Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅധിനിവേശ ഭീകരതക്കുനേരെ...

അധിനിവേശ ഭീകരതക്കുനേരെ ഒരു ഏറ്

text_fields
bookmark_border
അധിനിവേശ ഭീകരതക്കുനേരെ ഒരു ഏറ്
cancel

യഹ്‍യ സിൻവാറും കൊല്ലപ്പെട്ടു. വർഷത്തിലേറെയായി ലോകോത്തര സാ​ങ്കേതിക സംവിധാനങ്ങളുടെയും ലോക മഹാശക്തി യഥേഷ്ടം ഒഴുക്കിക്കൊടുക്കുന്ന ആയുധങ്ങളുടെയും മറ്റു സകല സന്നാഹങ്ങളുടെയും വിരാമമില്ലാത്ത പ്രയോഗംകൊണ്ടൊന്നും കണ്ടുപിടിക്കാനാകാത്ത ഒരു 61കാരനെ ആകസ്മികമായി ആളറിയാതെ വധിച്ചതിനു ശേഷം അതും ഒരു വിജയമായി ഇസ്രായേൽ ആഘോഷിക്കുന്നുണ്ട്. തെൽ അവീവിന്റെ തെരുവുകളിൽ മധുരവും ലഹരിയും വിതരണം ചെയ്യപ്പെട്ടു; യു.എസ് പ്രസിഡന്റും വൈസ് പ്രസിഡന്റും വരെ ഒരാളുടെ മരണം വൻ സംഭവമായി കണ്ടു. ഒരു ദേശത്തെയും അവിടത്തെ നിസ്സഹായരായ മനുഷ്യരെയും ഒരു കൊല്ലത്തിലേറെ കൂട്ടക്കൊല ചെയ്തിട്ടും ഒറ്റ ലക്ഷ്യംപോലും നേടാനാകാത്ത സയണിസ്റ്റ് ഭരണകൂടവും അതിന്റെ സംരക്ഷകരായ ലോകശക്തിയും ഒരാളുടെ മരണം വലിയ നേട്ടമായി കാണുന്നുവെങ്കിൽ അതുതന്നെ അർഥവത്താണ്. നേതാക്കളുടെ മരണം ഏതു സംഘടനക്കും രാജ്യത്തിനും ആഘാതമാകും. ഹമാസിന് സിൻവാറിന്റെ വിയോഗം കടുത്ത ആഘാതമാണെന്നതിൽ തർക്കമില്ല. എന്നാൽ, അതിനെ ഇസ്രായേലിന്റെ വിജയമായി വിലയിരുത്താൻ കഴിയുമോ? ‘സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം’ എന്ന തത്ത്വം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ചവർക്ക് മരണം ഒരു പരാജയമല്ല; മാത്രമല്ല, സൈനിക ലക്ഷ്യമായി ഇസ്രായേൽ കണ്ട കാര്യങ്ങളിൽ ഒന്നുപോലും അവർക്ക് നേടാനായിട്ടില്ല. ഹമാസിനെ ഇല്ലാതാക്കി ഫലസ്തീന്റെ പോരാട്ടവീര്യം നശിപ്പിക്കുക, ഹമാസിന്റെ തടവിലുള്ള നൂറോളം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുക, ലബനാനിലെ ഹിസ്ബുല്ലയെ ഒതുക്കുക, വടക്കൻ ഇസ്രായേലിൽനിന്ന് പലായനം ചെയ്തവരെ മടക്കിയെത്തിക്കുക തുടങ്ങിയവയാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ- ചുരുങ്ങിയത്, അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഒന്നും നടന്നില്ല. ഇസ്രായേലിസേന തരിപ്പണമാക്കിയ പ്രദേശങ്ങളിൽപോലും ഹമാസ് വീണ്ടും തിരിച്ചുവരുന്നു എന്നാണ് ഇസ്രായേലി സൈനികർതന്നെ പറയുന്നത്.

ഇസ്രായേലിന്റെ കള്ളപ്രചാരണങ്ങൾ പിന്നെയും പൊളിച്ചുകൊണ്ടാണ് യഹ്‍യ സിൻവാറിന്റെ വിയോഗം പോലും. പോരാട്ടം നിർത്തി കീഴടങ്ങിയാൽ വിദേശ രാജ്യങ്ങളിൽ പോയി സുഖമായി ജീവിക്കാൻ സാഹചര്യമുണ്ടാക്കാമെന്ന ഇസ്രായേലി ‘ഓഫർ’ അവജ്ഞപൂർവം തള്ളിയ സിൻവാറിനെപ്പറ്റി അവർ പറഞ്ഞുപരത്തിയത്, അദ്ദേഹം അണികളെ കുരുതിക്ക് വിട്ടുകൊടുത്ത് സുരക്ഷിത സ്ഥാനത്ത് ബന്ദികളെ മനുഷ്യകവചമാക്കി ഇരിക്കുന്നു എന്നാണ്. തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ സിൻവാറിന്റെ ഒളിസ്ഥലം കണ്ടെത്തി എന്നുവരെ അവകാശപ്പെട്ടു അവർ. എല്ലാം കള്ളമായിരുന്നു. അദ്ദേഹം അണികൾക്കൊപ്പം, മുൻനിരയിൽതന്നെ ഉണ്ടായിരുന്നു. ഏതുനിമിഷവും കൊല്ലപ്പെടാമെന്ന ഉറപ്പോടെ, ജീവിതത്തിന്റെ അവസാന ശ്വാസം വരെ ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. വലതുകൈ തകർന്ന്, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തന്നെ തേടിവരുന്ന ഇസ്രായേലി ഡ്രോണിനുനേരെ ഇടംകൈയിലെ വടി എറിഞ്ഞു; അദ്ദേഹം പോർമുഖത്ത് കൊല്ലപ്പെടുകയായിരുന്നു. ലോകം കേൾക്കാൻ വിസമ്മതിച്ച ഒരു അഭിമുഖത്തിൽ സിൻവാർ പറഞ്ഞിരുന്നു, ഞങ്ങൾ യുദ്ധവും രക്തച്ചൊരിച്ചിലും ആഗ്രഹിക്കുന്നില്ല, സ്വാതന്ത്ര്യവും ജീവിതവുമാണ് ഞങ്ങൾക്ക് വേണ്ടതെന്ന്. സമാധാനപരമായ തങ്ങളുടെ സമരത്തോട് അന്താരാഷ്ട്ര സമൂഹം പിന്തിരിഞ്ഞുനിന്നതാണ് പ്രശ്നം വഷളാക്കിയതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇന്ന്, സംഹാരമൂർത്തിയായി ഇസ്രായേൽ ലോകമനസ്സാക്ഷിയെയും ഐക്യരാഷ്ട്ര സഭയെയും വെല്ലുവിളിക്കുമ്പോൾ അവരുടെ ‘സ്വയം പ്രതിരോധ’മെന്ന വ്യാജവാദവും പൊളിയുകയാണ്.

സയണിസത്തിന്റെ മേ​മ്പൊടിയിട്ട യൂറോപ്യൻ കോളനിവത്കരണമാണ് ഇസ്രായേൽവഴി നടപ്പാകുന്നത് എന്ന യാഥാർഥ്യംകൂടി ലോകം വൈകാതെ തിരിച്ചറിയും. ജൂത ചരി​ത്രകാരൻ ഇലാൻ പാപ്പെ സമർഥിക്കുന്നത്, ചരിത്രപരമായി മുസ്‍ലിം-ക്രിസ്ത്യൻ-ജൂത മതക്കാരായ ഫലസ്തീൻകാരാണ് യഥാർഥ സെമിറ്റിക് വിഭാഗമെന്ന സത്യത്തെ തലതിരിച്ചുവെച്ച് ഇസ്രായേൽ എന്ന പേരിൽ യൂറോപ്യൻ കൊളോണിയലിസം അരങ്ങേറുകയാണ് എന്നാണ്. സയണിസത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന തിയഡോർ ഹെർസൽ ഹംഗറിക്കാരനായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിമാരും മന്ത്രിമാരും ഏറെയും യൂറോപ്പിൽനിന്ന് കുടിയേറിയവരാണ്. ഫലസ്തീൻ ദേശക്കാരോ ഇസ്രായേലികളോ അല്ല.

അന്യരുടെ ഭൂമി കൈയേറിയ യൂറോപ്യർ തദ്ദേശീയരെ പുറത്താക്കിയും വംശഹത്യക്കിരയാക്കിയും നടത്തിയ അധിനിവേശത്തിന്റെ മറ്റൊരു രൂപംകൂടിയാണ് ഫലസ്തീനിൽ കാണുന്നത്. യഹ്‍യ സിൻവാർ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് യു.എസ് ‘കൊളംബസ് ദിനം’ ആചരിച്ചു. 1492 ഒക്ടോബർ 12ന് കൊളംബസ് എന്ന യൂറോപ്യൻ കുടിയേറ്റക്കാരൻ അമേരിക്കയിൽ കപ്പലിറങ്ങിയത് ദശലക്ഷക്കണക്കിന് തദ്ദേശീയരുടെ വംശഹത്യയിലേക്കാണ് നയിച്ചതെന്നത് ചരിത്രം. അധിനിവേശകർക്കെതിരെ തദ്ദേശീയരുടെ അവകാശങ്ങളെപ്പറ്റി ഓർമിപ്പിക്കുന്ന ഈ ദിനം അമേരിക്കയിൽ പലരും ‘കൊളംബസ് ദിന’മായിട്ടാണ് ആചരിക്കുന്നത്. ദിനാചരണത്തിൽ വരെ നടക്കുന്ന യൂറോപ്യൻ അധിനിവേശത്തെ തിരിച്ചറിയാൻ ലോകം ഇനിയെങ്കിലും തയാറാകണം എന്നാണ് ഫലസ്തീൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവസാന ശ്വാസത്തിലും ചെറുത്തുനിൽപിന്റെ ചെറിയ കമ്പ് അധിനിവേശ ഭീകരതയുടെ മുഖത്തേക്കെറിഞ്ഞ യഹ്‍യ സിൻവാർ മനുഷ്യരാശി വീണ്ടെടു​ക്കേണ്ട അന്തസ്സിന്റെ പ്രതീകമാണ്. ആ ഏറിന് കാൽപനിക മനോഹാരിത മാത്രമല്ല, പരുക്കൻ യാഥാർഥ്യത്തിന്റെ കരുത്തുമുണ്ട്. വ്യാജങ്ങളെ തകർക്കാൻ പോന്ന കരുത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIsrael Palestine Conflict
News Summary - Madhyamam Editorial 2024 Oct21
Next Story