വിദേശനയത്തിലെ താളവും താളപ്പിഴയും
text_fieldsബാഹ്യസമ്മർദങ്ങൾക്കു മീതെ രാജ്യതാൽപര്യത്തിന് മുൻഗണന നൽകുമ്പോൾ വിദേശനയം എങ്ങനെ നേട്ടമാകും എന്നതിന് ഉദാഹരണമാണ് ഇന്ത്യ ഇറാനുമായി ഒപ്പുവെച്ച ദീർഘകാല കരാർ. ഇറാനിലെ ചാ ബഹാർ ശഹീദ് ബഹശ്തി തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തുകൊണ്ട് പത്തു വർഷത്തെ കരാറിലാണ് നാം ഏർപ്പെട്ടിരിക്കുന്നത്. ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇതാദ്യമായാണ് ഇന്ത്യ ഏറ്റെടുക്കുന്നത്. ഊർജസമ്പന്നമായ ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചാ ബഹാർ തുറമുഖത്തിലെ പങ്കാളിത്തം ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം വമ്പിച്ച തോതിൽ വർധിപ്പിക്കും. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, അർമീനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ ചരക്കെത്തിക്കാവുന്ന ഇടനാഴിയാണ് ചാ ബഹാർ. അടിസ്ഥാന സൗകര്യ-വ്യാപാര മേഖലകളിൽ ഇറാനുമായി നേരത്തേയുള്ള നമ്മുടെ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്ന പുതിയ കരാർ ഇരുരാജ്യങ്ങൾക്കും മാത്രമല്ല, മേഖലയിലെ ചരക്കുനീക്കത്തിനും വലിയ പ്രയോജനം ചെയ്യും. പാകിസ്താൻ വഴിയല്ലാതെതന്നെ അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും വഴിതുറക്കും എന്നത് ചാ ബഹാർ തുറമുഖം കൊണ്ടുള്ള ഒരു മെച്ചമാണ്. ഇറാനും അസർബൈജാനും റഷ്യയും വഴി യൂറോപ്പിലേക്ക് എത്താനും ഇതുവഴി സാധിക്കും; ചരക്കുനീക്കത്തിലെ കാലതാമസവും ചെലവും ഗണ്യമായി കുറക്കാൻ അങ്ങനെ കഴിയും. അമേരിക്കക്ക് ദാസ്യവേല ചെയ്തിരുന്ന ഷാ പഹ്ലവിയുടെ ഭരണം 1979ലെ ജനകീയ വിപ്ലവത്തിൽ തകർന്നതിനുശേഷം ഇറാൻ അവരുടെ കണ്ണിലെ കരടാണ്. 1993ൽ പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് തുടക്കംകുറിച്ചത്. പിന്നീട് വാജ്പേയിയുടെ കാലത്ത് ചാബഹാർ സംബന്ധിച്ച ധാരണയിലൂടെ ആ ബന്ധത്തിന് മൂർത്തരൂപം കൈവന്നു.
തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾക്കനുസൃതമായി മറ്റു രാജ്യങ്ങൾ അവരുടെ വിദേശനയം പാകപ്പെടുത്തണമെന്ന അമേരിക്കയുടെ ശാഠ്യം ഇന്ത്യയുടെ ഇറാൻ ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ചാബഹാർ തുറമുഖത്തിന്റെ നിർമാണപ്രവർത്തനത്തിൽ ഇന്ത്യ സഹകരിച്ചപ്പോൾ അത് തടയാൻ ശ്രമമുണ്ടായി. ഇറാനെതിരെ അമേരിക്കൻ താൽപര്യപ്രകാരം കുറെ രാജ്യങ്ങളും യു.എന്നും ഏർപ്പെടുത്തിയ ഉപരോധത്തിൽ പങ്കെടുക്കാതെ, രാജ്യതാൽപര്യം പരിഗണിച്ച് തുറമുഖനിർമാണത്തിൽ ചേരുകയായിരുന്നു നാം. 2012ൽ യു.എസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ ഇന്ത്യയെ വിരട്ടി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം, ഭാഗിക സഹകരണത്തിനല്ലാതെ ഇറാനുമായി പൂർണകരാറിലെത്താൻ അമേരിക്കയുടെ സമ്മർദം തടസ്സമായി. ഇറാനുമായി ആണവ ധാരണയിലെത്തിയതോടെ അമേരിക്ക ഉപരോധം മയപ്പെടുത്തിയ ശേഷമാണ് 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനുമായി ചാ ബഹാർ കരാറിൽ ഒപ്പിടുന്നത്. എന്നാൽ, ഡോണൾഡ് ട്രംപ് പ്രസിഡന്റാവുകയും 2018ൽ ഇറാനെതിരെ വീണ്ടും പൂർണ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ കരാർ സന്ദിഗ്ധാവസ്ഥയിലായി. അമേരിക്കയുടെ സമ്മതത്തോടെ ചില ഇളവുകൾ ഇന്ത്യക്ക് ലഭ്യമായത് നമ്മുടെ മിടുക്കുകൊണ്ടാണെന്ന് പറയാനാകില്ല. അധിനിവിഷ്ട അഫ്ഗാനിസ്താനിൽ അമേരിക്ക പാവസർക്കാറിനെ സ്ഥാപിച്ചിരുന്നു. ആ രാജ്യത്തേക്ക് ചരക്കും സഹായവുമെത്തിക്കാനാണ് ഇറാൻ ഉപരോധത്തിൽ അയവ് വരുത്തിയത്. അമേരിക്കൻ താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് ഇന്ത്യ നിഷ്ക്രിയമായതോടെ 2020ൽ ഇറാൻ ഇന്ത്യയെ കാത്തുനിൽക്കാതെ ചാ ബഹാർ പദ്ധതി ഒറ്റക്ക് നടപ്പാക്കാമെന്ന നിലപാടിലെത്തി. അഫ്ഗാനിസ്താനിൽനിന്ന് അമേരിക്കൻ സാന്നിധ്യം തൂത്തെറിഞ്ഞ് താലിബാൻ സർക്കാർ വന്നപ്പോൾ ഇന്ത്യക്ക് പഴയ ഇളവുകൾ നൽകേണ്ട ആവശ്യം അമേരിക്കക്ക് ഇല്ലാതായി. ജോ ബൈഡന്റെ ഭരണത്തിലും അമേരിക്ക ഇറാനെതിരായ ഉപരോധം മറ്റ് രാജ്യങ്ങൾക്കുമേൽ അടിച്ചേൽപിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇനി വഴങ്ങേണ്ടെന്ന നിലപാടോടെ ഇന്ത്യ ചാ ബഹാർ തുറമുഖ നടത്തിപ്പ് ഏറ്റെടുക്കുന്നത്. അമേരിക്ക ഉപരോധ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും അത് നടക്കാനിടയില്ല. ഒന്നാമത്, ഗസ്സ വംശക്കുരുതിയോടെ അമേരിക്കയുടെ പ്രതിഛായ മോശമായിട്ടുണ്ട്. രണ്ടാമത്, പാകിസ്താനിൽ ചൈന തുറമുഖനിർമാണം തുടങ്ങിയത് അമേരിക്കയെ മാറ്റിച്ചിന്തിപ്പിക്കുന്നുണ്ടാകാം. ഇന്ത്യയിലാകട്ടെ, മോദി സർക്കാറിന് കീഴിൽ തഴച്ചുവളരുന്ന ചങ്ങാത്ത മുതലാളിത്തത്തിനും തുറമുഖ നിർമാണത്തിൽ കണ്ണുണ്ടാകാം. സാഹചര്യങ്ങൾ എന്തൊക്കെയായാലും രാജ്യത്തിന്റെ താൽപര്യവുമായി ചേരുന്ന ഒരു വഴി അമേരിക്കയുടെ വിരട്ടൽ കൂസാതെ സ്വീകരിക്കാൻ കഴിയുന്നത് നിസ്സാര കാര്യമല്ല. ശരിയായ വിദേശനയത്തിന്റെ ഈ മാതൃക, പക്ഷേ മറ്റുപല വിഷയങ്ങളിലും നമുക്ക് സ്വീകരിക്കാനാകുന്നില്ല എന്നതും പറയാതെ വയ്യ. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ താൽക്കാലിക ലാഭത്തിനുവേണ്ടി അയൽപക്ക ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താവുന്ന ഒന്നിലധികം പരാമർശങ്ങൾ ഈയിടെ രാജ്യം കേട്ടു. കോൺഗ്രസിനെ തമിഴ് വോട്ടർമാർക്കിടയിൽ കുറ്റപ്പെടുത്താൻ 1974ലെ ഇന്ത്യ-ശ്രീലങ്ക കരാറിനെ വിമർശിച്ചപ്പോൾ അത് ഉലച്ചത് ശ്രീലങ്കയുമായുള്ള നല്ല ബന്ധത്തെയാണ്. പൗരത്വനിയമത്തെ ന്യായീകരിക്കുന്ന കൂട്ടത്തിൽ അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തിയതും വിവേകരാഹിത്യമായി. ഇന്ത്യയുമായി നല്ല ബന്ധമുള്ള ബംഗ്ലാദേശിൽ വരെ തിരിച്ചടികളുണ്ടായി. സങ്കുചിതമായ ആഭ്യന്തര രാഷ്ട്രീയത്തിന്റെ പേരിലായാലും സങ്കുചിതമായ വിദേശ താൽപര്യങ്ങൾക്ക് വേണ്ടിയായാലും വിദേശനയം വികലമാക്കിക്കൂടാ. ചാ ബഹാർ ഒരു മാതൃകയാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.