മതേതരത്വ പ്രതിബദ്ധത തെളിയിക്കേണ്ടത് പ്രവൃത്തിയിലൂടെ
text_fieldsഏപ്രിൽ 16ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രഥമഘട്ടം കഴിഞ്ഞപ്പോൾതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൂട്ടുകാർക്കും അതേവരെ തുടർന്ന പ്രചാരണത്തിന്റെ ഊന്നലും ഉള്ളടക്കവും പൊടുന്നനെ മാറ്റേണ്ടിവന്നു. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിൽ ചെയ്ത ഒരു പ്രസംഗത്തോടെയാണ് മോദിയുടെ ചുവടുമാറ്റം പ്രകടമായത്. കൂടുതൽ മക്കളെ ഉൽപാദിപ്പിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്കും രാജ്യത്തിന്റെ പൊതുസമ്പത്ത് വീതിച്ചുകൊടുക്കാനാണ് കോൺഗ്രസ് പരിപാടിയിട്ടതെന്ന് ആരോപിച്ച മോദി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് കാഴ്ചവെച്ചത്. അത്യന്തം അവാസ്തവികവും പ്രകോപനപരവുമായ പ്രസംഗത്തിനെതിരെ ഒട്ടനവധി പരാതികൾ ലഭിച്ചിട്ടും ഇലക്ഷൻ കമീഷൻ കേട്ടഭാവം നടിച്ചില്ല. തുടർന്നിങ്ങോട്ട് ഹിന്ദി ഹൃദയഭൂമിയിലാകെ മുസ്ലിം വിരുദ്ധവും കോൺഗ്രസ് വിരുദ്ധവുമായ മോദി ഗാരന്റിയുടെ പ്രവാഹമാണ് കാണാനാവുന്നത്. കേന്ദ്ര സർക്കാറോ ബി.ജെ.പി ഭരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാറുകളോ ബി.ജെ.പിതന്നെ അർഹരായിക്കണ്ട ‘പസ്മാന്ദ’ മുസ്ലിംകൾക്കുപോലും സംവരണം അനുവദിച്ചിട്ടില്ലെന്നിരിക്കെയാണ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലിംകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നും ഹിന്ദുക്കളുടെ സ്വത്ത് കവർന്ന് അവർക്ക് നൽകുമെന്നും ആക്രോശിക്കുന്നത്. സംപൂജ്യ നായകന്റെ ചുവടുപിടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും യോഗി ആദിത്യനാഥ് മുതൽക്കുള്ള സംസ്ഥാന മുഖ്യമന്ത്രിമാരും സത്യത്തിന്റെയോ നീതിയുടെയോ അംശലേശമില്ലാത്ത പ്രചാരണമാണ് പ്രചണ്ഡമായി അഴിച്ചുവിടുന്നത്. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ജനനനിരക്ക് മറ്റു സമുദായങ്ങളെപ്പോലെതന്നെ താഴോട്ടാണെന്ന് സ്ഥിതിവിവരക്കണക്കുകൾ നിരത്തി മറുപടി നൽകിയതുകൊണ്ടോ രാജ്യത്തേക്ക് മുസ്ലിം നുഴഞ്ഞുകയറ്റക്കാർ എവിടെനിന്ന് കയറിവരുന്നു എന്ന് തുറന്നുപറയണമെന്നാവശ്യപ്പെട്ടതുകൊണ്ടോ പ്രയോജനമൊന്നുമില്ല. രാജ്യത്തിന്റെ സമ്പത്ത് ഒരു പ്രത്യേക സമുദായത്തിന് വീതിച്ചുകൊടുക്കാൻ എങ്ങനെ സാധിക്കും എന്ന ചോദ്യവും അപ്രസക്തമാണ്. ഭൂരിപക്ഷ സമുദായത്തിൽ മതന്യൂനപക്ഷങ്ങൾക്കുനേരെ പരാമവധി വെറുപ്പും വിദ്വേഷവും പച്ചയായി പ്രകടിപ്പിച്ചാൽ മറ്റെല്ലാം മറന്ന് അവർ 2019ലേതിനെക്കാൾ ആവേശത്തോടെ ഹിന്ദുത്വ ഭരണത്തോടൊപ്പം നിൽക്കുമെന്ന കണക്കുകൂട്ടലാണ് ഈ വിഷവർഷത്തിന്റെ പിന്നിൽ.
ഇന്ത്യയിൽ വർധിച്ചുവരുന്ന ന്യൂനപക്ഷ പീഡനത്തിനും മതസ്വാതന്ത്ര്യ ധ്വംസനത്തിനുമെതിരെ ഐക്യരാഷ്ട്ര വേദികളിലും ജനാധിപത്യ രാജ്യങ്ങളിലും ലോകമാധ്യമങ്ങളിലും ആശങ്കയും ഉത്കണ്ഠയും നിരന്തരം മുഴങ്ങുന്നുണ്ടെങ്കിലും അതെല്ലാം ആഭ്യന്തരകാര്യങ്ങളിലെ ഇടപെടലായും വ്യാജാരോപണങ്ങളായും ചിത്രീകരിച്ച് നിരാകരിക്കുകയാണ് മോദി സർക്കാർ. രാജ്യത്തെ മനുഷ്യാവകാശ നിഷേധ സംഭവങ്ങളിലേക്ക് ലോകത്തിന്റെ പൊതുശ്രദ്ധ ക്ഷണിക്കുന്ന രാഷ്ട്രാന്തരീയ വേദിയായ ആംനസ്റ്റി ഇന്റർനാഷനലിന് പ്രവർത്തന സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ അവരുടെ ഓഫിസ് പൂട്ടിപ്പോയി. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ശക്തമായ തെളിവുകളിലൂടെ അനാവരണം ചെയ്ത കുറ്റത്തിന് ബി.ബി.സിയുടെ ഓഫിസുകൾ റെയ്ഡ് ചെയ്ത്, സാമ്പത്തിക ഇടപാടുകൾക്ക് തടയിട്ടു. അവരും ഡൽഹി ബ്യൂറോ അടച്ചുപൂട്ടേണ്ടിവന്നു. ഇതൊന്നും പക്ഷേ ഇലക് ഷൻ പ്രചാരണത്തിന് ഉപയോഗിക്കാൻപോലും പ്രധാന പ്രതിയോഗികളായ ഇൻഡ്യ മുന്നണിക്ക് ധൈര്യമില്ല. എന്തിനേറെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ അദ്ദേഹത്തിന്റെ റോഡ്ഷോയിൽ കോൺഗ്രസിന്റെ പതാക പറപ്പിക്കാൻ പാർട്ടി അണികൾ ധൈര്യപ്പെട്ടില്ല. കാരണം, യു.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകമായ മുസ്ലിംലീഗിന്റെ പ്രവർത്തകർകൂടി അണിനിരന്ന റോഡ്ഷോയിൽ ലീഗിന്റെ ഹരിതപതാക പറന്നാൽ അത് പാകിസ്താൻ പതാകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഹൃദയഭൂമിയിൽ സംഘ്പരിവാറിന് കഴിയുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അനുഭവം തെളിയിച്ചിട്ടുണ്ട്. ആകെക്കൂടി ദേശഭക്തി, ദേശസ്നേഹം പോലുള്ള പുകമറകൾ സൃഷ്ടിച്ച് കടുത്ത വർഗീയതയും വിഭാഗീയതയും ആവോളം പ്രസരിപ്പിച്ചാലല്ലാതെ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവ് ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടെടുപ്പിലെ താഴ്ന്ന പോളിങ് ശതമാനം കാവിപ്പടക്ക് നൽകിയിരിക്കുന്നു. മോദി പെരുമ്പറയടിച്ച 400 സീറ്റു പോയിട്ട് കേവല ഭൂരിപക്ഷമെങ്കിലും ഉറപ്പിക്കാനുള്ള തത്രപ്പാടാണ് ഇപ്പോഴത്തെ ‘മുസ്ലിംദഹന’ത്തിന്റെ പിന്നിലെന്ന് പ്രമുഖ മാധ്യമനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയും അതിനാധാരമായ ജനാധിപത്യവും മതനിരപേക്ഷതയും രാജ്യത്തിന്റെ ബഹുസ്വരതയും രക്ഷിച്ചെടുക്കാൻ ലോകത്തിനുതന്നെ ഭീഷണിയായ ഫാഷിസത്തെ സർവശക്തിയും പ്രയോഗിച്ച് പരാജയപ്പെടുത്തിക്കൊണ്ടേ സാധ്യമാവൂ എന്ന് ഇൻഡ്യ മുന്നണി മനസ്സിലാക്കിയിട്ടുണ്ട്, അതവർ ഉറക്കെ പറയുന്നുമുണ്ട്. പക്ഷേ, ഭൂരിപക്ഷ വോട്ടുബാങ്ക് നഷ്ടത്തെ ഭയന്നുകൊണ്ട് ബി.ജെ.പിയുടെ ബി ടീം കളിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ മനോഭാവമെങ്കിൽ, ഒരിക്കലും എ ടീമിനെ തോൽപിക്കാൻ ബി ടീമിനാവില്ലെന്നാണ് അനുഭവസത്യം. ഒരർഥവുമില്ലാത്ത ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളുടെ സമീകരണവും സച്ചാർ സമിതി ചൂണ്ടിക്കാട്ടിയ മുസ്ലിം അധഃസ്ഥിതിയുടെ നേരെ കണ്ണടച്ചും ഇന്നലെവരെ മോദിപക്ഷത്ത് നിലയുറപ്പിച്ചവർ പദവിയും അധികാരവും നിഷേധിക്കപ്പെട്ടതിനാൽ പ്രതിപക്ഷത്തേക്ക് ചേക്കേറുമ്പോൾ അവരെ സ്ഥാനവും സ്ഥാനാർഥിത്വവും നൽകി കുടിയിരുത്തിയും ബാലറ്റ് യുദ്ധത്തിൽ വിജയിക്കാനാവില്ല. മുസ്ലിം സമുദായത്തിൽനിന്നുള്ളവരെ സ്ഥാനാർഥികളാക്കാതിരിക്കുന്നതിനെ ശുദ്ധ ഭീരുത്വമെന്നേ വിളിക്കാനാവൂ. മതേതര പ്രതിബദ്ധത വാക്കുകളിലല്ല പ്രവൃത്തിയിലും മനോഭാവത്തിലുമാണ് തെളിയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.