Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആദ്യമവർ വഖഫ് ഭൂമിയിൽ കൈവെച്ചു
cancel


ആവർത്തനം അത്യാവശ്യമായിരിക്കുന്ന ജർമൻ ലൂഥറൻ പാതിരിയുടെ വാക്കുകൾ ഒരിക്കൽക്കൂടി: ‘‘ആദ്യമവർ കമ്യൂണിസ്റ്റുകളെത്തേടി വന്നു. ഞാൻ മറുത്തൊന്നും പറഞ്ഞില്ല. കാരണം, ഞാൻ കമ്യൂണിസ്റ്റല്ലല്ലോ. പിന്നെയവർ സോഷ്യലിസ്റ്റുകളെ തേടിവന്നപ്പോഴും ഞാൻ മിണ്ടിയില്ല; ഞാൻ​ സോഷ്യലിസ്റ്റല്ലല്ലോ... അവർ ജൂതരെ തേടിവന്നപ്പോഴും ഞാൻ മിണ്ടിയില്ല; ഞാൻ ജൂതനല്ലല്ലോ. ഒടുവിൽ അവർ എന്നെത്തേടി വന്നപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.’’ ഹിറ്റ്ലറുടെ വംശീയഭ്രാന്ത് ഓരോ സമൂഹങ്ങളെ ഇരയാക്കിക്കൊണ്ടിരുന്നപ്പോൾ നിസ്സംഗതയും മൗനവുംകൊണ്ട് പിന്തുണ നൽകിയ ജർമൻ ബുദ്ധിജീവികളെ വിമർശിച്ച മാർട്ടിൻ നീമൊളർ ഇന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ ചരിത്രം ആവർത്തിക്കുന്നത് കണ്ടേനെ. വഖഫ് ഭേദഗതി ബിൽ മുഖേന മുസ്‍ലിം ന്യൂനപക്ഷത്തെ ഉന്നമിടുമ്പോൾ മൗനംകൊണ്ടല്ല, തുറന്ന പിന്തുണ കൊണ്ടുതന്നെ ആ വംശീയതക്ക് കരുത്ത് പകരുന്നവർ, ബിൽ പാർലമെന്റിൽ പാസായതിന് തൊട്ടുപിന്നാലെ നടന്ന രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചോ എന്തോ. ഒന്ന്, മണിപ്പൂരിനെ​പ്പറ്റി നടക്കേണ്ടിയിരുന്ന വിശദമായ ചർച്ച യൂനിയൻ സർക്കാർ എത്ര സമർഥമായി മറികടന്നു എന്നതാണ്. രണ്ട്, വഖഫ് ഭൂമിക്കുമേൽ ആദ്യം പതിഞ്ഞ വംശീയക്കണ്ണ്, തുടർന്ന് ചർച്ച് ഭൂമിക്കുമേൽ പതിഞ്ഞതിന്റെ വേഗവും.


നാടുകണ്ട വലിയ ക്രൈസ്തവവേട്ടയായി ഗണിക്കപ്പെടുന്ന മണിപ്പൂർ കലാപങ്ങളിൽ ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 250ലേറെ പേർ കൊല്ലപ്പെട്ടു; മുക്കാൽ ലക്ഷത്തോളം പേർക്ക് വീട് നഷ്ടപ്പെട്ടു. നാനൂറിനടുത്ത് ചർച്ചുകൾ നശിപ്പിക്ക​പ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഭരണത്തകർച്ചകളിലൊന്നായിട്ടും എൻ.ഡി.എ സർക്കാർ അതിനെ ന്യായീകരിച്ചു. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാതെ, ഒരു വാക്ക് ഉരിയാടാതെ, മാറി നടന്നു. പാർലമെന്റിൽ ചർച്ച നടത്താൻ വിസമ്മതിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ ബി.ജെ.പി മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെപ്പിച്ച് രാഷ്ട്രപതി ഭരണമേർപ്പെടുത്തി. അതിന് പാർലമെന്റി​ന്റെ അംഗീകാരം നിർബന്ധമായതിനാൽ വിസ്തരിച്ചുള്ള ചർച്ചക്ക് അവസരം തുറന്നു.

ഇവിടെയാണ് സർക്കാറിന്റെ ‘തന്ത്രം’ വെളിപ്പെട്ടത്. വഖഫ് ബില്ലിന്മേൽ തുടർച്ചയായി 12 മണിക്കൂർ ചർച്ചയും രണ്ടുമണിക്കൂർ നീണ്ട വോട്ടെടുപ്പും കഴിഞ്ഞ് പരിക്ഷീണരായ അംഗങ്ങൾക്ക് മുമ്പാകെ നട്ടപ്പാതിരക്ക് സർക്കാർ മണിപ്പൂർ പ്രമേയം അവതരിപ്പിക്കുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട സംസ്ഥാന സർക്കാറിൽനിന്ന് ഭരണം യൂനിയൻ സർക്കാർ ഏറ്റെടുത്തതിനെപ്പറ്റി, അതിന്റെ സാഹചര്യത്തെയും പ്രത്യാഘാതത്തെയും പറ്റി, ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങളെപ്പറ്റി, ക്രൈസ്തവ ന്യൂനപക്ഷം അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റി, പറയാൻ അവസരം നൽകാതെ അംഗീകാരം ചുട്ടെടുക്കുന്നു. ഇതേ ഘട്ടത്തിൽ നീമൊളറുടെ വാക്കുകൾ മറന്ന കുറെ നേതാക്കൾ വഖഫ് ഭൂമി അന്യായമായി കവരാനുള്ള നിയമത്തിനായി ഇതേ സർക്കാറിന് പിന്തുണയുമായി നിൽക്കുന്നു. വഖഫ് ബിൽ പാർലമെന്റ് കടന്നതിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാർ വാരികയിൽ പ്രത്യക്ഷപ്പെട്ട ലേഖനമാണ് ചർച്ചിന്റെ കൈവശമുള്ള ഭൂമിക്കുമേലും വർഗീയക്കണ്ണ് പതിഞ്ഞിട്ടുണ്ടെന്ന സൂചന നൽകിയത്. ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസറി’ന്റെ വെബ്സൈറ്റിൽ വന്ന ലേഖനത്തിൽ പറഞ്ഞു: ‘‘ഔദ്യോഗിക കണക്കനുസരിച്ച് സർക്കാർ കഴിഞ്ഞാൽ കൂടുതൽ ഭൂസ്വത്ത് കത്തോലിക്കാസഭയുടെ കൈവശമാണ്. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ അത് കഴിഞ്ഞേ വരൂ.’’ 20,000 കോടിക്ക് മുകളിൽ വിലമതിക്കുന്ന 17.29 കോടി ഏക്കർ സ്ഥലമാണ് രാജ്യത്ത് സഭക്കുള്ളത്. ‘‘ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലങ്ങൾ സഭയുടെ സ്വത്തായി കണക്കാക്കിക്കൂടെന്ന് വ്യക്തമാക്കി 1965ൽ യൂനിയൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും അത് തിരിച്ചുപിടിച്ചിട്ടില്ല’’ -ഓർഗനൈസർ ലേഖനം ഓർമിപ്പിച്ചു. ഇതിനെച്ചൊല്ലി ബഹളമുയർന്നപ്പോൾ ശശാങ്ക് കുമാർ ദ്വിവേദിയുടെ ലേഖനം വെബ്സൈറ്റിൽനിന്ന് പിൻവലിച്ചെങ്കിലും സർക്കാറിനെ നിയന്ത്രിക്കുന്ന പശ്ചാത്തല ശക്തികളുടെ ചിന്ത ഏതുവഴിക്കെന്ന് അതിൽനിന്ന് വായിച്ചെടുക്കാനാകും.


നീതി ഇല്ലാതായാൽ ജനാധിപത്യവും അപകടകരമാകുമെന്ന് ഫാഷിസ്റ്റ് ഭരണകൂടങ്ങൾ തെളിയിച്ചതാണ്. ന്യൂനപക്ഷ സംരക്ഷണം ഇന്ത്യയിൽ ഭൂരിപക്ഷത്തിന്റെ ദയാദാക്ഷിണ്യമായല്ല, ഭരണഘടന നൽകുന്ന അവകാശമായാണ് നൽകപ്പെട്ടിട്ടുള്ളത്. അതേസമയം ന്യൂനപക്ഷവിരോധം, അവർണർക്കും ദലിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ പക്ഷപാതിത്വം തുടങ്ങിയവ ഭരണനയങ്ങളിലൂടെ പ്രകടമാക്കിയിട്ടുള്ള ഒരു സർക്കാറിന് അത് സാധിച്ചെടുക്കാനുള്ള വഴിയാണ് മതവിഭാഗങ്ങൾക്കിടയിൽ പരസ്പരം അവിശ്വാസം സൃഷ്ടിക്കുക എന്നത്. അതിൽ അവർ ഏറക്കുറെ വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കേരളത്തിലടക്കം കാണുന്നത്. ജനസംഖ്യയുടെ 25 ശതമാനം വരാത്ത മേൽജാതിക്കാർ ഇന്ത്യയുടെ ഭൂസ്വത്തിന്റെ 40 ശതമാനത്തോളം കൈവശംവെക്കുന്നതായി എൻ.എസ്.എസ്.ഒയുടെ കണക്കുണ്ടെങ്കിലും കൈയേറ്റവും കുടിയേറ്റവും നടക്കുന്നത് ആദിവാസി മേഖലകളിലാണ്. അധികാരസ്ഥാനങ്ങളിൽ വിവേചനം ഇതിനേക്കാൾ പ്രകടമാണ്. അതു​കൊണ്ടുത​ന്നെ നീതിക്കായുള്ള സമരം ഏതെങ്കിലുമൊരു വിഭാഗത്തിന്റേതു മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ് അരികുവത്കരിക്കപ്പെടുന്നവർ മറ്റ് ഇരകളെയും ചേർത്തുപിടിക്കുകയാണ് പരിഹാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialWaqf land
News Summary - Madhyamam Editorial 2025 April 7
Next Story