മറക്കരുത്, മലയാളി മനസ്സുകളാണ് കലങ്ങുന്നത്
text_fieldsതൃശൂർ പൂരം കലക്കിയതോ, അതോ കലങ്ങിയതോ എന്ന വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. പൂരം കലങ്ങിയിട്ടില്ലെന്നും കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെയാണ് വിവാദം വീണ്ടും ശക്തമായിരിക്കുന്നത്. പൂരം അലങ്കോലമാക്കിയെന്ന ആരോപണം നേരിടുന്ന തൽപര കക്ഷികളെ പ്രീണിപ്പിക്കാനുദ്ദേശിച്ചാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് കൈക്കൊണ്ടതെന്ന് പ്രതിപക്ഷമടക്കമുള്ളവർ വിമർശനമുയർത്തുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും പൂരം കലക്കിയെന്നും ഗൂഢാലോചനയുണ്ടായെന്നുമാണ് സർക്കാറിലെ രണ്ടാമത്തെ വലിയ കക്ഷി സി.പി.ഐയും പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
മന്ത്രിസഭ യോഗതീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ പൂരത്തെക്കുറിച്ച് പറഞ്ഞതിന് വ്യത്യസ്തമാണ് കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞത്. പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നുവെന്ന അന്വേഷണ റിപ്പോർട്ടിൽ വിശദമായി അന്വേഷിക്കാനും നടപടി സ്വീകരിക്കാനും പൂരം നടത്തിപ്പു ചുമതലവഹിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കാനും എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനും വീണ്ടും സംസ്ഥാന പൊലീസ് മേധാവിയെ തന്നെ ചുമതലപ്പെടുത്തിയെന്നാണ് വാർത്തസമ്മേളനത്തിൽ പറഞ്ഞത്. ഈ അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് പൂരം കലങ്ങിയിട്ടില്ലെന്ന വാദം മുഖ്യമന്ത്രി തന്നെ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ എന്തു തന്നെയായാലും ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് നിയോഗിച്ച പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നു. പൂരാഘോഷം തടസ്സപ്പെടുത്താൻ മനഃപൂർവം ശ്രമമുണ്ടായെന്നും ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങൾ എഫ്.ഐ.ആറിലുണ്ട്. അതിനിടയിൽ മുഖ്യമന്ത്രി തന്നെ വിരുദ്ധ നിലപാടെടുത്തതോടെ അന്വേഷണത്തിന്റെ ഗതിയെക്കുറിച്ചും സംശയമുയർന്നുകഴിഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നാണ് തൃശൂർ പൂരം. കഴിഞ്ഞ വർഷത്തെ പൂരം അലങ്കോലമായതിനുപിന്നിൽ പൊലീസ് ഇടപെടലുണ്ടായെന്നും ഉദ്യോഗസ്ഥരിൽ ചിലരുടെ നടപടികൾ ഓരോന്നും സംശയമുയർത്തുന്നതാണെന്നും ദേവസ്വങ്ങളും വിവിധ കക്ഷികളും ആക്ഷേപം ഉന്നയിച്ചിരുന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പൂരം ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിക്ക് തന്നെയായിരുന്നു അന്വേഷണ ചുമതല. അഞ്ചുമാസം കഴിഞ്ഞും സമർപ്പിക്കാതിരുന്ന റിപ്പോർട്ട് ഉദ്യോസ്ഥനും ആർ.എസ്.എസ് മേധാവികളും തമ്മിലെ കൂടിക്കാഴ്ചകൾ വിവാദമായ പശ്ചാത്തലത്തിലാണ് സമർപ്പിക്കപ്പെട്ടതു പോലും. പൂരം കലക്കലിന്റെ ഇരയായി വിശേഷിപ്പിക്കപ്പെടുന്ന, തൃശൂരിൽ പരാജയപ്പെട്ട സി.പി.ഐ സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ വിവരാവകാശ പ്രകാരം ചോദിച്ചിട്ടും നൽകാതെ ഈ റിപ്പോർട്ട് പിന്നീട് നിയമസഭയിൽ വെക്കുകയാണുണ്ടായത്. പൂരം കലക്കിയതാണ് എന്ന നിലപാടുകാരായിരുന്നു ഒരു വിഭാഗം മന്ത്രിമാരും. അവർക്കുകൂടി തിരിച്ചടിയാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ആരെല്ലാം എന്തു നിലപാട് സ്വീകരിച്ചാലും യഥാർഥത്തിൽ തൃശൂർ പൂരത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ കേരളീയർക്ക് അവകാശമുണ്ട്. എന്തുകൊണ്ടാണ് തുടക്കം മുതലേ പൊലീസ് തടസ്സവാദങ്ങളുന്നയിച്ചത്, പ്രശ്നങ്ങളുണ്ടായപ്പോൾ ഇടപെടാതിരുന്നത്, സംഘ്പരിവാർ അനുകൂല നിലപാടുകൾ ഉണ്ടായത്, രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കേണ്ട ആംബുലൻസിലേറി ബി.ജെ.പി സ്ഥാനാർഥിക്ക് സംഭവസ്ഥലത്തെത്തി മുതലെടുപ്പ് നടത്താൻ സൗകര്യമൊരുക്കിയത് ആരാണ് തുടങ്ങി നിരവധി ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. മാസം ആറു കഴിഞ്ഞിട്ടും ഇവക്ക് ഉത്തരമായിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചയിൽപോലും ‘കുറ്റം ചാർത്താനോ, കുറ്റവിമുക്തനാക്കാനോ’ പറ്റിയ തെളിവുകളൊന്നുമില്ലെന്ന ബാലിശമായ ഉത്തരം കൊണ്ട് മറികടക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇങ്ങനെ പുകമറ സൃഷ്ടിക്കുകയല്ല, ഏതുതരം അന്വേഷണം വഴിയാണോ ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരങ്ങൾ കണ്ടെത്താനാവുക അതിന് തയാറാവുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാത്തിലുമുപരി ഏതാനും ചിലർ വിചാരിച്ചാൽ എന്തും അട്ടിമറിക്കാമെന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് അതീവ ആശങ്കാജനകമാണ്. അത് മതനിരപേക്ഷ കേരളത്തിന് ഭീഷണിയുമാണ്.
ഏത് വിഷയവും പരമാവധി വിവാദമാക്കുകയും അതിലൂടെ സാമൂഹികാന്തരീക്ഷം തന്നെ കലുഷിതമാക്കുകയും ചെയ്യുന്ന പ്രവണത ഈ സർക്കാറിന്റെ തുടക്കം മുതൽ കാണുന്ന പ്രതിഭാസമാണ്. കെ.റെയിൽ മുതൽ പൂരവും എ.ഡി.ജി.പി വിവാദവും എ.ഡി.എമ്മിന്റെ മരണവും വരെയുള്ള സംഭവങ്ങളിൽ ഇതു കണ്ടതാണ്. എന്തിനാണ്, ആർക്കുവേണ്ടിയാണ് ഇതെന്ന് ചോദിച്ചാൽ വിഷയത്തെ ഇത്രമാത്രം വഷളാക്കുന്നവർക്കുതന്നെ ഉത്തരമുണ്ടെന്ന് തോന്നുന്നില്ല. ഈ സമീപനം സംസ്ഥാനത്തിനോ ജനങ്ങൾക്കോ ഒട്ടും തന്നെ ഗുണകരമല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും ബന്ധപ്പെട്ടവർക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുകയേ നിവൃത്തിയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.