ മരിച്ചുവീണു. ഗസ്സയെന്ന ചെറിയ ഭൂപ്രദേശത്ത് ഏതാണ്ട് 23 ലക്ഷം ജനങ്ങൾക്കിടയിൽ കടുംക്ഷാമത്തിന്റെ സാധ്യത മുന്നിലെത്തിയിരിക്കുന്നു എന്നാണ് യൂറോപ്യൻ യൂനിയൻ വിദേശകാര്യ തലവൻ ജോസെപ് ബോറേൽ പറഞ്ഞത്. പട്ടിണി ഇതിനകം ഇല്ലെന്നല്ല. തുച്ഛമായി എത്തിച്ചേരുന്ന ഭക്ഷണ ട്രക്കുകൾക്കുമുന്നിൽ വരിനിന്നും തിക്കിത്തിരക്കിയും കഴിയുന്ന അതിദാരുണ സ്ഥിതിവിശേഷത്തിലാണ് ഗസ്സയിലെ ഫലസ്തീനികൾ. ജീവഹാനിക്കുപുറമെ, 74,000 പേർ പരിക്കുപറ്റി കിടക്കുന്നു, അവർക്ക് ചികിത്സ നൽകേണ്ട ആശുപത്രികളിൽ ഭൂരിഭാഗവും തകർക്കപ്പെടുകയോ അടച്ചിടേണ്ടി വരുകയോ ചെയ്തിരിക്കുന്നു. ഉള്ള ആശുപത്രികളിൽത്തന്നെ വേണ്ടത്ര ഡോക്ടർമാരോ അനുബന്ധ വൈദ്യ സേവകരോ മരുന്നുകളോ ശുദ്ധജലം പോലുമോ ഇല്ല. ശസ്ത്രക്രിയാനന്തര ചികിത്സയിൽ കഴിയുന്നവർക്കും അംഗവിഹീനർക്കും അർബുദം, പ്രമേഹം തുടങ്ങിയവ ബാധിച്ചവർക്കും പ്രസവിച്ച അമ്മമാർക്കും നവജാത ശിശുക്കൾക്കും എല്ലാം അനുഭവിക്കേണ്ടിവരുന്നത് കൊടിയ വിശപ്പും തജ്ജന്യ രോഗങ്ങളുമാണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. മാനുഷിക ദുരന്തങ്ങൾക്കൊപ്പം ഗസ്സയിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഇസ്രായേൽ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു. 20 ലക്ഷത്തോളം തദ്ദേശീയർ ദക്ഷിണ ഗസ്സയിലേക്ക് പലായനം ചെയ്ത് താൽക്കാലിക ക്യാമ്പുകളിൽ താമസിക്കുകയാണ്. അഭയകേന്ദ്രങ്ങളായി മാറിയ സ്കൂളുകളിൽ ഓരോ ശുചിമുറിയും കുളിമുറിയും നൂറുകണക്കിന് ആളുകൾ പങ്കുവെച്ച് ഉപയോഗിക്കുകയാണ്. വൃത്തിഹീന ചുറ്റുപാടുകളിൽ പതിവായ ഹെപ്പറ്റൈറ്റിസ് എ, വയറിളക്കം എന്നീ രോഗങ്ങൾ വ്യാപകമായി വരുന്നു.
ഗസ്സയിലെ ഇസ്രായേലി നിർമിത ദുരന്തത്തിന്റെ ഒരു സാമ്പിൾ മാത്രമാണിത്. ഒരു യുദ്ധത്തിലെ അവിചാരിത സംഭവങ്ങളല്ല ഇതൊന്നും. ഹമാസ് ആക്രമണം നടന്ന തൊട്ടുടനെ, മാനുഷിക പരിഗണനകൾ ഒരിക്കലും ഒന്നിനും തടസ്സമായിട്ടില്ലാത്ത ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞത്, ഹമാസ് ആക്രമണത്തിന് നൽകുന്ന തിരിച്ചടി ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നായിരിക്കുമെന്നും ഗസ്സയെ തകർത്തു തരിപ്പണമാക്കുമെന്നും ഫലസ്തീനികൾക്ക് ഇനി സമാധാനത്തിൽ ജീവിക്കാൻ പ്രയാസമാകുമെന്നുമൊക്കെ ആയിരുന്നു. ആറുമാസത്തോളമായി നടത്തിയ നിഷ്ഠുര നടപടികൾക്കു ശേഷവും ഹമാസിന്റെ അസ്തിത്വത്തിനോ സംവിധാനങ്ങൾക്കോ കാര്യമായ ക്ഷതമേൽപിക്കാൻ സയണിസ്റ്റ് ശക്തിക്കു കഴിഞ്ഞിട്ടില്ല. ഗസ്സയിലേത് ഒരു യുദ്ധഭൂമിയുടെ ചിത്രമല്ല. ഒരു ജനതയോട് ക്രൂരനായ ഒരു ഭരണത്തലവൻ നടത്തുന്ന പകവീട്ടലാണ്. ഇന്ന് ലോകമാസകലം നെതന്യാഹുവിന്റെ നടപടികൾക്കെതിരെ രോഷം രൂപപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ മാത്രമല്ല, ഭരണകൂടങ്ങളിൽ വരെ ഈ രോഷമുണ്ട്. ഇസ്രായേലിനെ പൊതുവിൽ പിന്തുണക്കുന്നവർപോലും ഇന്ന് ഇസ്രായേലിന്റെ ഉപരോധങ്ങളും കൊലയും നിർത്തണമെന്ന് ഏകസ്വരത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ, മാനുഷികവിരുദ്ധ നിലപാടുകളുടെ പേരിൽ നിർണായക തീരുമാനങ്ങളെടുത്ത് സയണിസ്റ്റ് രാജ്യത്തെ പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പട്ടിണിയെയും ആയുധമാക്കി മാറ്റുകയാണ് ഇസ്രായേൽ. ഫെബ്രുവരി അവസാനം വന്ന ഒരു സഹായ വാഹന വ്യൂഹത്തിലേക്ക് ഓടിക്കൂടിയ ആൾക്കൂട്ടത്തിനുനേരെ ഇസ്രായേൽ പട്ടാളം വെടിയുതിർത്തതും തിക്കിലും തിരക്കിലും 100 ഫലസ്തീനികൾ മരിച്ചുവീണതും ഓർക്കുക.
യുദ്ധവിരാമമുണ്ടായാലേ മാനുഷിക സാഹചര്യം മെച്ചപ്പെടുകയുള്ളൂ. എങ്കിലേ ചരക്കുകൾ കടത്തിവിടുന്നതിന് ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കാനാവൂ. താൽക്കാലിക സമാധാനക്കരാർ നടപ്പിലാക്കി, ഹമാസിന്റെ പിടിയിലുള്ള തങ്ങളുടെ പൗരന്മാരെ എങ്ങനെയെങ്കിലും മോചിപ്പിച്ചെടുക്കുന്നതിലാണ് ഇസ്രായേലിന് താൽപര്യം. ഇല്ലെങ്കിൽ നെതന്യാഹുവിന്റെ കൈയിൽനിന്ന് ഭരണം തന്നെ വഴുതിപ്പോവുന്ന സ്ഥിതിയാണ്. ഹമാസ് ആണെങ്കിൽ ദീർഘകാലത്തേക്കുള്ള സമാധാനം കാംക്ഷിക്കുന്നതോടൊപ്പം ഫലസ്തീൻ നേതൃത്വത്തിലെ പ്രമുഖരായ ബന്ദികളുടെ മോചനത്തിനാണ് ഊന്നുന്നത്. അതിൽ 20 വർഷമായി ഇസ്രായേൽ തടവിൽ കഴിയുന്ന ഫതഹ് നേതാവ് മർവാൻ ബർഗൂത്തിയും പെടും. ഗസ്സയിലെ ലക്ഷക്കണക്കായ അഭയാർഥികൾക്ക് ആഹാരവും ചികിത്സയുമാണ് ഇന്നത്തെ അടിയന്തരാവശ്യം. ഐക്യരാഷ്ട്ര സഭക്ക് പ്രമേയങ്ങൾ പാസാക്കാനേ കഴിയൂ. അത് നടപ്പിലാക്കാനുള്ള ശക്തിയോ സംവിധാനമോ, ഒന്നിച്ചിരുത്തി തീരുമാനങ്ങളെടുപ്പിക്കാൻ ത്രാണിയുള്ള നേതൃത്വമോ അതിനില്ല-സെക്രട്ടറി ജനറൽ ഗുട്ടറെസ് സത്യസന്ധമായി മനുഷ്യപ്പറ്റോടെ സംസാരിക്കുന്നുണ്ടെന്നത് നേരെങ്കിലും. ഇതെല്ലാമറിയുന്ന അമേരിക്കക്കാണെങ്കിൽ മേഖലയിലെ തങ്ങളുടെ ചട്ടുകമായ ഇസ്രായേലിനെ നിർണായകമായി സ്വാധീനിച്ച് പ്രശ്നം പരിഹരിക്കുന്നതിലല്ല യഥാർഥ താൽപര്യം. ഈ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കക്ക് മാർഗമില്ലാഞ്ഞിട്ടല്ല. അവർ ആയുധങ്ങൾ നൽകുന്നതുമാത്രം നിർത്തിവെച്ചാൽ മാറുന്നതാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ വീറും വാശിയും. മേഖലയിലെ എണ്ണരാജ്യങ്ങൾക്കുമേൽ പേശിബലം പ്രയോഗിക്കാൻ അമേരിക്കക്ക് അതോടെ ഒരുപകരണം ഇല്ലാതാവുമെന്ന വിഷയമേ അതിലുണ്ടാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.