Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസുതാര്യതയാണ്...

സുതാര്യതയാണ് ജനാധിപത്യം

text_fields
bookmark_border
സുതാര്യതയാണ് ജനാധിപത്യം
cancel


ഭരണം തുറന്ന പുസ്തകമാകുമ്പോഴാണ് അത് സദ്ഭരണമാകുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ അടുത്ത കാലത്തായി രഹസ്യാത്മകതയിൽ അഭിരമിക്കുന്നു എന്ന ധാരണ വ്യാപകമാണ്. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന കാര്യങ്ങളിൽപോലും എത്ര പുറത്തുപറയാതിരിക്കാമോ അത്രയും നല്ലത് എന്ന മട്ടിലാണ് വിവിധ വിഷയങ്ങളിൽ അധികൃത നിലപാട്. മറച്ചുപിടിക്കലാണ് കാര്യക്ഷമത എന്ന് തുറന്നുപറയുന്നില്ല എന്നേയുള്ളൂ; ആ ധാരണയാണ് സർക്കാറും ഭരണപക്ഷ നേതാക്കളും വളർത്താൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തെപ്പറ്റി ഉയർന്ന ചോദ്യങ്ങൾക്ക് ഇതുവരെ ലഭിച്ച മറുപടി ഉച്ചത്തിലുള്ള ചിരി മാത്രമാണ്. വിഷയമാകട്ടെ, ചിരിച്ചുതള്ളാവുന്നത്ര ചെറുതല്ലതാനും. ആഭ്യന്തരവകുപ്പിന് കീഴിലെ ചില ഉദ്യോഗസ്ഥർ വലത് വർഗീയ ശക്തികളുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ഉത്തരവാദപ്പെട്ടവർതന്നെ തെളിവുസഹിതം ആരോപണമുയർത്തുന്നു. ‘കാഫിർ’ സ്ക്രീൻ ഷോട്ട്, ‘മാശാ അല്ലാഹ്’ സ്റ്റിക്കർ തുടങ്ങിയ പേരുകളിൽ സമൂഹം ഇപ്പോൾ പരാമർശിക്കുന്ന വർഗീയ കുപ്രചാരണങ്ങൾക്ക് പിന്നിൽ മുഖ്യ ഭരണകക്ഷിയുടെ പങ്ക് ചർച്ചാവിഷയമാകുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയും സംഘ്പരിവാർ ശക്തികളും തമ്മിൽ ഉണ്ടായെന്ന് പറയുന്ന ധാരണയെപ്പറ്റി ചോദ്യങ്ങളുയരുന്നു. മലപ്പുറം ജില്ലയെ വർഗീയഭാഷയിൽ പലപ്പോഴായി നൃശംസിച്ച പാർട്ടി നേതാക്കൾ ഒരിക്കലും തിരുത്തപ്പെടാതെപോകുന്നു. ആ ജില്ലയിൽ കുറ്റകൃത്യങ്ങളുടെ കണക്ക് ഊതിപ്പെരുപ്പിക്കാൻ ചില പൊലീസുദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളുടെ കണക്കുകൾ പുറത്തുവരുന്നു. ന്യൂനപക്ഷ സമൂഹത്തിൽ സർക്കാറിനെപ്പറ്റി-പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനെപ്പറ്റി-അവിശ്വാസം വളരുന്ന സാഹചര്യമുണ്ടാകുന്നു. ഈ ഘട്ടത്തിൽ ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി ഡൽഹിയിൽ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലക്കെതിരെ ഗൗരവമേറിയ പരാമർശങ്ങൾ വരുന്നു.

ഉത്തരേന്ത്യയിൽ മുമ്പേ പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകൾക്ക് മുഖ്യമന്ത്രിതന്നെ കീഴൊപ്പ് ചാർത്തുന്നു എന്നു വന്നതോടെ അദ്ദേഹം വിശദീകരണം നൽകിയത്, ആ വാക്കുകൾ തന്റേതല്ല എന്നും പത്രം പിന്നീട് ചേർത്തതാണ് എന്നുമാണ്. ഇത് സമ്മതിച്ച ‘ദ ഹിന്ദു’, മുഖ്യമന്ത്രിക്കൊപ്പം സ്വകാര്യ പബ്ലിക് റിലേഷൻസ് (പി.ആർ) കമ്പനിയുടെ രണ്ട് ആൾക്കാർ ഉണ്ടായിരുന്നു എന്നും അതിലൊരാൾ ആവശ്യപ്പെട്ട പ്രകാരമാണ് വാക്കുകൾ കൂട്ടിച്ചേർത്തത് എന്നും വിശദീകരിച്ചതോടെ കാര്യം ഗുരുതരമായി. താൻ ഒരു പി.ആർ കമ്പനിയെയും നിയോഗിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും, മുഖ്യമന്ത്രിക്കുവേണ്ടി അങ്ങോട്ട് ബന്ധപ്പെട്ട പി.ആർ കമ്പനിയുടെ ആളുകൾ തുടർന്ന് അദ്ദേഹത്തിന്റേതെന്ന രീതിയിൽ ചില വാക്കുകൾ ചേർത്തു എന്ന പത്രത്തിന്റെ വാദം ബാക്കിനിൽക്കുന്നു. മുഖ്യമന്ത്രിയുടെ വായിൽ വിഷവാക്കുകൾ തിരുകിയത് ആര്, എന്തിന് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി അറിയിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. അല്ലാത്തിടത്തോളം കാലം, ഇതെല്ലാം അദ്ദേഹത്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ് നടന്നത് എന്ന് ജനങ്ങൾക്ക് ന്യായമായും കരുതാം. സമൂഹം അറിയേണ്ട ഈ കാര്യം എന്തിനാണ് മറച്ചുപിടിക്കുന്നത്? ഉത്തരേന്ത്യയിൽ സംഘ്പരിവാറിന് ആയുധമാക്കാൻ പോന്ന ഒരു വ്യാജം മുഖ്യമന്ത്രിയുടെ പേരിൽ അച്ചടിച്ചുവന്നെങ്കിൽ, വ്യക്തത വരുത്താതെ തള്ളാവുന്ന കാര്യമാണോ അത്? പറയുന്നത് കേട്ടാൽ മതി, അതിലപ്പുറം ചോദിക്കുകയോ ചിന്തിക്കുകയോ വേണ്ട എന്ന നിലപാട് മറ്റെന്തുതന്നെയായാലും ജനാധിപത്യമല്ല.

ജനങ്ങൾക്ക് അറിയാനുള്ള ആധികാരിക ഉറവിടങ്ങളിൽ പ്രധാനമാണ് ജനപ്രതിനിധിസഭ. പ്രതിപക്ഷത്തിന്റെ സാന്നിധ്യവും ഇട​പെടലുമാണ് പാർല​മെന്റിനെയും അസംബ്ലിയെയും ശരിക്കും ജനകീയമാക്കുന്നത്. ജനങ്ങളറിയേണ്ട ഒരുപാട് കാര്യങ്ങൾ അസംബ്ലി ചോദ്യങ്ങൾ വഴിയാണ് അവരറിഞ്ഞിട്ടുള്ളത്. ചോദ്യം​ ചോദിക്കാനും ഉത്തരം ലഭിക്കാനുമുള്ള പ്രതിപക്ഷത്തിന്റെ അവകാശം പാർലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവാണ്. എന്നിരിക്കെ, ഇപ്പോൾ നടക്കുന്ന നിയമസഭ സമ്മേളനത്തിലേക്കായി പ്രതിപക്ഷാംഗങ്ങൾ നൽകിയ ചോദ്യങ്ങളുടെ തരംതിരിവിൽ നിയമസഭ സെക്രട്ടേറിയറ്റ് നടത്തിയതായി പറയുന്ന ഇടപെടൽ ആശങ്കയുണ്ടാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി പറയേണ്ടതെന്ന നിലക്ക് ഉന്നയിച്ച ചോദ്യങ്ങൾ സെക്രട്ടേറിയറ്റ് നക്ഷത്രചിഹ്നമില്ലാത്തതാക്കി തരംതിരിച്ചതാണ് പ്രശ്നം. അസ്വാഭാവികമായി ഒന്നും ഇതിലില്ല എന്നും സാധാരണ നടപടിക്രമങ്ങളേ അനുവർത്തിച്ചുള്ളൂ എന്നുമുള്ള മട്ടിലാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ വിശദീകരണം. അതേസമയം, സർക്കാറിൽനിന്ന് ജനങ്ങൾക്ക് കാര്യമറിയാനുള്ള ഏറ്റവും ആധികാരികമായ ഈ മാർഗം രാഷ്ട്രീയ താൽപര്യങ്ങളാൽ ചിലപ്പോൾ അടക്കപ്പെടുന്നുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള ശ്രമത്തിനെതിരെ കെ.കെ. രമ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയത് ഉദാഹരണം. ഇത്തവണ നക്ഷത്ര ചോദ്യമിടാത്ത ചോദ്യങ്ങളാക്കി മാറ്റപ്പെട്ട 49ൽ കുറെയെണ്ണം, ജനങ്ങളറിയാൻ ആഗ്രഹിക്കുന്ന പ്രധാന വിവാദങ്ങളെപ്പറ്റിയുള്ളവയാണ്. തൃശൂർ പൂരം കലക്കൽ, എ.ഡി.ജി.പി -ആർ.എസ്.എസ് കൂടിക്കാഴ്ചകൾ, ‘കാഫിർ’ സ്ക്രീൻഷോട്ട്, പൊലീസിലെ ക്രിമിനൽവത്കരണം തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. സർക്കാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ചേരുന്ന ചോദ്യങ്ങൾക്ക് നക്ഷത്രപദവി നൽകുകയും അല്ലാത്തവക്ക് അത് നിഷേധിക്കുകയും ചെയ്തുവെങ്കിൽ, സുതാര്യതക്കെതിരായ സർക്കാർ നിലപാടിനോട് സ്പീക്കറും ചേർന്നു എന്നാകും അർഥം. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ടവർതന്നെയാണ്. കാരണം, സുതാര്യതയാണ് ജനാധിപത്യം. അതില്ലാത്തത് ഫാഷിസവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2024 October 7
Next Story