ലബനാനിലും മനുഷ്യക്കുരുതി
text_fieldsഇസ്രായേലിന്റെ ഗസ്സ അധിനിവേശം ഒരു വർഷത്തിലേക്ക് കടക്കുമ്പോൾ, പശ്ചിമേഷ്യ അക്ഷരാർഥത്തിൽതന്നെ തുറന്ന യുദ്ധത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനകളാണെങ്ങും. അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപറത്തിയും ഐക്യരാഷ്ട്ര സഭയെത്തന്നെ നോക്കുകുത്തിയാക്കിയും ഗസ്സയിൽ വ്യോമാക്രമണം അഭംഗുരം തുടരുകയാണ് ഇസ്രായേൽ. അധിനിവേശം 363 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ടത് 41,800 പേരാണ്; ആയിരത്തിൽപരം കുടുംബങ്ങൾ ഒന്നാകെ പിഴുതെറിയപ്പെട്ടു; 11,000ത്തിലധികം ആളുകളെ കാണാതായിരിക്കുന്നു. 20 ലക്ഷത്തോളം പേർ അഭയാർഥികളാക്കപ്പെട്ടു. ജനസംഖ്യയുടെ 90 ശതമാനത്തോളം പേർ പലായനം നടത്തുകയും രണ്ടര ശതമാനം ആളുകൾ കൂട്ടക്കൊലക്ക് ഇരയാവുകയും ചെയ്തിട്ടും വേട്ട അവസാനിപ്പിക്കില്ലെന്നുതന്നെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇക്കാര്യം ലോകത്തെ അറിയിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തത് ഐക്യരാഷ്ട്ര സഭയുടെ വേദിയും. ആ പ്രസംഗത്തിന്റെ തൊട്ടടുത്ത നിമിഷങ്ങളിലാണ് ലബനാനിലെ ഭരണപക്ഷ രാഷ്ട്രീയ പാർട്ടിയും പോരാളി സംഘടനയുമായ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്റുല്ല തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നത്. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ ലബനാനിൽ കരയുദ്ധം പ്രഖ്യാപിക്കുകയും മറ്റു മേഖലയിൽ വ്യോമാക്രമണത്തിന് തുടക്കമിടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഹസൻ നസ്റുല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളെയും കമാൻഡർമാരെയും ഇസ്രായേൽ വധിച്ചത്. ഇപ്പോഴിതാ, പ്രത്യക്ഷ കരയുദ്ധത്തിനും ആ രാജ്യത്ത് ഇസ്രായേൽ തുടക്കമിട്ടിരിക്കുന്നു; സെൻട്രൽ ബൈറൂത്തിലെ പാർലമെന്റ് മന്ദിരത്തിന്റെ മുറ്റത്തുവരെ മിസൈൽ പതിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആക്രമണം 10 ദിവസം പിന്നിടുമ്പോൾ 1400ഓളം പേർ കൊല്ലപ്പെട്ടിരിക്കുന്നു.
സെപ്റ്റംബർ 18ന് ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ പേജർ, വാക്കി ടോക്കി ആക്രമണത്തിലൂടെയാണ് ഇസ്രായേൽ ലബനാനിൽ പുതുനീക്കങ്ങൾക്ക് തുടക്കമിട്ടതെന്ന് പറയാം. അതുവരെയും അതിർത്തിയിൽ ചില്ലറ കശപിശകളുണ്ടായതും ഗസ്സ ആക്രമണത്തെച്ചൊല്ലി ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും ചിലപ്പോഴെല്ലാം കൊമ്പുകോർത്തതും മാറ്റിനിർത്തിയാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് സവിശേഷമായൊരു കാരണമില്ല. അതേസമയം, നാല് പതിറ്റാണ്ടിലധികം കാലമായി തുടരുന്ന സംഘർഷ സാഹചര്യം ഗസ്സയുടെ പശ്ചാത്തലത്തിൽ അൽപം കലുഷിതമായിട്ടുമുണ്ട്. അമേരിക്കയടക്കമുള്ള വൻശക്തികളുടെ പിന്തുണയിൽ ഇസ്രായേൽ ഗസ്സയിൽ നരഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോൾ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യവസ്ഥാപിതവും സംഘടിതവുമായ പ്രത്യാക്രമണങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുതന്നെയുണ്ടാകുന്നുവെന്നതാണ് അതിന്റെ കാരണം. ഇപ്പോഴത്തെ ഗസ്സ അധിനിവേശത്തിനെതിരെ തുടക്കംമുതലേ ചെറുത്തുതോൽപിക്കാൻ ഹിസ്ബുല്ലയും ഇറാനും യമനിലെ ഹൂത്തികളും രംഗത്തുണ്ട്. ഇവരുടെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ ഇടക്കിടെ ഇസ്രായേലിന് നേരിടേണ്ടിവന്നു. ചെങ്കടലിൽ ഹൂത്തികൾ നടത്തിയ കപ്പൽ ആക്രമണങ്ങൾ ചെറുതായൊന്നുമല്ല ഇസ്രായേലിന് തലവേദന സൃഷ്ടിച്ചത്. സർവ ഉപരോധങ്ങളെയും മറികടന്ന് ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും ഇസ്രായേലിനെ പ്രതിരോധത്തിലാക്കി. ഏറ്റവും ഒടുവിൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ 2000 കിലോമീറ്ററുകളോളം സഞ്ചരിച്ച് തെൽ അവീവിൽ പതിച്ചതിന് ലോകം സാക്ഷിയായി. ദക്ഷിണ ലബനാൻ കേന്ദ്രീകരിച്ച് ഹിസ്ബുല്ല നടത്തിക്കൊണ്ടിരിക്കുന്ന ഓപറേഷനുകളാകട്ടെ, വടക്കൻ ഇസ്രായേലിന് ഏറ്റവും വലിയ ഭീഷണിയുമാണ്. ഇത്തരത്തിൽ, പല കോണുകളിൽനിന്ന് ഒരേസമയം പ്രത്യാക്രമണങ്ങളുണ്ടാകുന്നത് ഇപ്പോൾ കാണുന്നയത്രയൂം വ്യാപ്തിയിൽ മുൻകാലങ്ങളിൽ ദൃശ്യമായിട്ടില്ല. അതുകൊണ്ടുതന്നെ, ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾ ഇനിയങ്ങോട്ട് അത്രകണ്ട് ഏകപക്ഷീയമാകാനും സാധ്യതയില്ല. തിരിച്ചടികളുറപ്പാണ്. സ്വാഭാവികമായും അത് തുറന്ന യുദ്ധത്തിനായിരിക്കും വഴിതെളിക്കുക.
ഗസ്സയിൽ ഹമാസിനെയും ലബനാനിൽ ഹിസ്ബുല്ലയെയും തുടച്ചുനീക്കുമെന്നാണ് നെതന്യാഹു യു.എൻ പൊതുസഭയിൽ പ്രസംഗിച്ചത്. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുമടക്കം ഇരു സംഘടനകളുടെയും പല നേതാക്കളെയും ഒരു വർഷത്തിനിടെ ഇസ്രായേൽ വധിച്ചു. അതിനെല്ലാമപ്പുറം, ജനവാസ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളത്രയും. ഗസ്സയിലും ലബനാനിലും വൈറ്റ് ഫോസ്ഫറസ് അടക്കമുള്ള രാസായുധങ്ങൾ പ്രയോഗിച്ചതായും പറയപ്പെടുന്നു. അപ്പോൾ, കേവലം നേതാക്കളല്ല, വംശഹത്യതന്നെയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് വെളിപ്പെടുന്നു. ഇപ്പോൾ ലബനാനിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കൃത്യമായും 2006ലെ സംഭവവികാസങ്ങളെ ഓർമപ്പെടുത്തുന്നുണ്ട്. 2006 ജൂലൈ 12ന് തുടങ്ങി ഒരു മാസത്തിലധികം നീണ്ട യുദ്ധത്തിൽ 1500ലധികം ലബനീസ് പൗരന്മാർ കൊല്ലപ്പെട്ടു; 10 ലക്ഷം പേരാണ് അന്ന് പലായനം ചെയ്തത്. അന്നും ആക്രമണം കനപ്പിച്ചത് ഇസ്രായേൽ ദക്ഷിണ ലബനാനിൽ കരയുദ്ധം ആരംഭിച്ചതോടെയായിരുന്നു. ഇപ്പോൾ, കരയുദ്ധം അഞ്ചുദിവസം പിന്നിട്ടപ്പോഴേക്കും 2006ലേതിനെക്കാൾ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇതിനകംതന്നെ രണ്ട് ലക്ഷത്തിൽപരം ആളുകൾ സിറിയയിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ, സിറിയൻ അതിർത്തി കടക്കാൻ അനുവദിക്കാതെ ദക്ഷിണ ലബനാനെ ഒരു തടങ്കൽപാളയമാക്കി മാറ്റാനും ഇസ്രായേൽ ശ്രമിക്കുന്നു. പക്ഷേ, അത്ര എളുപ്പത്തിൽ ഇസ്രായേലിന് ഈ സൈനിക നടപടികൾ തുടരാനാവില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ, ശക്തമായ പ്രതിരോധം പല കോണുകളിൽനിന്നുണ്ടാകുമെന്നുറപ്പാണ്. ഇറാൻ ആക്രമണത്തെ അതിന്റെ സൂചനയായി മാത്രം എടുക്കാം. അതുകൊണ്ടുതന്നെ, ഈ സൈനിക നീക്കം തുടർന്നാൽ അത് വലിയ യുദ്ധത്തിനുതന്നെ വഴിതുറക്കുമെന്നുറപ്പാണ്. അത് പശ്ചിമേഷ്യൻ മേഖലയെ സാരമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യം മുൻകൂട്ടിക്കണ്ടാണിപ്പോൾ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്; പശ്ചിമേഷ്യയിൽ ഇപ്പോൾതന്നെ 40,000 യു.എസ് സൈനികരുണ്ട്. വരുംനാളുകളിൽ അമേരിക്കയുടെ കൂടുതൽ ആയുധശേഖരവും അവിടെയെത്തുമെന്ന് പെന്റഗൺ വ്യക്തമാക്കിക്കഴിഞ്ഞു. യുക്രെയ്ൻ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, മൂന്നാം ലോകയുദ്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, അതിനെക്കാൾ ഭീതിദമായ സാഹചര്യമാണിപ്പോൾ പശ്ചിമേഷ്യയിലുള്ളത്. വരാനിരിക്കുന്ന നാളുകൾ അത്ര ശുഭകരമല്ലെന്ന് ചുരുക്കം. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴ്പ്പെടുക എന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള ഏക പ്രതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.