ലങ്കയിൽ തെളിയുന്ന ചുവന്ന രാശി
text_fieldsഅയൽ രാജ്യമായ ശ്രീലങ്കയിൽ പത്താമത്തെ പ്രസിഡന്‍റായി മാർക്സിസ്റ്റ്- ലെനിനിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ തിങ്കളാഴ്ച അധികാരമേറ്റു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മുൻപ്രസിഡന്‍റ് റനിൽ വിക്രമസിംഗെ എന്നിവരെ പരാജയപ്പെടുത്തിയാണ് 42.31 ശതമാനം വോട്ടുനേടി ലങ്കയുടെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്‍റ് സ്ഥാനമേൽക്കുന്നത്. മാർക്സിസവും സിംഹള-ബുദ്ധിസ്റ്റ് അതിദേശീയവാദവും സമം ചേർത്ത സായുധ ഭീകരതയുടെയും രക്തച്ചൊരിച്ചിലിന്‍റെയും വഴിയിൽനിന്ന് പാർലമെന്‍ററി ജനാധിപത്യത്തിലേക്ക് കളം മാറ്റിച്ചവിട്ടിയ ജെ.വി.പിയുടെ നേതാവ് തെരഞ്ഞെടുപ്പിലെ ‘പരിവർത്തന’ മുദ്രാവാക്യം തന്നെ സത്യപ്രതിജ്ഞക്കുശേഷം ആവർത്തിച്ചു. രാഷ്ട്രീയവ്യവസ്ഥയിൽ ജനതയുടെ വിശ്വാസവും ആദരവും നേടിയെടുക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹം നൽകുന്ന ഉറപ്പ്. സിംഹള, തമിഴ്, മുസ്ലിം വിഭാഗങ്ങൾ അടക്കം എല്ലാ ശ്രീലങ്കക്കാരെയും ചേർത്തുപിടിച്ചു മുന്നേറുമെന്നും. ‘തൊഴിലാളിവർഗ രക്ഷിതാക്കളുടെ മകൻ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ദിസനായകെ, രാഷ്ട്രീയ തീരുമാനങ്ങളിൽ ശബ്ദമില്ലാതെ പോയ തൊഴിലാളികളെയും ഗ്രാമീണ ജനതയെയും ശാക്തീകരിക്കുകയാണ് ജനകീയമായ രാഷ്ട്രീയ പരിവർത്തനത്തിനുള്ള വഴിയെന്ന നിലപാടിലാണ്. വ്യവസ്ഥയെ മാറ്റിപ്പണിയുക, കുടുംബവാഴ്ച അവസാനിപ്പിക്കുക, പുതിയ സാമ്പത്തിക പരിഷ്കരണ സമ്പ്രദായം പരിചയപ്പെടുത്തുക, രാജപക്സേയുടെ കുടുംബാധിപത്യത്തിനെതിരെ കഴിഞ്ഞ രണ്ടുവർഷമായി ദേശീയ ജനാധികാര മുന്നണിയുടെ ഭാഗമായി ചേർന്ന് ‘അരഗാലയ’ (പോരാട്ടം) നയിക്കുന്ന അടിസ്ഥാന ജനതയുടെ അഭിലാഷം നിറവേറ്റി ഭരണരീതി അടിമുടി മാറ്റിപ്പണിയുക എന്നിവയാണ് ദിസനായകെ തന്‍റെ ഭരണത്തിൽ വാഗ്ദാനം ചെയ്യുന്ന മാറ്റത്തിന്‍റെ സുവിശേഷം.
തോക്കിൻകുഴലിലൂടെയും ഒളിപ്പോരുകളിലൂടെയും വ്യവസ്ഥമാറ്റത്തിന് ശ്രമിച്ച കമ്യൂണിസ്റ്റ് അതിവാദം കൈയൊഴിഞ്ഞ് ബാലറ്റുവിപ്ലവത്തിന്‍റെ മിതവാദ ജനാധിപത്യ ലൈനിലേക്ക് മാറിയ ജെ.വി.പി നയിക്കുന്ന മുന്നണിയും അവരുടെ ഭരണത്തിൽ ശ്രീലങ്കയും ഏതു രാഷ്ട്രീയ പരിവർത്തനത്തിനാണ് വിധേയമാവുക എന്നു ഉറ്റുനോക്കുകയാണ് അടുത്തും അകലെയുമുള്ള ലോകരാജ്യങ്ങൾ.
1935ൽ രൂപംകൊണ്ട ലങ്ക സമ സമാജ പാർട്ടി (എൽ.എസ്.എസ്.പി), 1943ൽ അതു പിളർന്നുണ്ടായ ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടി (സി.പി.എസ്.എൽ) എന്നിവയാണ് ശ്രീലങ്കയിലെ പഴയകാല കമ്യൂണിസ്റ്റു കക്ഷികൾ. പിന്നീട് സോവിയറ്റ്, ചൈന ചേരികളിലായി ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് മോസ്കോ, പെക്കിങ് കക്ഷികളായി. സി.പി.എസ്.എൽ (പെക്കിങ്) വൈകാതെ ദുർബലമായി. എൽ.എസ്.എസ്.പി, സി.പി.എസ്.എൽ (മോസ്കോ) പാർട്ടികൾ സ്വാതന്ത്ര്യാനന്തര ബൂർഷ്വാ ഗവൺമെന്‍റുകൾക്കെതിരെ രൂപം കൊണ്ട ജനരോഷത്തെ ഇടതുവിപ്ലവമാക്കി പരിവർത്തിപ്പിച്ച് ഐക്യ ഇടതുപക്ഷ മുന്നണിയെ അധികാരത്തിലേറ്റാനുള്ള അവസരം കളഞ്ഞുകുളിച്ചു എന്നാരോപിച്ച് രംഗത്തുവന്ന ‘തിരുത്തൽവാദി’ രോഹണ വിജെവീരെയാണ് ജെ.വി.പിക്ക് രൂപം നൽകുന്നത്. 1970ൽ സംഘടനയുടെ ആദ്യറാലി പ്രഖ്യാപിച്ചപ്പോൾ വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാർട്ടികൾ ജെ.വി.പിയെ സി.ഐ.എ കെണിയായും നേതാവ് വിജെവീരെയെ സി.ഐ.എ ഏജന്‍റുമായി മുദ്രകുത്തി പരാജയപ്പെടുത്താൻ നോക്കി. ഭരണകൂടം നിരോധനവും അറസ്റ്റും മർദനവുമടക്കമുള്ള അടിച്ചമർത്തലിലേക്ക് നീങ്ങിയതോടെ 1971ൽ ജെ.വി.പി സായുധകലാപത്തിലേക്ക് നീങ്ങി. പതിനായിരം അംഗങ്ങളോ അനുഭാവികളോ അന്നു കൊല്ലപ്പെട്ടെന്നാണ് ജെ.വി.പി പറയുന്ന സ്വന്തം ചരിത്രം. ഭരണം മാറി, സ്വാതന്ത്ര്യം വീണ്ടെടുത്തതിൽപിന്നെ എൺപതുകളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ കക്ഷി തീരുമാനമെടുത്തു. എൺപതുകൾക്കൊടുവിൽ തമിഴ് വിരുദ്ധകലാപം ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച ഘട്ടത്തിൽ സിംഹള ദേശീയവാദമുയർത്തി ജെ.വി.പി പിന്നെയും സായുധ കലാപത്തിലേക്ക് നീങ്ങി. 1987ൽ ഈ രണ്ടാം കലാപകാലത്താണ് ദിസനായകെ ജെ.വി.പിയിൽ ചേരുന്നത്. തൊണ്ണൂറുകളിൽ പിന്നെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വഴങ്ങിയ ജെ.വി.പി അടുത്ത ദശകത്തിൽ മുന്നണി ഭരണത്തിന്‍റെ ഭാഗമായി മാറി. 2001ൽ പാർലമെന്‍റ് അംഗമായ ദിസനായകെ 2004ലെ മുന്നണി ഭരണത്തിൽ കൃഷി, ജലസേചന മന്ത്രിയായി. സർക്കാറിന്‍റെ മുതലാളിത്ത ലൈനിനെ എതിർത്തും 2005ൽ സൂനാമി ദുരിതാശ്വാസ പ്രവർത്തനത്തിൽ എൽ.ടി.ടി.ഇയുമായി ചേർന്നു പ്രവർത്തിക്കാൻ എസ്.എൽ.എഫ്.പി ഗവൺമെന്‍റ് തീരുമാനിച്ചതിൽ പ്രതിഷേധിച്ചും ദിസനായകെയും മറ്റു ജെ.വി.പി മന്ത്രിമാരും രാജിവെക്കുകയായിരുന്നു.
സായുധ കലാപത്തിന്‍റെയും പാർലമെന്‍ററി ജനാധിപത്യ പങ്കാളിത്തത്തിന്‍റെയും മാർഗം മാറിമാറി സ്വീകരിച്ച ജെ.വി.പിയുടെ നീക്കങ്ങളെക്കുറിച്ച് രാഷ്ട്രീയവൃത്തങ്ങളിൽ സന്ദേഹങ്ങളുണ്ട്. കമ്യൂണിസ്റ്റ് ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന ദിസനായകെയുടെ അധികാരലബ്ധി അവശേഷിക്കുന്ന അയൽദേശത്തെ കൂടി ഇന്ത്യവിരുദ്ധ മുന്നണിയിൽ നിർത്തുമോ എന്ന ശങ്ക ന്യൂഡൽഹിക്കുമുണ്ട്. ഇന്ത്യ-ശ്രീലങ്ക സമാധാന കരാറിനെ എതിർത്തതാണ് ജെ.വി.പി. ജനസംഖ്യയിൽ 11 ശതമാനത്തിലേറെ വരുന്ന തമിഴർക്ക് രാഷ്ട്രീയാധികാര വിഹിതം നൽകുന്ന ഭരണഘടനയുടെ 13ാം ഭേദഗതിക്കും അവർ എതിരാണ്. ശ്രീലങ്കയുടെ ഊർജ പരമാധികാരം തകർക്കുമെന്ന ന്യായമുന്നയിച്ച് അദാനിയുടെ പവർ പ്രോജക്ടിനെ ശക്തമായി എതിർത്തിട്ടുണ്ട് ദിസനായകെ. അതൊക്കെ മുന്നിൽ വെച്ചാവാം ദിസനായകെയുടെ ജനപ്രീതി വർധിക്കുന്നത് തിരിച്ചറിഞ്ഞ ഇന്ത്യ, കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി സംസാരിച്ചിരുന്നു. 2022ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇന്ത്യ നാലു ബില്യൺ യു.എസ് ഡോളറിന്‍റെ സഹായം ലങ്കക്കു നൽകിയതാണ്. എങ്കിലും ചൈനയുടെ വൻ പദ്ധതികൾക്ക് സൗകര്യമൊരുക്കുന്ന ശ്രീലങ്കയിൽ കമ്യൂണിസ്റ്റ് പ്രസിഡന്‍റ് അധികാരമേൽക്കുമ്പോൾ ഇന്ത്യക്ക് ഏറെ ശ്രദ്ധ പുലർത്താനുണ്ട്. പ്രസിഡന്‍റ് പദമേറ്റെടുത്ത ശേഷം, രാജ്യത്തിനകത്തും പുറത്തും എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാലത പ്രകടിപ്പിക്കുന്ന ദിസനായകെയുടെ പുതിയ നീക്കത്തിൽ ഇന്ത്യ പ്രതീക്ഷയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.