Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമേരിക്കയെയും...

അമേരിക്കയെയും ഒറ്റപ്പെടുത്തണം

text_fields
bookmark_border
അമേരിക്കയെയും ഒറ്റപ്പെടുത്തണം
cancel

അന്താരാഷ്ട്ര നിയമങ്ങളെക്കാൾ ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധതയോടാണ് അമേരിക്കക്ക് താൽപര്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇനി ലോകരാഷ്ട്രങ്ങൾ സമ്പൂർണ നിയമരാഹിത്യത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. ഇസ്രായേലിന്റെ തെമ്മാടിത്തവും അമേരിക്കയുടെ ദാസ്യവും വെളിപ്പെടുത്തുന്ന മൂന്നു കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. ഇസ്രായേലി ചെയ്തികൾ അന്വേഷിച്ച യു.എൻ പ്രത്യേക സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതാണ് ഒന്ന്. സൈനിക ലക്ഷ്യങ്ങൾ നേടാൻ ഇസ്രായേൽ നിയമവിരുദ്ധ മാർഗങ്ങൾ അവലംബിച്ചതിന്റെ തെളിവുകളാണ് റിപ്പോർട്ടിൽ നിരത്തുന്നത്. പട്ടിണി ആയുധമാക്കുക, സിവിലിയന്മാരെ മർദിച്ചും വേട്ടയാടിയും നശിപ്പിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ നിരന്തരം ലംഘിക്കുക, അപാർതൈറ്റ് നടപ്പാക്കുക തുടങ്ങിയ കുറ്റങ്ങൾ ഇസ്രായേൽ ചെയ്തു. രണ്ടാമത്തെ കാര്യം ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടാണ്. ഒരുവർഷത്തിലേറെയായി ഇസ്രായേൽ ചെയ്തുവരുന്ന യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളുടെയും പട്ടികയാണ് ആ റിപ്പോർട്ടിൽ നിരത്തുന്നത്. കരുതിക്കൂട്ടി ജനങ്ങളെ പലകുറി അങ്ങോട്ടുമിങ്ങോട്ടും ആട്ടിപ്പായിക്കുന്നത് സൈനിക ലക്ഷ്യങ്ങൾ നേടാനല്ല, വംശീയ ഉന്മൂലനത്തിനുവേണ്ടിയാണ്. ലോക കോടതി മാസങ്ങൾക്ക് മുമ്പുതന്നെ ഇസ്രായേലിന്റെ പ്രവൃത്തി വംശഹത്യയിൽ ഉൾപ്പെടുമെന്ന് പറഞ്ഞുകഴിഞ്ഞതാണ്. ഈ വസ്തുതാ കഥനങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണമാണ്, മറ്റു ലോകരാജ്യങ്ങളെ സ്വയം തീരുമാനത്തിന് നിർബന്ധിക്കുന്ന മൂന്നാമത്തെ കാര്യം. ഇസ്രായേൽ യുദ്ധക്കുറ്റങ്ങളോ വംശഹത്യയോ ചെയ്യുന്നതായി തങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് അമേരിക്ക ഇപ്പോഴും പറയുന്നത്. ബലം പ്രയോഗിച്ച് ജനങ്ങളെ വീടുകളിൽനിന്ന് ഇറക്കിവിടുന്നത് അമേരിക്ക ‘ചുവപ്പുവര’യായി കണക്കാക്കുന്നുവെന്നും അത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇപ്പോഴും പറയുന്നത് ഇസ്രായേൽ അങ്ങനെ ചെയ്യുന്നതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ്.

യു.എൻ റിപ്പോർട്ടുകളും യു.എൻ പ്രത്യേക റാപ്പോർട്യർ മുതൽ യു.എൻ സെക്രട്ടറി ജനറൽവരെ നടത്തിയ ആധികാരിക പരാമർശങ്ങളുംവരെ, ‘ലൈവ് ജനസൈഡി’ന്റെ നേർക്കാഴ്ചകൾ മുതൽ ഇസ്രായേലി മാധ്യമങ്ങളുടെ സാക്ഷ്യംവരെ ഒന്നും അമേരിക്കയെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നില്ല. ഇത് കാണിക്കുന്നത്, ലോകത്തിന് അംഗീകരിക്കാനാവാത്ത ഇ​സ്രായേൽ ദാസ്യം അമേരിക്കയെയും കുറ്റങ്ങളിൽ പങ്കാളിയാക്കിക്കഴിഞ്ഞു എന്നാണ്. നിർണായക തെളിവെ​ന്നോണം, അമേരിക്കയുടെ മറ്റൊരു ‘ചുവപ്പുവര’കൂടി ഇസ്രായേൽ ലംഘിച്ചിരിക്കുന്നു. ഗസ്സയിലേക്ക് ഭക്ഷണമോ മരുന്നോപോലും അനുവദിക്കാത്ത ഇസ്രായേലിന് ആയുധവും പണവും നൽകുന്നത് ന്യായീകരിക്കാനാകാതെ വന്നപ്പോൾ ബൈഡനും കൂട്ടരും 30 ദിവസത്തെ പരിധി പ്രഖ്യാപിച്ചിരുന്നു. അതിനകം ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇസ്രായേലിന് ആയുധം കൊടുക്കുന്നത് നിർത്തുമെന്നായിരുന്നു പ്രഖ്യാപനം. മുപ്പതുദിവസം കഴിഞ്ഞിട്ടും ഇസ്രായേൽ ഒട്ടും വഴങ്ങിയില്ല; ക്രൂരത കൂട്ടിയിട്ടേ ഉള്ളൂ. ബൈത്ഹനൂനിലേക്ക് ആവശ്യത്തിലും വളരെ കുറച്ച് ഭക്ഷ്യവസ്തുക്കൾ അനുവദിച്ച​ശേഷം ഇസ്രായേൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച ഷെഡുകൾ അപ്പാടെ കത്തിച്ചു. ഒക്ടോബർ 31ന്, കമാൽ അദ്‍വാൻ ആശുപത്രിയിലെ മരുന്നുകൾ നശിപ്പിച്ചു. മുമ്പേ പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് അമേരിക്ക പറയുന്നു ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ (ആയുധം കൊടുക്കുന്നത് നിർത്താൻപോലും) തയാറല്ലെന്ന്. എന്തിന്, അമേരിക്ക പറഞ്ഞ 30 ദിവസ കാലയളവിൽ മാത്രം ഇസ്രായേൽ ചെയ്തുകൂട്ടിയത് അമേരിക്കയെയും ലോകത്തെയും വെല്ലുവിളിക്കുന്ന കാര്യങ്ങളാണ്. ആ നീണ്ട പട്ടികയിൽ ചിലത് ഇങ്ങനെ: പോളിയോ കുത്തിവെപ്പ് തുടങ്ങുമ്പോൾ അത് നടത്തുന്ന സ്കൂൾ കെട്ടിടത്തിന് ബോംബിട്ട് 20 പേരെ കൊന്നു; അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടം ബോംബിട്ട് തകർത്തു; വടക്കൻ ഗസ്സയിൽ ബാക്കിയുണ്ടായിരുന്ന ആശുപത്രി സംവിധാനങ്ങൾ തകർത്തു; വിവിധ ജനവാസകേന്ദ്രങ്ങൾ ബോംബിട്ട് ദശക്കണക്കിന് പേരെ കൊന്നു; ചികിത്സക്കുള്ള ഓക്സിജൻ സ്റ്റേഷനിൽ ബോംബിട്ട് തീവ്രപരിചരണത്തിലുള്ള കുട്ടികളെ കൊന്നു;​ ഡോക്ടർമാരെയും നഴ്സുമാരെയും തടവിലാക്കി; മറ്റൊരു ജനവാസകേന്ദ്രത്തിൽ ബോംബിട്ട് 90 ​പേരെ (25 കുട്ടികളടക്കം) കൊന്നു; പോളിയോ പ്രതിരോധത്തിനുള്ള യൂനിസെഫ് ജീവനക്കാര​ന്റെ വാഹനം ​​ആക്രമിച്ചു കേടുവരുത്തി; ജലവിതരണം ശരിപ്പെടുത്താനിറങ്ങിയ നാല് എൻജിനീയർമാരെ വധിച്ചു; യു.എൻ ഏജൻസിയെ (ഉൺറവ) വിലക്കി; ‘സുരക്ഷാ മേഖല’യി​ൽ ബോംബിട്ട് 10 പേരെ കൊന്നു. ഈ പട്ടിക അപൂർണമാണ്. പക്ഷേ, ഒന്നും അമേരിക്കക്ക് സ്വന്തം വാക്ക് പാലിക്കാൻപോലും പര്യാപ്തമായില്ല.

യു.എന്നിനും യു.എൻ സംവിധാനങ്ങൾക്കുമെതിരെ പോരിനിറങ്ങിയ ഇസ്രായേലിന് യു.എന്നിൽ കവചമൊരുക്കുന്നതും അമേരിക്കയാണ്. യു.എൻ ജീവനക്കാരായ 228 പേരെ ഒരുവർഷം കൊണ്ട് കൊന്നിട്ടുണ്ട് ഇസ്രായേൽ. ഇസ്രായേലിനോട് നിയമമനുസരിക്കാനാവശ്യപ്പെടുന്ന ഒന്നര ഡസൻ പ്രമേയങ്ങൾ ഈ ഒരുവർഷത്തി​നിടെ യു.എൻ പൊതുസഭ പാസാക്കിയിട്ടുണ്ട്. ‘പരിഷ്കൃത സമൂഹത്തിന്റെ ഭാഗമല്ലാതായി കഴിഞ്ഞ’ ഇസ്രായേലിനെ (മലേഷ്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾ) നിലക്കുനിർത്തി​യില്ലെങ്കിൽ ലോകനിയമങ്ങളും സംവിധാനങ്ങളും തകരുന്ന സ്ഥിതി വരും. ഇസ്രാ​യേലി ദാസ്യത്തിൽ കൂടുതൽ തീവ്രത പുലർത്തുന്ന ​ഡോണൾഡ് ട്രംപ് ഭരണത്തിലെത്തുമ്പോൾ കാര്യങ്ങൾ ഇനിയും പിടിവിടും. ഫലസ്തീനെ മാത്രമല്ല, ലോകത്തെതന്നെ രക്ഷിക്കാൻ മറ്റുരാജ്യങ്ങൾ ഇനിയും അമാന്തിച്ചുകൂടാ. ദക്ഷിണാഫ്രിക്കയെ പാഠംപഠിപ്പിച്ചപോലെ ഇസ്രായേലിനെയും പഠിപ്പിക്കണം. അതിന് ഇസ്രായേലിനെ മാത്രമല്ല, അമേരിക്കയെയും ഒറ്റപ്പെടുത്തേണ്ടിവരാം. ലോകത്തിനും വേണം ‘സ്വയം രക്ഷ’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 Nov 18
Next Story