ഏകത്വത്തിലൂടെ ഏകാധിപത്യത്തിലേക്ക്
text_fieldsഏക സിവിൽ കോഡ്, ഒറ്റത്തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസർക്കാറിന്റെ നിലപാട് ആവർത്തിച്ചിരിക്കുന്നു: ഏകീകൃത നികുതി സമ്പ്രദായം (ജി.എസ്.ടി), ഒരു രാജ്യം ഒരു റേഷൻ കാർഡ്, ആയുഷ്മാൻ ഭാരത് എന്നിവ നടപ്പാക്കിയതുപോലെ രാജ്യത്തുടനീളം ഒരൊറ്റ സിവിൽ കോഡ് ആവിഷ്കരിക്കുമെന്നും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നയം യാഥാർഥ്യമാക്കുമെന്നുമാണ് അദ്ദേഹം ഗുജറാത്തിലെ വഡോദരയിൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പറഞ്ഞത്. സമൂഹത്തിന്റെ ഐക്യമെന്ന പട്ടേലിന്റെ സന്ദേശമാണ് ഈ തീരുമാനത്തിന്റെ കാതലെന്നും വിവേചനമില്ലാതാക്കി ജനങ്ങൾക്കിടയിൽ ഐക്യം ദൃഢപ്പെടുത്തുകയാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന, ജനാധിപത്യം എന്നിവയെക്കുറിച്ച് നിരന്തരമായി സംസാരിക്കുന്നവരാരും ഈ വഴിയിൽ ചിന്തിക്കാറില്ലെന്നും അവർ സമൂഹത്തെയും അതുവഴി രാജ്യത്തെയും വിഭജിക്കാനാണ് ശ്രമിക്കാറുള്ളതെന്നും പ്രതിപക്ഷത്തെ ഉന്നമിട്ട് ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്തു അദ്ദേഹം. ഒരർഥത്തിൽ, ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ആവർത്തനമാണ് വഡോദരയിലെ പ്രഭാഷണവും. സംഘ്പരിവാറിന്റെ പ്രഖ്യാപിത അജണ്ടകളിലൊന്നാണ് ഏക സിവിൽ കോഡ്; ജന വികാരങ്ങളെ മറികടന്നും അധികാരത്തിൽ നിലനിൽക്കാനുള്ള മാർഗമെന്ന നിലയിലാണ് അവർ ‘ഒറ്റത്തെരഞ്ഞെടുപ്പി’നെ വിലയിരുത്തുന്നത്. ഉന്മൂലന പ്രത്യയശാസ്ത്രത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും വക്താക്കളായ സംഘ്പരിവാർ അവ നടപ്പാക്കുമെന്നുതന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ജൂണിൽ ഏക സിവിൽ കോഡിനെ കുറിച്ച് പൊതുജനാഭിപ്രായം തേടി 22ാമത് നിയമ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴേ കാര്യങ്ങൾ ഏറക്കുറെ വ്യക്തമായിരുന്നു: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, രാമക്ഷേത്ര നിർമാണം എന്നീ ഹിന്ദുത്വ അജണ്ടകൾക്കുശേഷം അവർ അടുത്തപടിയായി ഏക സിവിൽ കോഡ് നടപ്പാക്കാൻ പോകുന്നുവെന്നുതന്നെയായിരുന്നു ആ വിജ്ഞാപനത്തിന്റെ സന്ദേശം. ‘ഏക സിവിൽ കോഡിന്റെ രൂപവത്കരണം അനാവശ്യവും അനഭികാമ്യ’വുമാണെന്ന് 21ാം നിയമ കമീഷൻ നിരീക്ഷിച്ചിട്ടുണ്ടെന്നിരിക്കെ, വീണ്ടും അത് പൊടിതട്ടിയെടുക്കാൻ മാത്രം എന്തെങ്കിലും അടിയന്തരസാഹചര്യം രാജ്യത്തുണ്ടായിരുന്നില്ല. ഭിന്നമതക്കാരും അനേകായിരം ജാതികളും ഗിരിജനങ്ങളും ഗോത്രവർഗക്കാരും വൈവിധ്യപൂർണമായി വിശ്വാസാചാരങ്ങളോടെ കഴിഞ്ഞുകൂടുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ അവയൊക്കെ അടിച്ചുടച്ച് ഒരേ അച്ചിൽ വാർത്തെടുക്കുക പ്രായോഗികമല്ലെന്ന് കമീഷൻ സർക്കാറിനെ ബോധിപ്പിച്ചതാണ്. അത് പൂർണമായും തള്ളി ഏക സിവിൽ കോഡിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിക്കുമെന്നുറപ്പുള്ളവരെ മാത്രം ചേർത്ത് 22ാം നിയമ കമീഷൻ തട്ടിക്കൂട്ടി. ഏക സിവിൽ കോഡിന് അനുകൂലമായി റിപ്പോർട്ടും നൽകി. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ, രാമക്ഷേത്രവും ഇതുപോലുള്ള അജണ്ടകളും മുൻനിർത്തി 400ൽപരം സീറ്റുകൾ നേടി മൂന്നാമതും അധികാരത്തിൽ വരാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നടപടികളത്രയും. പക്ഷേ, തെരഞ്ഞെടുപ്പിൽ പിഴച്ചു. ഭരണം തുടരണമെങ്കിൽ, സഖ്യകക്ഷികൾ കനിയണമെന്നതായി അവസ്ഥ. പഴയപോലെ, പ്രതിപക്ഷത്തെ അവഗണിച്ചുമാറ്റിനിർത്താനുമാവില്ല. ഈ ഘട്ടത്തിൽ ഏക സിവിൽ കോഡ് പോലുള്ള അജണ്ടകളിൽനിന്ന് തൽക്കാലത്തേക്കെങ്കിലും അവർ മാറിനിൽക്കുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, വളഞ്ഞവഴികളിലൂടെ തങ്ങൾ അജണ്ട പൂർത്തീകരിക്കുകതന്നെ ചെയ്യുമെന്ന സന്ദേശമാണ് പിന്നീടുണ്ടായത്. അതിന്റെ ‘ഉദ്ഘാടന‘ പ്രസംഗമായിരുന്നു ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രഭാഷണം. അന്ന്, ഏക സിവിൽ കോഡ് നടപ്പാക്കുമെന്നല്ല, മതനിരപേക്ഷ സിവിൽ നിയമങ്ങൾ (സെക്കുലർ കോഡ്) കൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ വ്യക്തിനിയമങ്ങൾ ‘വർഗീയ’മാണെന്നും അതിനാൽ ‘മതേതര’മായ സിവിൽ നിയമങ്ങൾ ആവശ്യമുണ്ടെന്നുമാണ് മോദിയുടെ പക്ഷം. തങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് മതേതരമായ പൊതു സിവിൽ നിയമമാണെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ പ്രസ്താവന വലിയ വിവാദമായി. ഏക സിവിൽ കോഡ് അവതരിപ്പിച്ച അംബേദ്കറെപ്പോലുള്ളവരെ മോദി ഇകഴ്ത്തിയെന്ന് പ്രതിപക്ഷവും വിവിധ ജനാധിപത്യ സംഘടനകളും വിമർശനമുന്നയിച്ചു. ആ വിമർശനങ്ങളെയത്രയും അവഗണിച്ച മോദി അതേ പ്രയോഗവുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. ‘ഏക സിവിൽ കോഡ്’ എന്ന പ്രയോഗത്തിലെ വിമർശനാഖ്യാനങ്ങൾക്കുള്ള സാധ്യതകളെ ദുർബലമാക്കുന്നതിനൊപ്പം നവനാസ്തികരെപ്പോലുള്ള തീവ്രമതേതര വലതുപക്ഷത്തെ സംഘ്പരിവാറിനൊപ്പം കൂടുതൽ ചേർത്തുനിർത്താനാകുമെന്ന ഗുണവും പുതിയ പ്രയോഗത്തിനുണ്ട്; ഫലത്തിൽ രണ്ടും ഒന്നുതന്നെയായിരിക്കുമെങ്കിലും.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അധികാരം ഉറപ്പാക്കുന്ന ‘ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തെയും നിസ്സാരമായി കാണാനാവില്ല. രാജ്യത്തിന്റെ ഫെഡറൽ അധികാരഘടനയെ അതിന്റെ ഉള്ളിൽനിന്നുകൊണ്ടുതന്നെ തകർക്കാൻ പര്യാപ്തമാണ് ‘ഒറ്റത്തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് കേരള നിയമസഭയിലടക്കം അതിനെതിരായ പ്രമേയങ്ങൾ പാസാക്കിയത്. ചെലവ് ചുരുക്കാനും ഭരണം സുഗമമാക്കാനും മറ്റ് ലളിതമായ മാർഗങ്ങൾ അവലംബിക്കാമെന്നിരിക്കെ, സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്നതും ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതുമായ ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നതിൽ സംശയത്തിന് വകയേതുമില്ല. ഇതോടൊപ്പം, സെൻസസ് നടപടികളെയും സംഘ്പരിവാർ തങ്ങളുടെ അധികാരത്തുടർച്ചക്ക് ഉപയോഗിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനകളും വന്നുതുടങ്ങിയിരിക്കുന്നു. സെൻസസ് അടിസ്ഥാനമാക്കി പാർലമെന്റ് പുനഃക്രമീകരണം നടത്താനൊരുങ്ങുന്നത് ഇതിന്റെ ഭാഗമാണ്. അവർക്ക്, താരതമ്യേന സ്വാധീനം കുറവുള്ള ദക്ഷിണേന്ത്യയിൽ പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറക്കുകയും യു.പിയിൽ 30ലധികം സീറ്റുകൾ വർധിപ്പിക്കുകയും ചെയ്ത് അധികാരമുറപ്പിക്കാനുള്ള കുത്സിത നീക്കങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ചുരുക്കത്തിൽ, തൽക്കാലം പാർലമെന്റിലെ അംഗബലമൊന്ന് കുറഞ്ഞെങ്കിലും സംഘ്പരിവാർ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുതന്നെ പോവുകയാണ്. ഇതിനെ പ്രതിപക്ഷമടക്കമുള്ള ജനാധിപത്യവാദികൾ എങ്ങനെ നേരിടുമെന്നതാണ് പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.