സ്വതന്ത്ര ഫലസ്തീന് കൂടുതൽ പിന്തുണ
text_fieldsപശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിന് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങളായ സ്പെയിനും നോർവേയും അയർലൻഡും തീരുമാനിച്ചു. ഈ മാസം 28 മുതൽ ഔദ്യോഗികാംഗീകാരം നിലവിൽവരുമെന്ന് മൂന്നു രാഷ്ട്രത്തലവന്മാരും ബുധനാഴ്ച പ്രസ്താവിച്ചു. ഫലസ്തീനിൽ ദ്വിരാഷ്ട്രപരിഹാരമെന്ന ആശയം ഇസ്രായേലിന്‍റെ ഉത്തമതാൽപര്യത്തെ മാനിക്കുന്നുവെന്നും ഈയൊരു അംഗീകാരം ഇല്ലെങ്കിൽ പശ്ചിമേഷ്യയിലെ സമാധാനം കൈവരില്ലെന്നാണ് നോർവേയുടെ പക്ഷം. സമാധാനത്തിലും സുരക്ഷയിലും സഹവസിക്കുന്ന ഇരു രാഷ്ട്രങ്ങളായി ഇസ്രായേല്യരും ഫലസ്തീനികളും വർത്തിക്കണമെന്നാണ് നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാർസ്റ്റോർ അഭിപ്രായപ്പെട്ടത്. ഈ സുപ്രധാന നീക്കത്തിൽ ഇതര രാജ്യങ്ങൾകൂടി പങ്കുകൊള്ളുമെന്ന് അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ 142ഉം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ടെന്നാണ് വെസ്റ്റ്ബാങ്കിൽ മാത്രം പരിമിതാധികാരമുള്ള ഫലസ്തീൻ അതോറിറ്റിയുടെ കണക്ക്. എന്നാൽ ആ അംഗീകാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തിനാണ് എന്നു തീർത്തു പറയാനാവില്ല. പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാഷ്ട്രങ്ങളും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാഷ്ട്രങ്ങളുമാണ് ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാൻ മുന്നോട്ടുവന്നത്. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പശ്ചിമ യൂറോപ്പിലെ ബഹുഭൂരിഭാഗം രാജ്യങ്ങളും അതിനു സമ്മതിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ യു.എൻ രക്ഷാസമിതിയിൽ ഒരു സമ്പൂർണ യു.എൻ അംഗരാജ്യമാകാനുള്ള ഫലസ്തീന്‍റെ ശ്രമത്തെ അമേരിക്ക വീറ്റോ ചെയ്തു പരാജയപ്പെടുത്തുകയുംചെയ്തു. 2011ൽ യു.എൻ മുഴുസമയ അംഗത്വത്തിനുള്ള കാമ്പയിനുമായി ഫലസ്തീൻ മുന്നോട്ടുപോയപ്പോൾ ആ വർഷം ഒക്ടോബർ 31ന് യു.എൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോയിൽ മുഴുസമയ അംഗത്വം കിട്ടി. അന്ന് അമേരിക്കയും ഇസ്രായേലും യുനെസ്കോയിൽ നൽകുന്ന ഫണ്ട് റദ്ദാക്കി. 2018ൽ അവർ യുനെസ്കോ അംഗത്വം കൈയൊഴിഞ്ഞു, അഞ്ചുവർഷം കഴിഞ്ഞ് അമേരിക്ക തിരിച്ചുവന്നെങ്കിലും. 2014ൽ സ്വീഡനാണ് ഫലസ്തീന് അംഗീകാരം നൽകുന്ന ആദ്യ യൂറോപ്യൻ യൂനിയൻ അംഗരാഷ്ട്രം. ബൾഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, റുമേനിയ എന്നീ രാജ്യങ്ങളും സ്വീഡനെ പിന്തുടർന്നു.
സംഘർഷങ്ങളിൽ മുങ്ങിത്താഴുമ്പോഴാണ് എന്നും ഫലസ്തീനെ ലോകരാഷ്ട്രങ്ങളുടെ അനുകമ്പയും അംഗീകാരവും തേടിയെത്തിയത് എന്നതു കൗതുകകരമാണ്. 1988ൽ ഒന്നാം ഉയിർത്തെഴുന്നേൽപ് (ഇൻതിഫാദ) പോരാട്ടത്തിന്‍റെ നാളുകളിലാണ് ഫലസ്തീൻ വിമോചന സംഘടനയുടെ സാരഥി യാസിർ അറഫാത്തിന്‍റെ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കാനുള്ള ആഹ്വാനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നത്. അൽജീരിയയുടേതായിരുന്നു ആദ്യ ചുവട്. അറബ് രാജ്യങ്ങളും ഇന്ത്യ, തുർക്കിയും ആഫ്രിക്കൻ മധ്യ, പൂർവ യൂറോപ്യൻ രാജ്യങ്ങളും അതിനൊത്തു നീങ്ങി. 2010-11 കാലത്ത് വെസ്റ്റ് ബാങ്കിലെ ജൂത പാർപ്പിടനിർമാണത്തിനുള്ള വിലക്ക് അവസാനിപ്പിച്ച് ഇസ്രായേൽ മുന്നോട്ടുപോയപ്പോൾ അർജന്‍റീന, ബ്രസീൽ, ചിലി തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഫലസ്തീന് അംഗീകാരപിന്തുണ നൽകി. പതിറ്റാണ്ടും കടന്ന് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയുമായി രംഗത്തുവരുന്നതാകട്ടെ, ഇസ്രായേലിന്‍റെ വംശഹത്യ അറ്റമില്ലാതെ തുടരുമ്പോഴാണ്.
ആധുനിക രാഷ്ട്രങ്ങളെന്നു സ്വയം പ്രഖ്യാപിച്ച വൻശക്തികളുടെ പിൻബലത്തിലാണ് 1948ൽ ഫലസ്തീനികളെ കുടിയിറക്കി ഇസ്രായേൽ എന്ന രാജ്യം ജന്മമെടുത്തത്. അവരുടെ വംശഹത്യ പദ്ധതിക്ക് അമേരിക്കയും പടിഞ്ഞാറൻ മിത്രങ്ങളും ആളും അർഥവും ആയുധവും വാരിക്കോരി നൽകി സഹായിച്ചു. എന്നാൽ, ഇന്ന് ഫലസ്തീനെ ജനശൂന്യവും ഫലശൂന്യവുമാക്കി തകർത്തുതരിപ്പണമാക്കിയ ചട്ടമ്പിത്തരത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ ചൂണ്ടി ലോകം എതിർക്കുമ്പോൾ ഇസ്രായേലിന് ദഹിക്കുന്നില്ല. അന്തർദേശീയമെന്നല്ല, ഒരു വക നിയമവും തങ്ങൾക്കു ബാധകമല്ലെന്നും സ്വന്തം വംശഹത്യ പദ്ധതിയുമായി തന്നെ മുന്നോട്ടുപോകുമെന്നും നിശ്ചയിച്ച ഇസ്രായേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വിധിയും യൂറോപ്യൻ രാഷ്ട്രങ്ങളുടെ അടിക്കടിയുള്ള പ്രതിരോധപ്രഹരവും സൃഷ്ടിക്കുന്ന അലോസരവും അസ്വസ്ഥതയും ചെറുതല്ല. 1948ലെ കൂട്ടക്കുടിയിറക്ക് എന്ന നക്ബയുടെ ഏഴരപ്പതിറ്റാണ്ടിനു ശേഷവും സ്വന്തം വീടും ദേശവും ഫലസ്തീനികൾക്ക് ഇപ്പോഴും അന്യമാണ് എന്നു മാത്രമല്ല, മാറിത്താമസിച്ചിടത്തുനിന്നുപോലും തലമുറകളായി അവരെ വംശീയനിർമൂലനത്തിനു വിധേയമാക്കിവരികയാണ് ഇസ്രായേൽ. ഈ അനിശ്ചിതത്വത്തിനിടയിലും ലോകഹൃദയം ഫലസ്തീനികൾക്കുവേണ്ടി തുടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ലോകത്ത് അനുദിനം ശക്തിപ്പെട്ടുവരുന്ന ഫലസ്തീൻ അനുകൂല-ഇസ്രായേൽ വിരുദ്ധ തരംഗം. ഈ വർഷത്തെ നക്ബ എന്ന ഫലസ്തീനി കുടിയിറക്കു വാർഷികം ലോകമെമ്പാടും അഭൂതപൂർവമായ പങ്കാളിത്തത്തോടെയാണ് ആചരിക്കപ്പെട്ടത്. അമേരിക്കൻ കാമ്പസുകളിൽ സയണിസ്റ്റ് വംശഹത്യക്കെതിരായി കൂറ്റൻ റാലികളും തമ്പുകെട്ടി പ്രതിഷേധങ്ങളും നടന്നു. നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റിന് അസാധാരണ പിന്തുണയാണ് വിവിധ രാഷ്ട്രനേതാക്കളിൽനിന്നു ലഭിച്ചത്. അതിന്‍റെ തുടർച്ചയിലാണ് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര പിന്തുണ വർധിക്കുന്നതും. സ്വന്തം ദേശങ്ങളിലേക്കും ഭവനങ്ങളിലേക്കുമുള്ള ഇസ്രായേൽ ഉപരോധത്തിന്‍റെ താഴുകൾ തുറക്കാൻ ഫലസ്തീനികൾക്കാവുന്നില്ല എന്നതു നേര്. എങ്കിലും ലോകമൊന്നടങ്കം ഫലസ്തീനികൾക്കായി മനം തുറന്നിരിക്കുന്നുവെന്നും ചോരച്ചാലുകൾ കടന്നും തുടരുന്ന അവരുടെ രക്തസാക്ഷ്യത്തിന്‍റെ ചെറുത്തുനിൽപുകൾ വെറുതെയാവില്ലെന്നും തെളിയിക്കുന്നുണ്ട് ആഗോളതലത്തിൽ വർധിച്ചുവരുന്ന ജനപിന്തുണ. ഇസ്രായേലിന്‍റെ പൈശാചികമായ വംശഹത്യയെ പിന്തുണക്കാൻ മനുഷ്യത്വമുള്ളവരെ കിട്ടില്ല എന്ന ലോകത്തിന്‍റെ മുന്നറിയിപ്പു കൂടിയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.