ഭയം വേണം, ജാഗ്രതയും
text_fieldsപൊലീസ് സേനയുടെ തലപ്പത്തുള്ളവരിൽ കുപ്രസിദ്ധ ക്രിമിനലുകളും കൊലപാതകികളടക്കം അധോലോകപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരുമുണ്ടെന്ന് ഭരണപക്ഷ എം.എൽ.എ ഉന്നയിച്ച ആരോപണവും അതേതുടർന്ന് ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ അന്വേഷണപ്രഖ്യാപനവും തുടർനടപടികളും സംസ്ഥാനത്തിന്റെ ഭരണ, ഉദ്യോഗസ്ഥ സംവിധാനത്തെക്കുറിച്ച ഗുരുതരമായ ആശങ്കകളാണുയർത്തിയിരിക്കുന്നത്. പൊലീസ് വകുപ്പിലെ പ്രധാന ഘടകമായ ക്രമസമാധാനത്തിന്റെ...
Your Subscription Supports Independent Journalism
View Plansപൊലീസ് സേനയുടെ തലപ്പത്തുള്ളവരിൽ കുപ്രസിദ്ധ ക്രിമിനലുകളും കൊലപാതകികളടക്കം അധോലോകപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരുമുണ്ടെന്ന് ഭരണപക്ഷ എം.എൽ.എ ഉന്നയിച്ച ആരോപണവും അതേതുടർന്ന് ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ അന്വേഷണപ്രഖ്യാപനവും തുടർനടപടികളും സംസ്ഥാനത്തിന്റെ ഭരണ, ഉദ്യോഗസ്ഥ സംവിധാനത്തെക്കുറിച്ച ഗുരുതരമായ ആശങ്കകളാണുയർത്തിയിരിക്കുന്നത്. പൊലീസ് വകുപ്പിലെ പ്രധാന ഘടകമായ ക്രമസമാധാനത്തിന്റെ ഉയർന്ന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനും ജില്ല പൊലീസ് മേധാവിയായി മലപ്പുറത്തും പത്തനംതിട്ടയിലും സർവിസിലിരുന്ന സുജിത് ദാസിനുമെതിരെ നിലമ്പൂർ എം.എൽ.എയായ പി.വി. അൻവർ അതിഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെയടക്കം പ്രതിക്കൂട്ടിലാക്കിയ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയായിരുന്നു. ആരോപണങ്ങളുടെ മർമത്തിലുള്ള എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയും എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഗുണ്ടാസംഘങ്ങളെയും അധോലോകപ്രവർത്തനങ്ങളെയും കള്ളക്കടത്ത്, മയക്കുമരുന്ന് റാക്കറ്റുകളെയും അമർച്ച ചെയ്യാൻ ചുമതലപ്പെട്ട, പൊലീസിലെ ക്രമസമാധാനപാലന വിഭാഗത്തിന് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥൻതന്നെ അത്തരം ഹീനപ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എം.എൽ.എ നടത്തിയത്. എ.ഡി.ജി.പി സ്ഥാനത്തിരുന്ന് സൈബർ സെല്ലിനെ ഉപയോഗിച്ച് മന്ത്രിമാരടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുക, സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല ചെയ്യിക്കുക, കൊലക്കേസുകളിൽ നിരപരാധികളെ കുടുക്കാനായി കൊലചെയ്യപ്പെട്ടവരുടെ ഉറ്റവരെയും ഉടയവരെയും പീഡിപ്പിക്കുക, സംസ്ഥാന ഭരണകൂടത്തിനടക്കം അപകീർത്തിയുണ്ടാക്കുകയും പരമതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അന്വേഷണത്തിലിരുന്നയാളിൽനിന്ന് കോടികളുടെ കൈക്കൂലി കൈപ്പറ്റുക, സ്വർണ കള്ളക്കടത്തിനെ പിന്തുടരുന്നുവെന്ന നാട്യത്തിൽ സ്വർണവും പണവും തട്ടിയെടുക്കുക, കേരളത്തിനകത്തും പുറത്തുമുള്ള കള്ളക്കടത്ത് സംഘങ്ങളുമായി കണ്ണിചേരുക തുടങ്ങി അധോലോകസംഘങ്ങളെ വെല്ലുന്ന ക്രിമിനൽ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നുംവരെ എം.എൽ.എ പറഞ്ഞുവെക്കുമ്പോൾ വിരൽ നീളുന്നത് സാക്ഷാൽ മുഖ്യമന്ത്രിയിലേക്ക് കൂടിയാണ്. ഈ ഗുരുതരാവസ്ഥ കണ്ടുതന്നെയാവാം, തിങ്കളാഴ്ച പൊലീസ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ പ്രസംഗിക്കവെ കുറ്റാരോപിതനായ എ.ഡി.ജി.പിയെ വേദിയിലിരുത്തി മുഖ്യമന്ത്രി അന്വേഷണതീരുമാനം പ്രഖ്യാപിച്ചത്.
മലപ്പുറം എസ്.പി ഓഫിസ് വളപ്പിൽനിന്ന് ആയിരക്കണക്കിന് രൂപ വിലവരുന്ന മരത്തടികൾ മോഷണം പോയതുമായി ബന്ധപ്പെട്ട പരാതിയാണ് ഇപ്പോൾ കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്. സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിക്കടക്കം സാങ്കേതികതടസ്സങ്ങൾ ഉന്നയിക്കുന്ന എസ്.പിയുടെ ക്യാമ്പ് ഓഫിസിൽനിന്നുള്ള മരത്തടി അനധികൃതമായി കടത്തിയതിനെതിരെ തുടങ്ങിയ അൻവറിന്റെ പടപ്പുറപ്പാട് വൈകാതെ മലപ്പുറത്ത് സൂപ്രണ്ടായിരുന്ന പത്തനംതിട്ട എസ്.പിയിലേക്കും എ.ഡി.ജി.പിയിലേക്കും എത്തുകയായിരുന്നു. അതിനിടെ കഴിഞ്ഞ ശനിയാഴ്ച പത്തനംതിട്ട എസ്.പി സുജിത് ദാസ് എം.എൽ.എയെ വിളിച്ച് ശിഷ്ടകാലത്തെ വിധേയത്വ ജീവിതം ഉറപ്പുപറഞ്ഞ് കേസിൽനിന്ന് രക്ഷപ്പെടാൻ ക്ഷമായാചനം നടത്തുന്ന ശബ്ദസന്ദേശം പുറത്തായി. പിന്നീട് എ.ഡി.ജി.പി അജിത്കുമാറിനെ പ്രതിക്കൂട്ടിൽ നിർത്തി ഗുരുതരമായ കൂടുതൽ ആരോപണങ്ങളുമായി അൻവർ രംഗത്തുവന്നു. തിരുവനന്തപുരത്തെ പൊൻവിലയുള്ള കണ്ണായ ഭൂമിയിൽ മൂന്നുനില മണിമാളിക കയറ്റുന്ന എ.ഡി.ജി.പിയുടെ സ്വത്തുവളർച്ചയിലേക്ക് അദ്ദേഹം വിരൽചൂണ്ടി. എടവണ്ണയിൽ സ്വർണക്കടത്ത് വിവരം കൈമാറുന്നയാളെന്ന് കരുതപ്പെട്ട ആളുടെ കൊലപാതകം, പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ, താനൂരിലെ കസ്റ്റഡി കൊലപാതകം, കോഴിക്കോട്ടെ വ്യാപാരിയുടെ കാണാതാകൽ തുടങ്ങിയ സംഭവങ്ങൾക്കു പിറകിൽ ആരോപിതർക്ക് പങ്കുണ്ടെന്നും തെളിവുകൾ കൈവശമുണ്ടെന്നുമാണ് എം.എൽ.എയുടെ വാദം. എടവണ്ണ കൊലക്കേസിൽ നിലവിൽ പിടിയിലുള്ള ആളെ പ്രതിചേർക്കാനായി കൊലചെയ്യപ്പെട്ടയാളുടെ ഭാര്യയെ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തലുണ്ട്. നേരത്തേ വിമാനത്താവളത്തിലെ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന മലപ്പുറം എസ്.പിയായിരുന്ന സുജിത് ആ ബന്ധം ഉപയോഗിച്ച് വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ വലിയൊരു ഭാഗം തട്ടിയെടുക്കുകയാണ്. വിമാനത്താവളത്തിൽ സി.സി.ടി.വി നിരീക്ഷണമുള്ളതിനാൽ കള്ളക്കടത്ത് സ്വർണം പിടിച്ചാൽ കള്ളക്കളി നടത്താനാവില്ല. അതിനാൽ കസ്റ്റംസിൽ സ്വർണം ശ്രദ്ധയിൽപെട്ടാലും പിടിക്കാതെ വിടുകയും അവർ നൽകുന്ന വിവരത്തിൽ പുറത്തുവെച്ച് എസ്.പിയുടെ പ്രത്യേകസംഘമായ ഡാൻസാഫ് പിടികൂടുകയും പിടിച്ചവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് സ്വർണത്തിന്റെ നല്ലൊരു പങ്ക് അടിച്ചുമാറ്റിയശേഷം ബാക്കി കസ്റ്റംസിന് കൈമാറുകയും ചെയ്യുന്നു എന്നാണ് എം.എൽ.എ ആരോപിച്ചത്.
എ.ഡി.ജി.പിക്ക് അടക്കം പങ്ക് ആരോപിക്കപ്പെട്ട അധോലോക ഓപറേഷന്റെ ഒന്നാന്തരം ഉദാഹരണമാണിത്. പൊലീസ് സേനയുടെ മികവിനെക്കുറിച്ച് ഇന്നലെയും പ്രശംസ ചൊരിഞ്ഞ മുഖ്യമന്ത്രി സ്വന്തം വകുപ്പിൽ നടക്കുന്ന ഈദൃശ പ്രവർത്തനങ്ങൾ അറിയാതെ പോകുകയാണോ, അതോ അദ്ദേഹത്തെയും മറികടക്കുന്ന ബാഹ്യശക്തികൾ അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കുകയാണോ എന്നാണ് വ്യക്തമാവേണ്ടത്.
ചുരുക്കത്തിൽ, രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതുകൊണ്ട് അവസാനിപ്പിക്കാവുന്നതല്ല ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രശ്നങ്ങൾ. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിക്ക് തന്റെ വകുപ്പിനുമേൽ നിയന്ത്രണമില്ലെന്ന് പ്രതിപക്ഷം നേരത്തേ കുറ്റപ്പെടുത്തുന്നുണ്ട്. ഭരണപക്ഷത്തെ എം.എൽ.എമാരും നേതാക്കളുമടക്കം പൊലീസിന്റെ ദുരൂഹമായ പക്ഷംചേരലിനെക്കുറിച്ച ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയാനേൽപിച്ച ഉന്നത ഉദ്യോഗസ്ഥന്റെ പേരിൽതന്നെ ഭീകര കുറ്റകൃത്യങ്ങളിൽ പങ്ക് ആരോപിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നേരത്തേ സ്വർണക്കടത്ത് കേസ് പ്രതിയെ അനുനയിപ്പിക്കാൻ ഇടനിലക്കാരനെ പറഞ്ഞയച്ച സംഭവത്തിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയയാളാണ് പിന്നീട് ക്രമസമാധാന ചുമതലയുടെ തലപ്പത്ത് എത്തുന്നത് എന്നുമോർക്കണം. തൽക്കാലം വെടിനിർത്തിയ തന്റെ പക്കൽ ഇനിയും ഏറെ വെളിപ്പെടുത്താനുണ്ടെന്ന് എം.എൽ.എ പറയുമ്പോൾ ഭരണത്തിന്റെ ഗർഭഗൃഹത്തിൽതന്നെ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നു തന്നെയാണ് സൂചന. അതിനാൽ രണ്ട് ഉദ്യോഗസ്ഥരെ പടിക്കുപുറത്ത് നിർത്തിയതുകൊണ്ടായില്ല, കാര്യമായ ശുദ്ധികലശം തന്നെ അധികാരകേന്ദ്രങ്ങളിലും അനുബന്ധ സംവിധാനങ്ങളിലും വേണ്ടിവരും. ഇല്ലെങ്കിൽ അധോലോക രാഷ്ട്രീയ, ഉദ്യോഗസ്ഥസംഘങ്ങളുടെ പിടിയിലേക്കാവും കേരളത്തിന്റെ പോക്ക് എന്നുതന്നെ ആശങ്കിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.