ന്യൂനപക്ഷാവകാശ ധ്വംസനത്തെക്കുറിച്ച് യു.എസ് കമീഷൻ
text_fieldsസാർവദേശീയ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠനം നടത്തി സർക്കാറിന് ശിപാർശകൾ സമർപ്പിക്കാൻ ചുമതലപ്പെട്ട അമേരിക്കൻ കമീഷൻ-യു.എസ്.സി.ഐ.ആർ.എഫ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത് - 2025ൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും വിവേചനത്തിലും രേഖപ്പെടുത്തിയ പ്രത്യേകമായ ഉത്കണ്ഠ നരേന്ദ്രമോദി സർക്കാറിനെ അലോസരപ്പെടുത്തിയതിൽ അത്ഭുതമില്ല. മുസ്ലിം, ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കെതിരെ ശാരീരികവും സാംസ്കാരികവുമായ ആക്രമണങ്ങൾ രാജ്യത്ത് നിത്യസംഭവങ്ങളായി മാറിയിട്ടുണ്ടെന്നുമാത്രമല്ല നാളുകൾ കഴിയുന്തോറും പൂർവാധികം ആശങ്കജനകവും കഠിനവുമായിത്തീർന്നിരിക്കുകയാണെന്നത് അനിഷേധ്യ യാഥാർഥ്യമാണ്. പാർലമെന്റിനകത്തും പുറത്തും ഇതിനെതിരായ പ്രതിഷേധം ഉയരുന്നുവെങ്കിലും തിരുത്താനോ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറല്ല. പ്രത്യുത നഗ്നസത്യങ്ങളെപ്പോലും കണ്ണടച്ച് നിഷേധിക്കാനും മറച്ചുപിടിക്കാനും ഗോദി മീഡിയയെ ഉപയോഗിച്ച് അവാസ്തവിക പ്രചാരണം നടത്താനുമാണ് സർക്കാറും ഭരണപക്ഷ പാർട്ടികളും തത്രപ്പെടുന്നത്. യു.എ.പി.എ, എഫ്.സി.ആർ.എ, സി.എ.എ പോലുള്ള നിയമങ്ങളുപയോഗിച്ച് ന്യൂനപക്ഷങ്ങളെയും പൗരസംഘടനകളെയും വേട്ടയാടുകയാണെന്ന് യു.എസ് കമീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. എന്നാൽ, മതസ്വാതന്ത്ര്യത്തെക്കുറിച്ച സ്വാഭാവിക ഉത്കണ്ഠകളേക്കാളുപരി കരുതിക്കൂട്ടിയുള്ള ഒരു അജണ്ടയുടെ ഭാഗമാണീ പ്രചാരണമെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം.
അതേസമയം പാകിസ്താൻ, ചൈന, മ്യാന്മർ, ഇറാൻ തുടങ്ങിയ ഇന്ത്യയുമായി ചേർച്ചയില്ലാത്ത അയൽരാജ്യങ്ങൾ മതന്യൂനപക്ഷങ്ങളോട് പുലർത്തുന്ന മോശമായ സമീപനവും സി.ഐ.ആർ.എഫ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നോർക്കണം. ഇന്ത്യയുടെ കാര്യത്തിൽ ഈയിനത്തിലെ ആറാമത്തെ റിപ്പോർട്ടാണെന്നതും ശ്രദ്ധേയമാണ്. ഹോളി, രാമനവമി തുടങ്ങി ഹൈന്ദവാഘോഷങ്ങളോടനുബന്ധിച്ച് ഉത്തരേന്ത്യയിൽ അരങ്ങേറാറുള്ള മുസ്ലിം വിദ്വേഷ പ്രചാരണങ്ങളും വർഗീയാക്രമണങ്ങളും തുടർക്കഥയായിരിക്കെ മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഈദുൽ ഫിത്ർ സുദിനത്തിൽ പൊതുസ്ഥലത്തോ വീടുകളുടെ മുകളിലോ പ്രാർഥന നടത്തിക്കൂടെന്ന യോഗി ആദിത്യനാഥ് സർക്കാറിന്റെ വിലക്കാണ് ഒടുവിലത്തെ സംഭവങ്ങളിലൊന്ന്. ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധാമിയാകട്ടെ മദ്റസകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്ന തിരക്കിലാണിപ്പോൾ. സംസ്ഥാനതലത്തിൽ ഏക സിവിൽകോഡ് നടപ്പാക്കാൻ തുടക്കമിട്ടതും ധാമി തന്നെ. ഇത്തരം ന്യൂനപക്ഷവിരുദ്ധ ചെയ്തികൾ ലോകമാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോൾ സർക്കാറുകളുടെ കണ്ണടച്ചുള്ള നിഷേധങ്ങൾക്കെന്ത് പ്രസക്തി? യു.എസ് കമീഷനാകട്ടെ രാജ്യത്തുവന്ന് നേരിൽ അന്വേഷിച്ചും പഠിച്ചുമാണ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതെന്നും മറക്കരുത്. ബൈഡന്റെ കാലത്തും ഇപ്പോൾ ട്രംപിന്റെ ഊഴത്തിലുമൊക്കെ അമേരിക്കയെ ഉറ്റ സുഹൃത്തായാണ് മോദിയുടെ ഇന്ത്യ കാണുന്നതെന്നിരിക്കെ, മനഃപൂർവമായ ഇന്ത്യാവിരുദ്ധ പ്രചാരണമാണ് സി.ഐ.ആർ.എഫ് നടത്തുന്നതെന്നാരോപിക്കുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് തീർച്ച.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം കുറ്റകരമായ മതസ്വാതന്ത്ര്യ ലംഘനത്തിലാണ് ഇന്ത്യ ഏർപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാൻ നിരവധി ഉദാഹരണങ്ങൾ കമീഷൻ നിരത്തുന്നതോടൊപ്പം ഉന്നംവെച്ചുള്ള കൊലകളും സ്വത്ത് നശീകരണവും ആരാധനാലയ ധ്വംസനവും ഭീകരവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗവുമൊക്കെ യു.എസ് കമീഷന്റെ വിശദമായ റിപ്പോർട്ടിലുണ്ട്. ഈ രാജ്യത്ത് ജീവിക്കുന്ന കണ്ണും കാതുമുള്ള ആർക്കും ദിനേന അറിയാനും കാണാനും കഴിയുന്ന ഈ ആസൂത്രിത മതന്യൂനപക്ഷ ധ്വംസന പദ്ധതി രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നുണ്ടെന്നത് നമ്മുടെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. അതേസമയം 1947നുമുമ്പ് ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന പാകിസ്താനിലും 1971ൽ നമ്മുടെ സൈനിക പിന്തുണയോടെ നിലവിൽ വന്ന ബംഗ്ലാദേശിലും ആ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ നേരെ നടക്കുന്ന അത്യാചാരങ്ങളും കമീഷൻ കാണാതെ പോവുന്നില്ല. വിശിഷ്യാ ഹസീനാ വാജിദിന്റെ സ്ഥാനഭ്രംശത്തിനുശേഷം ബംഗ്ലാദേശിൽ നടമാടുന്ന മതന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങൾ ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഭാഗമായിരുന്നു ഹിന്ദു, ബുദ്ധ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾ എന്നതുകൊണ്ട് അവാമി ലീഗിനോടുള്ള പ്രതികാരം ജ്വലിച്ചപ്പോൾ മതന്യൂനപക്ഷങ്ങൾ ശരവ്യരായി തീർന്നതാണെന്ന ന്യായീകരണമെന്തായാലും രാഷ്ട്രാന്തരീയ നിയമങ്ങളുടെ ലംഘനം നീതീകരണമർഹിക്കുന്നില്ല. പുറമെ അത്തരം ന്യൂനപക്ഷ ധ്വംസനങ്ങൾ അയൽരാജ്യമായ ഇന്ത്യയിലെ മതന്യൂനപക്ഷത്തെ തീർത്തും പ്രതികൂലമായാണ് ബാധിക്കുന്നതെന്ന സത്യവും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ കാണാതെ പോവരുത്. പാകിസ്താനിലാവട്ടെ ഭീകരതയും തീവ്രവാദവും കൊടികുത്തിവാഴുന്ന വർത്തമാനകാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നതുതന്നെ അപ്രസക്തമായിത്തീരുകയാണ്. 1992ലെ യു.എൻ പ്രഖ്യാപനം മത-ഭാഷ-വംശീയ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുവരുത്തിയ ജീവിക്കാനും വിശ്വാസപരവും സാംസ്കാരികവും ഭാഷാപരവുമൊക്കെയായ അവകാശങ്ങൾ പരിരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം ധ്വംസിക്കാനോ അവഗണിക്കാനോ യു.എൻ അംഗത്വരാജ്യങ്ങൾക്കൊന്നിനും നിർവാഹമില്ലെന്ന് ഈയവസരത്തിൽ ഓർമിപ്പിക്കാതെ വയ്യ. സാമ്പത്തികമോ സൈനികമോ ആയ ശക്തിയും അധികാരവും അത്യാചാരങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ന്യായമാവുന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.