മദ്യമാണ് മുഖ്യപ്രതി, അതൊഴുക്കുന്നവരും
text_fieldsതൃശൂർ നാട്ടികയിൽ അഞ്ചുമനുഷ്യർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ വിവരണം വായിച്ചും ദൃശ്യങ്ങൾ കണ്ടും വിറങ്ങലിച്ച് നിൽക്കുകയാണ് കേരളസമൂഹം. റോഡിനരികെ സുരക്ഷിതമെന്ന് കരുതിയ ഓരത്ത് താൽക്കാലികമായി വെച്ച ബാരിക്കേഡുകൾക്കപ്പുറം രാത്രി കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിലെ രണ്ടു കുട്ടികളടക്കം അഞ്ചുപേരുടെ ജീവനാണ് മദ്യപിച്ച് ലക്കുകെട്ട ഒരുവൻ ഓടിച്ച ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറി ഇല്ലാതായത്. ഒരു റോഡപകടത്തിന്റെ ദൈന്യതക്കപ്പുറം ജീവിതത്തിലെ നിസ്സഹായാവസ്ഥകൾക്കു മേൽ ഇരച്ചുകയറിയ ട്രക്കിന്റെ ചക്രങ്ങൾ വിളിച്ചു പറഞ്ഞ സത്യങ്ങളാണ് മനഃസാക്ഷിയുള്ള മലയാളിയെ ഇപ്പോൾ മഥിക്കുന്നത്.
കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ട്രക്ക് മാഹിയിൽ നിർത്തി ഡ്രൈവറും ക്ലീനറും ആവോളം മോന്തിയ മദ്യംതന്നെ ഈ ദുരന്തത്തിലെ പ്രഥമ വില്ലൻ. റോഡിലെ എഴുതി വെച്ച അടയാളങ്ങളൊന്നും പുലർച്ച മൂന്നരക്ക് വാഹനമോടിച്ച ക്ലീനറുടെ കണ്ണിൽ പെട്ടില്ലത്രെ. തുടർന്ന് ഓടിക്കാൻ വയ്യാത്ത വിധം ഡ്രൈവർ മദ്യലഹരിയിൽ മയങ്ങിയപ്പോഴാണത്രെ ലൈസൻസില്ലാത്ത ക്ലീനർ വണ്ടി ഏറ്റെടുത്തതും വഴിയിലൊന്നും ഒരു പരിശോധനയുമില്ലാതെ അതു ദുരന്തത്തിലേക്ക് ചീറിപ്പാഞ്ഞതും.
മരിച്ചവർ നാടോടികളായിരുന്നെന്നും അല്ലെന്നും കരുതുന്നവരുണ്ടെങ്കിലും സ്ഥിരമായി താമസിക്കാൻ സ്വദേശത്ത് ഒരിടമില്ലാത്തതുകൊണ്ട് അവിടെ എത്തിച്ചേർന്നവരാണ് എന്നതാണ് വാസ്തവം. ഈ രീതിയിൽ പതിനായിരക്കണക്കിന് ഭവനരഹിതർ കടത്തിണ്ണകളെ മെത്തയാക്കിയും ആകാശത്തെ മേൽക്കൂരയാക്കിയും ഉറങ്ങുന്ന പതിവ് ലക്ഷംവീട് കോളനി മുതൽ ലൈഫ് മിഷൻ പദ്ധതി വരെ നടപ്പായ മാതൃകാകേരളത്തിലും ഉണ്ട് എന്നതും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഭവനരഹിതർക്കു മുഴുവൻ പാർപ്പിടം ഒരുക്കുക എന്ന ഭീമൻ പ്രക്രിയ ക്ഷിപ്രസാധ്യമല്ലെങ്കിലും എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനത്തിൽ തുടങ്ങി ക്രമേണ പാർപ്പിട പ്രശ്നം അഭിസംബോധന ചെയ്യാനെങ്കിലും ഭരണകൂടങ്ങൾ മുന്നോട്ടുവരേണ്ടതുണ്ട്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ പ്രയാസകരമായിരിക്കുമെങ്കിലും സംസ്ഥാനത്തിന്റെ ഉയർന്ന സാമൂഹിക ബോധവും ജീവകാരുണ്യ സംരംഭങ്ങളുടെ സഹകരണവും ഉപയോഗപ്പെടുത്തിയാൽ പരിഹാരങ്ങൾക്ക് തുടക്കമാവും.
ഇതു കേരളത്തിലെ റോഡ് സുരക്ഷയുടെ മാത്രം പ്രശ്നമല്ല. കേരള പൊലീസിന്റെ തന്നെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2023 ൽ നടന്ന 48,091 റോഡപകടങ്ങളിൽ 3884 പേരാണ് മരിച്ചത്. അതിൽ മദ്യപിച്ച് വാഹനമോടിച്ചവരുടെ എണ്ണം കേവലം 21 ആണ്. റോഡപകടങ്ങളുടെ ആളോഹരി എണ്ണത്തിൽ കേരളം രണ്ടാമതാണ്. 2023ൽ റോഡപകട മരണം 2022 നെ (4104) അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ, മദ്യലഹരിയിൽ വരുത്തുന്ന മരണങ്ങളുടെ കാര്യത്തിൽ യാഥാർഥ്യം പൂർണമായി പ്രതിഫലിക്കുന്നില്ല എന്നുവേണം കരുതാൻ. ഇതിനു കാരണം പലതുണ്ടാകാം. ഒന്നാമതായി ലഹരിയിലാണോ എന്ന പരിശോധന എല്ലാ കേസുകളിലും യഥാസമയത്ത് നടക്കാറില്ല. രക്ത പരിശോധനാ ഫലത്തിൽ ലഹരിയുടെ അംശം കണ്ടെത്താനാകാതെ പോകുന്ന സംഭവങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ഓടിച്ച കാർ പത്രപ്രവർത്തകനെ ഇടിച്ച് മരണം സംഭവിച്ച ശേഷം അയാൾ ലഹരി പരിശോധന വൈകിപ്പിക്കുകയും രക്തപരിശോധനയിൽ മദ്യ സാന്നിധ്യം കണ്ടെത്താൻ കഴിയാതെ പോയതും ഉദാഹരണം.
രാത്രി സമയത്ത് സംസ്ഥാന-ദേശീയ ഹൈവേകളിൽ വേണ്ടത്ര പരിശോധന നടത്താൻ ആവശ്യമായ വാഹനങ്ങൾ ലഭിക്കുന്നില്ല, അതിനുള്ള പണം അനുവദിച്ചു കിട്ടുന്നില്ലയെന്ന് ഗതാഗതമന്ത്രിതന്നെ പരിഭവിക്കുന്നു. പദ്ധതികളുടെയും വികസനത്തിന്റെയും പുറംമോടിക്ക് ഭരണാധികാരികളുടെ പടം വെച്ച് മുഴുപേജ് പരസ്യം നൽകാനും പരിപാടി സംഘടിപ്പിക്കാനും പണമുണ്ട്; എന്നാൽ, രാത്രി പട്രോളിങ്ങിൽ ജനങ്ങൾക്ക് ഇത്തരം ഘട്ടങ്ങളിൽ ലഭിച്ചിരുന്ന അടിയന്തര സഹായങ്ങൾ കാര്യക്ഷമമാക്കാൻ നമുക്ക് കഴിയുന്നില്ല.
രാത്രിസമയത്ത് ഏറെ വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതക്കരികിൽ നിലവിലുള്ള മദ്യ ലഭ്യതയാണ് മറ്റൊരു പ്രധാന പ്രശ്നം. ദേശീയപാതയുടെ 500 മീറ്റർ പരിധിക്കുള്ളിൽ മദ്യഷാപ്പുകൾ പാടില്ല എന്ന 2016ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് ഒട്ടേറെ എണ്ണം അടച്ചുപൂട്ടിയിരുന്നു. പക്ഷേ, സംസ്ഥാനങ്ങളിലെ മദ്യ ലോബിയും അവരെ തുണക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നിയമപീഠത്തിന് മുന്നിലെത്തി പ്രസ്തുത നിരോധനം മുനിസിപ്പാലിറ്റി പരിധിക്കുള്ളിലെ ദേശീയ പാതക്ക് ബാധകമല്ല എന്ന വിധി നേടിയെടുത്തു. കേരളം പോലുള്ള ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ ദേശീയപാതയുടെ കുറെ ഭാഗം മുനിസിപ്പാലിറ്റി അതിർത്തിയിൽ തന്നെയാവും. നാട്ടികയിൽ അപകടം വരുത്തിയവരും ദേശീയപാതയോടു ചേർന്നുള്ള മാഹി മുനിസിപ്പാലിറ്റിയിലെ ഹൈവേയിൽ വാഹനം നിർത്തി എൻജിൻ ഓഫാക്കാതെ മദ്യക്കുപ്പി വാങ്ങി കയറിയതാവണം. അതില്ലെങ്കിലും മദ്യപിക്കേണ്ടവർ അതു കഴിക്കില്ലേ എന്ന ചോദ്യത്തിന് മദ്യ ലഭ്യത ശീലവും ആസക്തിയും വർധിപ്പിക്കുമെന്ന അനുഭവം മറുപടി പറയും. ഭരണാധികാരികൾ പ്രശ്നം തിരിച്ചറിയുകയും മർമത്തിൽ ഏശുന്ന പരിഹാരങ്ങൾ തേടി നിയമവ്യവസ്ഥയും ഭരണവും കാര്യക്ഷമമാക്കുകയും ചെയ്തില്ലെങ്കിൽ ജനജീവിതം ദുഷ്കരം തന്നെയാവും. അത്തരം നിരുത്തരവാദിത്തം കാണിക്കുന്നവരെ ഭരണമേൽപിക്കാതിരിക്കാൻ ജാഗ്രത കാണിക്കുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.