വൈകിയാണെങ്കിലും വന്നു അറസ്റ്റ് വാറന്റ്
text_fieldsഒടുവിൽ ലോക കോടതി ഇസ്രായേലി നേതാക്കൾക്കെതിരെ നടപടി തുടങ്ങി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി)യാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവർക്കും (ഇതിനകം കൊല്ലപ്പെട്ടെന്ന് കരുതുന്ന) ഹമാസ് കമാൻഡർ മുഹമ്മദ് ദെയ്ഫിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പട്ടിണിക്കിടൽ യുദ്ധതന്ത്രമാക്കുന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങൾക്ക് രണ്ട് ഇസ്രായേലി നേതാക്കളും ഉത്തരവാദികളാണെന്ന് കണ്ടതായി കോടതി പുറപ്പെടുവിച്ച വാറന്റിൽ വിശദീകരിക്കുന്നു. ഇതിനോട് ഇസ്രായേലും അമേരിക്കയും രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ‘സെമിറ്റിക് വിരുദ്ധത’ എന്ന പതിവ് വിമർശനം നെതന്യാഹു ഉയർത്തുമ്പോൾ, ഐ.സി.സിക്ക് ഇതിനുള്ള അധികാരമില്ല എന്നാണ് അമേരിക്ക വാദിക്കുന്നത്. ഐ.സി.സിയെ ഇസ്രായേൽ (അമേരിക്കയും) അംഗീകരിച്ചിട്ടില്ല എന്നതാണത്രെ കാരണം. യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ കോടതിയെ പ്രശംസിച്ചവരാണ് ‘അധികാരപരിധി’ എന്ന ഒഴികഴിവ് കണ്ടെത്തി നെതന്യാഹുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേൽ ഐ.സി.സിയുടെ ഭാഗമായിട്ടില്ലെങ്കിലും ഫലസ്തീൻ അധികാരപരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ ‘സെമിറ്റിക് വിരുദ്ധ’വാദം പ്രത്യക്ഷത്തിൽതന്നെ ബാലിശമാണെന്ന് മാത്രമല്ല വാറന്റിന് അനുകൂലമായി ഏകകണ്ഠ നിയമോപദേശം നൽകിയവരിലൊരാൾ തിയഡോർ മെറോൺ ആണെന്നത് ആ വാദത്തിന്റെ മുനയൊടിക്കുന്നുമുണ്ട്. നിയമവിശാരദനും മനുഷ്യാവകാശ പണ്ഡിതനും അന്താരാഷ്ട്ര നിയമത്തിൽ പ്രഫസറുമായ മെറോൺ മുമ്പ് യു.എന്നിലെ ഇസ്രായേലി അംബാസഡറായിരുന്നിട്ടുണ്ട്. നാസികളുടെ തടങ്കലിൽ നാലുവർഷം കഴിയുകയും ഹോളോകോസ്റ്റിനെ കഷ്ടിച്ച് അതിജീവിക്കുകയും ചെയ്ത മെറോൺകൂടി ഒപ്പുവെച്ച റിപ്പോർട്ടനുസരിച്ചാണ് വാറന്റ് ഇറക്കിയത് എന്നിരിക്കെ, പോളണ്ടിൽ ജനിച്ച് ഇസ്രായേലിലേക്ക് കുടിയേറിയ നെതന്യാഹുവിന്റെ സെമിറ്റിക് പ്രേമം എത്ര പൊള്ളയാണെന്ന് വ്യക്തമാവുകയാണ്.
ഇസ്രായേലിലെ മർദക ഭരണകർത്താക്കളും അവരുടെ പരദേശി സഖാക്കളുമൊഴിച്ചാൽ ലോകസമൂഹം ഉയർത്തുന്ന ചോദ്യം മറ്റൊന്നാണ്: എന്തേ ഇത് ഇത്ര വൈകി? ഒരു പതിറ്റാണ്ട് പഴക്കമുള്ള കേസിൽ, ഐ.സി.സി ഇസ്രായേലിന്റെ കുറ്റങ്ങളെപ്പറ്റി അന്വേഷണം തുടങ്ങിയത് 2021ൽ മാത്രമാണ്. അത് ഇഴഞ്ഞുനീങ്ങുമ്പോഴാണ് വംശഹത്യ ലോകത്തിന്റെ കൺമുന്നിൽ ആരംഭിക്കുന്നത്. പിന്നെയും 13 മാസം കഴിഞ്ഞാണ് അറസ്റ്റ് വാറന്റ് ഇറങ്ങുന്നത്. ആഗോള സംവിധാനങ്ങളിൽ കുറ്റവാളി രാജ്യങ്ങൾക്കുള്ള മേൽക്കൈയാണ് ഈ കാലതാമസത്തിന് കാരണം. ഇസ്രായേലിനെതിരെ നിയമനടപടി തുടങ്ങുന്നതിൽ ഐ.സി.സി പ്രോസിക്യൂട്ടർ കരീംഖാൻ അലംഭാവം പുലർത്തുന്നു എന്ന് ആരോപണമുയർന്നിരുന്നു. അതിന് പുറമെ, പ്രോസിക്യൂട്ടർക്കും ലോകകോടതി ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ ഭീഷണിയുമുണ്ടായി. ഇസ്രായേലിനെതിരെ നീങ്ങിയാൽ ഐ.സി.സി ജഡ്ജിമാർക്കും കുടുംബങ്ങൾക്കും അമേരിക്കയിൽ വിലക്കടക്കം പ്രതികാര നടപടികൾ നേരിടേണ്ടിവരുമെന്ന് ഉത്തരവാദപ്പെട്ട യു.എസ് നേതാക്കളും പരസ്യമായി ഭീഷണി ഉയർത്തി. അതിന് പാകത്തിലൊരു നിയമം 2002ൽ ജോർജ് ബുഷിന്റെ കാലത്ത് കോൺഗ്രസ് പാസാക്കിയിട്ടുമുണ്ട്. ഇതിനെയെല്ലാം നേരിട്ട്, ചൂളാതെ ഐ.സി.സി മുന്നോട്ടുപോകുന്നത് നീതിയിലും നിയമവാഴ്ചയിലുമുള്ള താൽപര്യം കൊണ്ട് തന്നെയാണ്. അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടുകൊണ്ട് കരീംഖാൻ മേയ് മാസത്തിൽ ഐ.സി.സിയെ സമീപിച്ചെങ്കിലും തുടർനടപടികൾ വൈകിപ്പിക്കാനുദ്ദേശിച്ചുതന്നെ ബ്രിട്ടൻ കോടതിയുടെ അധികാരപരിധിയെ ചോദ്യം ചെയ്തു. ഇപ്പോൾ നിയമത്തിലെ പഴുതെല്ലാം അടച്ച് ഐ.സി.സി തങ്ങളുടെ അധികാരപരിധി നിസ്സംശയം സ്ഥാപിച്ചുകൊണ്ട് വാറന്റ് ഇറക്കിയിരിക്കുന്നു. അമേരിക്കയുടെ ‘ഇഷ്ടക്കാരെ’ ലോകകോടതി തൊടുന്നത് കുറച്ചുകാലത്തിനിടെ ഇതാദ്യമാണ്. കോടതിയെ അംഗീകരിച്ച 124 രാജ്യങ്ങളും വാറന്റ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. തങ്ങളുടെ നാട്ടിൽ കുറ്റാരോപിതർ കാലുകുത്തിയാൽ അവരെ പിടികൂടി കോടതിയെ ഏൽപിക്കേണ്ട ചുമതല അവർക്കുണ്ട്. ചുരുങ്ങിയപക്ഷം ഇത് കുറ്റാരോപിതരുടെ സഞ്ചാര സ്വാതന്ത്ര്യം ഗണ്യമായി ചുരുക്കുന്നുണ്ട്.
ഈ കേസിലൂടെ പരീക്ഷിക്കപ്പെടുന്നത്, എത്ര രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ നിയമവാഴ്ചയെ മാനിക്കുന്നു എന്നുകൂടിയാണ്. സമ്പൂർണ ദാസ്യത്തോടെ ഇസ്രായേലിനുവേണ്ടി ആഗോള നീതി ബലികഴിക്കാൻ ഒരുങ്ങിയിട്ടുള്ളത് അമേരിക്കയാണ്. കൂട്ടുപ്രതിയെന്ന് കരുതേണ്ട ബ്രിട്ടൻപോലും ആ വിധേയത്വത്തിൽനിന്ന് മുക്തിനേടുന്നതായി സൂചനയുണ്ട്. യൂറോപ്യൻ യൂനിയൻ ഐ.സി.സി വാറന്റിനെ മാനിക്കുമെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. കാനഡയും ബൽജിയവും അയർലൻഡും നോർവേയും സ്വീഡനും നെതർലാൻഡ്സും സ്വിറ്റ്സർലൻഡും ഓസ്ട്രിയയും അടക്കം (ഇവയിൽ ചിലർ ഐ.സി.സി നടപടിയെ വിമർശിച്ചിട്ട് പോലുമുണ്ട്) വാറന്റ് നടപടി അനുസരിക്കാനുള്ള തങ്ങളുടെ ബാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന ഈ താൽപര്യം നീതി ബോധം കൊണ്ടായാലും സ്വരക്ഷക്കും അതാവശ്യമാണെന്ന തിരിച്ചറിവുകൊണ്ടായാലും സ്വാഗതാർഹമാണ്. ഗസ്സയിലും മറ്റും ക കുരുതി ചെയ്യപ്പെട്ടവരുടെ രക്തം ലോക വ്യവസ്ഥിതിയെ മാറ്റിപ്പണിയുമെന്നുതന്നെ കരുതാം. ഇസ്രായേലിന്റെ (അമേരിക്കയുടെയും) ഒറ്റപ്പെടൽ ഇതിന്റെ അനിവാര്യ ഭാഗമാണെന്ന സൂചനകളാണ് ഇതുവരെയുള്ള സംഭവങ്ങൾ നൽകുന്നത്. അന്യായത്തിന്റെ ശക്തികൾ എളുപ്പം വഴങ്ങുന്നവരല്ല. ബലപ്രയോഗത്തിലും കാപട്യത്തിലും പൈശാചികതയിലും ഏതറ്റംവരെയും പോകുന്ന അവരെ നിയന്ത്രിക്കേണ്ടത് സമാധാനം തേടുന്ന ലോകത്തിന്റെ താൽപര്യമാണ്. ഐ.സി.സി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കുറ്റവാളികളുടെ വിചാരണയിലേക്കും ശിക്ഷയിലേക്കും എത്തിച്ചേരുമെന്ന് ഇപ്പോൾ കരുതാനാവില്ലെങ്കിലും അത് കരുത്തുറ്റ സൂചനയാണ്. നിയമത്തിനും മനുഷ്യത്വത്തിനും തങ്ങൾ അതീതരാണെന്ന് ആര് കരുതിയാലും ലോകം അതംഗീകരിക്കില്ലെന്ന പ്രഖ്യാപനം. ഇന്നത്തെ ഇരുട്ടിൽ ഈ ഇത്തിരി വെട്ടത്തിനുപോലും തിളക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.